ഫലദായകമാകട്ടെ ഈ സ്കൂൾവർഷം
പൊതുസമൂഹത്തിന്റെ മൊത്തത്തിലുള്ള ജാഗ്രത നമ്മുടെ കുട്ടികൾക്കു കവചമൊരുക്കേണ്ട ഒരു കാലഘട്ടംകൂടിയാണിത്. ലഹരിമാഫിയയും സാമൂഹിക വിരുദ്ധരും കുരുന്നുകളെ റാഞ്ചാൻ തക്കംപാർത്തിരിക്കുന്നുവെന്നത് നിസാരമായി തള്ളിക്കളയരുത്.
ഒന്നാം ക്ലാസിലേക്ക് ആദ്യമായെത്തുന്ന കുരുന്നുകൾക്കും അവധിക്കാലത്തിനുശേഷം വീണ്ടും സ്കൂളുകളിലേക്കെത്തുന്ന കൂട്ടുകാർക്കും മികവാർന്നൊരു പഠനവർഷം ആശംസിക്കാം. പഠനം രസകരവും തീക്ഷ്ണവും ഉല്ലാസഭരിതവും ഫലദായകവുമാകണമെന്ന് പ്രതിജ്ഞയെടുത്താകട്ടെ ഈ വർഷത്തെ പ്രവേശനോത്സവം. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ട പഠനാന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നത് നമുക്ക് അഭിമാനിക്കാൻ വകനൽകുന്നതാണ്.
ഒട്ടുമിക്ക പ്രദേശങ്ങളിലും പ്രാഥമിക വിദ്യാഭ്യാസത്തിന് വലിയ പ്രതിസന്ധികളില്ല. വീടിനടുത്തുതന്നെ പ്രൈമറി സ്കൂളുകൾ നമുക്ക് ലഭ്യമാണ്. യാത്ര വേണ്ടവർക്ക് വാഹനസൗകര്യത്തിനും പ്രയാസമില്ല. സ്കൂൾ കെട്ടിടങ്ങളെല്ലാം പരിശോധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന സർക്കാരിന്റെ ഉറപ്പും മുഖവിലയ്ക്കെടുക്കാം. പ്രീപ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള 39,94,944 കുട്ടികളാണ് ഇന്ന് സ്കൂളുകളിലെത്തുന്നത്.
2,44,646 കുരുന്നുകളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ‘സമഗ്ര’പോര്‍ട്ടൽ പരിഷ്കരിച്ച് ‘സമഗ്ര പ്ലസ്’ തയാറാക്കിയിട്ടുണ്ട്. പുതിയ പാഠപുസ്തകങ്ങള്‍ക്കനുസരിച്ച് ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലേക്ക് പുതിയൊരു ഡിജിറ്റല്‍ പഠനാനുഭവം പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാക്കുമെന്നും മികവാർന്നൊരു പഠനവർഷം ഒരുക്കുന്നതിനുവേണ്ട എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്നുമാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
മാറുന്ന കാലഘട്ടത്തിനനുസരിച്ച് നമ്മുടെ യുവതലമുറ മികവുറ്റവരാകണമെന്ന നിർബന്ധബുദ്ധി അരക്കിട്ടുറപ്പിക്കുന്നതാകണം നമ്മുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ. സമീപകാലത്ത് മികവിന്റെ കാര്യത്തിൽ ചില പോരായ്മകൾ സംഭവിച്ചു എന്ന് സർക്കാർതന്നെ മനസിലാക്കുകയും സമ്മതിക്കുകയും മാറ്റത്തിന് നടപടി തുടങ്ങുകയും ചെയ്തത് ഏറെ അഭിനന്ദനാർഹമാണ്. പഠനഭാരം ലഘൂകരിക്കാനെന്ന പേരിൽ പഠനത്തിന്റെ ഗൗരവം വല്ലാതെ ചോർത്തിക്കളഞ്ഞ ചില പരിഷ്കാരങ്ങൾ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്കു തിരിച്ചടിയായിരുന്നു.
നമ്മുടെ കുട്ടികൾക്ക് മത്സരക്ഷമത കുറയുകയും അഖിലേന്ത്യാതലത്തിൽ പിന്തള്ളപ്പെടുകയും ചെയ്തു. വാരിക്കോരി മാർക്ക് നൽകുന്നതും മലയാള അക്ഷരങ്ങൾ പോലും പഠക്കേണ്ടതില്ല എന്ന അവസ്ഥ സൃഷ്ടിച്ചതുമെല്ലാം ഈ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. ഇപ്പോഴെങ്കിലും അതു തിരിച്ചറിഞ്ഞ് മാറ്റത്തിനു ശ്രമിക്കുന്നത് ഗുണകരമാകും.
പുതിയ സ്കൂൾവർഷം പലർക്കും ആശങ്കയുടേതുകൂടിയാണെന്നു തിരിച്ചറിയണം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർ നിരവധിയുണ്ടാകും. കഠിനമായ വേനലും തുടർന്നുണ്ടായ ശക്തമായ മഴയും മലയോര മേഖലയിലും കാർഷിക മേഖലയിലുമുള്ള പലരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അവരെ സഹായിക്കാൻ സർക്കാർ സംവിധാനങ്ങളും സഹകരണ മേഖലയും സന്നദ്ധ സംഘടനകളും അമാന്തിക്കരുത്. സ്കൂൾ വിപണികളിലെ രൂക്ഷമായ വിലക്കയറ്റം താങ്ങാൻ കഴിയാതെ വിഷമിക്കുന്നവരും ഏറെയാണ്.
സഹകരണ, വ്യവസായ, വ്യാപാര സ്ഥാപനങ്ങൾക്ക് ഇത്തരക്കാരെ സഹായിക്കാനാകും. ഏതെങ്കിലും സ്കൂൾ കെട്ടിടങ്ങൾക്ക് വേണ്ടവിധം സുരക്ഷ ഉറപ്പാക്കിയിട്ടില്ലെങ്കിൽ പിടിഎയും ജനപ്രതിനിധികളും അടിയന്തര ഇടപെടൽ നടത്തണം. അധ്യാപകർക്കു ഭാരമാകാതെ ഉച്ചക്കഞ്ഞി വിതരണം സുഖമമാക്കാൻ സർക്കാർ നടിപടിയെടുക്കണം. ഉച്ചക്കഞ്ഞി വിതരണത്തിന്റെ ആകുലതകളിൽപെട്ട് പല അധ്യാപകർക്കും പഠിപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നുണ്ട്.
പൊതുസമൂഹത്തിന്റെ മൊത്തത്തിലുള്ള ജാഗ്രത നമ്മുടെ കുട്ടികൾക്കു കവചമൊരുക്കേണ്ട ഒരു കാലഘട്ടംകൂടിയാണിത്. ലഹരിമാഫിയയും സാമൂഹിക വിരുദ്ധരും കുരുന്നുകളെ റാഞ്ചാൻ തക്കംപാർത്തിരിക്കുന്നുവെന്നത് നിസാരമായി തള്ളിക്കളയരുത്. സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യമാക്കി ലഹരിമാഫിയ കച്ചവടം കൊഴുപ്പിക്കാൻ ശ്രമിക്കുന്നതിന്റെ എത്രയോ ഉദാഹരണങ്ങൾ നാം കണ്ടുകഴിഞ്ഞു. നമ്മുടെ കുട്ടികൾ ഒരുതരത്തിലുള്ള ലഹരിക്കും അടിപ്പെട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ സ്കൂൾവർഷാരംഭത്തിൽതന്നെ ശ്രദ്ധയുണ്ടാകണം.
സ്കൂളുകൾക്കും കോളജുകൾക്കും സമീപമുള്ള വ്യാപാരികളും പ്രദേശവാസികളും അധ്യാപകരും പോലീസുമെല്ലാം സംശയദൃഷ്ടിയോടെതന്നെ നിരീക്ഷണം നടത്തേണ്ടിയിരിക്കുന്നു. രക്ഷിതാക്കളും ഇക്കാര്യത്തിൽ ജാഗരൂകരായിരിക്കണം. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ മദ്യപാനമടക്കമുള്ള ദുശീലങ്ങളില്ലാത്തവരാണന്ന് ഉറപ്പാക്കണം. വാഹനങ്ങളിൽ സഹായത്തിന് ജീവനക്കാർ ഉണ്ടാവുകയും വേണം.
ലൈംഗിക ചൂഷകരാണ് കുട്ടികളുടെ മറ്റൊരു ശത്രുക്കൾ. കുട്ടികളെ ദുരുപയോഗിക്കുന്ന നിരവധി സംഭവങ്ങൾ അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അധ്യാപകരും രക്ഷിതാക്കളും ഇതു ഗൗരവത്തിലെടുക്കണം. കുട്ടികളെ ശ്രവിക്കുകയും അവർ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടോയെന്നു മനസിലാക്കുകയും വേണം. കുട്ടികൾ ദുരുപയോഗിക്കപ്പെടാനുള്ള എല്ലാ സാഹചര്യങ്ങളും സാധ്യതകളും പൂർണമായി ഒഴിവാക്കണം. ഒരിക്കൽ ഇത്തരം കെണിയിൽപെട്ടാൽ അവരുടെ ഭാവിതന്നെ ഇരുളടയുമെന്നതു മറക്കരുത്. ഇന്നു നടക്കുന്ന പ്രവേശനോത്സവത്തിന്റെ സന്തോഷം വർഷം മുഴുവൻ നീണ്ടുനിൽക്കുന്നതാക്കി മാറ്റാം.