കടക്കെണിയുടെ രൂക്ഷതയിൽ കേരളം
Monday, February 19, 2024 12:00 AM IST
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല. ദീർഘവീക്ഷണമില്ലാതെയും രാഷട്രീയ നേട്ടത്തിനായും, നടത്തിയതും ഇപ്പോഴും തുടരുന്നതുമായ ദുർച്ചെലവുകൾ അതിൽ പ്രധാനമാണ്. ഇത്ര ചെറിയൊരു സംസ്ഥാനത്തിനു താങ്ങാനാവുന്നതല്ല ഖജനാവിൽനിന്നു പണംപറ്റുന്ന ജീവനക്കാരും പെൻഷൻകാരും ഭരണാധികാരികളും ഉൾപ്പെട്ട സർക്കാർ നടത്തിപ്പുകാരുടെ ബാഹുല്യം.
കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അടുത്തിടെ കേരളം കേന്ദ്രത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ കേരള സർക്കാർ കടമെടുക്കുന്ന തുകയിൽ ഭീമമായ പങ്കും മുൻകാല കടത്തിന്റെ തിരിച്ചടവിനും പലിശയ്ക്കുമായാണ് ഉപയോഗിക്കുന്നതെന്നാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ കൂടുതൽ കടമെടുത്തല്ലാതെ സംസ്ഥാനത്തിന് ഒരുതരത്തിലും പിടിച്ചുനിൽക്കാനാവില്ല എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഇതിനെയാണ് നാം കടക്കെണി എന്നു പറയുന്നത്.
കടക്കെണിയിലകപ്പെട്ട് പുറത്തുകടക്കാൻ കഴിയാതെ വരുമ്പോൾ ചില വ്യക്തികളെങ്കിലും ജീവനൊടുക്കലാണ് പോംവഴിയായി കാണുന്നത്. അത്തരക്കാരിൽ കർഷകരും കൂലിവേലക്കാരും വ്യാപാരികളും മാത്രമല്ല സമ്പന്നരും വൻകിട വ്യവസായികളുംവരെ ഉൾപ്പെടുന്നു. വ്യക്തികൾ മിക്കപ്പോഴും കടക്കെണിയാലാകുന്നത് വരവിൽ കവിഞ്ഞ് ചെലവുചെയ്യാൻ കഴുത്തറപ്പൻ പലിശയ്ക്കുവരെ പണം കടംവാങ്ങുമ്പോഴാണ്. രോഗവും മറ്റു പ്രതിസന്ധികളുംമൂലം കടക്കെണിയിലാകുന്നുവരുമുണ്ട്. വരവറിയാതെ ചെലവുചെയ്യുന്നതും കടംവാങ്ങി ഉത്പാദനപരമല്ലാതെ വിനിയോഗിക്കുന്നതും, വ്യക്തിയായാലും കുടുംബമായാലും സ്ഥാപനമായാലും രാജ്യംതന്നെയായാലും അപകടകരമാണെന്നത് ഏറ്റവും ലളിതമായ ധനതത്വശാസ്ത്രമാണ്.
2020-21 സാന്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് കേരളത്തിന്റെ കടമെടുപ്പിന്റെ രൂക്ഷത സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2021-22ൽ കേരളം 64,932.13 കോടി രൂപയാണു വായ്പയെടുത്തത്. ഇതിന്റെ 80 ശതമാനവും മുൻകാലവായ്പയും പലിശയും തിരിച്ചടയ്ക്കാനാണ് ഉപയോഗിച്ചത്. വികസനപ്രവർത്തനങ്ങൾക്കു ലഭ്യമായ വായ്പാത്തുക വെറും 20 ശതമാനം മാത്രം. ദൈനംദിന ചെലവുകൾക്കും വായ്പാ സംബന്ധമായ ചെലവുകൾക്കുമായി വായ്പയെടുത്ത തുക ഉപയോഗിക്കുന്നത് ജാഗ്രതയുള്ള സാന്പത്തിക മാനേജ്മെന്റ് സന്പ്രദായമല്ലെന്ന മുന്നറിയിപ്പും സിഎജി നൽകിയിട്ടുണ്ട്.
വായ്പയ്ക്കു നൽകിയ യഥാർഥ പലിശ അഞ്ചു വർഷ കാലയളവിൽ ക്രമമായി വർധിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2017-18 ൽ 10,938 കോടി രൂപ പലിശ നൽകിയ സ്ഥാനത്ത് 2021-22 ൽ 15,776 കോടി നൽകി. ഇക്കാലയളവിൽ പലിശയിൽ 44 ശതമാനത്തിന്റെ വർധന. ഇതിനു കാരണം പൊതുകടത്തിലുണ്ടായ വർധനയാണ്. റവന്യു വരവിന്റെ ശരാശരി 20 ശതമാനത്തോളം സംസ്ഥാനത്തിന്റെ മൊത്തം വായ്പയുടെ പലിശ നൽകാൻ മാത്രമായി വിനിയോഗിക്കുന്നു.
രാജ്യത്തിനകത്തും പുറത്തുംനിന്ന് കേരളമടക്കം മിക്ക സംസ്ഥാനങ്ങളും രാജ്യംതന്നെയും കടമെടുക്കുന്നുണ്ട്. ഇത്തരത്തിൽ കടമെടുക്കുന്ന പണം ഉത്പാദനപരമായി വിനിയോഗിച്ചാൽ തീർച്ചയായും അതു നാടിന്റെ വികസനത്തിന് ആക്കംകൂട്ടുകയും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യും. നാട് സമ്പന്നമാകുമ്പോൾ നികുതിയടക്കം സർക്കാരിലേക്ക് കൂടുതൽ പണമെത്തുകയും കടത്തിന്റെ പലിശയടക്കമുള്ള തിരിച്ചടവ് പ്രയാസമില്ലാതെ നടക്കുകയും ചെയ്യാം. ഇതാണ് കടമെടുപ്പിന്റെ സാമ്പത്തിക ശാസ്ത്രമെങ്കിലും കടമെടുക്കുന്ന പണത്തിന്റെ വിനിയോഗം തകിടംമറിയുമ്പോൾ തിരിച്ചടവ് മുടങ്ങാതിരിക്കാൻ കൂടുതൽ കടമെടുക്കേണ്ടി വരുന്നു.
ഇതാണ് കേരളത്തിന്റെ നിലവിലെ അവസ്ഥ. വികസനപ്രവർത്തനങ്ങൾക്ക് എന്ന പേരിൽ എടുക്കുന്ന കടത്തിന്റെ 80 ശതമാനവും വകമാറ്റുന്നു. ബാക്കി 20 ശതമാനത്തിൽ രാഷട്രീയക്കാർ അനർഹമായി കൈക്കലാക്കുന്ന കമ്മീഷനും കരാറുകാരടക്കമുള്ളവരുടെ ലാഭവും ഉദ്യോഗസ്ഥർ കൈപ്പറ്റുന്ന കൈക്കൂലിയുമെല്ലാം കിഴിച്ചാൽ എത്ര ശതമാനമായിരിക്കും വികസന പ്രവർത്തനങ്ങൾക്കായി യഥാർഥത്തിൽ ചെലവഴിക്കപ്പെടുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
നികുതിയൊഴികെ വരുമാനമുണ്ടാക്കുന്ന കാര്യമായ സംരംഭങ്ങളൊന്നുമില്ലാത്ത സംസ്ഥാനമാണ് കേരളം. കാർഷിക മേഖല തകർന്നടിഞ്ഞു. റബർ അടക്കമുള്ള നാണ്യവിളകളുടെ വിലത്തകർച്ചയുണ്ടാക്കുന്ന നികുതിനഷ്ടം ഭീമമാണ്. വ്യവസായമേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ആർക്കും താത്പര്യമില്ലാത്തതിനാൽ തൊഴിലവസരങ്ങൾ കൂടുന്നില്ല. സേവനമേഖലയെ ചുറ്റിപ്പറ്റിയാണ് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ കറങ്ങുന്നത്.
ഗൾഫ് നാടുകളിൽനിന്നുള്ള വരുമാനം കുറയുന്നതും മറ്റു വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്നവർ ഇങ്ങോട്ടേക്കു പണമയയ്ക്കാൻ താത്പര്യപ്പെടാതിരിക്കുന്നതും കേരളത്തെ ഞെരുക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾ ഇവിടെനിന്നുണ്ടാക്കുന്ന പണത്തിൽ സിംഹഭാഗവും അവർ സ്വന്തം നാട്ടിലേക്കു കൊണ്ടുപോകുന്നു. കൂടാതെ യുവജനതയുടെ വിദേശ കുടിയേറ്റവും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പ്രതീക്ഷ നൽകുന്നതല്ല. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള സർക്കാരിന്റെ പ്ലാൻ ബി ബജറ്റിലെ കേവലപ്രഖ്യാപനത്തിലൊതുങ്ങി.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല. ദീർഘവീക്ഷണമില്ലാതെയും രാഷട്രീയ നേട്ടത്തിനായും, നടത്തിയതും ഇപ്പോഴും തുടരുന്നതുമായ ദുർച്ചെലവുകൾ അതിൽ പ്രധാനമാണ്. ഇത്ര ചെറിയൊരു സംസ്ഥാനത്തിനു താങ്ങാവുന്നതല്ല ഖജനാവിൽനിന്നു പണംപറ്റുന്ന ജീവനക്കാരും പെൻഷൻകാരും ഭരണാധികാരികളും ഉൾപ്പെട്ട സർക്കാർ നടത്തിപ്പുകാരുടെ ബാഹുല്യം. അതിൽ കൈവയ്ക്കാൻ ആരും ധൈര്യപ്പെടുമെന്ന് ആശിക്കാനും വകയില്ല. എടുത്തു കുത്താൻ സ്വന്തമായി വിത്തുപോലും ഇല്ലാത്ത അവസ്ഥയിൽ കടംതന്നെ ശരണം.