ജയിംസിന്റെ വിലാപം ഒറ്റപ്പെട്ടതല്ല
ഓരോ കൃഷിക്കും കർഷകനിറങ്ങുന്നത് യുദ്ധമുന്നണിയിലേക്കുള്ള കാലാൾപ്പടയെന്നപോലെയാണ്. തിരിച്ചുകയറാമെന്ന് ഒരുറപ്പമില്ല. ഈ അനിശ്ചിതാവസ്ഥയാണ് കേരളത്തിലെ കർഷകന്റെ ശാപം. നെല്ല്, റബർ, തെങ്ങ്, വാഴ തുടങ്ങി സകലതും നഷ്ടത്തിലായി. വന്യമൃഗങ്ങൾ, വരൾച്ച, പ്രളയം, വിലയിടിവ്... ഇപ്പോഴിതാ വൈറസ് വാർത്തയെന്ന ശാപവും.
കോഴിക്കോട് ചെമ്പനോടയിലെ എടച്ചേരി ജയിംസ് എന്ന കർഷകന് വയസ് 76. കൃഷിക്കുവേണ്ടിയെടുത്ത വായ്പ തിരിച്ചടയ്ക്കാനാവാതെ വീട് ജപ്തി ചെയ്യപ്പെടുമോയെന്ന ആധിയിൽ വെന്തുരുകുകയാണ് അദ്ദേഹവും കുടുംബവും. 2018ൽ വിളവെടുക്കാൻ തുടങ്ങിയ പൈനാപ്പിൾ നിപയെക്കുറിച്ചുള്ള വാർത്ത വന്നതോടെ വാങ്ങാനാളില്ലാതെ കുഴിച്ചുമൂടേണ്ടിവന്നതിന്റെ അനന്തരഫലമാണ് മുതലിനുമേൽ വൈറസുപോലെ പെരുകിയ പലിശക്കൂന്പാരം. അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ നിപപോലും തലതല്ലിക്കരയും. ജയിംസ് ഒരായിരം കർഷകരുടെ പ്രതിനിധിയാണ്. കാട്ടുമൃഗങ്ങളും വിലയിടിവും പ്രകൃതിദുരന്തങ്ങളും അർഥപ്രാണനാക്കിയ കർഷകന്റെ ശിരസിലേറ്റ അടിയാണ് വൈറസ് വാർത്ത. പഴങ്ങൾ തിന്നുന്ന വവ്വാലുകളാണ് നിപ വൈറസിന്റെ ഉറവിടമെന്നായിരുന്നു വാർത്ത. അക്കാര്യത്തിൽ ഇപ്പോഴും തർക്കമാണെങ്കിലും പഴംവിപണി തകർന്നു തരിപ്പണമായി. അതായത്, നിരവധി കർഷക കുടുംബങ്ങളുടെ അടിത്തറയിളകി. നിശബ്ദതയല്ല, വാചകമടിയുമല്ല സർക്കാരിന്റെ ഇടപെടലും സാന്പത്തിക പിന്തുണയുമാണ് ഇന്നു കർഷകർക്കാവശ്യം.
വന്യമൃഗശല്യത്താൽ മറ്റു കൃഷികൾ സാധ്യമാകാതെ വന്നതോടെയാണ് ജയിംസ് 2015ൽ പൈനാപ്പിള്‍ കൃഷിയിലേക്കു തിരിഞ്ഞത്. വരുമാനം കിട്ടിത്തുടങ്ങിയതോടെ കൃഷി വ്യാപിപ്പിച്ചു. 18 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്തു. വീടും പറമ്പും ഈടുവച്ച് 30 ലക്ഷത്തോളം രൂപ രണ്ട് ബാങ്കുകളില്‍നിന്നായി വായ്പയെടുത്തു. 2018ൽ നല്ല വിളവുണ്ടായി. വിളഞ്ഞുപാകമായ പൈനാപ്പിളിനു കച്ചവടക്കാര്‍ വില പറഞ്ഞു. ഒരു ലക്ഷം വില ഉറപ്പിച്ച് രണ്ടു ടണ്‍ പൈനാപ്പിള്‍ ലോറിയിൽ കയറ്റി. പക്ഷേ, ജയിംസിന്റെ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളു. പൈനാപ്പിള്‍ വണ്ടി മാര്‍ക്കറ്റില്‍ എത്തിയ നേരത്ത് ആ വാര്‍ത്തയുമെത്തി.
നിപ വൈറസ് ബാധിച്ച് ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട നിവാസി മരിച്ചു, കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ നില ഗുരുതരം. പേരാമ്പ്ര സൂപ്പിക്കടയും ജയിംസിന്റെ കൃഷിയിടവും തമ്മില്‍ അഞ്ചു കിലോമീറ്റര്‍ ദൂരമേ ഉണ്ടായിരുന്നുള്ളു. പൈനാപ്പിള്‍ മാര്‍ക്കറ്റില്‍ ഇറക്കാതെ ലോറി തിരിച്ച് കൃഷിയിടത്തിലേക്കു വിട്ടു. ഏകദേശം 50 ലക്ഷം രൂപ കിട്ടേണ്ടിയിരുന്ന പൈനാപ്പിൾ, നിപയെ പിടിച്ചുകെട്ടിയപ്പോഴേക്കും ജയിംസിന്റെയും കുടുംബാംഗങ്ങളുടെയും വിയർപ്പുവീണ അതേ മണ്ണിൽ കുഴിച്ചുമൂടേണ്ടിവന്നു. സർക്കാർ അനങ്ങിയില്ല. എങ്ങനെയെങ്കിലും തിരിച്ചു കയറാമെന്ന പ്രതീക്ഷയിൽ വീണ്ടും കൃഷിക്കിറങ്ങിയെങ്കിലും അടുത്തതു പ്രളയത്തിന്റെ ഊഴമായിരുന്നു.
പിന്നെ കോവിഡിന്റെ വരവായി. കടം പലിശ കയറി തിരിച്ചടയ്ക്കാന്‍ പറ്റാതായപ്പോള്‍ കഴിഞ്ഞ നവംബറിൽ ജപ്തി നോട്ടീസുമായി ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി. വീടും പറമ്പും വിറ്റ് കടം വീട്ടാന്‍ ജയിംസ് തയാറാണ്. എന്നാല്‍ ബഫര്‍ സോണായതിനാല്‍ ഭൂമി വാങ്ങാനും ആളില്ല. ഏതു നിമിഷവും കുടുംബാംഗങ്ങളുടെ കൈപിടിച്ച് വീട്ടിൽനിന്ന് ഇറങ്ങേണ്ടിവരുമെന്ന നിലയിലാണ് ജയിംസ്. ഈ പ്രായത്തിലും കൃഷി ചെയ്തു ജീവിക്കാൻ ശ്രമിച്ചെന്നതല്ലാതെ എന്താണ് അദ്ദേഹം ചെയ്ത തെറ്റെന്ന് കേരളം ചിന്തിക്കണം.
ഇക്കഴിഞ്ഞദിവസം നിപയുടെ വാർത്ത പുറത്തുവന്നതോടെ ചരിത്രം ആവർത്തിക്കുകയാണ്. മരുതോങ്കര പഞ്ചായത്തിലെ മുള്ളന്‍കുന്നില്‍ ഒന്നരയേക്കര്‍ സ്ഥലത്ത് കർഷകനായ ജോയ് കണ്ണംചിറയുടെ റമ്പൂട്ടാന്‍ കൃഷിത്തോട്ടം മറ്റൊരു കാഴ്ചയാണ്. രണ്ടു ലക്ഷം രൂപ വില പറഞ്ഞ് ഉറപ്പിച്ചപ്പോഴാണ് ഇത്തവണത്തെ നിപയുടെ വരവ്. റംമ്പൂട്ടാനെതിരെ സോഷ്യല്‍ മീഡിയയിലെ പ്രചാരണം കൂടിയായതോടെ വില പറഞ്ഞുറപ്പിച്ചവര്‍ പിന്മാറി. പഴങ്ങൾ മുഴുവൻ നശിക്കുകയാണ്.
നിപ്പയുടെ ഒരു ബലിമൃഗമാണു താൻ എന്നു പറഞ്ഞുകൊണ്ടാണ് ജയിംസ് തന്റെ അനുഭവം പങ്കുവച്ചത്. പക്ഷേ, നിപയല്ല, നോക്കുകുത്തിയായി നിൽക്കുന്ന സർക്കാരിന്റെ ബലിമൃഗങ്ങളാണ് നമ്മുടെ കർഷകർ. കാട്ടാനയും കാട്ടുപന്നിയും കുരങ്ങുമൊക്കെ മുച്ചൂടും മുടിപ്പിച്ച കർഷകന്റെ രോദനം കേൾക്കാത്തവർ നിപയുടെ പേരിലുണ്ടായ നഷ്ടം നികത്തുമോ? കർഷകരോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും കർഷകന്റെ കണ്ണീരിൽ കുതിർന്ന കൃഷിയിടങ്ങളിലേക്കു പോകൂ. ഈ കർഷകരുടെ മക്കൾ കൃഷിയെന്നു കേൾക്കുന്പോൾ ഭയന്നു വിറയ്ക്കുകയില്ലേ? നടൻ ജയസൂര്യയുടെ ചോദ്യത്തെ നിങ്ങൾ പരിഹസിച്ചിട്ടേയുള്ളു; വസ്തുനിഷ്ഠമായ മറുപടി പറഞ്ഞിട്ടില്ല.
ഓരോ കൃഷിക്കും കർഷകനിറങ്ങുന്നത് യുദ്ധമുന്നണിയിലേക്കുള്ള കാലാൾപ്പടയെന്നപോലെയാണ്. തിരിച്ചുകയറാമെന്ന് ഒരുറപ്പുമില്ല. ഈ അനിശ്ചിതാവസ്ഥയാണ് കേരളത്തിലെ കർഷകന്റെ ശാപം. നെല്ല്, റബർ, തെങ്ങ്, വാഴ... തുടങ്ങി സകലതും നഷ്ടത്തിലായി. വന്യമൃഗങ്ങൾ, വരൾച്ച, പ്രളയം, വിലയിടിവ്... ഇപ്പോഴിതാ വൈറസ് വാർത്തയെന്ന ശാപവും. സർക്കാർ കർഷകർക്കൊപ്പമാണെങ്കിൽ പ്രവർത്തിച്ചു കാണിക്കണം. പ്രതിപക്ഷത്തിനു പ്രതിബദ്ധതയുണ്ടെങ്കിൽ അതും തെളിയിക്കേണ്ടിയിരിക്കുന്നു. ഇതാണു സമയം.
മന്ത്രിമാരുടെ ശ്രദ്ധയ്ക്ക്: ജയിംസിന്റെ ദുരന്തവാർത്തയിൽ എന്തെങ്കിലും അക്ഷരപ്പിശകോ സാങ്കേതികപ്പിഴവോ ഉണ്ടായിട്ടുണ്ടെങ്കിൽ ദയവുചെയ്ത് അതു പൊക്കിപ്പിടിച്ച് സംഭവം സർക്കാരിനെതിരേയുള്ള നാടകമാണെന്നോ ആരുടെയെങ്കിലും തിരക്കഥയാണെന്നോ പറഞ്ഞ് ആടിനെ പട്ടിയാക്കുന്ന വിശദീകരണം നടത്തരുത്.