കാട്ടുകൊള്ളയ്ക്കിറങ്ങിയ വെള്ളാനയെ തളയ്ക്കണം
Monday, May 20, 2024 12:00 AM IST
വന്യജീവികൾക്കുമുന്നിൽ പ്രാണൻ പിടഞ്ഞുനിൽക്കുന്ന മലയോരജനതയുടെ ഇടനെഞ്ചിലാണു നിങ്ങളുടെ യൂക്കാലികൃഷിയെന്നു മറക്കരുത്. ആഗോള ‘പരിസ്ഥിതി സിംഹ’ങ്ങളെയിറക്കി വെബിനാറുകൾ നടത്തിയും സംസ്ഥാനദുരന്ത പ്രഖ്യാപനം നടത്തിയും മുഖ്യമന്ത്രിയടക്കം പറഞ്ഞ ഉറപ്പുകൾക്കാണ് വനംഉദ്യോഗസ്ഥ മാഫിയ പുല്ലുവില കല്പിച്ചിരിക്കുന്നത്.
വനംവകുപ്പും അതിലെ വെള്ളാനയായ വികസന കോർപറേഷനും ചേർന്ന് കേരളത്തിൽ നടത്തുന്ന കാട്ടുകൊള്ളയിതാ വീണ്ടും മറനീക്കി നിൽക്കുന്നു. സ്വാഭാവിക വനത്തിന്റെ ഉർവ്വരതയ്ക്കു നിത്യനാശം വരുത്തുന്ന യൂക്കാലിയെ പണംകായ്ക്കുന്ന മരമായിക്കണ്ട് നട്ടുപിടിപ്പിക്കാൻ ഇവർ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ്? ആവാസവ്യവസ്ഥ നശിപ്പിച്ച് വന്യജീവികളെ നാട്ടിലേക്ക് ഇറക്കിവിടുന്ന യഥാർഥ ജനദ്രോഹികൾ ഇവരാണെന്നതിന് ഇനിയും തെളിവു വേണോ? എവിടെപ്പോയി പരിസ്ഥിതിക്കും വന്യജീവികൾക്കുംവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന കപടനാട്യക്കാർ.
വനംവകുപ്പു ഭരിക്കുന്ന ഉദ്യോഗസ്ഥമാഫിയയുടെ തടവുകാരനോ കാവൽക്കാരനോ ആയി അധഃപതിച്ച വനം മന്ത്രിക്ക് ഇനിയും ആ കസേരയിൽ ഇരിക്കാൻ ലജ്ജയില്ലേ? വന്യജീവികൾക്കു മുന്നിൽ പ്രാണൻ പിടഞ്ഞുനിൽക്കുന്ന മലയോരജനതയുടെ ഇടനെഞ്ചിലാണു നിങ്ങളുടെ യൂക്കാലിക്കൃഷിയെന്നു മറക്കരുത്. ആഗോള ‘പരിസ്ഥിതിസിംഹങ്ങളെ’യിറക്കി വെബിനാറുകൾ നടത്തിയും സംസ്ഥാന ദുരന്തപ്രഖ്യാപനം നടത്തിയും മുഖ്യമന്ത്രിയടക്കം പറഞ്ഞ ഉറപ്പുകൾക്കാണ് വനം ഉദ്യോഗസ്ഥമാഫിയ പുല്ലുവില കല്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വനനയത്തിൽത്തന്നെ വനത്തിന്റെ സ്വാഭാവികത വീണ്ടെടുക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 2021ലെ വനനയത്തിൽ യൂക്കാലി, അക്കേഷ്യ തുടങ്ങിയ അധിനിവേശ വൃക്ഷങ്ങൾ ഉന്മൂലനം ചെയ്ത് പകരം മാവ്, പ്ലാവ്, നെല്ലി, ഞാവൽ, അത്തി, വാക, മലവേപ്പ്, കാട്ടുപുളി തുടങ്ങിയ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു. യൂക്കാലി, അക്കേഷ്യ തുടങ്ങിയ അധിനിവേശ വൃക്ഷങ്ങൾ നമ്മുടെ കാടിന്റെ സ്വാഭാവികതയും ജൈവവൈവിധ്യവും നശിപ്പിക്കുന്നതും വനത്തിൽ വരൾച്ച രൂക്ഷമാക്കുന്നതുമാണെന്ന് സർക്കാർതന്നെ അംഗീകരിച്ചിട്ടുള്ളതാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2017ൽ യൂക്കാലി, അക്കേഷ്യ തുടങ്ങിയവ നടുന്നത് വിലക്കി സർക്കാർ ഉത്തരവിറക്കിയത്. ഇത്തരം നയപ്രഖ്യാപനങ്ങളും വിലക്കുകളും നിലനിൽക്കുമ്പോഴാണ് വീണ്ടും യൂക്കാലിത്തോട്ടങ്ങൾ വച്ചുപിടിപ്പിക്കാൻ വനംവകുപ്പ് വളഞ്ഞ വഴിയിലൂടെ അനുമതി നേടിയിരിക്കുന്നത്. വന്യജീവി ആക്രമണങ്ങൾ രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച അന്താരാഷ്ട്ര, ദേശീയ വിദഗ്ധരടങ്ങുന്ന സമിതി ഈ മാസം ആറിന് നടത്തിയ പ്രഥമ ഓൺലൈൻ യോഗത്തിലും അധിനിവേശ സസ്യങ്ങളുടെ ഉന്മൂലനം ത്വരിതപ്പെടുത്തുമെന്നും വനത്തിൽ ജലലഭ്യത ഉറപ്പാക്കാൻ നടപടികളെടുക്കുമെന്നും വനം മന്ത്രി പറഞ്ഞിരുന്നു. വന്യജീവി ആക്രമണങ്ങളെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ട് വന്യജീവികൾക്ക് കാട്ടിൽത്തന്നെ തീറ്റയുണ്ടാകുന്നതിനുതകുന്ന വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുമെന്നു ജനങ്ങളോടു പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രതികരണമാണ് ഇക്കാര്യത്തിൽ ഇനി അറിയേണ്ടത്.
കുടിയിരുത്തപ്പെട്ട രാഷ്ട്രീയക്കാർക്കും സ്വന്തം വികസനത്തിനു പ്രാധാന്യം നൽകുന്ന ഉദ്യോഗസ്ഥർക്കും ലാവണമായി മാറിയിരിക്കുന്ന കേരള വനം വികസന കോർപറേഷനാണ് ഇപ്പോൾ യൂക്കാലിക്കൃഷിയുമായി രംഗത്തെത്തിയിരിക്കുന്നത്. കോർപറേഷന്റെ കീഴിൽ ഏഴായിരം ഹെക്ടർ പ്ലാന്റേഷനാണുള്ളത്. ഇതിൽ 2024.86 ഹെക്ടർ യൂക്കാലിത്തോട്ടമാണ്. 1674.15 ഹെക്ടർ അക്കേഷ്യയും 104.47 ഹെക്ടർ മാഞ്ചിയവും ഉണ്ടെന്നാണ് കോർപറേഷന്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. യൂക്കാലിമരങ്ങൾ ഒമ്പതു വർഷംകൊണ്ട് മുറിച്ചുമാറ്റി വീണ്ടും നടാം.
അക്കേഷ്യ 18 വർഷവും മാഞ്ചിയം ഏഴു വർഷവുമെടുക്കും മുറിച്ചുമാറ്റി വീണ്ടും നടാൻ. ഇവയുടെ തടി വിറ്റ് വൻ വരുമാനമുണ്ടാക്കുകയാണ് കോർപറേഷന്റെ ലക്ഷ്യം. കാടും പരിസ്ഥിതിയും നശിക്കുന്നതും വന്യജീവികൾ ദാഹിച്ചും വിശന്നും വലഞ്ഞ് നാട്ടിലിറങ്ങി മനുഷ്യരെയടക്കം കൊല്ലുന്നതുമൊന്നും കോർപറേഷന്റെ ലാഭേച്ഛയ്ക്കു മുന്നിൽ പ്രശ്നമല്ല. ജനങ്ങളല്ല, കോർപറേഷന്റെ നിലനിൽപാണ് മുഖ്യമെന്ന നിലപാടാണ് മന്ത്രിക്കും. ഈ മന്ത്രിയും ജനകീയനാണുപോലും! കഷ്ടമെന്നല്ലാതെ എന്തു പറയാൻ!!
വഴിവിട്ട നീക്കങ്ങളും കള്ളക്കളികളും പലതു നടത്തിയാണ് യൂക്കാലിക്കൃഷിക്ക് വനം വികസന കോർപറേഷൻ അനുമതി നേടിയിരിക്കുന്നത്. കേരളത്തിലെ ഇടതുമുന്നണി സർക്കാർ വന്യജീവി ആക്രമണങ്ങളിൽ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളോടു പറഞ്ഞതൊക്കെ പച്ചക്കള്ളവും, വാഗ്ദാനം നൽകിയതെല്ലാം ജലരേഖകളുമാണന്നു സമ്മതിച്ചിട്ടു വേണം വനം കോർപറേഷന്റെ യൂക്കാലിനടീലിന് അനുമതി നൽകാൻ. സംസ്ഥാനത്തിന്റെ നിലനില്പിനു വനം കോർപറേഷൻ അവശ്യഘടകമല്ല. എന്നാൽ, സ്വാഭാവിക വനവും വന്യജീവികളുടെ ആവാസവ്യവസ്ഥയും ഈ നാടിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. അതു തകർത്ത് ഒരു വെള്ളാനയെയും വിളയാടാൻ അനുവദിക്കരുത്, കൂച്ചുവിലങ്ങിടുകതന്നെവേണം.