കഠിനമാകരുത് കാനഡ
കാനഡയിലെ ഖലിസ്ഥാൻ ഭീകരർ പഞ്ചാബിൽ അനുയായികളെ വളർത്തിയെടുക്കുന്നതും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കു പണവും സഹായവും നൽകുന്നതുമാണ് ഇന്ത്യക്കു ഭീഷണിയായി മാറിയിട്ടുള്ളത്. ഒതുങ്ങിനിന്നിരുന്ന ഈ പ്രസ്ഥാനങ്ങൾ 2015ൽ ജസ്റ്റിൻ ട്രൂഡോ അധികാരത്തിലേറിയതോടെയാണ് കാനഡയിൽ കരുത്താർജിച്ചത്.
കാനഡയിലെ ഖലിസ്ഥാൻ തീവ്രവാദികൾ പഞ്ചാബിൽ അനുയായികളെ വളർത്തിയെടുക്കുന്നതും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കു പണവും സഹായവും നൽകുന്നതുമാണ് ഇന്ത്യക്കു ഭീഷണിയായി മാറിയിട്ടുള്ളത്. ഒതുങ്ങിനിന്നിരുന്ന ഈ പ്രസ്ഥാനങ്ങൾ 2015ൽ ജസ്റ്റിൻ ട്രൂഡോ അധികാരത്തിലേറിയതോടെയാണ് കാനഡയിൽ കരുത്താർജിച്ചത്.
ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നത് ഗൗരവമുള്ള വിഷയമാണ്. ഇന്ത്യ ഫലപ്രദമായി നേരിട്ട് അറുതിവരുത്തിയ ഖലിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം കാനഡ അവസാനിപ്പിക്കുകതന്നെ വേണം. ഖലിസ്ഥാൻ നേതാക്കൾ കൊല്ലപ്പെട്ടത് രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നു കനേഡിയൻ പ്രധാനമന്ത്രി പറയുന്പോൾ അതേ പരമാധികാരം ഇന്ത്യയ്ക്കും ഉണ്ടെന്ന കാര്യം മറക്കരുത്. കാനഡ ആസ്ഥാനമാക്കിയ തീവ്രവാദികൾ നടത്തുന്ന പ്രവർത്തനം ഇന്ത്യയുടെ പരമാധികാരത്തിനുള്ള വെല്ലുവിളിയാണെന്ന കാര്യവും അംഗീകരിക്കണം.
കഴിഞ്ഞ കുറെ വർഷങ്ങളായി സൗഹൃദത്തിലും സഹകരണത്തിലും മുന്നേറിയിരുന്ന രാജ്യങ്ങളാണ് ഇന്ത്യയും കാനഡയും. ആയിരക്കണക്കിന് ഇന്ത്യൻ യുവതയാണ്, പ്രത്യേകിച്ചു മലയാളികളാണ് പഠനത്തിനും ജോലിക്കുമായി കാനഡയിലേക്കു പൊയ്ക്കൊണ്ടിരുന്നത്. 3,19,000 ഇന്ത്യൻ വിദ്യാർഥികൾ കാനഡയിലുണ്ടെന്നാണ് കണക്ക്. കനേഡിയൻ ബ്യൂറോ ഓഫ് ഇന്റർനാഷണൽ എഡ്യുക്കേഷന്റെ കണക്കുപ്രകാരം 2021ൽ ഇന്ത്യൻ വിദ്യാർഥികൾ കാനഡയുടെ ജിഡിപിയിൽ സംഭാവന ചെയ്തത് 490 കോടി ഡോളറാണ്.
കഴിഞ്ഞ വർഷം ഇതു വീണ്ടും വർധിച്ചിട്ടുണ്ട്. അതുപോലെ, ഇന്ത്യയിൽനിന്നു കാനഡയിലേക്കുള്ള കയറ്റുമതി 2021-22ലെ 3.76 ബില്യൺ ഡോളറിൽനിന്ന് 3.77 ബില്യൺ ഡോളർ ആയി വളർന്നു. ഇതുകൂടാതെ ഇന്ത്യയിലെ വിവിധ പദ്ധതികളിലും വ്യവസായങ്ങളിലുമായി 4,500 കോടി ഡോളറിന്റെ അത്ര ചെറുതല്ലാത്ത നിക്ഷേപവും കാനഡ നടത്തിയിട്ടുണ്ട്.
ഇങ്ങനെ ഗുണപരമായ കൊടുക്കൽ- വാങ്ങലുകളിലൂടെ ശക്തമായ അടിത്തറയിട്ട ഇന്ത്യ-കാനഡ ബന്ധത്തിന്റെ കരുത്തു പ്രകടമാക്കുന്നതായിരുന്നു പുതിയ വ്യാപാരക്കരാറിനായുള്ള ശ്രമങ്ങൾ. 2010ൽ ആരംഭിച്ച ശ്രമങ്ങൾ 2022ൽ കൂടുതൽ സജീവമാവുകയായിരുന്നു. കാനഡയുടെ പത്താമത്തെ വലിയ വ്യാപാരപങ്കാളിയാണ് ഇന്ത്യ. കരാർ നിലവിൽ വന്നാൽ ഈ സ്ഥാനം വീണ്ടും ഉയരും. 2023 മേയിൽ വ്യാപാര-സേവന മേഖലകളുടെ പങ്കാളിത്തം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകൾ ഈ രംഗത്തു വലിയ പ്രതീക്ഷ പകർന്നിരുന്നു.
പ്രഫഷണലുകളുടെ യോഗ്യതകൾ, ബിരുദങ്ങളുടെ അംഗീകാരങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ചർച്ചയിൽ ധാരണയും രൂപപ്പെട്ടിരുന്നു. ഇതിന്റെ തുടർചർച്ചകൾ ഒക്ടോബറിൽ നടക്കാനിരിക്കെയാണ് നയതന്ത്രബന്ധത്തിൽ അപ്രതീക്ഷിത ഉലച്ചിൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള അടിസ്ഥാനബന്ധത്തെ ഇതു തകർക്കില്ലെന്നു കരുതാമെങ്കിലും വിഷയങ്ങളെ ഇരു രാജ്യങ്ങളും വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ട സാഹചര്യമാണ് നിലവിൽ രൂപപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിൽനിന്നു കാനഡയിലേക്കു കുടിയേറിയിരിക്കുന്ന സിക്ക് സമൂഹത്തെ കേന്ദ്രീകരിച്ചാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ഉരസലുകൾ എക്കാലവും ഉണ്ടായിട്ടുള്ളത്. കനേഡിയൻ ജനസംഖ്യയുടെ 2.1 ശതമാനം വരുന്ന സിക്ക് ജനത ആ രാജ്യത്ത് ഇന്ന് അവഗണിക്കാനാവാത്ത ശക്തിയാണ്. അതിന്റെ പ്രതിഫലനം അവിടത്തെ രാഷ്ട്രീയരംഗത്തും പ്രകടമാണ്. കനേഡിയൻ സിക്ക് നേതാവ് ജഗ്മീത് സിംഗ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെകൂടി പിന്തുണയോടെയാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭരണം. അതുകൊണ്ടുതന്നെ അവിടുത്തെ സിക്ക് ജനതയുടെ താത്പര്യങ്ങളെ പരമാവധി തൃപ്തിപ്പെടുത്തിക്കൊണ്ടു മുന്നോട്ടുപോവുകയേ ഇപ്പോൾ ജസ്റ്റിൻ ട്രൂഡോയ്ക്കു വഴിയുള്ളൂ.
എന്നാൽ ഈ അവസ്ഥ ഖലിസ്ഥാൻ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നിലയിലേക്കു വളരുന്നുവെന്നതാണ് ഗൗരവതരമായ വിഷയം. കാനഡയിലെ ഖലിസ്ഥാൻ തീവ്രവാദികൾ പഞ്ചാബിൽ അനുയായികളെ വളർത്തിയെടുക്കുന്നതും രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കു പണവും സഹായവും നൽകുന്നതുമാണ് ഇന്ത്യക്കു ഭീഷണിയായി മാറിയിട്ടുള്ളത്. ഒതുങ്ങിനിന്നിരുന്ന ഈ പ്രസ്ഥാനങ്ങൾ 2015ൽ ജസ്റ്റിൻ ട്രൂഡോ അധികാരത്തിലേറിയതോടെയാണ് കാനഡയിൽ കരുത്താർജിച്ചത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ഭരണകൂടം ഇവരോടു കാണിക്കുന്ന മൃദുസമീപനമാണ് തീവ്രവാദികൾക്കു തണലാകുന്നതെന്ന് ഇന്ത്യ ആരോപിക്കുന്നു.
പാക്കിസ്ഥാൻ താവളമാക്കി ഇസ്ലാമിക തീവ്രവാദികൾ നടത്തുന്നതിനു സമാനമായ നീക്കങ്ങളാണ് ഖലിസ്ഥാൻ തീവ്രവാദികൾ കാനഡ കേന്ദ്രമാക്കി നടത്തുന്നത്. അതിർത്തി കടന്നുള്ള തീവ്രവാദത്തിനു തടയിടാൻ ഏതൊരു രാജ്യത്തിനും ഉത്തരവാദിത്വമുണ്ട്. അതു ശരിയായി നിറവേറ്റാത്തതുകൊണ്ടാണ് പാക്കിസ്ഥാൻ ഇന്നു ലോകരാജ്യങ്ങൾക്കു മുന്നിൽ ഒറ്റപ്പെട്ടുപോയത്. ആധുനിക ജനാധിപത്യ മൂല്യങ്ങൾക്കു വില കല്പിക്കുന്ന രാജ്യമെന്ന നിലയിൽ കാനഡ ഇത്തരം തീവ്രവാദശക്തികളോട് ഏതു കാരണത്തിന്റെ പേരിലാണെങ്കിലും മൃദുസമീപനം സ്വീകരിക്കുന്നത് ഉചിതമല്ല. താത്കാലിക നേട്ടങ്ങൾക്കപ്പുറത്ത് തീവ്രവാദികൾക്കെതിരേ കർക്കശ നടപടിയെടുക്കുന്നതു രണ്ടു രാജ്യങ്ങളുടെയും ശുഭകരമായ ഭാവിക്കു ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല.