കുടുംബത്തിൽ പിറക്കട്ടെ അമ്മയും കുഞ്ഞും
Thursday, February 8, 2024 12:00 AM IST
ഒരു കുഞ്ഞു പിറക്കുന്പോഴാണ് അമ്മയും പിറക്കുന്നത്. അമ്മയും കുഞ്ഞും കുടുംബത്തിൽ പിറക്കട്ടെയെന്നാണ് ഈ കോടതിവിധി ഉച്ചൈസ്തരം പറയുന്നത്. യാഥാസ്ഥിതികത്വമെന്ന പഴിയെ കോടതി ഗൗനിക്കുന്നുമില്ല.
അവനവന്റെ സ്വാതന്ത്ര്യത്തെയും അവകാശത്തെയുംകുറിച്ചുള്ള വിചാരങ്ങളൊന്നും മറ്റൊരാളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കരുതെന്ന ഓർമപ്പെടുത്തലോടെ, വിവാഹത്തെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള ഒരു നിരീക്ഷണം സുപ്രീംകോടതി നടത്തിയിരിക്കുന്നു.
ഇന്ത്യയിൽ വിവാഹമെന്ന സംവിധാനം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും വിവാഹിതരല്ലാത്ത സ്ത്രീകൾ കുട്ടികൾക്കു ജന്മം നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് അവിവാഹിതയായ സ്ത്രീയെ വാടകഗർഭധാരണത്തിലൂടെ അമ്മയാകാൻ അനുവദിക്കണമെന്ന ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.
വിവാഹിതയാകാതെ അമ്മയാകാനുള്ള സ്വാതന്ത്ര്യത്തെ കോടതി ചേർത്തുവച്ചത് മാതാപിതാക്കളില്ലാതെ ജീവിക്കേണ്ടിവരുന്ന കുട്ടികളുടെ അവസ്ഥയുമായിട്ടാണ്. മറ്റൊരു ജീവിതത്തെ ദുരിതത്തിലാക്കുന്ന ഘട്ടം വരുന്പോൾ, വ്യക്തിസ്വാതന്ത്ര്യം നിരുപാധികമല്ലെന്ന ഓർമപ്പെടുത്തലായി കോടതിയുടെ നിരീക്ഷണത്തെ കാണാവുന്നതാണ്.
ബഹുരാഷ്ട്ര കന്പനിയിലെ 44 വയസുള്ള അവിവാഹിതയായ ജീവനക്കാരിയാണ് കോടതിയെ സമീപിച്ചത്. വാടകഗർഭധാരണത്തിലൂടെ അമ്മയാകാൻ അനുമതി നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, വിവാഹത്തിനു പുറത്ത് കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃകയെ തങ്ങൾ പിന്തുണയ്ക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ‘‘വിവാഹബന്ധത്തിനുള്ളിൽ നിന്നുകൊണ്ട് അമ്മയാകുക എന്നതാണ് ഇന്ത്യൻ രീതി. വിവാഹത്തിനു പുറത്ത് അമ്മയാകുന്ന ശൈലിയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്.
കുട്ടിയുടെ ക്ഷേമത്തെ കരുതിയാണ് ഞങ്ങളിങ്ങനെ സംസാരിക്കുന്നത്. അച്ഛനും അമ്മയും ആരെന്നറിയാതെ പാശ്ചാത്യനാടുകളിലെപ്പോലെ കുട്ടികൾ അലഞ്ഞുനടക്കുന്നതു കാണാൻ ആഗ്രഹിക്കുന്നില്ല. ഇങ്ങനെ അഭിപ്രായപ്പെടുന്നതിനാൽ ഞങ്ങളെ യാഥാസ്ഥിതികരെന്ന് നിങ്ങൾ കുറ്റപ്പെടുത്തിയേക്കാം. ഞങ്ങളത് അംഗീകരിക്കുന്നു’’- കോടതി പറഞ്ഞു. ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി കേട്ടത്.
കുടുംബബന്ധങ്ങൾക്കും കുട്ടികളുടെ സുസ്ഥിതിക്കും പ്രാധാന്യം കൊടുക്കുന്നതിൽ ഇന്ത്യയിലെ കോടതികൾ ശ്രദ്ധ ചെലുത്തുന്നുമുണ്ട്. സാങ്കേതിക-ശാസ്ത്രീയ മാറ്റങ്ങൾക്കനുസരിച്ച് കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് ഇല്ലാതാക്കാൻ കോടതി കൂട്ടുനിൽക്കുന്നില്ല. ശാസ്ത്രം ഏറെ പുരോഗമിച്ചെങ്കിലും സമൂഹത്തിന്റെ നിയമങ്ങൾ അതുപോലെയല്ലെന്നാണ് കോടതി നിലപാട്. ജീവിതത്തിൽ എല്ലാം ലഭിക്കില്ലെന്നും അമ്മയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിവാഹം കഴിക്കുകയോ ദത്തെടുക്കുകയോ ചെയ്യണമെന്നും കോടതി പറഞ്ഞു.
വിവാഹിതയാകാൻ താത്പര്യമില്ലെന്നും ദത്തെടുക്കാൻ കാലതാമസമുണ്ടെന്നും പറഞ്ഞ യുവതിയുടെ അഭിഭാഷകൻ, വാടകഗർഭധാരണത്തിനുള്ള അവകാശം അവിവാഹിതർക്കു നിഷേധിക്കുന്നത് വിവേചനമാണെന്നും ചൂണ്ടിക്കാട്ടി. പക്ഷേ, കോടതി അംഗീകരിച്ചില്ല. ഇന്ത്യയിലെ വാടകഗർഭധാരണ നിയമം സെക്ഷൻ 2(എസ്) പ്രകാരം വിധവയോ വിവാഹമോചിതയോ ആയ 35നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീക്കു മാത്രമാണ് വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ സാധിക്കുക; അവിവാഹിതർക്ക് സാധിക്കില്ല. ഇതു ചോദ്യംചെയ്താണ് യുവതി കോടതിയെ സമീപിച്ചത്.
2023 ഒക്ടോബർ 17ന് സ്വവർഗ വിവാഹത്തെക്കുറിച്ചുള്ള വിധിയിലും കുടുംബസങ്കൽപ്പത്തെ ഉയർത്തിപ്പിടിക്കുകയായിരുന്നു സുപ്രീംകോടതി. സ്വവർഗബന്ധം കുറ്റകരമല്ലെങ്കിലും അത്തരം വിവാഹങ്ങൾക്ക് അംഗീകാരമില്ലെന്നാണ് കോടതി വിധിച്ചത്. സ്വവർഗാനുരാഗികളുടെ ജൈവ-മാനുഷിക അവകാശങ്ങളെ അംഗീകരിക്കുന്പോൾതന്നെ കുടുംബത്തിന്റെ ചട്ടക്കൂടിലേക്ക് അവരെ ഉൾപ്പെടുത്താനുള്ള നീക്കം കോടതി തടയുകയായിരുന്നു.
സ്ത്രീ-പുരുഷ ശാരീരിക ബന്ധത്തിനപ്പുറം വിവാഹത്തിൽ ഒന്നുമില്ലെന്നു കരുതുന്നവർക്കും, പുരുഷന്റെ അധീശ പ്രവണതയെ സ്ഥാപനവത്കരിക്കുന്നതാണ് കുടുംബമെന്നു പ്രസംഗിക്കുന്നവർക്കുമൊക്കെ കൈയടിക്കുന്നവർ, തങ്ങളുടെ ബാല്യത്തിനും കൗമാരത്തിനും യൗവനത്തിനും ആവശ്യമായതെല്ലാം കുടുംബത്തിൽനിന്നു കൈപ്പറ്റിയവരാണെന്നു മറക്കുകയാണ്. തങ്ങൾക്കു ലഭിച്ച സുഖവും സുരക്ഷയും അടുത്ത തലമുറയ്ക്കും ആവശ്യമാണെന്നു സമ്മതിക്കാത്ത സ്വാർഥതയാണത്.
എന്തെല്ലാം ന്യൂനതകളുണ്ടെങ്കിലും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ അടക്കാനാവാത്ത ആഗ്രഹത്തെ സഫലീകരിക്കുന്ന മറ്റൊരു സംവിധാനവും കുടുംബത്തിനു പകരമായില്ല. അതിനെ അട്ടിമറിക്കാനുള്ള വൈമുഖ്യം ഈ കോടതിവിധിയിലുണ്ട്. ഒരു കുഞ്ഞു പിറക്കുന്പോഴാണ് അമ്മയും പിറക്കുന്നത്. അമ്മയും കുഞ്ഞും കുടുംബത്തിൽ പിറക്കട്ടെയെന്നാണ് ഈ കോടതിവിധി ഉച്ചൈസ്തരം പറയുന്നത്. യാഥാസ്ഥിതികത്വമെന്ന പഴിയെ കോടതി ഗൗനിക്കുന്നുമില്ല.