വനം-വന്യജീവി നിയമം ഭേദഗതി ചെയ്ത് ഈ മനുഷ്യരെ രക്ഷിക്കൂ
Thursday, February 22, 2024 12:00 AM IST
പ്രഹസനമായി നൽകുന്ന നഷ്ടപരിഹാരങ്ങൾ എത്ര പരിമിതമാണ്. അതുതന്നെ കിട്ടാൻ വർഷങ്ങളായി കാത്തിരിക്കുന്നവരുണ്ട്. വന്യജീവികളെ കാട്ടിൽ സംരക്ഷിക്കുന്നതിനുവേണ്ടി അനുവദിക്കുന്ന കോടികളിൽ എത്രയാണ് വിവിധ കൈകളിലൂടെ ചോർന്നുപോകുന്നത്? ഒന്നും ഫലം കാണുന്നുമില്ല. സാധാരണ മരണം പോലെയല്ല, ആന ചവിട്ടിയും കടുവ കടിച്ചുകീറിയും കൊല്ലപ്പെട്ട മനുഷ്യർ അനുഭവിച്ച യാതന.
വന്യജീവി ആക്രമണത്തിൽ ഭയന്നുകഴിയുന്ന ആദിവാസികളും കർഷകരും ഉൾപ്പെടെയുള്ളവർ വയനാട്ടിലെത്തിയിരിക്കുന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനോട് ചോദിക്കാനാഗ്രഹിക്കുന്നതിതാണ്: “സർ ഞങ്ങളെ കൊലയ്ക്കു കൊടുക്കാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?” വയനാട്ടിൽ മാത്രമല്ല, കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലെയും ജനങ്ങൾ ഈ ചോദ്യം ആവർത്തിക്കും. ബഹുമാനപ്പെട്ട മന്ത്രീ, വന്യജീവികളിൽനിന്നു മനുഷ്യരെ സംരക്ഷിക്കാൻ സർക്കാരുകളെയും കോടതികളെയും തടയുന്നത് 1972ലെ വന്യജീവിസംരക്ഷണ നിയമമാണെങ്കിൽ അര നൂറ്റാണ്ടു പിന്നിട്ടതും സമകാലിക യാഥാർഥ്യങ്ങളെ അഭിസംബോധന ചെയ്യാത്തതുമായ ആ നിയമം ഭേദഗതി ചെയ്യാൻ സമയമായില്ലേ?
ലക്ഷക്കണക്കിനാളുകളുടെ മരണവാറണ്ടായി മാറിയ ഈ നിയമത്തിന്റെ ഭേദഗതിക്ക് പാർലമെന്റിൽ സമയമെടുക്കുമെങ്കിൽ ഒരു ഓർഡിനൻസിലൂടെ ഈ ഗതികെട്ട മനുഷ്യരെ രക്ഷിച്ചുകൂടെ? പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് ഇത്തരം നിയമങ്ങളുണ്ടാക്കിയ മിക്ക രാജ്യങ്ങളും നിയമ ഭേദഗതിക്കും പുനഃപരിശോധനയ്ക്കും തയാറായിക്കഴിഞ്ഞു. എണ്ണം പെരുകിയപ്പോൾ ദേശീയ മൃഗങ്ങളെപ്പോലും വേട്ടയാടി നിയന്ത്രിക്കാൻ അനുമതി നൽകിയ രാജ്യങ്ങളുണ്ട്. കാലാനുസൃതമായി നിയമങ്ങൾ ഭേദഗതി ചെയ്യുക എന്നതല്ലേ ഏതൊരു പരിഷ്കൃതസമൂഹത്തിനും അഭികാമ്യം?
2016 മുതൽ 2023 വരെയുള്ള എട്ടുവർഷത്തിനിടെ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേരാണെന്നു വനം മന്ത്രി ജനുവരി 31ന് നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം വയനാട്ടിൽ കൊല്ലപ്പെട്ട അജീഷും പോളുമൊന്നും ഉൾപ്പെടാത്ത കണക്കാണിത്. തീരാനഷ്ടങ്ങളിൽ മരണം മാത്രമല്ല ഉള്ളത്. 55,838 ആക്രമണങ്ങളിലായി 7,492 പേർക്കു പരിക്കേറ്റു. അതിൽ എത്രയോ മനുഷ്യരാണ് പരസഹായമില്ലാതെ ജീവിക്കാൻ പറ്റാത്ത നിലയിലായത്. അവരെ സഹായിക്കേണ്ടതിനാൽ കുടുംബാംഗങ്ങളിൽ പലർക്കും ജോലിക്കുപോലും പോകാനാവില്ല. വന്യജീവികൾ നശിപ്പിച്ച കൃഷിയിടങ്ങൾ നഷ്ടസ്വപ്നങ്ങളുടെ ശ്മശാനങ്ങൾകൂടിയാണ്. 68.44 കോടിയുടെ കൃഷിനാശമുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ നഷ്ടം അതിലും എത്രയോ അധികമാണ്.
പ്രഹസനമായി നൽകുന്ന നഷ്ടപരിഹാരങ്ങൾ എത്ര പരിമിതമാണ്. അതുതന്നെ കിട്ടാൻ വർഷങ്ങളായി കാത്തിരിക്കുന്നവരുണ്ട്. വന്യജീവികളെ കാട്ടിൽ സംരക്ഷിക്കുന്നതിനുവേണ്ടി അനുവദിക്കുന്ന കോടികളിൽ എത്രയാണ് വിവിധ കൈകളിലൂടെ ചോർന്നുപോകുന്നത്? ഒന്നും ഫലം കാണുന്നുമില്ല. സാധാരണ മരണം പോലെയല്ല, ആന ചവിട്ടിയും കടുവ കടിച്ചുകീറിയും കൊല്ലപ്പെട്ട മനുഷ്യർ അനുഭവിച്ച യാതന. അവരുടെ ഛിന്നഭിന്നമാക്കപ്പെട്ട മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ ഉറ്റവരുടെയും ഉടയവരുടെയും മനസിൽനിന്നു മായുമോ? ഭയാനകമായൊരു അന്ത്യമാണ് തങ്ങളെയും കാത്തിരിക്കുന്നതെന്നു കരുതുന്ന കുഞ്ഞുങ്ങളുടെ മാനസികാഘാതം എത്ര വലുതാണ്? അതൊക്കെ അനുഭവിച്ചവർക്കേ ഈ ദുരന്തത്തിന്റെ ആഴമറിയൂ. സർക്കാരിന് അതു വെറും അക്കങ്ങളോ നിയമസഭയിലെയോ പാർലമെന്റിലെയോ ചോദ്യോത്തരങ്ങളോ ആണ്. നിലവിലുള്ള നിയമത്തിന്റെ അതിർത്തിക്കപ്പുറം പോകാനാവാത്ത കോടതികളുടെ നിർവികാരതയും മനുഷ്യരെ കൂടുതൽ നിസഹായരാക്കുന്നു.
കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നതിനിടെ ആളുകൾ മരിച്ചുവീഴുകയാണ്. വന്യജീവിസംരക്ഷണ നിയമമാണ് ജനങ്ങളെ സംരക്ഷിക്കാൻ തടസമെന്നു സംസ്ഥാന സർക്കാർ പറയുന്നു. കേന്ദ്രം മറ്റൊന്നാണു പറയുന്നത്. കേരളത്തിൽനിന്നുള്ള രാജ്യസഭാംഗമായ സിപിഐയിലെ പി. സന്തോഷ് കുമാർ 2023 ഫെബ്രുവരി എട്ടിനു കേരളത്തിലെ വന്യജീവി ആക്രമണത്തെക്കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ് നൽകിയ മറുപടി, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള വന്യജീവികളെ വേട്ടയാടാനുള്ള അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്നാണ്.
എങ്കിൽ പിന്നെ, ഇത്രയും മനുഷ്യർ കൊല്ലപ്പെട്ടിട്ടും ഇവിടത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡനും സർക്കാരും എന്തുകൊണ്ടാണ് കൈയുംകെട്ടിയിരിക്കുന്നത്? ആകെയൊരു നിഗൂഢത കേരളത്തെ ചൂഴ്ന്നുനിൽക്കുന്നു. വയനാട്ടിലെ ഒരു കുടുംബത്തെ അനാഥമാക്കി കൊന്നുകൊലവിളിച്ചു കാടുകയറിയ ബേലൂർ മഖ്ന എന്ന അപകടകാരിയായ ആനയെ കൊല്ലാതെ മയക്കുവെടി വച്ചു പിടിക്കാൻ 200 പേരോളം കാട്ടിലൂടെ നടപ്പു തുടങ്ങിയിട്ട് ദിവസങ്ങളായി. എത്ര ലക്ഷങ്ങളാണ് പൊടിക്കുന്നത്? കൊല്ലപ്പെട്ട മനുഷ്യരും കൊടുത്തിട്ടുള്ള നികുതിപ്പണമല്ലേ ഈ പേക്കൂത്തിനായി മുടക്കുന്നത്? ഈ ജനങ്ങൾ ഇനിയെന്തു ചെയ്യണം?
അധികാര ദുർവിനിയോഗത്തെക്കുറിച്ച് ഉൾപ്പെടെ എഴുതിയിട്ടുള്ള അമേരിക്കൻ സ്വാതന്ത്ര്യവാദി ജെയിംസ് ബോവാർഡിന്റെ വാക്കുകൾ കേരളത്തിൽ അറംപറ്റുന്നതുപോലെ തോന്നുന്നു. അത്താഴത്തിനു തിന്നാൻ എന്തുണ്ടെന്നതിനെക്കുറിച്ച് രണ്ടു ചെന്നായ്ക്കളും ഒരാട്ടിൻകുട്ടിയും തർക്കിക്കുന്നതാകരുത് ജനാധിപത്യമെന്നാണ് അദ്ദേഹം മുന്നറിയിപ്പു നൽകുന്നത്. നിങ്ങളുടെ തർക്കം തുടരുന്നതിനിടെ മനുഷ്യർ മരിച്ചുവീഴുന്നു.
ഇനിയെത്ര മൃതദേഹങ്ങൾ വേണം ഈ പ്രശ്നമൊന്നു പരിഹരിക്കാൻ? കേന്ദ്രമന്ത്രീ, വയനാട് സന്ദർശിച്ച് അങ്ങേക്കു കാര്യങ്ങൾ കുറച്ചെങ്കിലും ബോധ്യമായിട്ടുണ്ടാകുമല്ലോ. യഥാർഥ ചോദ്യം “ഞങ്ങളെ കൊലയ്ക്കു കൊടുക്കാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?” എന്നതുതന്നെയാണ്. അങ്ങ് ഡൽഹിയിലേക്കു മടങ്ങുംമുന്പ് കേരളത്തിനൊരു മറുപടി കിട്ടുമോ?