പാർട്ടിക്കാർക്കു വേണ്ടാത്ത നിയമം നാട്ടുകാർക്കും വേണ്ട
പാർട്ടിക്കാർ ഉൾപ്പെടുന്ന കേസിൽ പോലീസിന്റെ നിസഹായാവസ്ഥയാണിത്. തങ്ങളുടെ സഹപ്രവർത്തകർക്കാണ് കോട്ടമുണ്ടായതെങ്കിലും പാർട്ടിക്കാരെ പിണക്കാൻ പോലീസിലെ ഉന്നതർക്കുമാവില്ല.
ഡിവൈഎഫ്ഐ നേതാവിനോടു നിയമം പാലിക്കാൻ പറഞ്ഞ തിന്റെ പേരിൽ തിരുവനന്തപുരത്തെ പേട്ട സ്റ്റേഷനിലുണ്ടായ സംഭവവികാസങ്ങൾ പാർട്ടിക്കാരല്ലാത്തവർക്കു ഗുണ്ടായിസമായേ തോന്നൂ. ഹെൽമെറ്റ് വയ്ക്കാതെ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച നേതാവിനോടു പിഴയടയ്ക്കാൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷൻ ചുമതലയിൽനിന്നു മാറ്റുകയും വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തെന്ന വാർത്ത ശരിയാണെങ്കിൽ അതു ഭരണസ്വാധീനം ദുരുപയോഗിച്ചുള്ള ഗുണ്ടായിസമായി കണക്കാക്കി തിരുത്തേണ്ടതാണ്.
സ്ഥലം മാറ്റിയിട്ടില്ലെന്നും അന്വേഷണം നടക്കുന്നതിനാൽ രണ്ടു ദിവസത്തേക്കു മാറ്റിനിർത്തിയതാണെന്നുമാണ് സിറ്റി പോലീസ് കമ്മീഷണർ പറയുന്നത്. അത് അങ്ങനെതന്നെയാവട്ടെ. അല്ലെങ്കിൽ നിയമലംഘകരായ പാർട്ടിക്കാർക്കെതിരേ നടപടിയെടുത്താൽ പോലീസുകാർക്കു “പണി”കിട്ടുമെന്ന അങ്ങാടിപ്പാട്ട് ശരിയാണെന്നു സമ്മതിക്കേണ്ടിവരും.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. ഹെൽമെറ്റ് വയ്ക്കാതെ സഞ്ചരിച്ച ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് ട്രഷറർ വി. നിഥിനെയാണ് പോലീസ് തടഞ്ഞത്. പിഴയടയ്ക്കാൻ നോട്ടീസ് നൽകിയതോടെ തർക്കമായി. എസ്ഐ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്നാരോപിച്ച് അന്നു വൈകുന്നേരംതന്നെ നിഥിൻ സിപിഎം നേതാക്കളുമായി പോലീസ് സ്റ്റേഷനിലെത്തി ഉപരോധം നടത്തുകയും പോലീസ് വാഹനങ്ങൾ തടയുകയും ചെയ്തു.
തർക്കം അസഭ്യം വിളിയിലും കൈയാങ്കളിയിലുമെത്തിയതോടെ പോലീസ് ലാത്തി വീശി. തൊട്ടുപിന്നാലെ, സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ സ്ഥലത്തെത്തി പാർട്ടി പ്രവർത്തകരെ ശാന്തരാക്കുകയും പോലീസുകാരോടു രോഷാകുലനാകുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
ഡിവൈഎഫ്ഐ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാർക്കെതിരേ അന്വേഷണം. നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ ഇ. ബാലകൃഷ്ണനാണ് അന്വേഷണചുമതല. എസ്ഐമാരായ എസ്. അസീം, എം. അഭിലാഷ് എന്നിവരെ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവർ എം. മിഥുനെ എആർ ക്യാന്പിലേക്കും മാറ്റി. നിയമപ്രകാരം പ്രവർത്തിച്ച പോലീസുകാരെ പാർട്ടിക്കാർ ഭീഷണിപ്പെടുത്തിയതിലും വകുപ്പുതല നടപടിയെടുത്തതിലും പോലീസുകാർക്കിടയിൽ അമർഷമുണ്ടായി.
സമൂഹമാധ്യമങ്ങളിലുൾപ്പെടെ സംഭവം വിമർശനത്തിനിടയാകുകയും ചെയ്തതോടെ സർക്കാർ അപകടം മണത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും വിഷയമായേക്കാം. അതോടെയാണ്, ഇതു സ്ഥലംമാറ്റമല്ലെന്നും അന്വേഷണം നടക്കുന്നതിനാൽ തത്കാലത്തേക്കു പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തിയതാണെന്നും വിശദീകരണമുണ്ടായത്.
ജില്ലാ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയുമൊക്കെ പേട്ട പോലീസ് സ്റ്റേഷനിലെത്തിയിട്ടും കണ്ടാലറിയാവുന്ന കുറച്ചുപേർക്കെതിരേയാണ് നിസാര വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. പാർട്ടിക്കാർ ഉൾപ്പെടുന്ന കേസിൽ പോലീസിന്റെ നിസഹായാവസ്ഥയാണിത്. തങ്ങളുടെ സഹപ്രവർത്തകർക്കാണ് കോട്ടമുണ്ടായതെങ്കിലും പാർട്ടിക്കാരെ പിണക്കാൻ പോലീസിലെ ഉന്നതർക്കുമാവില്ല. ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും സംഘർഷമുണ്ടായിട്ടില്ലെന്നാണ് കമ്മീഷണർ പറയുന്നത്. സ്റ്റേഷനിൽവച്ച് ഇരുന്പുവടിയുപയോഗിച്ചു തന്നെ മർദിച്ചെന്നാണു ഡിവൈഎഫ്ഐ നേതാവ് പരാതി കൊടുത്തിട്ടുള്ളത്. പക്ഷേ, സിസിടിവി ദൃശ്യങ്ങളിലൊന്നും ഈ ക്രൂരമർദനത്തിന്റെ ദൃശ്യങ്ങളില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
പൊതുജനങ്ങളോടുള്ള പോലീസിന്റെ പ്രതികരണത്തിൽ ജനങ്ങളിൽ ഭൂരിപക്ഷവും തൃപ്തരല്ല. ആരോടും മോശമായി പെരുമാറാൻ തങ്ങൾക്ക് അവകാശമുണ്ടെന്നു കരുതുന്ന പോലീസുകാർക്ക് പക്ഷേ, അധികാരവും സ്വാധീനവുമുള്ളവരെ കാണുന്പോൾ ശൗര്യം കുറയും.
ഭരണകക്ഷിയിൽപ്പെട്ട ലോക്കൽ നേതാക്കൾക്കും വിരട്ടാൻ കഴിയുംവിധം പോലീസിന്റെ ആത്മധൈര്യം തകർന്നിട്ടുണ്ട്. എല്ലാ രാഷ്ട്രീയക്കാർക്കും ഈ അപചയത്തിൽ പങ്കുണ്ടെങ്കിലും പോലീസ് സ്റ്റേഷൻ ഭരണത്തിൽ സിപിഎമ്മിന്റെ മേൽക്കൈ തള്ളിക്കളയാനാവില്ല. കസ്റ്റഡിയിലെടുത്ത പാർട്ടിക്കാരെ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് രണ്ടു പാർട്ടി നേതാക്കൾ ഇതേ സ്റ്റേഷനിലെത്തി പോലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും രണ്ടു മാസം മുന്പ് പുറത്തുവന്നിരുന്നു.
പാർട്ടിയുടെ ഉന്നതനേതാക്കൾ വരെ പോലീസ് സ്റ്റേഷനിലെത്തി ഭീഷണി മുഴക്കുന്നതിൽ തെറ്റൊന്നും കാണാത്തതിനാൽ താഴേത്തട്ടിലുള്ളവർക്ക് അതിൽ ഉളുപ്പൊന്നും തോന്നില്ല. പക്ഷേ, ജനാധിപത്യത്തിൽ ഇത്തരം നാട്ടുപ്രമാണി ശൈലിയൊക്കെ വച്ചുപൊറുപ്പിക്കരുതാത്തതാണ്. അല്ലെങ്കിൽ പാർട്ടിക്കാർക്കു വേണ്ടാത്ത നിയമങ്ങളും നിയന്ത്രണങ്ങളും മറ്റുള്ളവർക്കും വേണ്ടെന്നു വയ്ക്കണം; അതാകും എളുപ്പം.