പുതുപ്പള്ളിയുടെ ചുവരെഴുത്തുകൾ
പുതുപ്പള്ളി തരംഗത്തിനപ്പുറം, ചാണ്ടി ഉമ്മന്റെ രാഷ്ട്രീയവും കോൺഗ്രസിന്റെ കെട്ടുറപ്പും പരീക്ഷിക്കപ്പെടുന്ന നാളുകളാണ് വരാനിരിക്കുന്നത്. ഇനിയൊരു തെരഞ്ഞെടുപ്പിലും ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള വൈകാരികത ചാണ്ടി ഉമ്മനു തുണയാകില്ലെന്നു മാത്രമല്ല, വോട്ടർമാരുടെ താരതമ്യങ്ങൾ ബാധ്യതയാകുകയും ചെയ്തേക്കാം
ചാണ്ടി ഉമ്മന്റെ പുതുപ്പള്ളിവിജയത്തിനു പിന്നിൽ ഉമ്മൻ ചാണ്ടിയുണ്ടെങ്കിൽ ആ വന്പൻ ഭൂരിപക്ഷത്തിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പ്, ചാണ്ടി ഉമ്മനും ജെയ്ക് സി. തോമസും തമ്മിലുള്ള മത്സരം മാത്രമായിരുന്നില്ല. സാന്പത്തികരംഗത്തെ സർക്കാരിന്റെ കെടുകാര്യസ്ഥതയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരേ പോലും ഉന്നയിക്കപ്പെട്ട ഉത്തരമില്ലാത്ത അഴിമതിയാരോപണങ്ങളുമൊക്കെ പുതുപ്പള്ളിയിലെ വായ്ത്താരികൾക്കു മുക്കാനാവാത്തത്ര കഴന്പുള്ളതായിരുന്നു.
അവഹേളനത്തിന്റെ അങ്ങേയറ്റമായ ലൈംഗികാരോപണം വരെ ഉമ്മൻ ചാണ്ടിക്കെതിരേ ഉന്നയിച്ചവർ തെരഞ്ഞെടുപ്പുസമയത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടി. പുതുപ്പള്ളിക്കാർ വോട്ടിലൂടെ കണക്കു തീർത്തു. അതൊക്കെ സംസ്ഥാനത്തെ കാര്യമാണെങ്കിൽ ബിജെപിയുടെ കൈവെള്ളയിൽനിന്ന് ഒഴുകിപ്പോയ വോട്ടുകളിൽ മണിപ്പുരിലുൾപ്പെടെ പരിക്കേറ്റ ന്യൂനപക്ഷങ്ങളുടെ നൊന്പരവുമുണ്ടെന്നതും മുന്നറിയിപ്പാണ്.
53 വർഷം ഉമ്മൻ ചാണ്ടിയെ നെഞ്ചേറ്റിയവർ ഇപ്പോൾ അദ്ദേഹത്തിന്റെ മകന്റെ കൈ പിടിച്ചിരിക്കുന്നു. ചാണ്ടി ഉമ്മനു ലഭിച്ചത് 80,144 വോട്ടാണ്. 37,719 വോട്ടിന്റെ ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന് 42,425 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് 6558 വോട്ടും ലഭിച്ചു. 1970 മുതൽ 12 തവണ ഉമ്മൻ ചാണ്ടിയെ തുടർച്ചയായി നിയമസഭയിലേക്കു തെരഞ്ഞെടുത്ത പുതുപ്പള്ളി ചാണ്ടി ഉമ്മനെ തെരഞ്ഞെടുക്കുന്പോൾ വോട്ട് ചെയ്തവരിൽ സിപിഎമ്മുകാരും ബിജെപിക്കാരുമുണ്ട്.
അല്ലെങ്കിൽ ഭൂരിപക്ഷം ഇത്ര ഉയരില്ലായിരുന്നു. അതിൽ ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുള്ള വൈകാരികതയുണ്ടെന്നതു തമസ്കരിക്കാനാവില്ല; പക്ഷേ, അതു മാത്രമല്ല. സഹതാപതരംഗമാണ് യുഡിഎഫ് വിജയത്തിനു പിന്നിലെന്നു വിലയിരുത്തുന്ന സിപിഎമ്മും ബിജെപിയും മറ്റിടങ്ങളിലെ ഉപതെരഞ്ഞെടുപ്പു ഫലംകൂടി കണക്കിലെടുക്കണം. പശ്ചിമബംഗാളിലെ ദുപ്ഗുരി മണ്ഡലത്തിൽ ബിജെപിയുടെ ബിഷ്ണുപദ റോയിയുടെ മരണത്തെത്തുടർന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി തപാസ് റോയിയെ 4383 വോട്ടുകൾക്കാണ് തൃണമൂൽ കോൺഗ്രസിന്റെ നിർമൽ ചന്ദ്ര റോയ് തോൽപ്പിച്ചത്. ത്രിപുരയിലെ ബോക്സാ നഗറിൽ സിപിഎം എംഎൽഎ ആയിരുന്ന ഷംസുൽ ഹക്കിന്റെ മകൻ മിസാൻ ഹുസൈന് ആകെ ലഭിച്ചത് 3909 വോട്ട്. ബിജെപി ജയിച്ചപ്പോൾ സിപിഎമ്മിനു കെട്ടിവച്ച കാശുപോലും കിട്ടിയില്ലെന്നാണ് റിപ്പോർട്ടുകൾ. ഇത്രേയുള്ളൂ സഹതാപതരംഗത്തിന്റെ കാര്യം.
കേരളത്തിൽ ഭരണത്തിന്റെ അടിയേറ്റവരുടെ ജനാധിപത്യപരമായ തിരിച്ചടിയുണ്ട് പുതുപ്പള്ളിയിലെന്നു തിരിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടം സിപിഎമ്മിനു മാത്രം. ഓഗസ്റ്റ് 13ന് കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്, ഇതു സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്നാണ്.
കിട്ടിയ അവസരത്തിൽ ജനം വിലയിരുത്തി. സിപിഎം സെക്രട്ടറി, തെരഞ്ഞെടുപ്പിന്റെ വിജയത്തിനു വച്ച ആ മാനദണ്ഡം മുഖ്യമന്ത്രിയും അംഗീകരിക്കാൻ തയാറായാൽ സർക്കാരിന്റെ അവശേഷിക്കുന്ന കാലാവധിയിൽ നല്ല ഭരണത്തിനു വഴിതെളിച്ചേക്കും. പക്ഷേ, സർക്കാർവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന എം.വി. ഗോവിന്ദന്റെ മലക്കംമറിച്ചിൽ അത്തരം പ്രതീക്ഷകളെ ഇല്ലാതാക്കുകയാണ്.
മാസപ്പടി വിവാദം, വിലക്കയറ്റം, കർഷകരുടെ ദയനീയാവസ്ഥ, അവരുടെ കഷ്ടത ചൂണ്ടിക്കാണിക്കുന്നവരെ അധിക്ഷേപിക്കൽ, പിൻവാതിൽ നിയമനങ്ങൾ, എസ്എഫ്ഐ നേതാക്കളുടെ മാർക്ക് ലിസ്റ്റ് വിവാദങ്ങൾ, കെ-റെയിൽ മുട്ടാപ്പോക്കുകൾ തുടങ്ങിയവയെല്ലാം പുതുപ്പള്ളി വോട്ടിലുണ്ട്. ജനങ്ങൾ ഇത്തരം ദുരവസ്ഥകളിലൂടെ കടന്നുപോകുന്പോഴും വിദേശയാത്രകൾക്കും ആഡംബരവാഹനങ്ങൾ വാങ്ങുന്നതിനും മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കുന്നതിനും മുഖ്യമന്ത്രിയുടെ യാത്രയ്ക്കുൾപ്പെടെ ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നതിനും മറ്റു ധൂർത്തുകൾക്കുമൊക്കെ കോടികൾ ചെലവഴിക്കുന്നത് ന്യായീകരണമില്ലാത്തതായിരുന്നു.
അതുപോലെ, മുഖ്യമന്ത്രിയുടെ മകൾ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കോടികൾ സന്പാദിച്ചുകൊണ്ടിരിക്കുന്നെന്ന വെളിപ്പെടുത്തലുകൾക്കും കൃത്യമായ ഉത്തരമില്ലാതായി. മുഖ്യമന്ത്രിയുടെ മൗനവും പാർട്ടിക്കാരുടെ രോഷാകുലമായ പ്രതികരണങ്ങളുമൊന്നും വസ്തുനിഷ്ഠമായിരുന്നില്ല.
ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളും ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ധരിച്ച വസ്ത്രത്തിന്റെയും ചെരുപ്പിന്റെയും വില ഉള്പ്പെടെ പറയുന്ന വിലകുറഞ്ഞ പ്രചാരണവുമൊക്കെ നടത്തിയവർ യുഡിഎഫിന്റെ വോട്ട് വർധിപ്പിച്ചു. അച്ചുവിന്റെ ഭര്ത്താവിന്റെ കമ്പനിയെക്കുറിച്ചും സ്വത്തുവിവരങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു വരെ സൈബറിടങ്ങളില് ആക്രമണമുണ്ടായി.
പക്ഷേ, ഇതിലും മാരകമായ ചോദ്യങ്ങളിൽനിന്നു മുഖ്യമന്ത്രിയും മകൾ വീണയും ഒളിച്ചോടിയതുപോലെയായിരുന്നില്ല പ്രതികരണം. കൃത്യമായ മറുപടി അവർ നൽകി. ഉമ്മൻ ചാണ്ടിക്കെതിരേ സിപിഎം സോളാർ കേസിൽ ഉന്നയിച്ചതും ചെലവാകാതെ പോയതുമായ ആരോപണങ്ങൾക്കു കോടതിയിൽനിന്നു വ്യക്തതയുണ്ടാകാൻ വർഷങ്ങളെടുത്തു. പക്ഷേ, ഇത്തവണത്തെ വേട്ടയാടലുകൾക്ക് ദിവസങ്ങൾക്കകം ജനങ്ങൾ വ്യക്തത കൊടുത്തു.
പുതുപ്പള്ളി തരംഗത്തിനപ്പുറം, ചാണ്ടി ഉമ്മന്റെ രാഷ്ട്രീയവും കോൺഗ്രസിന്റെ കെട്ടുറപ്പും പരീക്ഷിക്കപ്പെടുന്ന നാളുകളാണ് വരാനിരിക്കുന്നത്. ഇനിയൊരു തെരഞ്ഞെടുപ്പിലും ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള വൈകാരികത ചാണ്ടി ഉമ്മനു തുണയാകില്ലെന്നു മാത്രമല്ല, വോട്ടർമാരുടെ താരതമ്യങ്ങൾ ബാധ്യതയാകുകയും ചെയ്തേക്കാം. അതിനെ മറികടക്കാൻ ഉമ്മൻചാണ്ടിയുടെ കെട്ടും മട്ടും മാത്രം പോരാതെവരും. ആവേശാനന്തര ദിവസങ്ങളിൽ കോൺഗ്രസിനുമുണ്ട് പഠിക്കാനേറെ. ജനങ്ങൾ കോൺഗ്രസിനൊപ്പമുണ്ടെന്നു പുതുപ്പള്ളി തെളിയിച്ചു.
പക്ഷേ, നേതാക്കൾ ഒറ്റക്കെട്ടായി കോൺഗ്രസിനൊപ്പമുണ്ടോയെന്നതാണ് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തെളിയിക്കേണ്ടത്. അതിന്, പുറമേയ്ക്കുള്ള ഗ്രൂപ്പ് വിരുദ്ധതയും വേദികളിലെ ഐക്യവും മതിയാകില്ല. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ, പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ ജനാധിപത്യത്തിന്റെ ചുവരിൽ ജനങ്ങളെഴുതുന്ന വിപ്ലവക്കുറിപ്പുകൾകൂടിയാണ് ഓരോ തെരഞ്ഞെടുപ്പും. വായിച്ചാൽ ദൃഷ്ടാന്തമുണ്ട്.