മണിപ്പുർ ഉപേക്ഷിക്കപ്പെട്ട സംസ്ഥാനമോ?
Thursday, February 1, 2024 12:00 AM IST
ബിജെപിയിതര സംസ്ഥാനങ്ങളിൽ പലയിടത്തും ഗവർണർമാർ ഭരണത്തിൽ ഇടപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും മണിപ്പുരിൽ അത്തരമൊരു പരാതിയില്ല. അവിടെയൊരു ഗവർണർ ഉണ്ടോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ എതിരാളികളെയും രാജ്യദ്രോഹികളെന്നു സംശയിക്കുന്നവരെയുമൊക്കെ രാജ്യമൊട്ടാകെ റെയ്ഡ് നടത്തി പിടികൂടാനെത്തുന്ന കേന്ദ്ര ഏജൻസികളെയും കാണാനില്ല.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സന്പൂർണ നിഷ്ക്രിയത്വത്താലും ദുരൂഹമൗനത്താലും ഛിന്നഭിന്നമാക്കപ്പെട്ട മണിപ്പുരിൽ താലിബാൻ ശൈലിയിൽ വംശീയ സായുധസംഘടന ഭീകരവാഴ്ച തുടങ്ങിയിരിക്കുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎമാരെയും എംപിമാരെയും, ഒരു ഭീകരപ്രസ്ഥാനം തങ്ങളുടെ ലക്ഷ്യങ്ങൾക്കനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യിക്കുന്നതു കണ്ട് രാജ്യം അന്പരന്നു നിൽക്കുകയാണ്. സകല നിയമസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന ഇതുപോലൊരു ഭീകരവാഴ്ച ലോകത്തെ ഏതെങ്കിലുമൊരു ജനാധിപത്യ-പരമാധികാര രാജ്യത്തു സാധ്യമാണോ?
ബിജെപി നേതാവും മുഖ്യമന്ത്രിയുമായ എൻ. ബിരേൻസിംഗിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ആരംബായ് തെംഗോൽ എന്ന മെയ്തെയ് സായുധസംഘമാണ് തലസ്ഥാനമായ ഇംഫാലിൽ സമാന്തര സർക്കാരെന്ന മട്ടിൽ പ്രവർത്തിക്കുന്നത്. ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയ എംഎൽഎമാരെയും എംപിമാരെയും തങ്ങളുടെ പരന്പരാഗത ആസ്ഥാനമായി വിശ്വസിക്കപ്പെടുന്ന കാംഗ്ള കോട്ടയിലെത്തിച്ച് വംശീയ സായുധസംഘടനയുടെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊള്ളാമെന്ന് അവർ സത്യപ്രതിജ്ഞ ചെയ്യിച്ചു.
എതിർപ്പു പ്രകടിപ്പിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ കെ. മേഘചന്ദ്രയെ ക്രൂരമായി മർദിച്ചു. എന്നിട്ടവർ നഗരത്തിലൂടെ തുറന്ന വാഹനങ്ങളിൽ സായുധ പരേഡ് നടത്തുകയും കുക്കി മേഖലകളിൽ വീണ്ടും ആക്രമണം നടത്താനൊരുങ്ങുന്നതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ അനുവാദമില്ലാതെ ഇത്തരമൊരു നീക്കം സാധ്യമാണെന്ന് കരുതാനാവില്ല. ബിജെപിയിതര സംസ്ഥാനങ്ങളിൽ പലയിടത്തും ഗവർണർമാർ ഭരണത്തിൽ ഇടപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും മണിപ്പുരിൽ അത്തരമൊരു പരാതിയില്ല. അവിടെയൊരു ഗവർണർ ഉണ്ടോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.
രാഷ്ട്രീയ എതിരാളികളെയും രാജ്യദ്രോഹികളെന്നു സംശയിക്കുന്നവരെയുമൊക്കെ രാജ്യമൊട്ടാകെ റെയ്ഡ് നടത്തി പിടികൂടാനെത്തുന്ന കേന്ദ്ര ഏജൻസികളെയും കാണാനില്ല. ഉപേക്ഷിക്കപ്പെട്ട സംസ്ഥാനത്തെന്നപോലെ മണിപ്പുർ ജനത ഒറ്റപ്പെട്ടിരിക്കുന്നു. 2023 മേയിൽ തുടങ്ങിയതാണ് ഈ കലാപം. മെയ്തെയ്കളും കുക്കികളും തമ്മിലുള്ള വംശീയ ശത്രുതയാണു കാരണമെന്ന് ചിലർ സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും മെയ്തെയ്കൾ അതേ വിഭാഗത്തിലെ ക്രിസ്ത്യാനികളെ ആക്രമിക്കുകയും പള്ളികൾക്കു തീയിടുകയും ചെയ്തതോടെ നഗ്നമായ വർഗീയത പുറത്തുചാടുകയായിരുന്നു.
ഇംഫാൽ ആർച്ച്ബിഷപ് ഡൊമിനിക് ലുമോൺ പറഞ്ഞതനുസരിച്ച്, കലാപം തുടങ്ങി 36 മണിക്കൂറിനുള്ളിൽ മെയ്തെയ് വിഭാഗത്തിന്റെ തന്നെ 249 പള്ളികൾ നശിപ്പിച്ചു. കൃത്യമായ വാർത്തകൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല. റോയിട്ടേഴ്സ് റിപ്പോർട്ടനുസരിച്ച് കലാപം തുടങ്ങി ഒരാഴ്ചയ്ക്കകം 77 കുക്കികളും 10 മെയ്തെയ്കളും കൊല്ലപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറിലെ ഔദ്യോഗിക കണക്കനുസരിച്ച് 175 പേർ മരിച്ചു. ഇരുവിഭാഗങ്ങളിലുമായി 1118 പേർക്കു ഗുരുതരമായി പരിക്കേറ്റു. 32 പേരെ കാണാനില്ല. 4786 വീടുകൾ നശിപ്പിച്ചു. 386 ആരാധനാലയങ്ങൾ തകർക്കപ്പെട്ടു. പതിനായിരങ്ങൾ പലായനം ചെയ്തു. അതിനുശേഷവും ആക്രമണങ്ങളും കൊലപാതകങ്ങളും തുടരുകയാണ്.
ഒന്പതു മാസമായി മണിപ്പുരിലെ ജനങ്ങൾ സമാധാനമെന്തെന്നറിഞ്ഞിട്ടില്ല. കൊലപാതകം, കൊള്ളിവയ്പ്, മാനഭംഗം, ആരാധനാലയങ്ങൾ നശിപ്പിക്കൽ... കുറ്റവാളികളെ തടയാൻ ആരുമില്ല. പോലീസിൽനിന്നു കൈക്കലാക്കിയ ആയുധങ്ങളുമായി അക്രമിസംഘങ്ങൾ നാടാകെ ചുറ്റിത്തിരിയുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഷ്ക്രിയത്വത്തിലാണ് കേന്ദ്രസർക്കാർ.
വിഷയത്തിൽ ഇടപെട്ട് അരാജകത്വം അവസാനിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും മനുഷ്യാവകാശ-പൊതുപ്രവർത്തകരുടെയും മതസംഘടനകളുടെയുമൊക്കെ അഭ്യർഥനയോട് അവിശ്വസനീയമായ നിശബ്ദതയാണ് പ്രധാനമന്ത്രി ഈ നിമിഷംവരെ പുലർത്തിയിട്ടുള്ളത്. കലാപത്തിൽ സംസ്ഥാന സർക്കാർ പക്ഷപാതപരമായി മെയ്തെയ്കൾക്കൊപ്പം നിന്നെന്നും കുക്കിവിരുദ്ധ വികാരം സൃഷ്ടിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചെന്നുമുള്ള റിപ്പോർട്ട് നൽകിയതിന് എഡിറ്റേഴ്സ് ഗിൽഡ് വസ്തുതാന്വേഷണസംഘത്തിലെ മൂന്നു പേർക്കെതിരേ കഴിഞ്ഞ സെപ്റ്റംബറിൽ മണിപ്പുർ പോലീസ് കേസെടുത്തതും വിവാദമായിരുന്നു.
ബിജെപിയിലെ ഏഴുപേർ ഉൾപ്പെടെ 10 കുക്കി എംഎൽഎമാർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് ഇടപെടണമെന്നു വീണ്ടും അഭ്യർഥിച്ചു. മണിപ്പുരിൽ താലിബാൻ രീതിയിലുള്ള ഭരണമാണു നടക്കുന്നതെന്നും മെയ്തെയ് സായുധസംഘങ്ങൾ ആയുധങ്ങളുമായി ഇംഫാലിൽ റോന്തു ചുറ്റുകയാണെന്നും കുക്കികൾക്കു പ്രത്യേക ഭരണപ്രദേശം അനുവദിക്കണമെന്നും ഇംഫാലിൽ പ്രത്യേക സൈനികാധികാര നിയമം വീണ്ടും നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മണിപ്പുർ രണ്ടായി വിഭജിക്കപ്പെട്ടുകഴിഞ്ഞു. ഇരുവിഭാഗത്തിനുമിടയിലുള്ള ബഫർ സോണിൽ പോലും സംഘർഷം തുടരുകയാണ്. സർക്കാരുകളുടെ സന്പൂർണ പരാജയമാണ് മണിപ്പുരെന്ന് ആക്ഷേപം ഉയരുന്പോഴും അവസാനിപ്പിക്കാത്ത നിഷ്ക്രിയത മറ്റെന്തെങ്കിലും ലക്ഷ്യത്തിലേക്കുള്ള രാഷ്ട്രീയ മാർഗമാണോ? മണിപ്പുരിന്റെ തുച്ഛമായ വോട്ട് ഉപേക്ഷിച്ച് മൊത്തം വോട്ടിൽ വർധനയുണ്ടാക്കാമെന്ന ലക്ഷ്യത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കുറ്റകരമായ നിഷ്ക്രിയത്വമെന്നു വ്യാഖ്യാനിക്കപ്പെടുകയില്ലേ? തലമുറകൾ ചോദ്യംചെയ്യാനിടയുള്ള കനത്ത നിശബ്ദത അവസാനിപ്പിക്കാൻ ഇനിയും വൈകരുത്.