ലോകം ഡൽഹിയിലേക്ക്
പതിവ് ഹസ്തദാനങ്ങളിലും സംയുക്ത പ്രസ്താവനകളിലും മാത്രം ഒതുങ്ങാതെ ലോകനന്മയ്ക്കായി തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള ആർജവം നേതാക്കൾക്കുണ്ടാകട്ടെ. ഭീകരവാദവും ഭക്ഷ്യധാന്യ ക്ഷാമവും പോഷകാഹാരക്കുറവുമെല്ലാം ലോകം നേരിടുന്ന വെല്ലുവിളികളാണ്. ഈ വെല്ലുവിളികൾ നേരിടുന്നതിന് എന്തു പദ്ധതികളാണ് ഉച്ചകോടിയിലുണ്ടാവുക എന്നതാണ് പ്രധാനം.
ഭിന്നതകൾ മറികടക്കാനും തടസങ്ങൾ ഇല്ലാതാക്കാനും സഹവർത്തിത്വത്തിന്റെ വിത്തുകൾ പാകാനും നമ്മുടെ ജി 20 അധ്യക്ഷത ശ്രമിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപികയിലടക്കം പ്രമുഖ ദിനപത്രങ്ങളിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നത്.
അമേരിക്കയും റഷ്യയും ചൈനയുമടക്കമുള്ള 20 മുൻനിര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20യുടെ ഈ വർഷത്തെ സമ്മേളനത്തിന് നാളെ ന്യൂഡൽഹി ആതിഥ്യമരുളുന്പോൾ ഇന്ത്യയെ ലോകം ഉറ്റുനോക്കുകയാണ്. ഉച്ചകോടിയിൽനിന്ന് ഉണ്ടാകുന്ന നയതീരുമാനങ്ങൾക്കായി ഏവരും കാത്തിരിക്കുന്നു. ക്ഷണിതാക്കളടക്കം 40 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണു രണ്ടു ദിവസത്തെ ഉച്ചകോടിക്കെത്തുക. പതിവ് ഹസ്തദാനങ്ങളിലും സംയുക്ത പ്രസ്താവനകളിലും മാത്രം ഒതുങ്ങാതെ ലോകനന്മയ്ക്കായി തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള ആർജവം നേതാക്കൾക്കുണ്ടാകട്ടെ.
ലോകം ഇന്ന് ഏറ്റവുമധികം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്ന് കാലാവസ്ഥാ വ്യതിയാനമാണ്. അന്റാർട്ടിക്കയിലും ഹിമാലയത്തിലുമൊക്കെ മഞ്ഞുരുക്കം പതിന്മടങ്ങ് വേഗത്തിലാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസം അമേരിക്കയിലെ നെവാദ മരുഭൂമിയിലുണ്ടായ പ്രളയക്കെടുതിയും നൂറുകണക്കിനു പേർ മരിച്ച ഹവായ് ദ്വീപിലെ വൻ അഗ്നിബാധയും ആയിരക്കണക്കിനു പേരെ ദുരിതത്തിലാക്കി. ഇന്ത്യയുടെ കാര്യമെടുത്താൽ ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനവും തത്ഫലമായുള്ള പ്രളയക്കെടുതിയും അതീവ രൂക്ഷമാണ്. കൊച്ചുകേരളത്തിലാകട്ടെ മഴത്തോതിൽ വലിയ അന്തരമാണുണ്ടായിരിക്കുന്നത്. ഇതിനെല്ലാം പുറമെ ലോകം കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു, പ്രത്യേകിച്ച് ചൈന. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരമായ ബിർമിംഹാം സിറ്റി കൗൺസിൽ കഴിഞ്ഞദിവസം പാപ്പരായി പ്രഖ്യാപിച്ചിരുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധം ഒന്നര വർഷമായി തുടരുന്നു. ചിലരുടെ അത്യാർത്തി മൂലം ആയിരക്കണക്കിനു നിരപരാധികളുടെ ജീവൻ ഹോമിച്ചും സ്വൈര്യജീവിതം തടസപ്പെടുത്തിയും തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാകുകയാണ്. ഇതിനെല്ലാം പുറമെ ഭീകരവാദവും ഭക്ഷ്യധാന്യ ക്ഷാമവും പോഷകാഹാരക്കുറവുമെല്ലാം ലോകം നേരിടുന്ന വെല്ലുവിളികളാണ്. ഈ വെല്ലുവിളികൾ നേരിടുന്നതിന് എന്തു പദ്ധതികളാണ് ഉച്ചകോടിയിലുണ്ടാവുക എന്നതാണ് പ്രധാനം. ഒപ്പം കർഷകരെ വലയ്ക്കുന്ന കരാറുകളിൽനിന്ന് പിന്മാറണം.
റഷ്യയുടെയും ചൈനയുടെയും പ്രസിഡന്റുമാർ പങ്കെടുക്കുന്നില്ല എന്നത് ഉച്ചകോടിയുടെ മാറ്റുകുറച്ചിട്ടുണ്ട്. സംയുക്ത പ്രസ്താവനയിൽ ഇനിയും സമവായമായിട്ടില്ലെന്നത് ശോഭ കെടുത്തുന്നു. ഞായറാഴ്ച ഉച്ചകോടിയുടെ സമാപനത്തിൽ പുറത്തിറക്കേണ്ട അംഗരാഷ്ട്രങ്ങളുടെ സംയുക്ത പ്രസ്താവന ഉണ്ടാകുമോയെന്നതിലും അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ ഫെ്ബ്രുവരിയിൽ ബംഗളൂരുവിൽ നടന്ന ജി 20 ധനമന്ത്രിമാരുടെ സമ്മേളനം മുതൽ സമവായത്തിനായി രാജ്യം തുടർച്ചയായി ശ്രമിച്ചു. 2008നുശേഷം ഇതേവരെ എല്ലാ ജി 20 ഉച്ചകോടികളിലും സംയുക്ത പ്രസ്താവന ഉണ്ടായിരുന്നു.
ഇന്ത്യയുടെ അധ്യക്ഷതയ്ക്കു കീഴിൽ നടക്കുന്ന ഉച്ചകോടിയിൽ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള എക്കാലത്തെയും വലിയ പങ്കാളിത്തമാണുള്ളത്. മാത്രമല്ല, ആഫ്രിക്കൻ യൂണിയനെ ജി 20 സ്ഥിരാംഗമായി ഉൾപ്പെടുത്തുന്നതിലേക്കും ഇതു വഴിയൊരുക്കി. ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഇന്ത്യ നൽകിയ അംഗീകാരം നയതന്ത്രരംഗത്ത് സുപ്രധാന വഴിത്തിരിവ് സൃഷ്ടിക്കും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ജി 20 അധ്യക്ഷത എന്നത് കേവലം ഉന്നതതല നയതന്ത്ര ഉദ്യമം മാത്രമല്ല. ജനാധിപത്യത്തിന്റെ മാതാവെന്ന നിലയിലും വൈവിധ്യത്തിന്റെ മാതൃകയെന്ന നിലയിലും രാജ്യം ഈ അനുഭവങ്ങളുടെ വാതിലുകൾ ലോകത്തിനു മുന്നിൽ തുറന്നുകൊടുക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ഒരു വർഷം നീണ്ട ഇന്ത്യയുടെ ജി 20 അധ്യക്ഷപദവിയുടെ സമാപനമായ ഡൽഹി ഉച്ചകോടി ചരിത്രസംഭവമാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം.
വിമർശനങ്ങളുണ്ടെങ്കിലും ഉച്ചകോടിക്കായി രാജ്യം ഒരുക്കിയ ലോകോത്തരസൗകര്യങ്ങൾ ശ്രദ്ധേയമാണ്. ഉച്ചകോടിയുടെ ഒരുക്കങ്ങൾക്കായി 4,100 കോടിയിലേറെ രൂപയാണു ചെലവഴിച്ചത്.
ജി 20 ബ്രാൻഡിംഗിനും ഡൽഹി നഗരം മനോഹരമാക്കുന്നതിനുമാണ് 3,500 കോടി രൂപ പലയിനങ്ങളിലായി ചെലവഴിച്ചത്. കാര്യക്ഷമമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ ഇതു പാഴ്ച്ചെലവാകും. സുസ്ഥിര വികസനം ലക്ഷ്യമിട്ടുകൊണ്ട് ലോകത്തെ അലട്ടുന്ന പ്രശ്നങ്ങൾ ഫലപ്രദമായി നേരിടാനുള്ള പദ്ധതികൾ ഉച്ചകോടി ചർച്ചചെയ്യുമെന്നു പ്രതീക്ഷിക്കാം. ആഗോള ജിഡിപിയുടെ 85 ശതമാനവും വ്യാപാരത്തിന്റെ 75 ശതമാനവും ജനസംഖ്യയുടെ മൂന്നിലൊന്നും പ്രതിനിധാനം ചെയ്യുന്ന ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ മാനവകേന്ദ്രീകൃത പുരോഗതിക്കുള്ള ആഹ്വാനം ഉയരട്ടെയെന്നു പ്രത്യാശിക്കാം.