കച്ചത്തീവ് കച്ചിത്തുരുന്പോ?
Wednesday, April 3, 2024 12:00 AM IST
മോദിസർക്കാരിന്റെ കാലത്ത് ഇന്ത്യയുടെ ഭൂമി ചൈന കൈയേറിയെന്ന റിപ്പോർട്ടുകളും അരുണാചൽ പ്രദേശിന്മേൽ ചൈന നിരന്തരം അവകാശവാദമുന്നയിക്കുന്നതും ചെറുക്കാൻ സർക്കാരിനു കിട്ടിയ കച്ചിത്തുരുന്പാകാം കച്ചത്തീവ്. പക്ഷേ, രാജ്യത്തെ ഒരു സർക്കാർ ഒപ്പിട്ട കരാറിനെ മറ്റൊരു സർക്കാർ തള്ളിപ്പറയുന്നത് അന്തർദേശീയ ബന്ധങ്ങളിലുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ ഇടയാക്കും.
നിലവിൽ ശ്രീലങ്കയുടെ ഭാഗമായ കച്ചത്തീവിന്റെ ഉടമസ്ഥാവകാശവും അതു സംബന്ധിച്ച കരാറും വിവാദമായിരിക്കുകയാണ്. ആ വിഷയത്തിൽ ചർച്ചകൾ പാടില്ലെന്നല്ല; പക്ഷേ, ജനകീയ വിഷയങ്ങൾ ഉന്നയിക്കപ്പെടേണ്ട തെരഞ്ഞെടുപ്പുകാലത്തുതന്നെ പൊടിതട്ടിയെടുക്കാൻ തക്ക പ്രാധാന്യമുണ്ടോ അര നൂറ്റാണ്ടു പഴക്കമുള്ള കരാറിനെന്ന ചോദ്യമുണ്ട്.
മാത്രമല്ല, മുൻ സർക്കാർ അയൽരാജ്യവുമായി ഏർപ്പെട്ട കരാറിനെ പിന്നീടു തള്ളിപ്പറയുന്നത് രാജ്യത്തിന്റെ വിശ്വാസ്യത തകർക്കുന്ന നടപടിയാണെന്ന മുൻ വിദേശകാര്യ സെക്രട്ടറിമാരുടെ മുന്നറിയിപ്പും ഗൗരവത്തിലെടുക്കേണ്ടതുണ്ട്.
‘അഴുക്കു നിറഞ്ഞ ദ്വീപ്’ എന്ന് അർഥമുള്ള കച്ചത്തീവ് ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയ്ക്കുള്ള ചെറുദ്വീപാണ്. തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്ന് 16 കിലോമീറ്റർ അകലെയാണ് ആകെ 285 ഏക്കർ വിസ്തീർണം മാത്രമുള്ള ദ്വീപ്. ഇതു തർക്കത്തിൽ ഇടം പിടിക്കുന്നത് ആദ്യമായല്ല.
കഴിഞ്ഞദിവസം പ്രധാനമന്ത്രി ഇതു പരാമർശിച്ചതോടെയാണ് പ്രശ്നത്തിനു കൂടുതൽ ഗൗരവമുണ്ടായത്. കച്ചത്തീവ് ശ്രീലങ്കയുടേതാണെന്ന നിലപാടായിരുന്നു നെഹ്റുവിന്റേതെന്നും 1974ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജ്യതാത്പര്യം മാനിക്കാതെ ഇതു ശ്രീലങ്കയ്ക്കു വിട്ടുകൊടുത്തെന്നുമാണ് ആരോപണം.
ഇക്കാര്യം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചിരുന്നെന്ന പത്രറിപ്പോർട്ടാണ് പുതിയ വിവാദത്തിനു കാരണം. അതായത്, കച്ചത്തീവ് ഇന്ത്യക്കു നഷ്ടമാകാൻ കാരണം, കോൺഗ്രസും ഡിഎംകെയുമാണെന്നു സ്ഥാപിക്കാനാണ് ശ്രമമെന്നു പറയാം.
ഇന്ത്യയിൽനിന്നുള്ള മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടുന്നതും ജയിലിലടയ്ക്കുന്നതും പതിവായതിനാൽ തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളിമേഖലയിൽ വിഷയം വൈകാരികമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു തമിഴ്നാട്ടിൽ സ്വാധീനമുണ്ടാക്കാൻ ഈ വിഷയം പ്രയോജനപ്പെടുമെന്ന് അവർ കരുതുന്നുണ്ടാവാം.
1974ലാണ് കച്ചത്തീവ് ശ്രീലങ്കയുടേതാണെന്ന് അംഗീകരിച്ചുകൊണ്ട് ഇന്ത്യയും ശ്രീലങ്കയും കരാറിലേർപ്പെട്ടത്. 17-ാം നൂറ്റാണ്ടു മുതൽ രാമനാഥപുരം കേന്ദ്രീകരിച്ചുള്ള രാമനാട് രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശമെന്നാണ് ഒരു വാദം.
പക്ഷേ, അതിനു മുന്പ്, സിലോൺ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ശ്രീലങ്കയുടെ സമുദ്രാതിർത്തിയിലാണ് കച്ചത്തീവെന്ന് 1921ൽ ഇന്ത്യയും ശ്രീലങ്കയും അംഗീകരിച്ചിട്ടുള്ളതാണ്. അന്ന് ജവഹർലാൽ നെഹ്റുവോ ഇന്ദിരാഗാന്ധിയോ അല്ല ഇന്ത്യയുടെ ഭരണാധികാരികൾ.
രണ്ടു രാജ്യങ്ങളും ബ്രിട്ടീഷ് കോളനികളായിരുന്ന കാലത്തെ ആ നിശ്ചയം, സ്വാഭാവികമായും സ്വാതന്ത്ര്യാനന്തരം നെഹ്റു സർക്കാരിനു തള്ളിക്കളയാനാകുമായിരുന്നില്ല. ഇതിന്റെ തുടർച്ചയാണ് 1974ലെ കരാർ.
ദ്വീപിന്റെ കാര്യത്തിൽ വിട്ടുകൊടുക്കലോ പിടിച്ചെടുക്കലോ നടന്നിട്ടില്ലെന്നു 2015ൽ പറഞ്ഞത് ഒന്നാം മോദി സർക്കാരിൽ വിദേശകാര്യ സെക്രട്ടറിയായിരുന്ന, ഇപ്പോഴത്തെ വിദേശകാര്യമന്ത്രി ജയശങ്കർ തന്നെയാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2013ൽ തമിഴ്നാട് കോടതിയെ സമീപിച്ചെങ്കിലും ഇടപെടാനാകില്ലെന്നായിരുന്നു കോടതി നിലപാട്.
ശ്രദ്ധേയമായ മറ്റൊരു കാര്യം; 1974ലെ ഉടന്പടി പ്രകാരം, ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾക്ക് അനുമതിയില്ലാതെ കച്ചത്തീവിൽ പ്രവേശിക്കാമെന്ന നിബന്ധന 1976ൽ അന്തിമ ഉടന്പടി ഒപ്പുവച്ചപ്പോൾ ചേർത്തില്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ ഇന്ത്യയിൽനിന്നുള്ള മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടുന്നതെന്നുമുള്ള വാദമാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടാണെങ്കിലും അതു ശ്രീലങ്കയുമായി ചർച്ച ചെയ്തു പരിഹരിക്കേണ്ട വിഷയമാണ്.
മോദിസർക്കാരിന്റെ കാലത്ത് ഇന്ത്യയുടെ ഭൂമി ചൈന കൈയേറിയെന്ന റിപ്പോർട്ടുകളും അരുണാചൽപ്രദേശിന്മേൽ ചൈന നിരന്തരം അവകാശവാദമുന്നയിക്കുന്നതും ചെറുക്കാൻ സർക്കാരിനു കിട്ടിയ കച്ചിത്തുരുന്പാകാം കച്ചത്തീവ്.
പക്ഷേ, രാജ്യത്തെ ഒരു സർക്കാർ ഒപ്പിട്ട കരാറിനെ മറ്റൊരു സർക്കാർ തള്ളിപ്പറയുന്നത് അന്തർദേശീയ ബന്ധങ്ങളിലുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ ഇടയാക്കും. തമിഴ്നാട്ടിലെ ബിജെപി നേതാവ് പറയുന്നതുപോലെയല്ല, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ആരോപണം ഉന്നയിക്കുന്നത്.