ജനാധിപത്യത്തിന്റെ ഇന്ത്യൻ ഗാരന്റി
കെട്ടുകഥയുടെ വിശ്വാസ്യതപോലുമില്ലാതിരുന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കു കീറക്കടലാസിന്റെ വിലപോലും കിട്ടിയില്ല. തനിച്ചു ഭരിക്കാൻ ഒരു പാർട്ടിക്കും ഭൂരിപക്ഷം നൽകാതെ 18-ാം ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ ജനം വിധി പറഞ്ഞു. ഭരണഘടന ഉയർത്തിപ്പിടിച്ച് രാജ്യം പറയുന്നു, “സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം’’
അധികാരിയുടെയല്ല, ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ഗാരന്റി മതിയെന്ന് ഓർമിപ്പിച്ചുകൊണ്ട് ജനം വിധി പറഞ്ഞിരിക്കുന്നു. സമഗ്രാധിപത്യത്തിന്റെ കോട്ടവാതിൽക്കൽനിന്നു മൃഗീയ ഭൂരിപക്ഷത്തിന്റെ പാലം വലിച്ച്, ജനാധിപത്യം കരുത്തു തെളിയിച്ചിരിക്കുന്നു.
എക്സിറ്റ് പോളുകളുടെ പിന്നണിക്കാർ കൂട്ടപ്പലായനം നടത്തി. പ്രവചനങ്ങൾ തകിടം മറിഞ്ഞു. തനിച്ചു ഭരിക്കാൻ ഒരു പാർട്ടിക്കും ഭൂരിപക്ഷം നൽകാതെ 18-ാം ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ കൊടിയിറങ്ങി.
സർക്കാർ രൂപീകരിക്കുന്നത് ആരാണെങ്കിലും അഹങ്കാരവും അധികാരപ്രമത്തതയും മാറ്റിവച്ച്, സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും കൈവിടാത്ത ഭരണം ഉറപ്പാക്കാൻ ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും സഹകരിക്കുകയാണ് ഇനി വേണ്ടത്. ഒന്നരമാസത്തെ വിചാരണയ്ക്കൊടുവിൽ ജനങ്ങൾ പറഞ്ഞ വിധിയാണത്.
ഭൂരിപക്ഷം വെട്ടിനിരത്തി വാരാണസി പ്രധാനമന്ത്രിക്കു കൊടുത്ത ഷോക് ട്രീറ്റ്മെന്റ്, അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ ബിജെപി തോൽവി, കേരളത്തിൽ ബിജെപി തുറന്ന അക്കൗണ്ട്, ബിജെപിയെ നിലംതൊടീക്കാത്ത തമിഴ്നാട്, ‘ഇന്ത്യ’ സഖ്യത്തിനൊപ്പം നിന്നുകൊണ്ടുതന്നെ പിണറായി സർക്കാരിനു തിരിച്ചടി കൊടുത്ത കേരളം... ചരിത്രത്തിലേക്ക് ഏറെയുണ്ട് എഴുതിച്ചേർക്കാൻ.
വിദ്വേഷപ്രചാരണത്തിന്റെയും കൊടിയ വർഗീയതയുടെയും സർക്കാർ ഏജൻസികളെ ഉപയോഗിച്ചുള്ള ശത്രുസംഹാരത്തിന്റെയും കുതിരക്കച്ചവടത്തിന്റെയും കുറുക്കുവഴികളുപേക്ഷിക്കാനുള്ള മുന്നറിയിപ്പ് രാജ്യം, ഭരിച്ചവർക്കു നൽകി. തെരഞ്ഞെടുപ്പ് അടുക്കുന്പോഴുള്ള രാഷ്ട്രീയ പ്രവർത്തനത്തിനും മുന്നണിനിർമാണത്തിനും അപ്പുറത്തേക്കു വളരാൻ പ്രതിപക്ഷത്തെ ഓർമിപ്പിച്ചിട്ടുമുണ്ട്.
1975ൽ അടിയന്തരാവസ്ഥയ്ക്കു തിരിച്ചടി കൊടുത്ത ഇന്ത്യക്കാർ 2024ൽ പ്രതിപക്ഷം ആരോപിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കും തിരിച്ചടി കൊടുത്തിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യം അതിന്റെ കരുത്തും സൗന്ദര്യവും വീണ്ടും പ്രകടിപ്പിച്ചിരിക്കുന്നു.
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ കർമപദ്ധതി തയാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗങ്ങൾ അടിയന്തരമായി വിളിച്ചുചേർത്ത പ്രധാനമന്ത്രി പ്രകടിപ്പിച്ചത് ആത്മവിശ്വാസമോ അഹങ്കാരമോ എന്നതു ചർച്ച ചെയ്യപ്പെടും. ജനവിധിക്കു കാത്തുനിൽക്കാനുള്ള മര്യാദ കാണിക്കാതെയാണ് കന്യാകുമാരിയിലെ ധ്യാനം കഴിഞ്ഞെത്തിയ അദ്ദേഹം ഇതൊക്കെ പ്രഖ്യാപിച്ചത്.
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ ബിജെപിക്കു തനിച്ച് ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം. 353 മുതൽ 401 സീറ്റുകൾ വരെയാണ് വിവിധ എക്സിറ്റ് പോളുകൾ പ്രവചിച്ചത്. ‘ഇന്ത്യ’ക്ക് 109 മുതൽ 182 വരെയും. പക്ഷേ, ജനമനസ് അറിയാൻ പ്രധാനമന്ത്രിക്കും കഴിഞ്ഞില്ല.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ന്യൂനപക്ഷ വിരുദ്ധതയുടെയും വായാടിത്തങ്ങൾകൊണ്ട് അദ്ദേഹം മുറിവേൽപ്പിച്ച മതേതര ഇന്ത്യ വെറും കെട്ടുകാഴ്ചയല്ലെന്ന് ഇപ്പോഴെങ്കിലും മനസിലാക്കണം. ഇലക്ഷൻ കമ്മീഷൻ അതു തടഞ്ഞിരുന്നെങ്കിലെന്ന് മതേതര ഇന്ത്യ ആത്മാർഥമായും ആഗ്രഹിച്ചിരുന്നു. അന്വേഷണ ഏജൻസികളെ ഇതുപോലെ ദുരുപയോഗിക്കുന്ന കാഴ്ച ജനാധിപത്യ രാജ്യങ്ങളിൽ പതിവില്ലാത്തതായിരുന്നു.
ഏകാധിപതികളെയും ലജ്ജിപ്പിക്കുന്ന പ്രതിപക്ഷവേട്ട രാജ്യത്തിന് അപരിചിതമായിരുന്നു. തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുന്നതിനായി വിദ്വേഷ പരാമര്‍ശങ്ങളിലേക്കും വര്‍ഗീയതയിലേക്കും തിരിയുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനു പറയേണ്ടിവന്നു.
ഇനി സർക്കാർ രൂപീകരണ ശ്രമങ്ങളാണു നടക്കുന്നത്. ബിജെപിക്കു തനിച്ചു ഭൂരിപക്ഷമില്ലാതെ വന്നതോടെ ഒപ്പമുള്ളവരെ കൂടെ നിർത്താനും പുറത്തുനിന്നുള്ളവരെ ഒപ്പമെത്തിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങളാണു നടക്കുന്നത്. ആന്ധ്രയിൽ മികച്ച പ്രകടനം നടത്തിയ ചന്ദ്രബാബു നായിഡുവിനെ മോദിതന്നെ നേരിട്ടു ഫോൺ വിളിച്ച് അഭ്യർഥിച്ചു.
10 വർഷത്തെ താൻപോരിമയ്ക്ക് ഒറ്റദിവസംകൊണ്ട് സംഭവിച്ച മാറ്റമാണ്. നയിഡുവിൽനിന്ന് ഉറപ്പു കിട്ടാത്തതിനാലാവാം പിന്നാലെ അമിത് ഷായും വിളിച്ചു. ബിഹാറിൽ മികച്ച പ്രകടനം നടത്തിയ നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും ‘ഇന്ത്യ’യും ബന്ധപ്പെടുകയാണ്. 2019ൽ വാരാണസിയിൽ അഞ്ചു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടിയ മോദി ഇത്തവണ ജയിച്ചത് ഒന്നര ലക്ഷം വോട്ടിന്. ബിജെപി പപ്പുവെന്നു വിളിച്ച് നിരന്തരം അവഹേളിച്ചുകൊണ്ടിരുന്ന രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിലും റായ്ബറേലിയിലും മോദിയുടെ ഇരട്ടിയിലേറെ ഭൂരിപക്ഷം.
ആരാണിപ്പോൾ പപ്പു? രാഹുലിനെ അവഹേളിക്കുന്നതിൽ പ്രത്യേക ഉത്സാഹത്തിലായിരുന്ന സ്മൃതി ഇറാനി അമേഠിയിൽ എട്ടുനിലയിൽ പൊട്ടി. രാമക്ഷേത്രം വോട്ടിനുള്ള കുറുക്കുവഴിയാക്കാൻ ശ്രമിച്ച ബിജെപി അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ പരാജയപ്പെട്ടു. യുപിയിലാകമാനം വൻ തിരിച്ചടി ഏറ്റുവാങ്ങുകയും ചെയ്തു.
ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും തിരിച്ചടി നേരിട്ട ബിജെപിക്കു മറക്കാനാവാത്ത പരാജയം സമ്മാനിച്ചത് തമിഴ്നാടാണ്. ‘ഇന്ത്യ’ തൂത്തുവാരിയപ്പോൾ ഹിന്ദുത്വയ്ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയും തെറിച്ചു.
കേരളത്തിലും ജനവിധി ഇരുതലമൂർച്ചയുള്ള വാളായി. 20ൽ 18 സീറ്റും യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫിനും ബിജെപിക്കും ഓരോ സീറ്റുവീതം. തൃശൂരിൽ രണ്ടാം വട്ടം മത്സരിച്ച ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വിജയിച്ചു. അടിയൊഴുക്കോ വ്യക്തിപ്രഭാവമോ എന്തുമാകട്ടെ, കേരളത്തിൽ താമര വിരിഞ്ഞെന്ന യാഥാർഥ്യം ഇരുമുന്നണികളും അംഗീകരിച്ചേ മതിയാകൂ.
കേരളം ‘ഇന്ത്യ’യ്ക്കൊപ്പം നിന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭരണത്തിനെതിരേയുള്ള വിധിയെഴുത്താക്കിയും തെരഞ്ഞെടുപ്പിനെ മാറ്റിക്കളഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും ധാർഷ്്ട്യവും പുലർത്തുന്നത് മോദിയായാലും പിണറായിയായാലും ജനങ്ങൾക്കു പ്രശ്നമല്ല. ഉചിതമായ സമയത്തു മറുപടി തരും. ഇന്നലെ അത്തരമൊരു ദിവസമായിരുന്നു.
ഇംഗ്ലീഷ് എഴുത്തുകാരനായ അലൻ മൂറിന്റെ വാക്കുകൾ ശ്രദ്ധേയമാണ്: ‘‘ജനങ്ങൾ സർക്കാരിനെയല്ല, സർക്കാർ ജനങ്ങളെയാണ് ഭയപ്പെടേണ്ടത്.’’ അധികാരത്തിലെത്തുന്നത് ആരായാലും ഓർമിക്കുന്നതു നല്ലതാണ്.