മാങ്കുളം കലക്കരുതെന്ന് കാട്ടുപ്രമാണിമാരോടു പറയണം
Saturday, February 17, 2024 12:00 AM IST
ശന്പളമോ കൈക്കൂലിയോ വാങ്ങാതെയും ഫണ്ട് വിഴുങ്ങുന്ന സംഘടനകളില്ലാതെയും കാടു സംരക്ഷിക്കുന്ന യഥാർഥ പ്രകൃതിസ്നേഹികൾ കർഷകരാണ്. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും കർഷകൻ ഒഴുക്കിയത്ര വിയർപ്പൊന്നും ഒരു വനംവകുപ്പുകാരനും നഗരപരിസ്ഥിതി വായാടികളും ആയുസിൽ ഒഴുക്കിയിട്ടില്ല.
കാടിന്റെ വശ്യതയും കാട്ടാനകളുടെ പോക്കുവരവും പ്രകൃതിയെ പൊന്നുപോലെ സംരക്ഷിക്കുന്ന ഗ്രാമീണരുമാണ് വിഷയമെങ്കിൽ കേൾക്കുന്നവർക്കറിയാം പറയുന്നത് ഇടുക്കിയിലെ മാങ്കുളത്തെക്കുറിച്ചാണെന്ന്. അടിമാലിയിൽനിന്നു 30 കിലോമീറ്ററോളം ദൂരെയാണ് സ്ഥലം. കാലങ്ങളായി ശാന്തിയും സമാധാനവും കാട്ടരുവിപോലെ ഒഴുകുന്നിടത്ത് അടുത്തയിടെ കാര്യങ്ങൾ കലങ്ങിമറിയുകയാണ്.
കേരളത്തിന്റെ മറ്റെല്ലാ വനാതിർത്തി ഗ്രാമങ്ങളിലും സംഭവിക്കുന്നതുപോലെ ഇവിടെയും അസ്വസ്ഥതകളുടെ ഒരുവശത്ത് വനംവകുപ്പാണ്. പലവിധ കാരണങ്ങൾ പറഞ്ഞ്, ഉദ്യോഗസ്ഥർ ജനജീവിതം ദുഃസഹമാക്കിക്കഴിഞ്ഞു. സമാധാനമായി കഴിഞ്ഞിരുന്ന ജനങ്ങളെയും ജനപ്രതിനിധികളെയും മതനേതാക്കളെയുമൊക്കെ അസഭ്യം പറഞ്ഞും ഉപദ്രവിച്ചും കള്ളക്കേസിൽ കുടുക്കിയുമൊക്കെ അപ്രഖ്യാപിത യുദ്ധമാണ് വനംവകുപ്പ് നടത്തുന്നത്; ജനപ്രതിനിധികളിലൊരാൾ ജയിലിലായിട്ട് ദിവസങ്ങളായി.
സ്ഥിതി സ്ഫോടനാത്മകമാണ്. ഉദ്യോഗസ്ഥ മാടന്പിമാരെ പേടിച്ച് സ്വന്തം മണ്ണുപേക്ഷിച്ചു പോകാൻ മാങ്കുളത്തുകാർ ഉദ്ദേശിക്കുന്നില്ല. വനനിയമങ്ങളും സർക്കാരുദ്യോഗവും ജനദ്രോഹത്തിനുള്ള ചെങ്കോലാണെന്നു ധരിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ സർക്കാർ വൈകിയാൽ മുള്ളുകൊണ്ട് എടുക്കേണ്ടതു തൂന്പാകൊണ്ട് എടുക്കേണ്ടിവരും. മാങ്കുളത്ത് ഇന്നു ജനകീയ സംരക്ഷണസമിതി വനംവകുപ്പിന്റെ അതിക്രമങ്ങൾക്കെതിരേ സമരപ്രഖ്യാപന കൺവെൻഷൻ നടത്തുകയാണ്.
കഴിഞ്ഞമാസം പെരുന്പൻകുത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച പവലിയനെതിരേ വനംവകുപ്പ് നടത്തിയ ഇടപെടലുകളാണ് ഏറെനാളായുള്ള അസ്വാരസ്യങ്ങളെ സംഘർഷാവസ്ഥയിലെത്തിച്ചത്. 2021ലാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പെരുമ്പൻകുത്ത് വെള്ളച്ചാട്ടം അപകടങ്ങളില്ലാതെ കണ്ടാസ്വദിക്കുന്നതിനു പവലിയൻ പണിതത്. ആദ്യമൊന്നും എതിർപ്പു പറയാതിരുന്ന വനംവകുപ്പ് ഇക്കഴിഞ്ഞ ജനുവരി നാലിന് ഇതു വനഭൂമിയിലാണെന്നു പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.
സംഘർഷത്തിനിടയിൽ ഉദ്യോഗസ്ഥരെ മർദിച്ചെന്ന പരാതിയിൽ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മാങ്കുളം ഡിവിഷൻ അംഗം പ്രവീൺ ജോസ് അറസ്റ്റിലായി. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേയും കേസുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹർത്താലും പന്തംകൊളുത്തി പ്രകടനങ്ങളും ഡിഎഫ്ഒ ഓഫീസ് മാർച്ചുമൊക്കെ നടന്നിരുന്നു. തർക്കം പരിഹരിക്കാൻ സർക്കാർ സമിതിയെ നിയമിച്ചെങ്കിലും സംഘർഷം പുകയുകയാണ്.
വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിന് തടസമാണെന്നാരോപിച്ച് മാമലക്കണ്ടം-കുറത്തിക്കുടി-മാങ്കുളം റോഡിലൂടെയുള്ള ഗതാഗതം വനംവകുപ്പ് തടഞ്ഞതും വിവാദമായിരുന്നു. ഇതിനെതിരേ കുട്ടമ്പുഴ പൗരസമിതി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് റോഡ് താത്കാലികമായി തുറന്നുനൽകാൻ ഉത്തരവിട്ടിരുന്നു.
ഇതിനിടെയാണ് ആനക്കുളത്തിലെത്തിയ ആനകൾ, പെരുന്നാളിനു പടക്കം പൊട്ടിച്ചതിനെത്തുടർന്ന് ഓടിപ്പോയെന്നു പറഞ്ഞ് മാങ്കുളം ഡിഎഫ്ഒ ആനക്കുളം പള്ളി വികാരിയെ ഫോണിലൂടെ അസഭ്യം വിളിച്ചത്. മര്യാദയ്ക്കു കാര്യങ്ങൾ പറഞ്ഞാൽ തീരാവുന്നൊരു വിഷയം ഡിഎഫ്ഒയുടെ ചട്ടന്പിത്തരം മൂലം വഷളാകുകയായിരുന്നു. ഇക്കാലമത്രയും ആനക്കുളത്തിൽ വെള്ളം കുടിക്കാനെത്തുന്ന ആനകളുടെ പോക്കുവരവ് യാതൊരു ശല്യവുമില്ലാതെ തുടരുന്നത് വനംവകുപ്പിന്റെ ഉത്തരവുകൊണ്ടല്ല, നാട്ടുകാരുടെ പ്രകൃതി-മൃഗസ്നേഹം കൊണ്ടാണ്.
ആനകളെ അലോസരപ്പെടുത്താത്തവിധം പെരുമാറാൻ വിനോദസഞ്ചാരികളെപോലും ഓർമിപ്പിക്കുന്നത് അവരാണ്. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾപോലും ആനകളെത്തുന്പോൾ ശല്യപ്പെടുത്താതെ മാറിക്കൊടുക്കും. കേരളത്തിൽ ഏറ്റവും മാതൃകാപരമായി പ്രകൃതിസംരക്ഷണം നടത്തുന്നവരാണ് മാങ്കുളത്തെ ഗ്രാമീണർ. അവരെ പ്രകൃതിസംരക്ഷണം പഠിപ്പിക്കാനെന്ന മട്ടിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച ഡിഎഫ്ഒയെയും മറ്റ് ഉദ്യോഗസ്ഥരെയും നിലയ്ക്കു നിർത്താൻ സർക്കാർ ഒരു നിമിഷം വൈകരുത്.
സംസ്ഥാന സ്പെഷൽ ബ്രാഞ്ച് സർക്കാരിനു നൽകിയിരിക്കുന്ന റിപ്പോർട്ടിൽ വനംവകുപ്പിനെതിരേ ശക്തമാകുന്ന ജനരോഷത്തിന്റെ സൂചനയുണ്ടെന്ന് ‘ദ ഹിന്ദു’ ദിനപത്രം കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അറിഞ്ഞില്ലെന്നു ഭാവിച്ചാൽ സർക്കാർ വലിയ വില കൊടുക്കേണ്ടിവരും.
കാലം മാറിപ്പോയി. നൂറുകണക്കിനാളുകളെ കൊന്നൊടുക്കുന്ന വന്യജീവികളെ തടയാനാകാത്ത വനംവകുപ്പിന്റെ കെടുകാര്യസ്ഥതയും കൃഷി നഷ്ടം ഉറപ്പാക്കിയും ഭൂമി വിലയ്ക്കെടുത്തും കർഷകരെ കുടിയിറക്കാനുള്ള കുതന്ത്രങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളിലുൾപ്പെടെ ജീവനക്കാർ നടത്തുന്ന അഴിമതികളും കാർബൺ ക്രെഡിറ്റ് ഫണ്ട് തട്ടിയെടുക്കാൻ വികസ്വര-അവികസിത രാജ്യങ്ങളിൽ അരങ്ങേറുന്ന കാട്ടുതന്ത്രങ്ങളുമൊക്കെ നാട്ടിൽ പാട്ടാണ്.
ശന്പളമോ കൈക്കൂലിയോ വാങ്ങാതെയും ഫണ്ട് വിഴുങ്ങുന്ന സംഘടനകളില്ലാതെയും കാടു സംരക്ഷിക്കുന്ന യഥാർഥ പ്രകൃതിസ്നേഹികൾ കർഷകരാണ്. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും കർഷകൻ ഒഴുക്കിയത്ര വിയർപ്പൊന്നും ഒരു വനംവകുപ്പുകാരനും നഗരപരിസ്ഥിതി വായാടികളും ആയുസിൽ ഒഴുക്കിയിട്ടില്ല.
വന്യജീവികളെ ഭയന്നും അതിലും വലിയ ദ്രോഹമായിരിക്കുന്ന വനംവകുപ്പുദ്യോഗസ്ഥരുടെ തിട്ടൂരത്തിനു വഴങ്ങിയും കർഷകരുൾപ്പെടെ ലക്ഷക്കണക്കിനു മനുഷ്യർ ജീവിക്കേണ്ടിവന്ന കാട്ടുനീതിയാണ് നാട്ടിലിപ്പോൾ. അതിന്റെ പുതിയ ഉദാഹരണമാണ് മാങ്കുളത്തും ആനക്കുളത്തും അരങ്ങേറുന്നത്. വന്യമൃഗങ്ങൾപോലും ശാന്തമായി കയറിയിറങ്ങുന്ന മാങ്കുളവും കലക്കാൻ വനംവകുപ്പിലെ കാട്ടുപ്രമാണിമാരെ അനുവദിക്കരുത്. കാടിന്റെ മക്കൾക്കും കർഷകർക്കും ജീവിക്കണം; ജീവിച്ചേ തീരൂ.