ന്യൂനപക്ഷ സ്കോളർഷിപ്പിന് തലതിരിഞ്ഞ നടപടികൾ
മികവുള്ള വിദ്യാർഥികളെ പഠനരംഗത്തു കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയിരിക്കുന്നതാണ് സ്കോളർഷിപ്. അതു ലഭിക്കാൻ വിദ്യാർഥികൾ ഇതുപോലെ ദുരിതപർവം താണ്ടണമെന്നു വന്നാൽ കഷ്ടം തന്നെ.
ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്നതിൽ ഗവേഷണം നടത്തുകയാണോ ഇവർ? സർക്കാർ സംവിധാനങ്ങളുടെ ചില നടപടികളും പ്രവർത്തനങ്ങളുമൊക്കെ കാണുന്പോൾ പലപ്പോഴും തികട്ടി വന്നിട്ടുള്ള ചോദ്യമാണിത്. അത് ഒരിക്കൽക്കൂടി ചോദിക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് നമ്മുടെ വിദ്യാഭ്യാസ വകുപ്പ്. കൊട്ടിഘോഷിച്ച് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കും. എന്നാൽ, പലപ്പോഴും അർഹതപ്പെട്ടവർ അതൊന്നു വാങ്ങിച്ചെടുക്കാൻ പെടാപ്പാട് പെടേണ്ടിവരും.
ആവശ്യമുള്ളതും ഇല്ലാത്തതുമായ നൂലാമാലകൾ എല്ലാമുണ്ടാക്കി ജനങ്ങളെ ചുറ്റിക്കുകയെന്നതു പലപ്പോഴും സർക്കാർ സംവിധാനങ്ങളുടെ ഒരു വിനോദമാണ്. ആനുകൂല്യങ്ങളും അവകാശങ്ങളുമൊക്കെ വാങ്ങിച്ചെടുക്കാനുള്ള ക്ലേശമോർക്കുന്പോൾ പലരും അതിനു പിന്നാലെ പോകേണ്ട എന്നു തീരുമാനിക്കുന്നതും പതിവ് സംഭവം.
2022-23 വർഷത്തെ ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ്പുമായി ബന്ധപ്പെട്ടു സംസ്ഥാന വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവ്, എന്താണ് സർക്കാർ നൂലാമാല എന്നതിനു കൃത്യമായ ഉത്തരം നൽകുന്നതാണ്. 2022-23 വർഷത്തെ പ്രീ മെട്രിക് സ്കോളർഷിപ്പിനായി അപേക്ഷിച്ച ഒരു വിദ്യാർഥിക്കുപോലും അപേക്ഷിച്ച് ഒരു വർഷം കഴിഞ്ഞിട്ടും സ്കോളർഷിപ് ലഭിച്ചിട്ടില്ല. ഉടനെ സ്കോളർഷിപ് തുക അക്കൗണ്ടിലെത്തുമെന്നു കാത്തിരുന്നവരെ തേടി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ ഉപഡയറക്ടറുടെ വിചിത്രമായ ഒരു ഉത്തരവാണ് എത്തിയത്. സ്കോളർഷിപ്പിന് അപേക്ഷിച്ചവർ ഈ മാസം ഇരുപതിനകം ബയോമെട്രിക് ഒഥന്റിഫിക്കേഷനു വേണ്ടി സ്കൂളുകളിൽ നേരിട്ടു ഹാജരാകണം എന്നതായിരുന്നു ഉത്തരവ്.
ദീപിക ഈ വിവരം പുറത്തുകൊണ്ടുവന്നതോടെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ വാർത്തയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ കേസെടുത്തിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറും ന്യൂനപക്ഷ വകുപ്പ് ഡയറക്ടറും വിഷയം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ അഡ്വ. എ.എ. റഷീദ് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ അധ്യയന വർഷം സ്കോളർഷിപ്പിന് അപേക്ഷിച്ചവരോടാണ് ഒരു വർഷം പിന്നിടുന്പോൾ ബയോമെട്രിക് ഓഥന്റിഫിക്കേഷനായി സ്കൂളുകളിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതിൽനിന്നുതന്നെ എത്രമാത്രം താത്പര്യത്തോടെയും കാര്യക്ഷമതയോടെയുമാണ് ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നതെന്നു വ്യക്തം. കഴിഞ്ഞ വർഷം പത്താം ക്ലാസ് കഴിഞ്ഞവർ മറ്റു ജില്ലകളിലടക്കം പ്ലസ് ടുവിനു ചേർന്നു. പ്ലസ് ടു കഴിഞ്ഞവർ നഴ്സിംഗ് അടക്കമുള്ള കോഴ്സുകൾക്കായി മറ്റു സംസ്ഥാനങ്ങളിലേക്കുതന്നെ ഇതിനകം പോയിക്കഴിഞ്ഞു. അപ്പോഴാണ് സ്കോളർഷിപ് ലഭിക്കണമെങ്കിൽ സ്കൂളുകളിൽ നേരിട്ടെത്തി ബയോമെട്രിക് വിവരങ്ങൾ കൊടുക്കണമെന്ന ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
ഇത്രയും കാലം ഉറങ്ങുകയായിരുന്നോ അധികൃതർ? സ്കോളർഷിപ് അർഹതപ്പെട്ടവർക്കു ലഭ്യമാക്കണമെന്നതാണോ നിങ്ങളുടെ ലക്ഷ്യം അതോ പരമാവധി പേരെ ഇതിൽനിന്ന് എങ്ങനെയും ഒഴിവാക്കിയെടുക്കുക എന്നതോ? സാമാന്യബുദ്ധിയെങ്കിലും ഇക്കാര്യത്തിൽ പ്രവർത്തിച്ചിരുന്നെങ്കിൽ ഇതുപോലൊരു ഉത്തരവ് ഇറങ്ങില്ലായിരുന്നുവെന്നതാണ് സത്യം. സ്കോളർഷിപ്പിന് അപേക്ഷിച്ചവരുടെ ബയോ മെട്രിക് വിവരങ്ങൾ ആവശ്യമുണ്ടായിരുന്നെങ്കിൽ അപേക്ഷ ലഭിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ അവ ശേഖരിക്കാൻ കഴിയുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാൽ, സർക്കാർ കാര്യം മുറപോലെ എന്ന പരിഹാസമൊഴി ഒരിക്കൽക്കൂടി ആവർത്തിച്ച് ഉറപ്പിക്കുന്ന നടപടിയാണ് വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഉണ്ടായിരിക്കുന്നത്.
മികവുള്ള വിദ്യാർഥികളെ പഠനരംഗത്തു കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയിരിക്കുന്നതാണ് സ്കോളർഷിപ്. അതു ലഭിക്കാൻ വിദ്യാർഥികൾ ഇതുപോലെ ദുരിതപർവം താണ്ടണമെന്നു വന്നാൽ കഷ്ടം തന്നെ. ന്യൂനപക്ഷ സ്കോളർഷിപ് അടക്കമുള്ള കാര്യങ്ങളിൽ ക്രൈസ്തവർ അടക്കമുള്ളവർ നേരിട്ടിരുന്ന വിവേചനം കോടതി ഉത്തരവിലൂടെ ഒരു പരിധിവരെ മറികടന്ന് അതിന്റെ ഗുണം വിദ്യാർഥികൾക്കു കിട്ടിത്തുടങ്ങിയ കാലത്താണ് ഇതുപോലെയുള്ള സർക്കാർ നടപടികൾ തിരിച്ചടിയായി മാറുന്നത്.
ഇതര സംസ്ഥാനങ്ങളിലേക്കും മറ്റും പഠിക്കാനായി പോയ വിദ്യാർഥികൾ ഒഥന്റിഫിക്കേഷനു വേണ്ടി അടിയന്തരമായി നാട്ടിലെത്തണമെങ്കിൽ സ്കോളർഷിപ്പായി കിട്ടുന്ന തുകയേക്കാൾ കൂടുതൽ ചെലവഴിക്കേണ്ട സ്ഥിതിയാണ്. ഇതിനിടെ, ഒഥന്റിഫിക്കേഷനു നാട്ടിലുണ്ടായിരുന്ന ചില വിദ്യാർഥികൾ സ്കൂളുകളിൽ എത്തിയപ്പോൾ സെർവർ പ്രശ്നമായതിനാൽ പലർക്കും ചെയ്യാൻ കഴിഞ്ഞില്ല എന്നതു മറ്റൊരു ദുരന്തം.
സർക്കാർ സേവനം വാതിൽപ്പടിയിൽ എന്ന മുദ്രാവാക്യത്തിനു പ്രചാരം കൊടുത്തുകൊണ്ടിരിക്കുന്ന കാലത്താണ് ഇതുപോലുള്ള തലതിരിഞ്ഞ നടപടികളിലൂടെ സർക്കാർ സംവിധാനങ്ങൾതന്നെ പരിഹാസ്യമായി മാറുന്നത്. അനവസരത്തിൽ ഇറങ്ങിയ ഉത്തരവ് പ്രകാരം ബയോമെട്രിക് വിവരങ്ങൾ പഠിച്ചിരുന്ന സ്കൂളിലെത്തി നൽകിയില്ലെന്നതിന്റെ പേരിൽ വിദ്യാർഥികൾക്ക് സ്കോളർഷിപ് നിഷേധിക്കുകയാണെങ്കിൽ അത് അവരോടു കാണിക്കുന്ന കടുത്ത അനീതിയായിരിക്കുമെന്നതിൽ സംശയമില്ല. സാമാന്യയുക്തിക്കു ചേരുന്ന നീതിപൂർവകമായ നടപടി ഇക്കാര്യത്തിൽ സ്വീകരിക്കുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്.