അധ്യാപകരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഉച്ചഭക്ഷണ പദ്ധതി
കുടിശിക കർഷകർക്കുള്ളതായാലും അധ്യാപകർക്കുള്ളതായാലും പ്രശ്നം പരിഹരിക്കുന്നതിനു പകരം വിഷയം ചൂണ്ടിക്കാണിക്കുന്നവരെ അവഹേളിക്കാനാണ് ബന്ധപ്പെട്ടവരുടെ ഊർജമത്രയും ചെലവഴിക്കുന്നത്.
കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം കൊടുക്കുന്നതിനോളം മഹത്തായ കൃത്യം മറ്റൊന്നുമില്ല. പക്ഷേ, അതിനുവേണ്ടി കഷ്ടപ്പെടുന്ന അധ്യാപകരുടെ കഞ്ഞികുടി മുട്ടിക്കുന്നതിനോളം അപമാനവും മറ്റൊന്നുമില്ല. ഇന്നലെ അധ്യാപകദിനമായിരുന്നു.
പദ്ധതി നടത്തിപ്പിനുള്ള പണം സർക്കാർ കൊടുക്കാത്തതു മൂലം വായ്പയെടുത്ത് ബാധ്യത തീർക്കേണ്ടിവന്ന അധ്യാപകന്റെ ഗതികേട് നാടറിഞ്ഞത് ഇന്നലെയാണ്. ഒരു നന്മ ചെയ്തതിന്റെ പേരിൽ സാന്പത്തികമായും മാനസികമായും തകർന്ന അധ്യാപകർ കേരളത്തിന്റെ സങ്കടക്കാഴ്ചയാണ്. അരിക്കാശുപോലും കൊടുക്കാനാകുന്നില്ലെങ്കിൽ അതിനർഥം സർക്കാർ കൊടിയ സാന്പത്തിക പ്രതിസന്ധിയിലാണെന്നാണ്. അല്ലെങ്കിൽ കെടുകാര്യസ്ഥതയിൽ മൂക്കോളം മുങ്ങിയിരിക്കുന്നു. രണ്ടായാലും തിരുത്തിയേ തീരൂ.
സർക്കാരിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളങ്ങളിലൊന്നായിരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി അധ്യാപകരുടെ മാത്രം ഉത്തരവാദിത്വമായി മാറിയിട്ട് വർഷങ്ങളായി. അധ്യാപകരുടെ പ്രതിഷേധവും സമരവും മാധ്യമ റിപ്പോർട്ടുകളുമൊന്നും ഉത്തരവാദിത്വം നിർവഹിക്കാൻ സർക്കാരിനു പ്രേരണയായിട്ടില്ല. ഇതിനിടെയാണ് തിരുവനന്തപുരം നെടുമങ്ങാട് കരകുളം വിദ്യാധിരാജ എൽപി സ്കൂളിലെ പ്രഥമാധ്യാപകൻ ജെ.പി. അനീഷ് ഉച്ചഭക്ഷണ പദ്ധതിക്കായി വാങ്ങിയ സാധനങ്ങളുടെ കടം വീട്ടാൻ വായ്പയെടുത്തത്. നെടുമങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ് അദ്ദേഹം പരാതി നൽകിയത്.
സ്കൂളിന്റെ ലെറ്റർ പാഡിൽ എഴുതിയ കത്തിന്റെ കൂടെ വായ്പ എടുത്തതിന്റെ രേഖകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസത്തെ രണ്ടര ലക്ഷം രൂപയുടെ കടം വീട്ടാനാണ് രണ്ടുലക്ഷം രൂപയുടെ വായ്പ 11.5 ശതമാനം പലിശയ്ക്ക് എടുത്തത്. 607 കുട്ടികൾ ഉൾപ്പെടുന്ന സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ഇതുവരെ 2,49,584 രൂപ ചെലവായതായി കത്തിൽ പറയുന്നു. പാൽ, മുട്ട, ഗ്യാസ്, പച്ചക്കറി, പലവ്യഞ്ജനം എന്നിവ നൽകുന്ന കടകളിൽ കൃത്യമായി പണം നൽകണം. ശന്പളം ചെലവഴിച്ചതു കൂടാതെ കിട്ടാവുന്നിടത്തുനിന്നൊക്കെ കടവും വാങ്ങിയെന്നും അതിനാൽ കടക്കാരെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും അധ്യാപകൻ കത്തിൽ പറയുന്നു.
കുടിശിക അനുവദിക്കാത്ത പക്ഷം വ്യാഴാഴ്ച മുതൽ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി നിർത്താനുള്ള അനുമതി നൽകണമെന്നാണ് മറ്റൊരാവശ്യം. ഇത് ഒരധ്യാപകന്റെ ധാർഷ്ട്യമോ രാഷ്ട്രീയമോ ആയി ചിത്രീകരിക്കരുത്. ഏതാണ്ട് എല്ലാ സ്കൂളുകളിലും ഇതാണവസ്ഥ. രണ്ടു രീതിയിലാണ് അധ്യാപകരും പിടിഎയും പ്രതിസന്ധിയിലായിരിക്കുന്നത്; ഉച്ചഭക്ഷണത്തിന് അനുവദിച്ചിട്ടുള്ള അപര്യാപ്തമായ തുകയും അതുപോലും ലഭിക്കാതിരിക്കുന്ന സ്ഥിതിവിശേഷവും. പദ്ധതി സംസ്ഥാനത്തു നിലനിൽക്കുന്നത് നിരവധി അധ്യാപകരുടെയും മാതാപിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ഉദാരമനസ്കതകൊണ്ടു മാത്രമാണ്.
അരിയും പാചകക്കൂലിയും സർക്കാർ കൊടുക്കും. രണ്ടുതരം കറി, തോരൻ എന്നിവയുണ്ടാകണം. കൂടാതെ, ആഴ്ചയിലൊരിക്കൽ പാലും മുട്ടയും, മുട്ട കഴിക്കാത്ത കുട്ടികൾക്കു നേന്ത്രപ്പഴവും നൽകണം. അന്തരീക്ഷ മലിനീകരണമൊഴിവാക്കാൻ പാചകം ഗ്യാസടുപ്പിൽ വേണം. ഇതിനൊക്കെയായി സർക്കാരിൽനിന്നു ലഭിക്കുന്ന തുകയാണ് അന്പരപ്പിക്കുന്നത്. 150 കുട്ടികൾ വരെയുള്ള സ്കൂളിന് ഒരു വിദ്യാർഥിക്ക് 8.17 രൂപയും 150 മുതൽ 500 വരെ കുട്ടികളുള്ളിടത്ത് ഏഴു രൂപയും 500നു മുകളിൽ ആറു രൂപയും. വിലക്കയറ്റവും പണപ്പെരുപ്പവുമൊക്കെയുണ്ടായെങ്കിലും 2016ലെ നിരക്ക് പിന്നീട് പുതുക്കിയിട്ടില്ല. കേന്ദ്രസർക്കാർ 60 ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവുമാണ് വിഹിതമായി നൽകുന്നത്.
സംഭരിച്ച നെല്ലിന്റെ പണം കർഷകർക്കു കൊടുക്കുന്നതിലുണ്ടായ കുറ്റകരമായ വീഴ്ചയ്ക്കു സമാനമാണ് ഉച്ചഭക്ഷണ പദ്ധതിയുടെ കാര്യത്തിലും തുടരുന്നത്. കേന്ദ്രസർക്കാരിന്റെ വീഴ്ചയാണ് കാരണമെന്നു പറയാറുണ്ടെങ്കിലും യഥാസമയം സംസ്ഥാന സർക്കാർ ചെയ്യേണ്ട ജോലികൾ ചെയ്യാത്തതാണ് കാരണമെന്നാണ് മറുപക്ഷം. ഇത്തരം തർക്കങ്ങളിൽ മന്ത്രിമാർക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ നഷ്ടമൊന്നും സംഭവിക്കാനില്ല; കടം വാങ്ങി മുടിയുന്നവർക്കേ നഷ്ടമുള്ളൂ. സർക്കാരുകൾക്കു മേനി നടിക്കാൻ അധ്യാപകർ നടത്തുന്ന പദ്ധതിയായി ഇതു മാറി. അധ്യാപനവുമായി ബന്ധപ്പെട്ട മറ്റു ജോലികൾക്കിടെയാണ് പ്രധാനാധ്യാപകർക്ക് പദ്ധതിയുടെ തീരാദുരിതവും സാന്പത്തികബാധ്യതയും പേറേണ്ടിവന്നിരിക്കുന്നത്. കുടിശിക കർഷകർക്കുള്ളതായാലും അധ്യാപകർക്കുള്ളതായാലും പ്രശ്നം പരിഹരിക്കുന്നതിനു പകരം വിഷയം ചൂണ്ടിക്കാണിക്കുന്നവരെ അവഹേളിക്കാനാണ് ബന്ധപ്പെട്ടവരുടെ ഊർജമത്രയും ചെലവഴിക്കുന്നത്. അത്തരം വിലകെട്ട രാഷ്ട്രീയത്തിലും ഭരണപരാജയം മണക്കുന്ന ഈഗോയിലുമല്ല ജനാധിപത്യത്തിൽ അധിഷ്ഠിതമായ ക്ഷേമരാഷ്ട്രത്തിന്റെ നിലനിൽപ്.