ഈ ദുരന്തം വരുത്തിവച്ചത്
നാലു കുടുംബങ്ങളെ തീരാക്കണ്ണീരിലാക്കിയുള്ള ഈ ദുരന്തം തീർച്ചയായും ഒഴിവാക്കാനാകുമായിരുന്നു, വേണ്ടത്ര ജാഗ്രത പാലിച്ചിരുന്നെങ്കിൽ. സംഭവം നടക്കുന്പോൾ ഏതാനും പോലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നത് വലിയ വീഴ്ചയാണ്. പല കാര്യങ്ങളും
മുൻകൂട്ടി അറിഞ്ഞ് വേണ്ടത്ര സുരക്ഷയൊരുക്കുന്ന പോലീസ്, കുസാറ്റ് കാന്പസിൽ ഇത്രയുമധികം ആളുകൾ പങ്കെടുക്കുന്ന പരിപാടിയെ ഗൗരവത്തോടെ കണ്ടില്ലെന്നതും കുറ്റകരം.
കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിംഗിലെ ടെക് ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച സംഗീതനിശ വലിയൊരു ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് കേരളം. രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കുസാറ്റിൽ പ്രവേശനം നേടി, ഏറെ സ്വപ്നങ്ങൾ കണ്ട്, പാറിനടന്ന മൂന്നു വിദ്യാർഥികളും യാദൃച്ഛികമായി പരിപാടിക്കെത്തിയ മറ്റൊരു വിദ്യാർഥിയുമാണ് ദുരന്തത്തിൽ പൊലിഞ്ഞത്. തിക്കിലും തിരക്കിലും പെട്ടു നിലത്തുവീണ് മറ്റു വിദ്യാർഥികളുടെ ചവിട്ടേറ്റ് ശ്വാസംമുട്ടിയുള്ള ഇവരുടെ മരണം ഹൃദയഭേദകംതന്നെ. നാലു കുടുംബങ്ങളെ തീരാക്കണ്ണീരിലാക്കിയുള്ള ഈ ദുരന്തം തീർച്ചയായും ഒഴിവാക്കാനാകുമായിരുന്നു, വേണ്ടത്ര ജാഗ്രത പാലിച്ചിരുന്നെങ്കിൽ.
കേരളത്തിലെ കാന്പസുകളിൽ കേട്ടുകേൾവിയില്ലാത്ത ദുരന്തമാണ് കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിലുണ്ടായത്. പരിപാടിയില്‍ സുരക്ഷാവീഴ്ച ഉണ്ടായെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുകയാണ് പോലീസ്. സംഗീതപരിപാടിക്കായി മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചില്ല, കൂടുതല്‍ ആളുകള്‍ എത്തുമെന്നറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ല, പരിപാടിയുടെ നടത്തിപ്പിലും വീഴ്ച പറ്റി തുടങ്ങിയ കാര്യങ്ങൾ പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സംഗീതപരിപാടിയെക്കുറിച്ച് പോലീസിനെ രേഖാമൂലം അറിയിച്ചില്ലെന്നു മാത്രമല്ല, പരിപാടിയുടെ അനുമതിക്കായി കോളജ് അധികൃതര്‍ അപേക്ഷിച്ചിരുന്നില്ലെന്നും കൊച്ചി ഡിസിപി കെ.എസ്. സുദര്ശന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് അക്ഷന്തവ്യമായ വീഴ്ചയാണ്. എന്നാൽ, പരിപാടി നടക്കുന്ന വിവരം പോലീസിനെ വാക്കാല്‍ അറിയിച്ചിരുന്നുവെന്നാണ് വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന് പറഞ്ഞത്. നിര്‍ദേശം നല്‍കിയതനുസരിച്ച് ആറ് പോലീസുകാര്‍ വന്നിരുന്നുവെന്നും എന്നാല്‍, പരിപാടിക്ക് എത്രപേര്‍ വരുമെന്നും എത്ര പോലീസുകാര്‍ വേണമെന്നും വ്യക്തമാക്കിയിരുന്നില്ലെന്നും അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
പഠനപരിപാടികളുടെ ഭാഗമായും അല്ലാതെയും കാന്പസുകളിൽ ഇത്തരം മേളകൾ പതിവാണ്. പഠനത്തിന്റെ പിരിമുറുക്കങ്ങളിൽനിന്നു മനസിനെയും ശരീരത്തെയും മോചിപ്പിക്കാനും വിദ്യാർഥികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കാനും ഇത്തരം സംഗീതസന്ധ്യകളും കലാപരിപാടികളും അനിവാര്യമാണ്. എന്നാൽ, വേണ്ടത്ര ഒരുക്കങ്ങളോടെയും സുരക്ഷിതത്വത്തോടെയുമാണോ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നു വിചിന്തനം നടത്താൻ ഈ ദുരന്തം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
വിദ്യാർഥികളുടെയോ വിദ്യാർഥി യൂണിയനുകളുടെയോ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് പലപ്പോഴും കാന്പസുകളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. അധ്യാപകരുടെ പങ്കാളിത്തം പേരിനു മാത്രമാകുന്നു. വളരുന്ന തലമുറയിൽ ഉത്തരവാദിത്വബോധം വളർത്താൻ ഇത്തരം അവസരങ്ങൾ നൽകേണ്ടത് അനിവാര്യമാണ്. എന്നാൽ, വേണ്ടത്ര ശ്രദ്ധയോടെയും സുരക്ഷയോടെയും ഒരുക്കത്തോടെയുമാണ് പരിപാടികൾ നടത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ബന്ധപ്പെട്ട അധികൃതർക്കുണ്ട്. കുസാറ്റ് പോലുള്ള കാന്പസിൽ പുറത്തുനിന്നുള്ളവർക്ക് പ്രവേശിക്കാൻ അനുമതി നൽകിയതു വീഴ്ചതന്നെയാണ്. പ്രത്യേകിച്ച്, കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ. ഗേറ്റിൽ ആളുകളെ നിയന്ത്രിക്കാൻ വിദ്യാർഥി വോളണ്ടിയർമാരാണുണ്ടായിരുന്നത്. അകത്തേക്കു പ്രവേശിക്കുന്നതിനുള്ള ഗേറ്റിനു സമീപത്തെ പരിശോധന കുറച്ച് മാറിയായിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നുവെന്നും സംഘാടകര്‍ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നുവെന്നും സംഭവസ്ഥലം സന്ദർശിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഇത്രയും ആളുകൾ പങ്കെടുക്കുന്ന പരിപാടിക്ക് നിയമപരമായ അനുവാദം വാങ്ങിയിരുന്നോ, അപ്രതീക്ഷിതമായി എന്തെങ്കിലും ദുരന്തമുണ്ടായാൽ നേരിടാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നോ തുടങ്ങിയ ചോദ്യങ്ങളെല്ലാം സംഘാടകരെ തുറിച്ചുനോക്കുന്നു. സംഭവം നടക്കുന്പോൾ ഏതാനും പോലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നതും വലിയ വീഴ്ചയാണ്. പല കാര്യങ്ങളും മുൻകൂട്ടി അറിഞ്ഞ് വേണ്ടത്ര സുരക്ഷയൊരുക്കുന്ന പോലീസ്, കുസാറ്റ് കാന്പസിൽ ഇത്രയുമധികം ആളുകൾ പങ്കെടുക്കുന്ന പരിപാടിയെ ഗൗരവത്തോടെ കണ്ടില്ലെന്നതും കുറ്റകരം.
തിക്കിലും തിരക്കിലും പെട്ടുള്ള മരണം കേരളത്തിൽ പലകുറി നടന്നിട്ടുണ്ട്. ഇതിൽ ഏറെയും ശബരിമലയിൽത്തന്നെ. 1993 ജനുവരി ഒന്നിന് മകരവിളക്കിനു ശബരിമല നട തുറക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് അയ്യപ്പഭക്തരാണു മരിച്ചത്. 1999 ജനുവരി നാലിന് മകരജ്യോതി ദർശനത്തിനുശേഷം പന്പ ഹിൽടോപ്പിൽനിന്നു മലയിറങ്ങുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 53 അയ്യപ്പഭക്തരും 2011 ജനുവരി 14ന് മകരജ്യോതിദർശനം കഴിഞ്ഞു പുല്ലുമേട്ടിൽനിന്നു മടങ്ങിയ ശബരിമല തീർഥാടകർ വള്ളക്കടവ് ഉപ്പുപാറയിൽ തിക്കിലും തിരക്കിലുംപെട്ട് 106 പേരും മരിച്ചു. എങ്കിലും, ഒരു യൂണിവേഴ്സിറ്റി കാന്പസിൽ ഇത്തരമൊരു ദുരന്തം ഇതാദ്യമാണ്.
ഇനി തിരുനാൾ-ഉത്സവ സീസണാണു വരാൻ പോകുന്നത്. ആളുകൾ കൂടാനിടയുള്ള സംഗീതപരിപാടികളും മറ്റും അരങ്ങേറും. ഇത്തരം പരിപാടികളിൽ വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർ നിതാന്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. കുസാറ്റ് ദുരന്തത്തിൽനിന്നും പാഠമുൾക്കൊണ്ട് ആള്‍ക്കൂട്ട പരിപാടികള്‍ക്ക് പോലീസിന്റെ പ്രത്യേക മാര്‍ഗരേഖ കര്‍ശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകളുടെയും കോളജുകളുടെയും ഓഡിറ്റോറിയങ്ങളില്‍ നടത്തുന്ന പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കാൻ വിദ്യാഭ്യാസവകുപ്പും തീരുമാനിച്ചിട്ടുണ്ട്. ഈ മാർഗനിർദേശങ്ങൾ താമസംവിനാ നടപ്പാക്കി ഇനിയൊരു കുസാറ്റ് ദുരന്തം ആവർത്തിക്കാതിരിക്കാൻ അധികൃതർക്കു കഴിയട്ടേ.