നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
വോട്ടിനുവേണ്ടി ഇല്ലാത്തതു പറയരുത്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്,
മതവികാരങ്ങളെ ഇളക്കിവിടരുത്. പറയുന്നത് ഏതു നേതാവായാലും അടിസ്ഥാനമുള്ളതാണോയെന്നു തിരിച്ചറിയാനുള്ള ജാഗ്രത സമ്മതിദായകരും പുലർത്തണം. ഇലക്ടറൽ ബോണ്ടിന്റെ ഇരുണ്ട മൂലയ്ക്കിരുന്ന് രാജ്യത്തെ അഴിമതി നിർമാർജനം ചെയ്യുമെന്നു പറയുന്നതിനേക്കാൾ, ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയുമൊക്കെ ആഗോള പട്ടികകളിൽ കൂപ്പുകുത്തിയിട്ടും രാജ്യം പുരോഗതിയിലേക്കു കുതിക്കുകയാണെന്നു പറയുന്നതിനേക്കാൾ, നിർഭാഗ്യകരമാണ് മതത്തിന്റെ പേരിൽ വോട്ടുപിടിക്കാനുള്ള സാധ്യത ഇനിയും ചികഞ്ഞുകൊണ്ടിരിക്കുന്നത്.
“മനുഷ്യർ ഏറ്റവുമധികം നുണ പറയുന്നത്, നായാട്ടിനുശേഷവും യുദ്ധകാലത്തും തെരഞ്ഞെടുപ്പിനു മുന്‍പുമാണ്.” ജർമൻ ചാൻസലറായിരുന്ന ഓട്ടോ ഫോൺ ബിസ്മാർക്കിന്റെ പ്രശസ്തമായ വാക്യമാണത്. നായാട്ടുകാരുടെയും പട്ടാളക്കാരുടെയും ചില വീരകഥകളിൽ നുണ കലരാറുണ്ടെങ്കിലും നമുക്കത് ആസ്വദിക്കാവുന്നതേയുള്ളൂ.
പക്ഷേ, തെരഞ്ഞെടുപ്പ് അങ്ങനെയല്ല. അതു രാജ്യത്തിന്റെയും പൗരന്മാരുടെയും ഭാവിനിർണയമാണ്. വോട്ടിനുവേണ്ടി ഇല്ലാത്തതു പറയരുത്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്, മതവികാരങ്ങളെ ഇളക്കിവിടരുത്. പറയുന്നത് ഏതു നേതാവായാലും അടിസ്ഥാനമുള്ളതാണോയെന്നു തിരിച്ചറിയാനുള്ള ജാഗ്രത സമ്മതിദായകരും പുലർത്തണം.
തൃശൂരിൽ മത്സരിക്കുന്ന സുരേഷ് ഗോപിക്കെതിരേയും തിരുവനന്തപുരത്തു മത്സരിക്കുന്ന ശശി തരൂരിനെതിരേയും പരാതികൾ ഉയർന്നു. സുരേഷ് ഗോപി മതചിഹ്നങ്ങൾ ഉപയോഗിച്ചു വോട്ടു തേടുന്നെന്നും പ്രചാരണ നോട്ടീസിൽ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് വിവരങ്ങൾ കൊടുത്തില്ലെന്നുമായിരുന്നു പരാതി.
തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തോടു വിശദീകരണം തേടിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതായി പറഞ്ഞെന്നാണ് ശശി തരൂരിനെതിരായ ആരോപണം. ആവർത്തിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു താക്കീതു ചെയ്യേണ്ടിവന്നു. വോട്ടെടുപ്പിന്റെ ദിവസമടുക്കുന്തോറും ഇത്തരം വീഴ്ചകളുടെ സാധ്യതയും അപകടവും വർധിക്കും. സമൂഹ മാധ്യമങ്ങളിലെ അണികളുടെ പോരാട്ടവും തുടരുകയാണ്.
ഒരുകാലത്ത് കവലകളിലും കള്ളുഷാപ്പുകളിലുംപോലും പറയാൻ അറച്ചിരുന്ന ഭാഷയാണ് പലരും സമൂഹ മാധ്യമങ്ങളിൽ ഉപയോഗിക്കുന്നത്. ഇവരിൽ പലരും സമൂഹ മാധ്യമങ്ങളെ വിഷലിപ്തമാക്കുന്ന സ്ഥിരം പ്രതികരണക്കാരാണ്. വീട്ടിലിരിക്കുന്നവരെപോലും വെറുതെ വിടില്ലാത്ത ഇവരെ പേടിച്ച് പലരും പ്രതികരിക്കാറില്ല. നിർമിതബുദ്ധി അപകടസാധ്യത വർധിപ്പിച്ചിട്ടുണ്ടെന്ന ബോധ്യത്തോടെ സൈബർ സെൽ തെരഞ്ഞെടുപ്പുകാലത്ത് കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ-ഡിജിറ്റല്‍ പ്ലാറ്റ്ഫോം ചെയര്‍പേഴ്സണ്‍ സുപ്രിയ ശ്രീനേതിനും ബിജെപി എംപി ദിലീപ് ഘോഷിനും തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ മാസം നോട്ടീസ് നൽകിയിരുന്നു. ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി കങ്കണ റണൗത്തിനെതിരായ പരാമര്‍ശത്തിലാണ് സുപ്രിയ ശ്രീനേതിന് നോട്ടീസ്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ അപകീര്‍ത്തികരമായ അടിക്കുറിപ്പോടെ കങ്കണയുടെ ചിത്രം പങ്കുവയ്ക്കുകയായിരുന്നു. എന്നാല്‍, തന്റെ അനുവാദമില്ലാതെ മറ്റുചിലരാണ് ചിത്രങ്ങള്‍ പങ്കുവച്ചതെന്ന് സുപ്രിയ വിശദീകരിച്ചിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പിതൃത്വത്തെ ചോദ്യംചെയ്യുന്ന പരാമര്‍ശമായിരുന്നു ബിജെപി നേതാവ് ദിലീപ് ഘോഷിന്റേത്. അദ്ദേഹം പിന്നീടു മാപ്പു പറഞ്ഞു.
ഇത്തരം പരാമർശങ്ങളിൽ പ്രധാനമന്ത്രിയും ഉൾപ്പെടുന്നത് നിർഭാഗ്യകരമാണ്. ഹിന്ദുക്കളുടെ വിശിഷ്ട ദിവസങ്ങളായ ശ്രാവണ മാസത്തിൽ മട്ടൻകറിയും നവരാത്രിയിൽ മീൻകറിയും കഴിച്ച് അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരാണ് പ്രതിപക്ഷ നേതാക്കളെന്നാണ് അദ്ദേഹം ഉധംപുരിൽ പറഞ്ഞത്. എന്നിട്ടതിനെ മതവുമായി തന്ത്രപൂർവം കൂട്ടിക്കെട്ടുകയും ചെയ്തു.
പ്രതിപക്ഷത്തിന്റെ ഉന്നം മുഗളർക്ക് തുല്യമാണെന്നും ഇന്ത്യയിലെ രാജാക്കന്മാരെ തോൽപ്പിച്ചപ്പോഴല്ല, അവരുടെ അന്പലങ്ങൾ തകർക്കുകകൂടി ചെയ്തപ്പോഴാണ് മുഗളർക്കു തൃപ്തി കിട്ടിയതെന്നും പറയാൻ പ്രധാനമന്ത്രി മടി കാണിച്ചില്ല. തെരഞ്ഞെടുപ്പിനും അധികാരത്തിനും മുകളിലാണ് രാജ്യമെന്ന ബോധ്യത്തോടെ ഈ മതധ്രുവീകരണ മനോഭാവം അവസാനിപ്പിക്കേണ്ടതാണ്.
ഇലക്ടറൽ ബോണ്ടിന്റെ ഇരുണ്ട മൂലയ്ക്കിരുന്ന് രാജ്യത്തെ അഴിമതി നിർമാർജനം ചെയ്യുമെന്നു പറയുന്നതിനേക്കാൾ, ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയുമൊക്കെ ആഗോള പട്ടികകളിൽ കൂപ്പുകുത്തിയിട്ടും രാജ്യം പുരോഗതിയിലേക്കു കുതിക്കുകയാണെന്നു പറയുന്നതിനേക്കാൾ, നിർഭാഗ്യകരമാണ് മതത്തിന്റെ പേരിൽ വോട്ടുപിടിക്കാനുള്ള സാധ്യത ഇനിയും ചികഞ്ഞുകൊണ്ടിരിക്കുന്നത്.
സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുള്ള പ്രതിപക്ഷ ഉന്മൂലന തന്ത്രങ്ങളും മതവികാരങ്ങളെ കുത്തിയുണർത്തലും രാഷ്ട്രീയ പാർട്ടികൾ പരസ്പരം നടത്തുന്ന അധിക്ഷേപങ്ങളും നുണപ്രചാരണങ്ങളുമൊക്കെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ലോകത്തിനു മുന്പിൽ അപഹാസ്യമാക്കുകയാണ്. നായാട്ടോ യുദ്ധമോ അല്ല, ഇതു തെരഞ്ഞെടുപ്പാണെന്ന് രാജ്യം ഭരിക്കുന്നവരെയും ഭരിക്കാനിരിക്കുന്നവരെയുമൊക്കെ ഓർമിപ്പിക്കട്ടെ.