കേരളത്തിന്റെ വികസനത്തിൽ വൻ കുതിച്ചുചാട്ടത്തിനു വഴിതുറക്കുന്നതാണ് വിഴിഞ്ഞം തുറമുഖം എന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവകാശപ്പെടുന്നത്. എന്നാൽ, തുറമുഖനിർമാണം പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിന് വൻ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുനരധിവാസത്തിനും മതിയായ നഷ്ടപരിഹാരത്തിനും ഈ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് അർഹതയുണ്ട്.
വിഴിഞ്ഞം തുറമുഖനിർമാണം വൻതോതിൽ പരിസ്ഥിതി, ഭൂമിശാസ്ത്ര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുവെന്ന ജനകീയ പഠനസമിതിയുടെ കണ്ടെത്തൽ സർക്കാർ ഗൗരവത്തിലെടുക്കണം. തുറമുഖനിർമാണം നൂറുകണക്കിനു മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവനോപാധികൾ തകർത്തിട്ടുണ്ട്.
വൻതോതിൽ തീരശോഷണത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ വലിയ പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്ന പദ്ധതിയായതിനാൽ ആഴത്തിലുള്ള പഠനമുണ്ടാകണം. പദ്ധതിയുടെ ഇരകളാകുന്നവർക്ക് പുനരധിവാസവും തൊഴിലും ലഭ്യമാക്കണമെങ്കിൽ സത്യസന്ധമായ പഠനറിപ്പോർട്ട് ഉണ്ടാകണം.
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോൾ സർക്കാർ ഉറപ്പുനൽകിയ വിദഗ്ധ പഠനം എവിടെവരെയെത്തി എന്നറിയാൻ തീരദേശജനതയ്ക്ക് അവകാശമുണ്ട്. പൂന ആസ്ഥാനമായുള്ള സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ മുൻ അഡീഷണൽ ഡയറക്ടർ എം.ഡി. കുന്ദലെ ചെയർമാനായ സമിതിയെയാണ് 2022 ഒക്ടോബറിൽ സർക്കാർ നിശ്ചയിച്ചത്.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ ഡോ. റിജി ജോൺ, ബംഗളൂരുവിലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അസോസിയേറ്റ് പ്രഫസർ ഡോ. തേജല്‍ കനിത്കർ, ഗുജറാത്തിലെ കണ്ട്ല പോർട്ട് ട്രസ്റ്റിന്റെ മുൻ ചീഫ് എൻജിനിയര്‍ ഡോ. പി.കെ. ചന്ദ്രമോഹൻ എന്നിവരാണ് അംഗങ്ങൾ.
ഒരു വർഷം കഴിഞ്ഞിട്ടും ഈ സമിതിയുടെ പഠനം എവിടെവരെയായി എന്നതു സംബന്ധിച്ച് വിവരമൊന്നുമില്ല. സർക്കാർ നിശ്ചയിച്ച പഠനസമിതിയിൽ മത്സ്യത്തൊഴിലാളി സമൂഹം നിർദേശിക്കുന്ന പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തണമെന്ന് സമരസമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സർക്കാർ ഈയാവശ്യം അംഗീകരിക്കാതെവന്നതോടെയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം മുൻ തലവനും കേരള ഫിഷറീസ് യൂണിവേഴ്സിറ്റി മുൻ ഡീനുമായ ഡോ. കെ.വി. തോമസ് അധ്യക്ഷനായ ജനകീയ പഠനസമിതി 2022 നവംബറിൽ രൂപീകരിച്ചത്.
ഈ സമിതിയുടെ റിപ്പോർട്ടിലാണ് വിഴിഞ്ഞം തുറമുഖനിർമാണം ഈ മേഖലയിലെ ജൈവവൈവിധ്യത്തിന് വൻ ഭീഷണിയാണ് ഉർത്തുന്നതെന്നു കണ്ടെത്തിയിരിക്കുന്നത്. തീരദേശ വികസന പദ്ധതികൾക്കായി ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്നും തീരപോഷണത്തിനും അവശിഷ്ട പരിപാലനത്തിനും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇക്കാര്യങ്ങളിൽ പ്രദേശവാസികളെ ഉൾപ്പെടുത്തണമെന്നുമുള്ള നിർദേശവും ജനകീയ പഠനസമിതി റിപ്പോർട്ടിലുണ്ട്.
കേരളത്തിന്റെ വികസനത്തിൽ വൻ കുതിച്ചുചാട്ടത്തിനു വഴിതുറക്കുന്നതാണ് വിഴിഞ്ഞം തുറമുഖം എന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവകാശപ്പെടുന്നത്. എന്നാൽ, തുറമുഖനിർമാണം പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിന് വൻ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പുനരധിവാസത്തിനും മതിയായ നഷ്ടപരിഹാരത്തിനും ഈ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് അർഹതയുണ്ട്. അതിനാൽ നഷ്ടപരിഹാരം, പുനരധിവാസം, സാമൂഹ്യപങ്കാളിത്തം എന്നിവ ഉറപ്പാക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ ചേർന്നുള്ള കമ്മിറ്റി രൂപീകരിക്കണമെന്നും ജനകീയ പഠനസമിതി നിർദേശിക്കുന്നു.
തുറമുഖം മേയിൽ പ്രവർത്തനസജ്ജമാകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. നിർമാതാക്കളായ അദാനി ഗ്രൂപ്പിന് വലിയ നേട്ടം ലഭ്യമാക്കുന്നതാണ് വിഴിഞ്ഞം തുറമുഖമെന്ന വിമർശനം പല കോണുകളിൽനിന്ന് ഉയരുകയും ചെയ്യുന്നു.
അദാനിക്ക് വേണ്ടതിലധികം സമയവും പണവും ഭൂമിയുമെല്ലാം അനുവദിക്കുന്ന സർക്കാർ കടലോരജനതയുടെ ദുരിതങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ്. സിമന്റ് ഗോഡൗണുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ ദൈന്യതയുടെ നേർചിത്രം പുറംലോകമറിഞ്ഞത് വിഴിഞ്ഞം സമരകാലത്തു മാത്രമാണ്.
എന്നാൽ, സമരത്തിനു നേതൃത്വം നൽകിയ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുൾപ്പെടെയുള്ളവർക്കെതിരേ കള്ളക്കേസെടുത്ത സർക്കാർ ഒത്തുതീർപ്പു വ്യവസ്ഥകളിലെല്ലാം മെല്ലെപ്പോക്കാണ് സ്വീകരിക്കുന്നത്.
വിഴിഞ്ഞം വഴി സംസ്ഥാനം വികസിക്കുമ്പോൾ അതിനായി ത്യാഗം ചെയ്തവരുടെ കണ്ണീരൊപ്പാൻ സർക്കാർ തയാറാകാത്തത് അക്ഷന്തവ്യമായ മനുഷ്യാവകാശലംഘനമാണ്. സമൂഹത്തിൽ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട വിഭാഗമായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ മഹത്വം പ്രളയകാലത്ത് തിരിച്ചറിഞ്ഞവരാണ് നാം.
അവർക്കു കിടപ്പാടവും അന്നവും മുട്ടിക്കുന്ന ഏതൊരു പദ്ധതിയും ഏറെ അവധാനതയോടെ വേണം നടപ്പാക്കാൻ. അവർക്കു വാഗ്ദാനം ചെയ്ത നഷ്ടപരിഹാരമെങ്കിലും സമയബന്ധിതമായി നൽകണം. അവരുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിന്റേതുകൂടിയാണെന്നു കരുതി വേണം സർക്കാർ പ്രവർത്തിക്കാൻ.
മനോഹരമായ തീരവും ബീച്ചുകളുമെല്ലാം നഷ്ടപ്പെട്ടാൽ തിരുവനന്തപുരം ജില്ലയുടെ ടൂറിസം സാധ്യതകൾക്കു വലിയ തിരിച്ചടിയാകുമെന്ന യാഥാർഥ്യവും മറക്കരുത്.