ഫയലുകൾ മുക്കുന്നവരുടെ കൈ വിറയ്ക്കണം
Tuesday, May 28, 2024 12:00 AM IST
രാഷ്ട്രീയക്കാർക്കോ സർക്കാർ ഉദ്യോഗസ്ഥർക്കോ കൈക്കൂലി കൊടുക്കാത്ത ഒരു കുടുംബവും കേരളത്തിലും സമാധാനത്തോടെ ജീവിക്കുന്നില്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ അഴിമതിവിരുദ്ധതയെക്കുറിച്ച് നിരവധി പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ഒക്കെ നുണയാണ്.
അഴിമതികൊണ്ടു പൊറുതിമുട്ടിയ രാജ്യത്ത് പ്രതീക്ഷ കൈവിടരുതെന്ന് ജനങ്ങളെ ഓർമിപ്പിച്ചുകൊണ്ടാണ് 2005ൽ മൻമോഹൻസിംഗ് സർക്കാർ വിവരാവകാശ നിയമം കൊണ്ടുവന്നത്. തീർച്ചയായും അതുകൊണ്ട് ഗുണമുണ്ടായി. പക്ഷേ, കാലക്രമേണ അഴിമതിവീരന്മാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചു.
കഴിഞ്ഞദിവസം സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്ദുൾ ഹക്കിം നടത്തിയ തുറന്നുപറച്ചിലിൽ അതുണ്ട്. ഒരുവിഭാഗം ഉദ്യോഗസ്ഥർ അഴിമതിക്കു കുടപിടിക്കുകയാണെന്നും വിവരാവകാശ അപേക്ഷകൾ ലഭിച്ചാൽ ഫയൽ കാണാനില്ലെന്നു പറയുന്നത് ഇത്തരക്കാരുടെ പതിവാണെന്നും അദ്ദേഹം തുറന്നടിച്ചു. കമ്മീഷണർ ഉദ്യോഗസ്ഥരെക്കുറിച്ചാണു പറഞ്ഞത്.
അവരെ നിയന്ത്രിക്കേണ്ട രാഷ്ട്രീയക്കാരോ? ഒരുവശത്ത് കൊള്ളയും മറുവശത്ത് അഴിമതിവിരുദ്ധ വായാടിത്തങ്ങളും കേട്ടു ജനം മടുത്തു. അഴിമതിയില്ലാത്തൊരു നാട്ടിൽ ജീവിക്കാമെന്ന് തലയ്ക്കു വെളിവുള്ളവരൊന്നും ഇപ്പോൾ സ്വപ്നം കാണുന്നില്ല സർ. പക്ഷേ, ഒരുകാര്യം പറയാതിരിക്കാൻ വയ്യ. അഴിമതിയുണ്ടെന്നു സമ്മതിക്കുന്നതാണ് അഴിമതിവിരുദ്ധതയുടെ തുടക്കം. കമ്മീഷണർ എന്ന നിലയിൽ താങ്കൾ അതു ചെയ്തിട്ടുണ്ട്.
""വിവരം ലഭ്യമല്ല, ചോദ്യം വ്യക്തമല്ല തുടങ്ങിയ സ്ഥിരം മറുപടികൾ നൽകുന്ന ഓഫീസർമാർക്ക് മിക്കപ്പോഴും ചില കാര്യങ്ങൾ ജനങ്ങളിൽനിന്നു മറച്ചുവയ്ക്കാനുണ്ടാകും. കമ്മീഷൻ ഇടപെടുന്പോൾ കാണാതായ ഫയലുകളും ലഭ്യമല്ലാത്ത വിവരങ്ങളും പൊടുന്നനെ പൊങ്ങിവരും. ഇത്തരക്കാർ വിവരം നൽകാതിരിക്കാനുള്ള എല്ലാ വകുപ്പുകളും മനഃപാഠമാക്കിയിരിക്കുകയാണ്'' -കമ്മീഷണർ പറഞ്ഞു.
ഫയൽ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണെന്നും പബ്ലിക് റിക്കാർഡ്സ് ആക്ട് പ്രകാരം ജയിൽശിക്ഷ വരെ ലഭിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഏതാനും ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനും കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. പക്ഷേ, ‘കാണാതാകുന്ന’ ഫയലുകളിൽ ചിലതിന്റെയെങ്കിലും മറുവശത്ത് ഉന്നത ഉദ്യോഗസ്ഥരോ, രാഷ്ട്രീയക്കാരോ, ഭരിക്കുന്നവരോ മറഞ്ഞിരിപ്പുണ്ടാകും.
അവരെ തൊടാൻ ആർക്കുമാകില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളും കാക്കത്തൊള്ളായിരം രാഷ്ട്രീയ പാർട്ടികളും, ജനങ്ങളുടെ നികുതിപ്പണം അധ്വാനിക്കാതെ ആസ്വദിക്കുന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നവരാണ് ലോക അഴിമതിപ്പട്ടികയിൽ 93-ാം സ്ഥാനത്തായി ഇന്ത്യയെ തുണിയുരിച്ചു നിർത്തിയത്. ഓരോ വർഷം കഴിയുന്പോഴും ഇവരുടെ ആർത്തി കൂടുന്നതല്ലാതെ കുറയുന്നില്ല.
രാഷ്ട്രീയക്കാർക്കോ സർക്കാർ ഉദ്യോഗസ്ഥർക്കോ കൈക്കൂലി കൊടുക്കാത്ത ഒരു കുടുംബവ ും കേരളത്തിലും സമാധാനത്തോടെ ജീവിക്കുന്നില്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ അഴിമതിവിരുദ്ധതയെക്കുറിച്ച് നിരവധി പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ഒക്കെ നുണയാണ്.
പ്രതിപക്ഷ നേതാക്കളുടെയും വിമർശിക്കുന്നവരുടെയും വീടുകളിൽ മാത്രം റെയ്ഡ് നടത്തുന്നതാണ് അഴിമതിവിരുദ്ധതയെന്നാണ് മോദി സർക്കാർ കരുതുന്നത്. സ്വന്തം പാർട്ടിക്കാർക്കും വീട്ടുകാർക്കും അധ്വാനിക്കാതെ പണമുണ്ടാക്കാനും അഴിമതി നടത്താനും അവസരം കൊടുക്കുന്നുവെന്ന ആരോപണത്തിനു വിശ്വാസ്യതയുള്ള മറുപടി നൽകാൻ പിണറായി സർക്കാരിനും കഴിഞ്ഞിട്ടില്ല.
കുപ്രസിദ്ധമായ സഹകരണബാങ്ക് കൊള്ളകളും കറുത്ത കരാറുകളും പിൻവാതിൽ നിയമനങ്ങളുമൊക്കെ വേറെ. അഴിമതി ഇല്ലാതാക്കാനുള്ള ഒന്നാമത്തെ ഘടകം സർക്കാരാണ്. ഇത്തരം സർക്കാരുകൾക്ക് അതു സാധിക്കുമോ?
രണ്ടാമത്തെ കാര്യം, അഴിമതിക്കാർ ശിക്ഷിക്കപ്പെടണം. പക്ഷേ, കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്നവരുടെ വേണ്ടപ്പെട്ടവർ നാടിെത്ര മുടിപ്പിച്ചാലും ശിക്ഷിക്കപ്പെടുമോ? അന്വേഷണ ഏജൻസികൾ ഭരിക്കുന്നവരെ തൊടുമോ? അഴിമതിക്കെതിരേയുള്ള ഒന്നാന്തരം ഉപകരണമായിരുന്ന വിവരാവകാശ നിയമത്തെ അട്ടിമറിച്ചെന്നു കമ്മീഷണർ കണ്ടെത്തിയ കേരളത്തിലെ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുമോ?
വില്ലേജ്, പഞ്ചായത്ത്, പൊതുമരാമത്തു വകുപ്പ്, കളക്ടറേറ്റ്, സെക്രട്ടേറിയറ്റ്, പോലീസ് സ്റ്റേഷൻ, സർക്കാർ ആശുപത്രികൾ തുടങ്ങി എവിടെയാണ് കൈക്കൂലി ഇല്ലാത്തത്? സർക്കാർ അറിയാഞ്ഞിട്ടാണോ? ഉദ്യോഗസ്ഥരുടെ അധികാരം കുറയ്ക്കുന്നവിധം കൂടുതൽ സർക്കാർ സേവനങ്ങൾ ഓൺലൈൻവഴി ആക്കേണ്ട കാലം കഴിഞ്ഞു.
സങ്കീർണതകൾ കുറയ്ക്കാൻ അത്തരം സൈറ്റുകൾ വിദഗ്ധർ രൂപകൽപ്പന ചെയ്യണം. സത്യസന്ധരായ ഭരണാധികാരികൾക്കേ അഴിമതി ഇല്ലാതാക്കാനാകൂ. അവർ അധികാരത്തിലിരുന്നാൽ ഫയലുകൾ മുക്കുന്നവരുടെ കൈ വിറയ്ക്കും. കാത്തിരിക്കുകതന്നെ!