സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
Wednesday, April 17, 2024 12:00 AM IST
വിമർശിക്കുന്നവരെ ഇല്ലാതാക്കാനുള്ള മനോഭാവം 16 വയസുള്ള വിശ്വാസിയുടെ മനസിൽ കുത്തിവയ്ക്കുന്നതിൽ വിജയിച്ച തീവ്രവാദ പ്രസ്ഥാനങ്ങളെ ലോകത്തിനു ഭയക്കാതെ വയ്യ. തീവ്രവാദം വേരൂന്നുന്നത് ഏതെങ്കിലും രാജ്യത്തോ പ്രദേശത്തോ അല്ല, മനസുകളിലാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. മതഭേദമില്ലാതെ നാം ജാഗ്രത പുലർത്തുകയേ നിർവാഹമുള്ളൂ.
ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിലെ പള്ളിയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന ബിഷപ്പിനെ പതിനാറുകാരൻ കുത്തിയത് ഭീകരാക്രമണമാണെന്നാണ് പോലീസ് അറിയിച്ചത്.
അതു ശരിയാണെങ്കിൽ പള്ളിയിൽ കയറി പ്രാർഥനയ്ക്കു നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ബിഷപ്പിനെ കുത്തിയ തീവ്രവാദിയുടെ ആശയത്തെ ഓസ്ട്രേലിയക്കാർ ഭയക്കും എന്നത് സ്വാഭാവിക പ്രതികരണമാണ്; എന്തു ഫോബിയ ആയി ചിത്രീകരിച്ചാലും.
വിമർശിക്കുന്നവരെ ഇല്ലാതാക്കാനുള്ള മനോഭാവം 16 വയസുള്ള വിശ്വാസിയുടെ മനസിൽ കുത്തിവയ്ക്കുന്നതിൽ വിജയിച്ച തീവ്രവാദ പ്രസ്ഥാനങ്ങളെ ലോകത്തിനു ഭയക്കാതെ വയ്യ. തീവ്രവാദം വേരൂന്നുന്നത് ഏതെങ്കിലും രാജ്യത്തോ പ്രദേശത്തോ അല്ല, മനസുകളിലാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.
ഒരിക്കൽ അമേരിക്കയിലാണെങ്കിൽ പിന്നൊരിക്കൽ ബ്രിട്ടനിലും പാരിസിലും സിഡ്നിയിലും ഇറാക്കിലും സിറിയയിലും നൈജീരിയിലുമാകാം; ഒരുവേള മൂവാറ്റുപുഴയിലെന്നപോലെ കേരളത്തിൽ എവിടെയുമാകാം. മതഭേദമില്ലാതെ നാം ജാഗ്രത പുലർത്തുകയേ നിർവാഹമുള്ളൂ.
സിഡ്നിയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് പള്ളിയിൽ തിങ്കളാഴ്ച വൈകുന്നേരം ഏഴിനായിരുന്ന സംഭവം. പ്രസംഗിച്ചുകൊണ്ടിരുന്ന അസീറിയൻ ഓർത്തഡോക്സ് സഭാ മെത്രാൻ മാർ മാറി ഇമ്മാനുവേലിനെ, കൂസലില്ലാതെ നടന്നെത്തിയ അക്രമി തലയിൽ പലതവണ കുത്തിവീഴ്ത്തുകയായിരുന്നു.
ആദ്യം അക്രമിയെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിടാതിരുന്ന ഓസ്ട്രേലിയൻ പോലീസ് പിന്നീട് പള്ളിയിൽ നടന്നത് ഭീകരാക്രമണമാണെന്ന് അറിയിച്ചു. ബിഷപ്പും വൈദികനും ഉൾപ്പെടെ നാലു പേർക്കു പരിക്കുണ്ട്. കൗമാരക്കാരൻ ബിഷപ്പിനു നേർക്കു നടന്നടുക്കുന്നതും കത്തിയെടുത്തു തുടർച്ചയായി കുത്തുന്നതും പള്ളിക്കു പുറത്തുണ്ടായിരുന്നവരും സ്ക്രീനിലൂടെ കണ്ടു.
ദൃശ്യങ്ങൾ കണ്ട ലോകമെങ്ങുമുള്ള മനുഷ്യർ, പ്രത്യേകിച്ചും ക്രൈസ്തവർ തങ്ങൾക്കു നേരേ ആവർത്തിക്കപ്പെടുന്ന തീവ്രവാദ ആക്രമണങ്ങളിൽ ആശങ്കാകുലരാണ്. ഒരു നാടിന്റെ സമാധാനം എത്ര വേഗത്തിലാണ് തീവ്രവാദികൾ ഇല്ലാതാക്കുന്നത്! തികച്ചും സംയമനത്തോടെയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് പ്രതികരിച്ചത്.
“തികച്ചും അസ്വാസ്ഥ്യജനകമായ കാര്യമാണു സംഭവിച്ചത്. അക്രമോത്സുകമായ തീവ്രവാദത്തിനു നമ്മുടെ രാജ്യത്ത് ഇടമില്ല. സമാധാനകാംക്ഷികളാണ് ഓസ്ട്രേലിയക്കാർ. വിവിധ മതക്കാരായ നാം ഒന്നിച്ചു ജീവിക്കുന്നു. ഒരു സമൂഹമെന്ന നിലയിലും രാജ്യമെന്ന നിലയിലും ഭിന്നിപ്പിന്റേതല്ല, ഐക്യത്തിന്റെ സമയമാണിത്.”
തീവ്രവാദികൾ സമൂഹത്തിലുണ്ടാക്കുന്ന ഭീതിയും അരാജകത്വവും പരിഹരിക്കാൻ ലോകത്തിനു കൂടുതൽ പരിശ്രമം നടത്തേണ്ടതായി വന്നിരിക്കുന്നു. അതിനെ ‘ഫോബിയ’ എന്നു പറഞ്ഞു തള്ളിക്കളയുന്നത് കുറ്റകരമായ അശ്രദ്ധയും കുറ്റകരമായ വോട്ടുരാഷ്ട്രീയവുമാണ്.
അഭയം നൽകിയ രാജ്യങ്ങളിലെ പൗരന്മാരെപോലും മതത്തിന്റെ പേരിൽ കൊന്നൊടുക്കുന്നവർ ബാല്യത്തിലേ കുത്തിവയ്ക്കപ്പെട്ട മതവിദ്വേഷത്തിന്റെ ഉത്പന്നങ്ങളാണ്. തീവ്രവാദിപട്ടികയിലൊന്നും ഇല്ലാത്തയാളാണ് സിഡ്നിയിലെ അക്രമിയെന്നും പേരു പുറത്തുവിടുന്നില്ലെന്നുമാണ് ഓസ്ട്രേലിയൻ പോലീസ് അറിയിച്ചത്.
യൂറോപ്പിൽ പലയിടത്തും ഇത്തരം ആക്രമണങ്ങൾ നടത്തുന്നവർ തീവ്രവാദിപട്ടികയിലുള്ളവരല്ല. തീവ്രവാദം അവരുടെ ഉള്ളിലാണ്. ഇതര മതസ്ഥർക്കെതിരേ നുരയുന്ന വെറുപ്പും വിദ്വേഷവും, ഏതു നിമിഷവും പുറത്തെടുക്കാവുന്നൊരു ആയുധംപോലെ ഹൃദയത്തിൽ രാകിമിനുക്കി വച്ചിരിക്കുകയാണ്.
പ്രസ്ഥാനങ്ങളെയോ അതിന്റെ നേതാക്കളെയോ ഇല്ലാതാക്കിയാലും തീവ്രവാദവിത്തുകൾ വീണിട്ടുള്ള മനസുകൾ അവ മുളപ്പിച്ചുകൊണ്ടേയിരിക്കും.
ആ മുളകളാണ് 2015ൽ പാരിസിൽ ‘ഷാർലി എബ്ദോ’യിലെ മാധ്യമപ്രവർത്തകരെ കൂട്ടക്കൊല ചെയ്തതും 2020ൽ പാരിസിലെ നഗരമധ്യത്തിൽ പതിനെട്ടുകാരൻ സാമുവൽ എന്ന അധ്യാപകന്റെ കഴുത്തറത്തതും കഴിഞ്ഞ ഒക്ടോബറിൽ ഫ്രാൻസിലെ അരാസിൽ യുവാവ് ഡൊമിനിക് എന്ന അധ്യാപകനെ കുത്തിക്കൊന്നതുമൊക്കെ.
തന്റെ മതത്തെ പരാമർശിച്ചില്ലായിരുന്നെങ്കിൽ താനിവിടെ വരില്ലായിരുന്നുവെന്ന് സിഡ്നിയിലെ തീവ്രവാദിയും ആക്രോശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്വന്തം മതത്തിനെതിരേ സംസാരിക്കുന്നവരെയൊക്കെ കുത്തിവീഴ്ത്തുകയും കൈകാലുകളും ശിരസും വെട്ടിയെടുക്കുകയും ചെയ്യുന്നവരൊന്നും ചിന്തിക്കുന്നില്ല, മറ്റു മതത്തിലും അത്തരം തീവ്രവാദികൾ ഉണ്ടായാൽ മനുഷ്യരാശി എത്രകാലം ബാക്കിയുണ്ടാകുമെന്ന്.
ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള അസംഖ്യം ഭീകരപ്രസ്ഥാനങ്ങൾ ലോകമെങ്ങും നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും ഇതരമത സ്ത്രീപീഡനങ്ങളും അക്രമങ്ങളുമൊക്കെ മറച്ചുപിടിച്ച്, ഇസ്ലാമോഫോബിയ ശൂന്യതയിൽനിന്ന് ആരൊക്കെയോ ഉയർത്തിക്കൊണ്ടുവന്ന പദമാണെന്നു വ്യാഖ്യാനിക്കുന്നവർ തീവ്രവാദത്തെ സംരക്ഷിക്കുകയോ വളർത്തുകയോ ആണ്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഗാസയിൽ മാത്രം ആവശ്യമുള്ള ഒന്നിന്റെ പേരല്ല സമാധാനം; സംവരണമില്ലാതെ ഭൂമിയാകെ നിറയേണ്ടതാണ്.