മയക്കുമരുന്നുവേട്ട എന്ന നിഴൽയുദ്ധം
അറസ്റ്റിലായ ഇത്രയും പേരെ വേണ്ടവിധം ചോദ്യം ചെയ്താൽ മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് ഒരു സൂചനയും ലഭിക്കില്ലെന്നാണോ? അതോ കള്ളൻ കപ്പലിൽ തന്നെയാണോ?
മയക്കുമരുന്നുവേട്ടയ്ക്കായി പോലീസ് നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ടിൽ കഴിഞ്ഞ ദിവസം 244 പേരെ അറസ്റ്റ് ചെയ്തത് പോലീസിന്റെ മികവാണ്. അതേസമയം, യുവത്വത്തെ തളർത്തിക്കിടത്തുന്ന ഈ വിഷവൃക്ഷത്തിന്റെ വേരറക്കാൻ പോയിട്ട് കന്പു മുറിക്കാൻപോലും കഴിഞ്ഞിട്ടില്ലെന്നത് ആശങ്കാജനകമാണ്. എവിടെയാണ് പിഴവു പറ്റിയത്? കൊട്ടിഘോഷിക്കുന്ന മയക്കുമരുന്നുവേട്ടകളിൽ കിട്ടുന്ന മയക്കുമരുന്നിന്റെ ചെറിയ അളവു കണ്ടാൽ ചൂണ്ടയിൽ ചെറിയ മീനുകൾ മാത്രം കൊത്തിയതുപോലെയാണ്. സ്രാവുകളെക്കുറിച്ച് ആർക്കും ഒന്നുമറിയില്ല. എത്ര പിടിച്ചാലും മയക്കുമരുന്നു ലഭ്യതയ്ക്ക് യാതൊരു കുറവുണ്ടാകുന്നുമില്ല. ഇങ്ങനെ എത്രനാൾ മുന്നോട്ടു പോകാനാകും?
ശനിയാഴ്ച രാത്രി തുടങ്ങിയ പരിശോധന ഞായറാഴ്ച ഉച്ചയ്ക്ക് അവസാനിപ്പിക്കുന്പോഴേക്കും 1,373 പേരെയാണ് ചോദ്യം ചെയ്തത്. 246 കേസുകളിലായി 244 പേർ അറസ്റ്റിലാകുകയും ചെയ്തു. 81.45 ഗ്രാം എംഡിഎംഎയും 10.352 കിലോ കഞ്ചാവും 5.63 ഗ്രാം ഹാഷിഷ് ഓയിലും ആയുധങ്ങളുമാണ് പിടിച്ചെടുത്തത്. റെയ്ഡിനെ വിലകുറച്ചു കാണാനാവില്ല. പക്ഷേ, സംസ്ഥാനത്ത് എവിടെയെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഇന്നലെപോലും ക്ഷാമം ഉണ്ടായിട്ടുണ്ടോയെന്നുകൂടി അന്വേഷിക്കേണ്ടതാണ്. മുഖ്യകണ്ണികളെ കണ്ടെത്താനാകാത്ത ഈ നിഴൽ യുദ്ധം പരാജയമാണ്.
ഡി ഹണ്ടിൽ അറസ്റ്റിലായ ഇത്രയും പേരെ വേണ്ടവിധം ചോദ്യം ചെയ്താൽ മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് ഒരു സൂചനയും ലഭിക്കില്ലെന്നാണോ? അതോ കള്ളൻ കപ്പലിൽ തന്നെയാണോ? 2022 ഓഗസ്റ്റിൽ കൊച്ചിയില്‍ കാക്കനാട്ടെ ഫ്ലാറ്റിൽനിന്നു കോടികളുടെ മയക്കുമരുന്ന് പിടിച്ചപ്പോൾ യുവതി ഉൾപ്പെടെ രണ്ടു പ്രതികളെ രക്ഷിക്കാനും, പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ ചിലത് ഒളിപ്പിക്കാനും മയക്കുമരുന്നിന്റെ അളവു കുറച്ചുകാണിക്കാനും എക്സൈസ് ഉദ്യോഗസ്ഥർതന്നെ ശ്രമിച്ചു.
പലതും മഹസറില്‍ എഴുതിയില്ല. ഈ കേസിൽ എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്‍ഡ് ആന്റിനാർക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഇൻസ്പെക്ടര്‍ എൻ. ശങ്കറിനെ സസ്പെൻഡ് ചെയ്യുകയും മറ്റു നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. കേരളത്തിലേക്കു കോടികളുടെ മയക്കുമരുന്നു കടത്തുന്നുണ്ടെന്നു വെളിപ്പെടുത്തിയ സ്ക്വാഡ് ഇൻസ്പെക്ടർതന്നെയാണ് പിന്നീട് സസ്പെൻഷനിലായത്. പക്ഷേ, നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നു മാത്രമായിരുന്നു സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്കെതിരേയുള്ള കുറ്റം. നടപടിക്രമങ്ങളിലെ ഇത്തരം ‘വീഴ്ച’കൾ സസൂഷ്മം നിരീക്ഷിക്കേണ്ടതാണ്.
അതുപോലെ, മയക്കുമരുന്നു കേസുകളിൽ പ്രതികളെ രക്ഷിക്കാനെത്തുന്ന രാഷ്ട്രീയക്കാരുടെയും വിവരം ചോർത്തിക്കൊടുക്കുകയും കേസ് അട്ടിമറിക്കുകയും ചെയ്യുന്ന പോലീസിന്റെയും എക്സൈസിന്റെയുമൊക്കെ വീഴ്ചകൾ കണ്ടെത്താനായില്ലെങ്കിൽ ഒരു വശത്തു റെയ്ഡും മറുവശത്ത് കച്ചവടവും തുടരുകയേ ഉള്ളൂ. കള്ളനും പോലീസും രാഷ്ട്രീയക്കാരും കൈകോർത്തിട്ടുണ്ടെങ്കിൽ ആ കണ്ണികളാണ് ആദ്യം പൊട്ടിക്കേണ്ടത്. കോടികളുടെ മയക്കുമരുന്ന് കൊച്ചിയിൽ ഉൾപ്പെടെ പിടികൂടുന്നുണ്ട്. പക്ഷേ, അതാർക്കുവേണ്ടി കൊണ്ടുവരുന്നതാണെന്നുമാത്രം ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. പിടിക്കപ്പെടുന്നവരിൽ അവസാനിക്കുന്ന മയക്കുമരുന്നു കേസുകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
മയക്കുമരുന്നുപയോഗത്തിൽ മുന്നിലുള്ള പഞ്ചാബിന്റെ സ്ഥിതിയിലേക്കാണ് കേരളവും മുന്നേറുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അവിടത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കു മയക്കുമരുന്ന് കടത്തുകാരുമായി ബന്ധമുണ്ടെന്നാരോപിച്ച് മുൻ ഡിജിപി എസ്. ചട്ടോപാധ്യായയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിക്കു മൂന്നു റിപ്പോർട്ടുകൾ നൽകിയിരുന്നു. റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും കർശന നടപടിയെടുക്കുമെന്നുമാണ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ ഇക്കഴിഞ്ഞ ഏപ്രിലിൽ പറഞ്ഞത്. മയക്കുമരുന്നുകെടുതി വിതച്ച സകല നാട്ടിലും ഈ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ട്. അത്തരം സൂചനകളെ കേരളവും അവഗണിക്കരുത്.
പഞ്ചാബിന്റെ അവസ്ഥയിലേക്ക് കേരളത്തിന് ഇനി അധികദൂരമില്ല. മുക്കിനും മൂലയിലും മയക്കുമരുന്നുപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നത് സമാധാനജീവിതത്തിനു ഭീഷണിയായിട്ടുണ്ട്. എന്തു ചെയ്യാനും മടിയില്ലാത്ത തരം കുറ്റവാളികളുടെ പുത്തൻ തലമുറ! ലഹരിമരുന്ന് ഉപയോഗം കണ്ടുപിടിക്കാൻ അബോൺ പരിശോധന കിറ്റ് വ്യാപകമാക്കുമെന്ന് എക്സൈസ് പറഞ്ഞത് ഒരു കൊല്ലം മുന്‍പാണ്. പക്ഷേ, എവിടെയാണ് ഇത്തരമൊരു പരിശോധന നടത്തിയത്? പേടിക്കാനില്ലെന്ന ചിന്ത മയക്കുമരുന്നു മാഫിയയ്ക്ക് വലിയ ധൈര്യമാണു നൽകുന്നത്. പോലീസിനെ ഭയമില്ലാത്തവരെ നാട്ടുകാരും കണ്ടില്ലെന്നു നടിക്കുകയാണ്. ഒരു കാര്യം ഉറപ്പായി, സർക്കാരിന്റെ ഇപ്പോഴത്തെ നയവും ശൈലിയുംകൊണ്ട് മയക്കുമരുന്നു മാഫിയയ്ക്ക് ഒരു ചുക്കും സംഭവിക്കില്ല. നാടു നശിക്കുകയും ചെയ്യും.