വിരൽ ചോദിച്ചില്ലല്ലോ, ആ മനസ് മുറിക്കരുത്
മനഃപൂർവമായോ അല്ലാതെയോ തങ്ങൾ വരുത്തിയ പിഴവിന് യഥാർഥ ഗുരു-ശിഷ്യ ബന്ധത്തിലൂടെ പരിഹാരം ചെയ്യാനുള്ള കടമ ഇവർ ഏറ്റെടുക്കുമെന്നു കരുതാം.
ലോകത്തിന്റെ ഭാവി ഇന്ന് എന്റെ ക്ലാസ് മുറിയിലാണ് - പ്രമുഖ അമേരിക്കൻ വിദ്യാഭ്യാസ വിദഗ്ധനായ ഇവാൻ വെൽട്ടൺ ഫിറ്റ്സ്വാട്ടറിന്റെ ഈ വാക്കുകളും എറണാകുളം മഹാരാജാസ് കോളജിന്റെ പവിത്രമായ ക്ലാസ് മുറിയിൽ അരങ്ങേറിയ ആ കാഴ്ചകളും ചേർത്തുവച്ചു ചിന്തിച്ചാൽ ഏതൊരു മനുഷ്യസ്നേഹിക്കും ഭയം തോന്നും. ഇതായിരിക്കുമോ നമ്മെ കാത്തിരിക്കുന്ന ഭാവി? ചരിത്രമുറങ്ങുന്ന, നിരവധി മഹാരഥൻമാർ വിദ്യ നുകർന്ന, ഗുരുത്വത്തിന്റെയും ശിഷ്യത്വത്തിന്റെയും മഹത്കഥകൾ വിളംബരം ചെയ്തിട്ടുള്ള മഹാരാജാസ് കോളജ് ഈ ക്ലാസ് മുറി കാഴ്ചകളുടെ പേരിൽ ഇനിയെത്ര കാലം തലകുന്പിട്ടു നിൽക്കേണ്ടിവരും?
കാഴ്ചപരിമിതിയുള്ള ഒരു അധ്യാപകൻ ക്ലാസ് എടുക്കവേ ഒരു സംഘം വിദ്യാർഥികൾ അദ്ദേഹത്തിന്റെ പരിമിതിയെ മുതലെടുത്തുകൊണ്ട് കബളിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന അത്യന്തം ഹീനമായ ഒരു കാഴ്ചയാണ് ആ ക്ലാസ് മുറിയിൽനിന്നു പുറത്തേക്കു വന്നത്. അധ്യാപകൻ ക്ലാസ് നയിക്കവേ അദ്ദേഹം അറിയാതെ ക്ലാസിലേക്കു പ്രവേശിക്കുകയും അദ്ദേഹത്തിന്റെ പിന്നിൽ പോയിനിന്നു ചേഷ്ട കാണിക്കുകയും അതു മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്യുന്നതിന്റെ വീഡിയോ അതീവ വേദനയോടെയാണ് കേരളം കണ്ടത്.
അധ്യാപകന്റെ ക്ലാസ് ശ്രദ്ധിക്കാതെ മൊബൈൽ ഫോണിൽ തോണ്ടി സമയം കളയുന്ന വിദ്യാർഥികളെയും ആ വീഡിയോയിൽ കാണാമായിരുന്നു. ക്ലാസിലെതന്നെ മറ്റൊരു വിദ്യാർഥി പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നമ്മുടെ വിദ്യാഭ്യാസ സംസ്കാരത്തിനുതന്നെ അപമാനകരമായ ഈ കാഴ്ചകൾ നമ്മുടെ മനസിനെയും കുത്തിനോവിച്ചത്. ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ വിദ്യാർഥികളാണ് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ക്ലാസ്മുറിയിൽ അധ്യാപകനെ ഇങ്ങനെ അപമാനിച്ചതും ശിഷ്യത്വത്തിനു കളങ്കം ചാർത്തിയതും.
യുപി സ്കൂളിലോ ഹൈസ്കൂളിലോ നടന്ന ദൃശ്യങ്ങൾ ആയിരുന്നെങ്കിൽ പക്വതയില്ലാത്ത പ്രായത്തിന്റെ പിഴവെന്നോ അതിരുവിട്ട കുട്ടിക്കളിയെന്നോ ഒക്കെ കരുതി ഒരു പരിധിവരെ ഇത് അവഗണിക്കുകയും ക്ഷമിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ, ബിരുദധാരികളായി പൊതുമണ്ഡലത്തിലേക്ക് ഇറങ്ങാനൊരുങ്ങുന്ന വിദ്യാർഥികളുടെ ഭാഗത്തുനിന്നാണ് ഇങ്ങനെയൊരു പെരുമാറ്റം ഉണ്ടായതെന്നതാണ് ഏറെ സങ്കടകരവും ആശങ്കാജനകവും. സോഷ്യൽ മീഡിയയും റീൽസുമൊക്കെ അധ്യാപകവേഷം കെട്ടുന്ന കാലത്തിന്റെ കെട്ടുകാഴ്ചയാണ് ഇതെന്നു പറയാം.
‘മാതാ പിതാ ഗുരു ദൈവം’ എന്നു മനസിൽ കോറിയിട്ടു കടന്നുപോയ തലമുറകൾക്ക് ഈ കാഴ്ച സമ്മാനിക്കുന്ന വേദന പറഞ്ഞറിയിക്കാവുന്നതല്ല.
പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. സി.യു. പ്രിയേഷിനാണ് സ്വന്തം വിദ്യാർഥികളിൽനിന്ന് ഇങ്ങനെയൊരു മുറിവ് നേരിടേണ്ടിവന്നത്. സ്വന്തം അധ്യാപകനോടുപോലും സമാന്യമര്യാദ കാണിക്കാൻ കഴിയുന്നില്ലെങ്കിൽ ഏതു പൊളിറ്റിക്കൽ സയൻസ് പഠിച്ചിട്ടും എന്തു കാര്യം? പരീക്ഷയിൽ ജയിക്കുകയാണോ അതോ നല്ല വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുകയാണോ നമ്മുടെ വിദ്യാഭ്യാസ സന്പ്രദായത്തിന്റെ കാതലായി വർത്തിക്കേണ്ടതെന്ന ചോദ്യം പ്രസക്തമാകുന്നതും ഇവിടെയാണ്.
അധ്യാപകൻ എന്നതു പോകട്ടെ, ശാരീരികന്യൂനതയുള്ള ഏതൊരാളോടും ആരും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ക്രൂരവിനോദത്തിനാണ് ആ ക്ലാസ്മുറി സാക്ഷ്യം വഹിച്ചത്. ഇത് യാദൃച്ഛികമായി ഒരു ദിവസം അവിടെ നടന്ന സംഭവവും ആകാൻ സാധ്യതയില്ലെന്നാണ് ആ ദൃശ്യങ്ങളിലെ സാഹചര്യങ്ങളിൽനിന്നു വ്യക്തമാകുന്നത്.
ഇത്തരം സംഭവങ്ങൾ ഇതിനു മുന്പും ഈ ക്ലാസ്മുറിയിൽ നടന്നിട്ടുണ്ടാവണം. വ്യക്തികളെയും ബന്ധങ്ങളെയും പരിമിതികളെയും വരെ തമാശകൾക്കും കോപ്രായങ്ങൾക്കും ഇരകളാക്കി സന്തോഷിക്കുന്ന ഒരു മാനസികാവസ്ഥ സോഷ്യൽ മീഡിയ യുഗം പുതുതലമുറയിൽ സൃഷ്ടിച്ചെടുത്തിട്ടുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംഭവം വിവാദമായതോടെ അധ്യാപകന്റെ മേന്മയെക്കുറിച്ചു റീൽസ് ചെയ്യുകയായിരുന്നു തങ്ങളുടെ ഉദ്ദേശ്യമെന്നു പറഞ്ഞു തടിതപ്പാനാണ് ഈ വിദ്യാർഥികൾ ശ്രമിച്ചത്. ക്ലാസ് നടക്കുന്പോൾ ക്ലാസ്മുറിയിൽ മൊബൈൽ ഫോണുകൾ അനുവദനീയമാണോയെന്നതാണ് ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം.
എന്തായാലും സംഭവം വാർത്തയായതോടെ വിദ്യാർഥികൾ സസ്പെൻഷനിലായി, അന്വേഷിക്കാൻ പോലീസും എത്തി. എന്നാൽ, പെരുമാറ്റത്തിൽ സങ്കടമുണ്ടെങ്കിലും പരാതി നൽകാനില്ലെന്നു നിലപാടെടുത്ത് തന്നെ അപമാനിച്ചവരെപ്പോലും ചേർത്തുപിടിച്ചിരിക്കുകയാണ് ഈ അധ്യാപകൻ. തങ്ങളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിൽ പശ്ചാത്തപിക്കാനും അതു തിരുത്താനുമുള്ള വലിയ അവസരം കൂടിയാണ് ഈ അധ്യാപകൻ അവർക്കു മുന്നിൽ തുറന്നിരിക്കുന്നത്. മനഃപൂർവമായോ അല്ലാതെയോ തങ്ങൾ വരുത്തിയ പിഴവിന് യഥാർഥ ഗുരു-ശിഷ്യ ബന്ധത്തിലൂടെ പരിഹാരം ചെയ്യാനുള്ള കടമ ഇവർ ഏറ്റെടുക്കുമെന്നു കരുതാം. നാളെ ഈ അധ്യാപകന്റെ ക്ലാസിലെ ഏറ്റവും നല്ല വിദ്യാർഥികളായി, മഹാരാജാസ് കോളജിന്റെ അഭിമാനമായി ഇവർ പടിയിറങ്ങുന്ന കാഴ്ചയ്ക്കാണ് സാസംകാരിക കേരളം കൊതിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നത്. അതായിരിക്കണം നമ്മുടെ ഭാവി. ഏകലവ്യനെപ്പോലെ ആരും ഗുരുവിനു വിരൽ മുറിച്ചു കൊടുക്കേണ്ടതില്ല, മനസു മുറിയാതെ ക്ലാസ് മുറിയിൽനിന്നു പോകാൻ അവരെ അനുവദിച്ചാൽ മാത്രം മതിയാകും.
ആയിരം ദിവസത്തെ ഉത്സാഹത്തോടെയുള്ള പഠനത്തേക്കാൾ മികച്ചത് ഒരു നല്ല അധ്യാപകനോടൊപ്പം ഒരു ദിവസമാണ്- പ്രശസ്തമായ ഈ ജാപ്പനീസ് പഴമൊഴി വിദ്യാർഥികളേ, നിങ്ങൾക്കുള്ളതാണ്.