അപൂർവമായ കുറ്റവും ശിക്ഷയും
Wednesday, January 31, 2024 12:00 AM IST
കൊലയാളിസംഘങ്ങളെ ഇറക്കിവിട്ടശേഷം പിന്നിലേക്കു വലിയുന്ന ഗൂഢാലോചനക്കാരെ രക്ഷപ്പെടാൻ അനുവദിക്കാതിരുന്ന വിധി പൊയ്മുഖങ്ങളിൽ മറഞ്ഞിരിക്കുന്നവർക്കു മുന്നറിയിപ്പാണ്. ഒരു മരണവ്യാപാരിയും രക്ഷപ്പെടരുത്.
അപൂർവവും ഭീകരവുമായ ഒരു കൊലപാതകത്തിന്റെ ആസൂത്രകർ ഉൾപ്പെടെ 15 പേർക്ക് വധശിക്ഷ വിധിച്ച മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ അപൂർവ വിധി രാജ്യത്തൊട്ടാകെ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു
കൃത്യം നടത്തിയവർക്കു മാത്രമല്ല, കൊലപാതകം നടത്തുന്പോൾ സ്ഥലത്തില്ലാതിരുന്ന ഗൂഢാലോചനക്കാർക്കും വധശിക്ഷ വിധിച്ചു. ശത്രുക്കളെ ലിസ്റ്റ് തയാറാക്കി ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയ-വർഗീയ-തീവ്രവാദ പ്രസ്ഥാനങ്ങളിലെ ആസൂത്രകർക്ക് മുന്പെങ്ങുമില്ലാത്തവിധമൊരു മുന്നറിയിപ്പു നൽകാൻ ഈ വിധിക്കു കഴിഞ്ഞിരിക്കുന്നുവെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.
ഇതര മതസ്ഥർ ഉൾപ്പെടെയുള്ള എതിരാളികളെ പ്രാകൃതശൈലിയിൽ വകവരുത്തുന്ന പ്രസ്ഥാനങ്ങളെയും അതേ മനോനിലയുള്ള രാഷ്ട്രീയ പാർട്ടികളെയും കുറച്ചെങ്കിലും നിയന്ത്രിക്കാൻ കടുത്ത ശിക്ഷ വേണമെന്ന നിലപാടിനെയാണ് ഇതു പ്രതിഫലിപ്പിക്കുന്നത്. അതേസമയം, വധശിക്ഷയ്ക്കെതിരേ ലോകമനഃസാക്ഷി പൂർവാധികം ശക്തിയോടെ ഉണരുന്ന കാലത്ത്, അതും അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ ഇത്രയധികം കുറ്റവാളികൾക്ക് വധശിക്ഷ നൽകിയതിനെതിരേയും അഭിപ്രായങ്ങളുണ്ട്.
വധശിക്ഷ നിരോധിക്കണമെന്നു വാദിക്കുന്നവരാണ് ആ പക്ഷത്ത്. അതിന്റെ ന്യായ-അന്യായങ്ങൾ മേൽക്കോടതി തീരുമാനിക്കട്ടെ. ഏതായാലും കൊലയാളിസംഘങ്ങളെ ഇറക്കിവിട്ടശേഷം പിന്നിലേക്കു വലിയുന്ന ഗൂഢാലോചനക്കാരെ രക്ഷപ്പെടാൻ അനുവദിക്കാതിരുന്ന വിധി പൊയ്മുഖങ്ങളിൽ മറഞ്ഞിരിക്കുന്നവർക്കു മുന്നറിയിപ്പാണ്. ഒരു മരണവ്യാപാരിയും രക്ഷപ്പെടരുത്.
ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലാണ് എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പേരെ വധശിക്ഷയ്ക്കു വിധിച്ചത്. 2021 ഡിസംബർ 19ന് രഞ്ജിത്തിനെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടു വെട്ടിയും ചുറ്റികയ്ക്ക് അടിച്ചും കൊല്ലുകയായിരുന്നു.
കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായ 12 പേർക്കും മുഖ്യ ആസൂത്രകരായ മൂന്നു പേർക്കുമാണ് ശിക്ഷ വിധിച്ചത്. ആലപ്പുഴയിലെ എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ആർഎസ്എസ്-ബിജെപി പ്രവർത്തകരും തമ്മിലുള്ള വൈരാഗ്യമാണ് രഞ്ജിത് ശ്രീനിവാസന്റേതുൾപ്പെടെ മൂന്നു കൊലപാതകങ്ങളിൽ കലാശിച്ചത്.
2021 ഫെബ്രുവരിയിലാണ് ആർഎസ്എസുകാരനായ വയലാർ സ്വദേശി നന്ദു കൃഷ്ണ എസ്ഡിപിഐ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനു പ്രതികാരമായി തങ്ങളിൽ ആരെങ്കിലും കൊല്ലപ്പെടുമെന്ന സാധ്യത മുൻകൂട്ടി കണ്ട് അടുത്ത കൊലപാതകത്തിനുള്ള പദ്ധതി എസ്ഡിപിഐ പ്രവർത്തകർ നടത്തിയിരുന്നെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. കണക്കുകൂട്ടൽ തെറ്റിയില്ല. 2021 ഡിസംബർ 18ന് രാത്രി എസ്ഡിപിഐ നേതാവ് കെ.എസ്. ഷാൻ കൊല്ലപ്പെട്ടു.
പിറ്റേന്നു രാവിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ടു. നന്ദു കൃഷ്ണയുടെ കൊലപാതകത്തിനു പിന്നാലെ എസ്ഡിപിഐ പ്രവർത്തകർ തയാറാക്കിയ കൊല്ലപ്പെടേണ്ടവരുടെ പട്ടികയിലെ ആദ്യ ആളായിരുന്നു രഞ്ജിത് ശ്രീനിവാസനെന്നും അത്തരം പട്ടിക തയാറാക്കുന്നതു ഭീകരതയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
കൊലപാതക രാഷ്ട്രീയക്കാരും വർഗീയവാദികളും തീവ്രവാദികളുമല്ലാത്ത സകല മനുഷ്യരും വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്ന കാര്യമാണ് അക്രമങ്ങളും കൊലപാതകങ്ങളും. നിർഭാഗ്യവശാൽ ഇത്തരം കൊലപാതകങ്ങളിൽ മിക്കതിലും ശിക്ഷിക്കപ്പെടുന്നത് കൃത്യം നിർവഹിച്ചയാളുകൾ മാത്രമാണ്. മിക്കതിലും ആസൂത്രകർ രക്ഷപ്പെടുകയാണ്.
ഈ ആസൂത്രകർ സുരക്ഷിതരായിരിക്കുന്നിടത്തോളം കാലം കൊലപാതകങ്ങളെ നിയന്ത്രിക്കാനാവില്ല. അവരിലേക്ക് എത്തുന്നതിനു തൊട്ടുമുന്പ് അന്വേഷണം നിലയ്ക്കും. രഞ്ജിത് ശ്രീനിവാസൻ കേസിൽ അതിനു മാറ്റമുണ്ടായി. പക്ഷേ, രാഷ്ട്രീയ നേതാക്കൾ ആസൂത്രകരായി എത്തുന്ന കേസുകളിലും ആസൂത്രകർ കുടുങ്ങുമോയെന്നതിന് ഒരുറപ്പുമില്ല. പ്രത്യേകിച്ചും പോലീസിനെയും അന്വേഷണസംഘത്തെയും ഭരിക്കുന്നവർ പ്രതിസ്ഥാനത്തു വരുന്ന കേസുകളിൽ.
അപ്പീലിൽ രഞ്ജിത് വധക്കേസിന്റെ വിധി എന്താകുമെന്നു പറയാനാവില്ല. ഒരു കൊലപാതകത്തിന്റെ നീതി നടത്താൻ 15 ജീവനെടുക്കേണ്ടിവരുന്ന വിധി അപ്പീൽക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. പക്ഷേ, മനഃസാക്ഷിയെ നടുക്കുന്ന കൊലപാതകങ്ങളുടെ അണിയറപ്രവർത്തകരെ അകത്താക്കുന്നത് കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ അനിവാര്യമാണ്. അതേസമയം, ശിക്ഷ മറ്റൊരു കുറ്റമാകാതിരിക്കാൻ വധശിക്ഷയുടെ സാംഗത്യവും പരിഷ്കൃതസമൂഹം ചർച്ച ചെയ്യേണ്ടതാണ്.