ഇതും മലയാളികൾ അറിയണമല്ലോ
ഹമാസിന്റെ ലക്ഷ്യം ക്രിസ്ത്യാനികളും യഹൂദരും ഇല്ലാത്ത ലോകമാണെന്ന് അവർതന്നെ പറഞ്ഞിട്ടും നമ്മുടെ ബുദ്ധിജീവികൾക്കും മാധ്യമങ്ങൾക്കും അവർ തീവ്രവാദികളല്ല.
ലോകത്ത് അവശേഷിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ബൈസന്റൈൻ ദേവാലയമായ തുർക്കിയിലെ ഹോളി സേവ്യർ (ദിവ്യരക്ഷകൻ) പള്ളിയും മോസ്കാക്കി മാറ്റിയിരിക്കുന്നു. ഹാഗിയ സോഫിയ ഉൾപ്പെടെ നിരവധി ക്രിസ്ത്യൻ പള്ളികൾ മോസ്കാക്കി മാറ്റിയ തുർക്കിയുടെ തീവ്ര ഇസ്ലാമിക സംസ്കാരമാണ് ഖോറ പള്ളിക്കുമേലും കൈവച്ചത്.
മാസങ്ങൾക്കുമുന്പ്, അയൽപ്രദേശമായ നഗോർണോ-കരാബാക്കിലെ 1.25 ലക്ഷത്തോളം അർമേനിയൻ ക്രിസ്ത്യാനികളെ നിരാലംബരാക്കി ആട്ടിപ്പായിക്കാൻ പിന്നണിയിൽ പ്രവർത്തിച്ച തുർക്കി പ്രസിഡന്റ് രജബ് തയ്യിബ് എർദോഗന് ഇതൊക്കെ മതപരമായ പുണ്യപ്രവൃത്തി മാത്രം.
പക്ഷേ, ജനാധിപത്യത്തെയും മതേതരത്വത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കുന്ന പരിഷ്കൃതലോകത്തിന് അങ്ങനെയല്ലല്ലോ. യൂറോപ്പും അമേരിക്കയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഈ പ്രാകൃത നടപടിയെ അപലപിച്ചു.
പക്ഷേ, എർദോഗന് ആരാധകരുള്ള കേരളത്തിൽ മിക്കവരും അത് അറിഞ്ഞിട്ടില്ല. അറിഞ്ഞവർ ഇസ്ലാമോഫോബിയയ്ക്കെതിരേയുള്ള പോരാട്ടത്തിലും അടുപ്പുകല്ല് ചർച്ചയിലുമായതിനാൽ അസർബൈജാനും നഗോർണോ-കരാബാക്കും ഇറാക്കും അഫ്ഗാനിസ്ഥാനും മൊസാംബിക്കും ബുർക്കിന ഫാസോയും നൈജീരിയയുമൊക്കെ പോലെ ഖോറ പള്ളിയും ഒഴിവാക്കി. പക്ഷേ, ഇതും മലയാളികൾ അറിയണമല്ലോ. ഇരട്ടത്താപ്പുകൾക്കൊക്കെ ഒരു പരിധിയില്ലേ?
തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിന്റെ പ്രാന്തപ്രദേശമായ എദർണേകാപ്പിയിലാണ് ഖോറ പള്ളി എന്നറിപ്പെട്ടിരുന്ന ഹോളി സേവ്യർ പള്ളി. 2020 ജൂലൈയിൽ എർദോഗൻ മോസ്കാക്കി മാറ്റിയ, ലോകത്തെ ഏറ്റവും വലിയ കത്തീഡ്രലായിരുന്ന ഹാഗിയ സോഫിയയിൽനിന്ന് 5.5 കിലോമീറ്റർ മാത്രം അകലെയാണിത്.
ഖോറ എന്നാൽ വയൽ ആണ്. നാലാം നൂറ്റാണ്ടിൽ നിർമിച്ച പള്ളി, വയലിനടുത്തുള്ള ഒരു ആശ്രമസമുച്ചയത്തിന്റെ ഭാഗമായിരുന്നു. ബൈസന്റൈൻ വാസ്തുവിദ്യയിൽ നിർമിതമായതും ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതുമായ പള്ളിയുടെ മേൽത്തട്ടിലും ചുവരുകളിലും വിശ്വപ്രസിദ്ധമായ മൊസൈക് ചിത്രങ്ങളുണ്ട്.
ആദിമനുഷ്യരായ ആദവും ഹവ്വയും ഉൾപ്പെടെ ക്രിസ്തുവിന്റെ പൂർവപരന്പരകളുടെ ചിത്രങ്ങൾ ക്രൈസ്തവ സംസ്കാരത്തിന്റെ വിലപ്പെട്ട അവശേഷിപ്പുകളായിരുന്നു. ബൈസന്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക 1948 മുതൽ 10 വർഷമെടുത്ത് കലാസൃഷ്ടികളെ പുനരുദ്ധരിച്ചിരുന്നു. പരിഷ്കൃതലോകക്രമത്തെയും മതസഹിഷ്ണുതയെയും ചവിട്ടിമെതിച്ചു പള്ളിയെ നിർലജ്ജം മോസ്കാക്കിയവർ ആ കലാസൃഷ്ടികളെ നിലനിർത്തുമോ നശിപ്പിക്കുമോ എന്നു വ്യക്തമല്ല.
പതിനൊന്ന്, പതിന്നാല് നൂറ്റാണ്ടുകളിൽ പുതുക്കിപ്പണിത പള്ളി 1510ൽ ഓട്ടോമൻ ഭരണാധികാരിയായിരുന്ന ബയാസിത് രണ്ടാമനാണ് കരിയ കാമി എന്ന പേരിൽ ആദ്യം മോസ്കാക്കി മാറ്റിയത്. മതേതരവാദിയെന്ന് അവകാശപ്പെട്ടിരുന്ന കമാൽ അത്താത്തുർക്ക് 1945ൽ ഇതു മ്യൂസിയമാക്കിയിരുന്നു. 2019 നവംബറിലാണ് മുസ്ലിം മതഭ്രാന്തന്മാരെ തൃപ്തിപ്പെടുത്താൻ തുർക്കി കൗൺസിൽ ഓഫ് സ്റ്റേറ്റിന്റെ സഹായത്തോടെ എർദോഗൻ അതു വീണ്ടും മോസ്കാക്കാൻ തീരുമാനിച്ചത്.
2020 ഒക്ടോബർ 30 വെള്ളിയാഴ്ച അവിടെ മുസ്ലിംകൾ പ്രാർഥന തുടങ്ങി. ഇക്കഴിഞ്ഞ മേയ് ആറിന് ഒദ്യോഗികമായി മോസ്ക് തുറന്നുകൊടുത്തു. ഇതാണു ചരിത്രം. അതായത്, മനുഷ്യവംശം പിന്നിലുപേക്ഷിച്ച ഇരുണ്ട കാലത്തേക്കു തിരിച്ചുനടക്കുന്നവരുടെ പ്രവൃത്തികൾ. മലയാളികൾ ഇതൊന്നും അറിയേണ്ടെന്നാണോ?
ചേർത്തുവായിക്കാനും പഠിക്കാനും ചരിത്രവും ചില വർത്തമാനങ്ങളും വേറെയുമുണ്ട്. തെക്കുപടിഞ്ഞാറ് ഏഷ്യൻ പ്രദേശങ്ങളും ചില വടക്കുകിഴക്കൻ ആഫ്രിക്കൻ പ്രദേശങ്ങളും ഉൾക്കൊള്ളുന്ന മിഡിൽ ഈസ്റ്റിൽനിന്നുൾപ്പെടെ യുദ്ധവും ആഭ്യന്തരകലാപവും പട്ടിണിയും മൂലം കുടിയേറിയ മുസ്ലിംകൾ, അഭയം കൊടുത്തവർക്കെതിരേ നടത്തുന്ന തീവ്രവാദി ആക്രമണങ്ങളും കൊലപാതകങ്ങളും യൂറോപ്പിന്റെ സമാധാനം കെടുത്തുകയാണ്.
ക്രിസ്തുമതത്തിന്റെ പിള്ളത്തൊട്ടിലായിരുന്ന മിഡിൽ ഈസ്റ്റിൽ ഇപ്പോൾ അവശേഷിക്കുന്നത് അഞ്ചു ശതമാനം ക്രൈസ്തവരാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ളത് സൈപ്രസിൽ മാത്രമാണ്. കൊന്നും നിർബന്ധിത മതപരിവർത്തനം നടത്തിയും രണ്ടാം തരം പൗരന്മാരാക്കിയും മനുഷ്യാവകാശങ്ങൾ നിഷേധിച്ചും എത്ര ക്രൈസ്തവരെ ഇല്ലാതാക്കി.
1915-20 കാലത്ത് അർമേനിയയിൽ ഓട്ടോമൻ തീവ്രവാദികൾ കൊന്നൊടുക്കിയ 15 ലക്ഷം ക്രൈസ്തവരുടെ അനന്തര തലമുറയിൽപ്പെട്ടവരെയാണ് നഗോർണോ-കരാബാക്കിൽനിന്ന് അസർബൈജാൻ അടുത്തയിടെ തല്ലിയോടിച്ചത്.
തലമുറകളായി സന്പാദിച്ചതൊക്കെയും പിന്നിലുപേക്ഷിച്ചാണ് അവർ അർമേനിയയിലേക്കു പോയത്. തൊട്ടുപിന്നാലെ അവരുടെ പള്ളികളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തി. എത്ര മലയാളം പത്രങ്ങളിൽ വാർത്ത വന്നു? എത്ര ചാനലുകൾ ചർച്ച ചെയ്തു? എവിടെപ്പോയി വർഗീയവിരുദ്ധ യുട്യൂബ് ചാനലുകൾ? ഹമാസിന്റെ ലക്ഷ്യം ക്രിസ്ത്യാനികളും യഹൂദരും ഇല്ലാത്ത ലോകമാണെന്ന് അവർതന്നെ പറഞ്ഞിട്ടും നമ്മുടെ ബുദ്ധിജീവികൾക്കും മാധ്യമങ്ങൾക്കും അവർ തീവ്രവാദികളല്ല.
ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, താലിബാൻ, അൽ-ക്വയ്ദ, അൽ നുസ്രാ ഫ്രണ്ട്, അൽ ഷബാബ് തുടങ്ങിയ ഭീകരപ്രസ്ഥാനങ്ങളുടെ ആശയങ്ങൾ നെഞ്ചേറ്റി നടക്കുന്ന നിരവധിപ്പേർ കേരളത്തിലുമുണ്ട്. അറിഞ്ഞോ അറിയാതെയോ കെണിയിൽ വീണോ അവരുടെ വിസ്മയങ്ങൾ ഏറ്റുപിടിക്കുന്നവർ ലോകത്ത് ഇസ്ലാമോഫോബിയ ഇല്ലെന്നു തർക്കിച്ച് പട്ടിയെ ആടാക്കുകയാണ്.
തീവ്രവാദത്തിന്റെയും മതവിദ്വേഷത്തിന്റെയും പ്രചാരകരായ സക്കീർ നായിക്കിനെപ്പോലെയുള്ളവരെ പല രാജ്യങ്ങളും നിരോധിച്ചുതുടങ്ങി. അൾജീരിയ, മൊറോക്കോ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദ്വേഷപ്രചാരകരായ ഇമാമുമാർക്ക് ഇപ്പോഴത്തെ കുടിയേറ്റ നിയമമനുസരിച്ച് തുടരാനാകില്ലെന്നു ഫ്രാൻസ് വ്യക്തമാക്കിയതു കഴിഞ്ഞ ദിവസമാണ്.
300 പേർക്കു രാജ്യം വിടേണ്ടിവരുമെന്നാണ് സൂചന. തകർക്കപ്പെടുന്ന ചില ആരാധനാലയങ്ങൾക്കുവേണ്ടി മാത്രം തലതല്ലിക്കരയുന്ന, ചില വംശഹത്യകളെ മാത്രം വാർത്തയാക്കുന്ന, ലോകത്ത് ഏറ്റവുമധികം മതതീവ്രവാദം കൈയാളുന്നവരെ ചോദ്യം ചെയ്യാത്ത, ഏറ്റവുമധികം മതപീഡനമേൽക്കുന്ന ക്രിസ്ത്യാനികളെ ഇരകളായി കാണാത്ത ഈ കാപട്യമാണ് ലോകസമാധാനത്തിനും മതേതരത്വത്തിനും ഇന്നുള്ള ഭീഷണി.
ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലിമോ മലയാളിയോ തമിഴനോ ആരുമാകട്ടെ, യുദ്ധങ്ങളെയും കലാപങ്ങളെയും ആക്രമണങ്ങളെയും കൊലപാതകങ്ങളെയും മതത്തിന്റെ കണ്ണാടിയിലൂടെ നോക്കിക്കാണുകയും മനുഷ്യാവകാശങ്ങളെ ചിലർക്കു മാത്രമായി തീറെഴുതിക്കൊടുക്കുകയും ചെയ്യുന്നവരോടാണ് പറയാനുള്ളത്; ഇരകളെ മതം നോക്കി പിന്തുണയ്ക്കുന്ന നിങ്ങളുടെ സംശയകരമായ പ്രസംഗങ്ങളും ചർച്ചകളും പ്രവൃത്തികളും ലോകത്ത് ഒരു മാറ്റവും ഉണ്ടാക്കില്ല.
വർഗീയതയെയോ തീവ്രവാദത്തെയോ നിങ്ങൾക്കു തൊടാനാവില്ല. മനുഷ്യവംശത്തിന്റെ പൊതുനന്മയ്ക്ക് ഒരു സംഭാവനയും ചെയ്യാനാകാത്ത നിങ്ങളുടെ ആത്മരതിസമാനമായ അവകാശവാദങ്ങളിലെ ഇരട്ടത്താപ്പുകൾ ഒരുനാൾ ലോകം തിരിച്ചറിയും. വർഗീയതയ്ക്കു തീവ്രവാദ വളമിട്ട ഈ പിഴവിന് നാട് ഇനിയും വില കൊടുക്കേണ്ടിവരും.
ഇസ്താംബൂളിലെ ഖോറ പള്ളിയുടെ വിശുദ്ധ അൾത്താരയിൽനിന്ന് ഉയരുന്ന വാങ്കുവിളി ക്രൈസ്തവരുടെ നൊന്പരം മാത്രമല്ല, ലോകസമാധാനത്തിനു നേർക്കുള്ള വെല്ലുവിളിയുമാണ്. തീവ്രവാദ വൈറസിന്റെ പ്രകടനങ്ങൾ! നമുക്കതിനെ കൈകോർത്തുനിന്നു പ്രതിരോധിക്കേണ്ടതുണ്ട്.
ഇത്രകൂടി പറയട്ടെ, ലോകത്ത് മറ്റെവിടെയെങ്കിലും നടക്കുന്ന തീവ്രവാദങ്ങൾക്ക് ബന്ധപ്പെട്ട മതത്തിൽ പെട്ടവർ ഒരിക്കലും ഉത്തരവാദിയാകില്ല; അതിനെ ന്യായീകരിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യാതിരിക്കുവോളം.