കൊലയാളി ആപ്പ് തകർക്കാൻ വരാപ്പുഴ പോലീസ് പോരാ
ഓൺലൈൻ വായ്പാ ആപ്പുകളുടെ കെണിയിൽ എല്ലാ സംസ്ഥാനങ്ങളിലെയും ആളുകൾ കുടുങ്ങിയിട്ടുണ്ട്. പലതിന്റെയും വേരുകൾ ഉത്തരേന്ത്യയിലാണ്. പ്രതിപക്ഷ നേതാക്കൾക്കെതിരേ അന്വേഷണവുമായി രാജ്യമൊട്ടാകെ ഓടിനടക്കുന്ന അന്വേഷണ ഏജൻസികൾ ഇതൊന്നും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. ഒരു റെയ്ഡുമില്ല, അറസ്റ്റുമില്ല.
രാജ്യത്തെ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഓൺലൈൻ വായ്പാ മാഫിയ നിസഹായരായ മനുഷ്യരുടെ കഴുത്തിനു കുത്തിപ്പിടിച്ചിട്ടു നാളേറെയായി. നിരവധിപ്പേർ മരണക്കെണിയിലേക്കു സ്വയം എടുത്തെറിഞ്ഞു. സർക്കാർ നോക്കുകുത്തിയായി നിൽക്കെ, ഓൺലൈൻ ആപ്പിൽനിന്നു വായ്പയെടുത്ത ഒരു കുടുംബംകൂടി ജീവനൊടുക്കിയിരിക്കുകയാണെന്നാണ് പോലീസ് നൽകുന്ന വിവരം. കൃത്രിമമായി നിർമിക്കുന്ന അശ്ലീലചിത്രങ്ങളാണ് ഈ ക്രിമിനലുകളുടെ ആയുധം. ഇത്തരം വായ്പകളിൽ തലവച്ചുകൊടുക്കുന്നവർ ഗതികേടുകൊണ്ടാണെങ്കിൽപോലും തങ്ങളുടെ മാത്രമല്ല, കുടുംബത്തിന്റെയൊന്നാകെ മരണപത്രത്തിൽ ഒപ്പിട്ടുകൊടുക്കുകയാണെന്നു മറക്കരുത്. മറ്റൊരു കാര്യം, നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിയുണ്ടായാൽ ആത്മഹത്യയേ പരിഹാരമുള്ളൂ എന്ന ചിന്ത ചവറ്റുകുട്ടയിലെറിയാൻ ഒരു നിമിഷം വൈകരുത്.
കൊച്ചി കടമക്കുടിയിൽ നാലംഗ കുടുംബത്തിന്റെ ദാരുണാന്ത്യം ഓൺലൈൻ ആപ്പിൽനിന്നു വായ്പയെടുത്തതിനെ തുടർന്നുണ്ടായ ഭീഷണിയെ മൂലമാണെന്നാണ് ഇതുവരെയുള്ള വിവരം. ഹാപ്പി വാലറ്റ് എന്ന ഓൺലൈൻ ആപ്പിൽനിന്നു വായ്പയെടുത്തവരാണ് ഹാപ്പിനെസ് നഷ്ടപ്പെട്ട് ജീവിതത്തിൽനിന്നുതന്നെ പടിയിറങ്ങിയത്. രണ്ടു മക്കളെ കൊന്നശേഷം മാതാപിതാക്കൾ ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്.
ഓൺലൈൻ ഭീഷണിക്കു പിന്നാലെ, വായ്പയെടുത്തയാളുടെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈൽ ഫോണുകളിലേക്ക് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്നറിയുന്പോൾ ഇരകൾ മാനസികമായി തകരുമെന്ന കണക്കുകൂട്ടലാണ് ക്രിമിനലുകൾക്കു പ്രചോദനം. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ഇത്തരം സംഘങ്ങളിൽ മലയാളികളും ഉണ്ട്. കടമക്കുടിയിലെ ദന്പതികൾ ജീവനൊടുക്കുന്നതിനു തൊട്ടുമുന്പ് ഇത്തരം ഭീഷണികളും അശ്ലീലചിത്രങ്ങളും അവരുടെ ഫോണിലെത്തിയിരുന്നു. മോർഫ് ചെയ്ത ഫോട്ടോകൾ ഇന്നലെയും ബന്ധുക്കളുടെ ഫോണിലെത്തി. എത്ര രൂപയാണ് വായ്പയെടുത്തത് എന്നറിയില്ലെങ്കിലും പ്രതിമാസം 9,300 രൂപ അവർ തിരിച്ചടവു നടത്തിയിരുന്നു. ഉടൻ പണം തന്നില്ലെങ്കിൽ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന സ്ത്രീയുടെ ശബ്ദസന്ദേശമാണ് എല്ലാവർക്കും ലഭിച്ചിരിക്കുന്നത്.
ഒരേ കുറ്റവാളിസംഘമാകാം പല ആപ്പുകൾക്കു പിന്നിലും മറഞ്ഞിരിക്കുന്നത്. ഇത്തരം ആപ്പുകളുടെ പരസ്യം സോഷ്യൽ മീഡിയകളിൽ നിറഞ്ഞിരിക്കുകയാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ആ ഫോണിലെ കോൺടാക്ട് ലിസ്റ്റും ഫോട്ടോകളും ഉൾപ്പെടെ എല്ലാ ഡേറ്റകളും വായ്പ തരുന്ന സംഘത്തിന്റെ കൈവശമായിക്കഴിയും. അതിനുള്ള അനുമതി കൊടുക്കുന്പോഴാണ് അത് ഇൻസ്റ്റാളാകുന്നത്. ദിവസങ്ങൾക്കകം തുടങ്ങാനിരിക്കുന്ന ബ്ലാക്മെയിലിംഗിന് ഉപയോഗിക്കാനുള്ള ഈ ഡേറ്റകളാണ് വായ്പയ്ക്കുള്ള ഈടെന്ന് ‘ഈടില്ലാ വായ്പ’ എടുക്കുന്നവർ അറിയില്ല.
വായ്പയെടുക്കാത്തവർ പോലും ഇവരുടെ ഇരകളായിട്ടുണ്ടെന്ന നിരവധി പരാതികളുണ്ട്. ആവശ്യമില്ലെങ്കിലും പലരും ഇത്തരം ആപ്പുകൾ ഫോണിലേക്കു ഡൗൺലോഡ് ചെയ്യുന്നതാണ് അപകടമായി മാറുന്നത്. പ്രിയപ്പെട്ടവരുടെ അശ്ലീലചിത്രങ്ങൾ പ്രചരിക്കുന്നതിന്റെ അപമാനമോർത്ത് വായ്പയെടുക്കാത്തവർ പോലും പണമടയ്ക്കാൻ നിർബന്ധിതരാകും.
1,000 രൂപയ്ക്ക് ബാങ്കുകളിൽ വർഷം 100 രൂപയാണ് പലിശയെങ്കിൽ ഈ കഴുത്തറപ്പന്മാർ ഈടാക്കുന്നത് 20,000 രൂപവരെയാണ്. പക്ഷേ ഒരു വർഷത്തേക്കല്ല ഒരാഴ്ചത്തേക്കോ ഒരു മാസത്തേക്കോ ആണ് വായ്പ നൽകുന്നത്. ഒരാഴ്ചയ്ക്കകം 1000 രൂപയ്ക്ക് 500 രൂപവരെ പലിശയിനത്തിൽ കൊടുക്കേണ്ടിവന്നവരുണ്ട്. ഏഴു ദിവസത്തെ വായ്പയാണെങ്കിൽ ആറാമത്തെ ദിവസം ഭീഷണി തുടങ്ങും. ഭീഷണിയിൽ പ്രധാനം സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീലചിത്രങ്ങളാണ്. ആദ്യം വായ്പയെടുത്തയാൾക്ക് അയച്ചുകൊടുക്കും. അടുത്തദിവസം കൂടുതൽ പേരിലേക്ക് അയച്ചുതുടങ്ങും. ഇതു തടഞ്ഞില്ലെങ്കിൽ അശ്ലീല ഫോട്ടോകൾ ഉപയോഗിച്ചുള്ള ബ്ലാക്മെയിലിംഗും ദുരഭിമാനത്താലുള്ള കൂട്ട ആത്മഹത്യകളും തുടർക്കഥയാകും.
വായ്പയെടുത്തവരുടെയും കുടുംബാംഗങ്ങളുടെയും അശ്ലീല ചിത്രങ്ങളുപയോഗിച്ച് കോടാനുകോടി രൂപയുടെ കൊള്ള നടത്തുന്ന ഈ സംഘങ്ങൾക്ക് ഇത്ര സുരക്ഷിതമായി ഈ രാജ്യത്തു തുടരാനാകുന്നുണ്ടെങ്കിൽ ഇവരുടെ രാഷ്ട്രീയബന്ധങ്ങളും അന്വേഷിക്കേണ്ടതുണ്ട്. ഇത്തരം അന്വേഷണങ്ങൾ സംസ്ഥാന സർക്കാരിനു മാത്രമായി വിജയിപ്പിക്കാനാകുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. ഓൺലൈൻ വായ്പാ ആപ്പുകളുടെ കെണിയിൽ എല്ലാ സംസ്ഥാനങ്ങളിലെയും ആളുകൾ കുടുങ്ങിയിട്ടുണ്ട്. പലതിന്റെയും വേരുകൾ ഉത്തരേന്ത്യയിലാണ്.
പ്രതിപക്ഷ നേതാക്കൾക്കെതിരേ അന്വേഷണവുമായി രാജ്യമൊട്ടാകെ ഓടി നടക്കുന്ന അന്വേഷണ ഏജൻസികൾ ഇതൊന്നും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. ഒരു റെയ്ഡുമില്ല, അറസ്റ്റുമില്ല. കടമക്കുടിയിലെ നാലംഗ കുടുംബത്തിന്റെ ദാരുണാന്ത്യത്തിലോ വരാപ്പുഴ പോലീസിന്റെ അന്വേഷണത്തിലോ ഇത് ഒതുങ്ങില്ലെന്നു വേണം കരുതാൻ. രാഷ്ട്രീയ തീരുമാനമാണ് ഉണ്ടാകേണ്ടത്.