കാലവർഷമല്ല ദുരന്തം, കെടുകാര്യസ്ഥതയാണ്
എല്ലാ വർഷവും മേയ്, ജൂൺ മാസങ്ങളിൽ കാലവർഷമെത്തുന്നത് നൂറ്റാണ്ടുകളായി തുടരുന്ന കാര്യമാണ്. ജീവജാലങ്ങൾക്ക് അനിവാര്യവും ആശ്ചര്യകരവുമായ ആ പ്രതിഭാസത്തെ ദുരന്തമാക്കിയത് ദീർഘവീക്ഷണമില്ലാത്ത സർക്കാരുകളും ഉത്തരവാദിത്വമില്ലാത്ത സമൂഹവുമാണ്.
എല്ലാ വർഷവും മേയ്, ജൂൺ മാസങ്ങളിൽ കാലവർഷമെത്തുന്നത് നൂറ്റാണ്ടുകളായി തുടരുന്ന കാര്യമാണ്. ജീവജാലങ്ങൾക്ക് അനിവാര്യവും ആശ്ചര്യകരവുമായ ആ പ്രതിഭാസത്തെ ദുരന്തമാക്കിയത് ദീർഘവീക്ഷണമില്ലാത്ത സർക്കാരുകളും ഉത്തരവാദിത്വമില്ലാത്ത സമൂഹവുമാണ്.
ഒരു മഴ കിട്ടിയിരുന്നെങ്കിലെന്നു ദിവസങ്ങൾക്കു മുന്പ് ആഗ്രഹിച്ചിരുന്ന മനുഷ്യർ ഒരു പ്രളയത്തിന്റെ ആധിയിലാണ്. ന്യൂനമർദത്തിനു പിന്നാലെ കാലവർഷവുമെത്തുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായിക്കഴിഞ്ഞു. മരണസംഖ്യ ഉയരുകയാണ്. നിരവധി വീടുകൾ തകർന്നു. വെള്ളം കയറിയ വീടുകളിൽനിന്ന് ആയിരങ്ങൾ മാറിത്താമസിച്ചു. സർക്കാർ വിലാസം മുന്നൊരുക്കങ്ങളൊക്കെ ജലരേഖകളായി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് ഇനി ഒരാഴ്ച കനത്ത മഴയായിരിക്കും. സർക്കാർ സർവസന്നാഹങ്ങളുമായി സജ്ജമാകണം. ജനങ്ങൾ ജാഗ്രതയും പാലിക്കണം.
ഓരോ മഴക്കാലവുമെത്തും മുന്പ് ചർച്ച തുടങ്ങുന്നതും വഴിപാടു നടപടികളിൽ ഒതുങ്ങുന്നതുമായ ചിലതുണ്ട് കേരളത്തിൽ. മഴക്കാലപൂർവ ശുചീകരണം അതിൽ പ്രധാനമാണ്. ഇത്തവണ തൃശൂരിലും തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം പലയിടത്തും ഒറ്റ മഴയിൽ വെള്ളം കയറിയതോടെ കള്ളി വെളിച്ചത്തായി.
തോടുകളും കനാലുകളും ഓടകളുമൊന്നും കേരളത്തിലെ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യമുക്തമാക്കിയിട്ടില്ല. മഴയത്ത് ഒഴുകിയെത്തിയതും പാലങ്ങളിൽ കുടുങ്ങിയതുമായ മാലിന്യത്തിന്റെ ദ്വീപുകൾ സർക്കാരിനും ജനങ്ങൾക്കുമെതിരേയുള്ള കുറ്റപത്രമാണ്.
ഈ നിമിഷം വരെ നമുക്കു മാലിന്യസംസ്കരണത്തിനു വിജയകരമായ പദ്ധതികളില്ല. ഓടകളിലും പുഴകളിലും ജലാശയങ്ങളിലും റോഡരികിലുമൊക്കെ ഈ മാലിന്യങ്ങൾ തള്ളുന്നത് പ്രബുദ്ധരായ നമ്മൾതന്നെയാണെന്നും മറക്കരുത്. കണ്ണുതെറ്റിയാൽ അയൽക്കാരന്റെ പറന്പിലേക്കും പൊതുനിരത്തിലേക്കും മാലിന്യക്കെട്ടു വലിച്ചെറിയുന്ന സാക്ഷരകേരളം!
ഒളിച്ചുവച്ചതെല്ലാം മഴ പുറത്തെടുത്തു. പഞ്ചായത്തിന്റെ അജൈവ മാലിന്യശേഖരണം നടക്കുന്നുണ്ട്. പക്ഷേ, ജൈവമാലിന്യം തള്ളാൻ സ്ഥലമില്ലാത്തവരോട് സർക്കാരിന് ഒന്നും പറയാനില്ല. ഇവിടെ മാലിന്യം തള്ളരുതെന്നല്ലാതെ എവിടെ മാലിന്യം തള്ളണമെന്നു പറയാൻ എന്നാണ് നമ്മുടെ തദ്ദേശ സ്ഥാപനങ്ങൾക്കു കഴിയുക?
അപകടാവസ്ഥയിലുള്ള വൃക്ഷങ്ങൾ, മരച്ചില്ലകൾ, പോസ്റ്റുകൾ തുടങ്ങിയവ നീക്കം ചെയ്യണമെന്നും നിർദേശിച്ചിരുന്നു. കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം, മലയോര ജില്ലകളിൽ ഉരുൾപൊട്ടൽ സംബന്ധിച്ച ബോധവത്കരണം, വിനോദസഞ്ചാര കേന്ദ്രങ്ങളിലുൾപ്പെടെ മുന്നറിയിപ്പു ബോർഡുകൾ, പകർച്ചവ്യാധി പ്രതിരോധം... എന്തൊക്കെയായിരുന്നു; ഒന്നും നടന്നില്ല.
റോഡിലൊരു സൂചനാ ബോർഡ് ഉണ്ടായിരുന്നെങ്കിൽ കോട്ടയം കുറുപ്പന്തറക്കടവിൽ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീഴില്ലായിരുന്നു. ഭാഗ്യം തുണച്ചതുകൊണ്ട് നാലു യാത്രക്കാരുടെ പേര് ദാരുണാന്ത്യത്തിന്റെ പട്ടികയിൽ എഴുതേണ്ടിവന്നില്ല. തകർന്ന ഓടയുടെ സ്ലാബ് പോലും യഥാസമയം മാറ്റാൻ കഴിയാത്തത് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അലോസരപ്പെടുത്തുന്നില്ല.
മഴക്കാല മുന്നൊരുക്കങ്ങൾക്ക് ഒരു വാർഡിന് അനുവദിക്കുന്നത് 30,000 രൂപയാണ്. 12 കൊല്ലം മുന്പ് നിശ്ചയിച്ച തുക! അതിനുള്ളതുപോലും ചെയ്യുന്നുമില്ല. കഴിഞ്ഞവർഷം കാലവർഷക്കെടുതിക്ക് ഇരകളായവർക്കുള്ള നഷ്ടപരിഹാരം ഇനിയും നൽകാത്ത സർക്കാരിൽനിന്ന് ഇതിലപ്പുറം എന്തു പ്രതീക്ഷിക്കാൻ.
ഓരോ കാലവർഷത്തിലും മഴയത്തു നിൽക്കേണ്ടിവരുന്ന കുറെ മനുഷ്യരുണ്ട് കേരളത്തിൽ. താഴ്ന്ന പ്രദേശങ്ങളിലും മലയോരത്തും തീരപ്രദേശത്തുമുള്ളവർ. മഴക്കാലത്തു വീടുവിട്ടു പോകുകയും തിരികെയെത്തുന്പോൾ വീടു വാസയോഗ്യമാക്കാൻ വായ്പയെടുക്കേണ്ടി വരികയും വരുന്നവർ. ഇത്തവണ കർഷകർക്കു വരൾച്ചയിൽ നഷ്ടപ്പെട്ട കൃഷിയുടെ ബാക്കി വെള്ളവും കൊണ്ടുപോയി.
മലയോര കർഷകർക്ക് മറ്റൊരു ദുരിതംകൂടിയുണ്ട്. പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയുമൊക്കെ ഉത്തരവാദിത്വം പരിസ്ഥിതി മാഫിയ ഈ ഗതികെട്ടവരുടെ തലയിൽ വയ്ക്കും. തങ്ങൾ ജീവിക്കുന്ന നഗരങ്ങളും സമതലങ്ങളും ഒരിക്കൽ കാടുകളായിരുന്നെന്നതും എല്ലാവരുടെയും സുഖജീവിതത്തിന്റെ പാർശ്വഫലമാണ് പരിസ്ഥിതി പ്രശ്നങ്ങളെന്നുമുള്ള ബാലപാഠം പരിസ്ഥിതി മേലാളന്മാർ മറന്നുകളയും.
മലന്പ്രദേശങ്ങളിലെ പടുകൂറ്റൻ അണക്കെട്ടും പവർഹൗസുകളും ടൂറിസവും എല്ലാം അവർക്കു വേണം. ഒഴിവാക്കേണ്ടതു പാവപ്പെട്ട കർഷകരെ മാത്രം. ഇത്തവണ കുറ്റാരോപണം കുറഞ്ഞിട്ടുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ ചിലരൊക്കെ തലപൊക്കുന്നുണ്ട്.
എല്ലാ വർഷവും മേയ്, ജൂൺ മാസങ്ങളിൽ കാലവർഷമെത്തുന്നത് നൂറ്റാണ്ടുകളായി തുടരുന്ന കാര്യമാണ്. ജീവജാലങ്ങൾക്ക് അനിവാര്യവും ആശ്ചര്യകരവുമായ ആ പ്രതിഭാസത്തെ ദുരന്തമാക്കിയത് ദീർഘവീക്ഷണമില്ലാത്ത സർക്കാരുകളും ഉത്തരവാദിത്വമില്ലാത്ത സമൂഹവുമാണ്. മഹാപ്രളയത്തിൽ കൈകോർത്തു നിന്ന് പരസ്പരം സഹായിക്കുന്നത് മനുഷ്യത്വവും ഐക്യബോധവുമാണ്. നമ്മളതു പ്രകടിപ്പിച്ചിട്ടുമുണ്ട്.
പക്ഷേ, അതിൽനിന്നു പാഠങ്ങൾ പഠിച്ചില്ല. അതാണ് ദുരന്തം. ആവർത്തിക്കുമെന്ന് ഉറപ്പുള്ള നാശങ്ങളെയും നമുക്കു തടയാനാകുന്നില്ല. ഉറപ്പാണ്, അടുത്ത വർഷവും ഇതൊക്കെ ആവർത്തിക്കും. ഇപ്പോൾ ചെയ്യാനുള്ളത്, ജനങ്ങളുടെ ക്ലേശങ്ങൾ കുറയ്ക്കാനുള്ള താത്കാലിക നടപടികളെങ്കിലും വീഴ്ചയില്ലാതെ നടത്തുകയാണ്.