പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
Wednesday, May 8, 2024 12:00 AM IST
മനുഷ്യരേക്കാൾ വന്യജീവികളുടെ ജീവനു വില കല്പിക്കുന്നവരാണു തങ്ങളെന്ന് വനം ഉദ്യോഗസ്ഥർ എത്രയോ തവണ തെളിയിച്ചിട്ടുമുണ്ട്. നിലവിൽ വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയുമെല്ലാം ആഹാരമാക്കുന്ന പുലി എപ്പോഴാണ് മനുഷ്യർക്കു നേരേ തിരിയുകയെന്ന കടുത്ത ആശങ്കയിലാണ് നാട്ടുകാർ.
തൊടുപുഴയ്ക്കടുത്ത മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലെ ജനങ്ങൾ പുലിഭീഷണിയിൽ കഴിയാൻ തുടങ്ങിയിട്ട് രണ്ടു മാസത്തോളമായി. വനംവകുപ്പിന്റെ കാമറയിൽ പതിയുകയും നാട്ടുകാരിൽ പലരും കണ്ടതായി സ്ഥിരീകരിക്കുകയും ചെയ്ത പുലിയെ പിടികൂടി പ്രദേശവാസികളുടെ ഭയമകറ്റാൻ വനം ഉദ്യോഗസ്ഥർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
വന്യജീവി ആക്രമണം നേരിടാൻ അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരെയടക്കം അണിനിരത്തി സർക്കാർ പദ്ധതിയിടുമ്പോഴും നാട്ടുകാരുടെ ഭയവും സ്വൈരജീവിതത്തിലുണ്ടായിരിക്കുന്ന പ്രയാസങ്ങളും ഇരട്ടിക്കുകയാണ്.
വെബിനാറുകളും പഠനങ്ങളുമായി തിരക്കിലായിരിക്കുന്ന വനം ജീവനക്കാർക്ക് നാട്ടുകാരനുഭവിക്കുന്ന യാതനകളൊന്നും പ്രശ്നമല്ലല്ലോ? മനുഷ്യരേക്കാൾ വന്യജീവികളുടെ ജീവനു വില കല്പിക്കുന്നവരാണു തങ്ങളെന്ന് വനം ഉദ്യോഗസ്ഥർ എത്രയോ തവണ തെളിയിച്ചിട്ടുമുണ്ട്.
നിലവിൽ വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയുമെല്ലാം ആഹാരമാക്കുന്ന പുലി എപ്പോഴാണ് മനുഷ്യർക്കു നേരേ തിരിയുകയെന്ന കടുത്ത ആശങ്കയിലാണ് നാട്ടുകാർ. തൊടുപുഴ നഗരത്തിൽനിന്ന് പത്തു കിലോമീറ്ററോളം മാത്രം അകലെയാണ് പുലിയുടെ സാന്നിധ്യമുണ്ടായിരിക്കുന്നത്.
മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ഇല്ലിചാരിമലയിലെ പാറമടയിൽനിന്നാണ് പുലി ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മാർച്ച് രണ്ടാംവാരമാണ് പുലിയിറങ്ങിയെന്ന വാർത്ത ആദ്യമായി പരന്നത്.
പിന്നീട് പലയിടത്തും പൂച്ചയുടെയും പട്ടിയുടെയും ആടുകളുടെയും കാട്ടുപന്നിയുടെയും കുറുക്കന്മാരുടെയുമെല്ലാം ജഡാവശിഷ്ടങ്ങൾ കണ്ടുതുടങ്ങി. ഏതാനും ദിവസം മുമ്പ് ഇല്ലിചാരി പൊട്ടൻപ്ലാവിനു സമീപം കോഴിഫാമിൽനിന്നു കോഴികളെ പുലി പിടികൂടിയതായി ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഫാമിലെ ഇതരസംസ്ഥാനക്കാരനായ തൊഴിലാളിയാണ് പുലിയെ കണ്ടത്. കണ്ടത്തിപ്പീടികയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിന്റെ മുറ്റത്തും പുലിയെ കണ്ടിരുന്നു. പഴയമറ്റം പാലത്തിനു സമീപമുള്ള പൈനാപ്പിൾ തോട്ടത്തിലും പുലിയെ കണ്ടതായി പറയുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെ കാക്കൊമ്പിലും പുലിയെ കണ്ടതായി പ്രദേശവാസി സ്ഥിരീകരിക്കുന്നുണ്ട്. ഇത്തരത്തിൽ പകലും രാത്രിയും പലയിടങ്ങളിലും പുലിയെ കണ്ടതായി വാർത്ത പരന്നതോടെയാണ് ജനങ്ങൾ കൂടുതൽ പരിഭ്രാന്തരായത്. ഒന്നിലധികം പുലി പ്രദേശത്തുണ്ടാകാമെന്നും നാട്ടുകാർ ഭയക്കുന്നുണ്ട്.
പുലിഭീഷണി വ്യാപകമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാമറകളും കൂടും സ്ഥാപിച്ചെങ്കിലും പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല. കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് വനം ഉദ്യോഗസ്ഥർ പുലിസാന്നിധ്യം സ്ഥിരീകരിച്ചത്.
ഇതോടെ വൈകുന്നേരമായാൽ പുറത്തിറങ്ങാൻ ജനങ്ങൾ ഭയക്കുകയാണ്. ജോലിക്കും മറ്റുമായി പുറത്തുപോകുന്നവരാണ് ഏറെ പ്രയാസപ്പെടുന്നത്. പുലർച്ചെ ടാപ്പിംഗിനു പോകാൻ കഴിയുന്നില്ല. കുട്ടികൾക്ക് ബന്ധുവീടുകളിൽ പോകാൻപോലും കഴിയാത്ത അവസ്ഥയാണ്.
തങ്ങൾ നേരിടുന്ന ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത്, കൂടുതൽ കൂടുകൾ സ്ഥാപിച്ച് പുലിയെ കുടുക്കാനുള്ള നീക്കം ഉദ്യോഗസ്ഥർ നടത്തുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
വനം ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിനെതിരേ നാട്ടുകാർ യോഗങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ജനരോഷം പരിധിവിടുംമുമ്പ് ഉദ്യോഗസ്ഥർ ആലസ്യം വെടിയേണ്ടിയിരിക്കുന്നു.
വന്യജീവി ആക്രമണങ്ങളുടെ ഭീകരത അനുദിനം അനുഭവിക്കുന്നവരാണ് കേരളീയർ. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ ദിവസേന കൂടുതൽ സ്ഥലങ്ങളിലേക്ക് വന്യജീവി ആക്രമണങ്ങൾ വ്യാപിക്കുകയും ചെയ്യുന്നു.
ഓരോ ആക്രമണം ഉണ്ടാകുമ്പോഴും, വന്യജീവികൾക്ക് വനത്തിൽ വെള്ളവും തീറ്റയും ഒരുക്കുമെന്നു പ്രഖ്യാപിക്കുന്ന വനംവകുപ്പ് ഇതിനായി ഫലപ്രദമായി ഒന്നും ചെയ്യുന്നില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞദിവസം നടത്തിയ വെബിനാറിലും ഇതേ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഇത്തരം നീക്കങ്ങൾ അവസാനിപ്പിച്ച് ക്രിയാത്മകമായി ഇടപെടുകയാണ് വേണ്ടത്.പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുടെയും റാപ്പിഡ് റെസ്പോൺസ് ടീമിന്റെയും സേവനം ലഭ്യമാക്കി എത്രയും പെട്ടെന്ന് മുട്ടം, കരിങ്കുന്നം പ്രദേശങ്ങളിൽ ഭീതി പരത്തുന്ന പുലിയെ പിടികൂടണം.
പുതിയ കൂടുകൾ സ്ഥാപിക്കുക, പുലിയുടെ ആവാസ കേന്ദ്രമെന്നു കരുതുന്ന സ്ഥലങ്ങൾ നിരീക്ഷിക്കാൻ സംവിധാനമൊരുക്കുക തുടങ്ങി നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അവഗണിക്കരുത്. അത്യാഹിതം സംഭവിക്കുവോളം നിസംഗത തുടരരുത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെയും അവരെ നിയന്ത്രിക്കുന്നവരെയും ഓർമിപ്പിക്കാനുള്ളത്.