കണ്ടെത്താം ഇന്ത്യയെ
ബ്രിട്ടീഷുകാർ പോയി. പക്ഷേ, സമരങ്ങൾ അവസാനിച്ചില്ല. പാവങ്ങളും ദളിതരും ആദിവാസികളും സ്ത്രീകളുമൊക്കെ സന്പത്തിന്റെയോ വിവേചനത്തിന്റെയോ മേൽക്കോയ്മയുടെയോ ആഭ്യന്തര ശക്തികൾക്കെതിരേ അവസാനിക്കാത്ത സ്വാതന്ത്ര്യസമരങ്ങളിൽ തുടരുകയാണ്.
നീണ്ട ഒരു ദുരിതകാലത്തിനു പരിസമാപ്തി കുറിച്ച് ഇന്ത്യ ഒരിക്കൽകൂടി സ്വയം കണ്ടെത്തുകയാണെന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഉദ്ഘോഷിച്ച സ്വാതന്ത്ര്യത്തിന്റെ അർധരാത്രി 76 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. നാമതു കണ്ടെത്തുകയാണോ മറന്നുകളയുകയാണോ ചെയ്തതെന്നു ചോദിച്ചുകൊണ്ട് ഒരു സ്വാതന്ത്ര്യദിനംകൂടി പുലർന്നിരിക്കുന്നു. അടിമത്തത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽനിന്നു പുറത്തുകടക്കാൻ സാമ്രാജ്യത്വത്തോടു പൊരുതി ജീവൻ വെടിഞ്ഞ രക്തസാക്ഷികളോടും, ഒരു ജനതയെ മുന്നിൽ നിന്നു നയിച്ച നേതാക്കളോടുമുള്ള ആദരവോടെയല്ലാതെ നമുക്ക് ഈ പ്രഭാതത്തിലേക്കു കണ്ണു തുറക്കാനാവില്ല.
സ്വാതന്ത്ര്യത്തിന്റെ കാറ്റേറ്റു പാറിപ്പറക്കുന്ന ത്രിവർണപതാകകളിൽ ആ മഹത്തുക്കളുടെ ത്യാഗത്തിന്റെ അദൃശ്യമുദ്രയുണ്ട്. ഒരുമയോടെ അതുയർത്താനാകുന്നില്ലെങ്കിൽ ഒരിക്കൽകൂടി നാം സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു.
1947 ഓഗസ്റ്റ് 14ന് അർധരാത്രിയിൽ ആകാശവാണിയിലൂടെ ജവഹർലാൽ നെഹ്റു നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലെ വാക്കുകൾ, അപരിചിതമായിരുന്ന സ്വാതന്ത്ര്യത്തെ നേരിൽ കണ്ടവരുടെ അടക്കാനാവാത്ത ആഹ്ലാദത്തിന്റെയും ഭാവിയെക്കുറിച്ചുള്ള സ്വപ്നത്തിന്റെയും മുഴക്കമായിരുന്നു.
സ്വതന്ത്ര ഇന്ത്യയിൽ ജനിച്ചവർക്ക് ആ വാക്കുകൾ കേൾക്കാനല്ലാതെ അനുഭവിക്കാനായെന്നുവരില്ല. അക്കാലത്തു ജീവിച്ചിരുന്നിട്ടും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്ത കാഴ്ചക്കാർക്കാകട്ടെ, അതു കേൾക്കുന്നതും അരോചകമായിരിക്കും. നെഹ്റു പ്രസംഗം തുടങ്ങിയത് ഇങ്ങനെയായിരുന്നു: “ദീര്‍ഘകാലം മുന്‍പ്, വിധിയുമായി നമ്മള് ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ആ സമയം ആഗതമായിരിക്കുന്നു. നമ്മുടെ പ്രതിജ്ഞ ദൃഢമായും സമഗ്രതയിലും നിറവേറ്റാനുള്ള സമയം. ഇന്ന് അര്‍ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങുന്ന സമയത്ത്, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നുയരും.” 76 സ്വതന്ത്ര വർഷങ്ങൾ! നാം പുതുക്കേണ്ട പ്രതിജ്ഞകളുടെ പട്ടിക വിപുലമാകുകയാണോ?
ബ്രിട്ടീഷുകാർ പോയി. പക്ഷേ, സമരങ്ങൾ അവസാനിച്ചില്ല. പാവങ്ങളും ദളിതരും ആദിവാസികളും സ്ത്രീകളുമൊക്കെ സന്പത്തിന്റെയോ വിവേചനത്തിന്റെയോ മേൽക്കോയ്മയുടെയോ ആഭ്യന്തര ശക്തികൾക്കെതിരേ അവസാനിക്കാത്ത സ്വാതന്ത്ര്യസമരങ്ങളിൽ തുടരുകയാണ്. ഒരു വിഭജനകാലത്തിന്റെ ഇനിയുമുണങ്ങാത്ത മുറിവുകളിൽനിന്നു പഠിക്കാതെ, മതഭ്രാന്തിന്റെ അനിവാര്യ ദുരന്തമെന്നോണം കൂടുതൽ വിഭജനങ്ങൾ സൃഷ്ടിക്കുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കൊലവെറിയുടെയും വ്രണങ്ങൾ മാന്തിപ്പൊളിച്ച് ഉണങ്ങാതെ നിർത്തുകയാണ്, മണിപ്പുരിലും ഹരിയാനയിലുമൊക്കെ. സ്വന്തം അയൽപക്കങ്ങളിലേക്കു പോലും കടന്നുചെല്ലാൻ ഭയപ്പെടുന്നവർ ശത്രുവെത്താതിരിക്കാൻ ആയുധങ്ങളുമായി ഗ്രാമാതിർത്തിയിൽ കാവൽ നിൽക്കുന്നു, രാജ്യാതിർത്തിയിലെന്നപോലെ. സ്വതന്ത്ര ഇന്ത്യയാണിത്!
ഐറിഷ് സഹകരണത്തോടെ ജർമൻ സംഘടനയായ വെൽറ്റ് ഹങ്കർ ഹിൽഫെ തയാറാക്കിയ ആഗോള പട്ടിണിസൂചികയിൽ 121 രാജ്യങ്ങളിൽ ഇന്ത്യ 107-ാമത്. റിപ്പോര്‍ട്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സിന്റെ മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ 180ൽ 161-ാം സ്ഥാനത്ത്. ശൗചാലയങ്ങളില്ലാത്തതിനാൽ രാജ്യത്തെ 19 ശതമാനം ആളുകളും തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നുവെന്ന റിപ്പോർട്ട് പുറത്തുവിട്ടതിന്, ദേശീയ കുടുംബാരോഗ്യ സർവേയുടെ ഭാഗമായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് മേധാവി പുറത്ത്.
40% പേർക്കും പാചകവാതകം ലഭിക്കുന്നില്ലെന്നും ആ റിപ്പോർട്ടിലുണ്ടായിരുന്നു. സർക്കാരിന്റെ അവകാശവാദങ്ങളെ തള്ളിക്കളയുന്ന കണക്കുകൾ വച്ചുപൊറുപ്പിക്കില്ല. ചില കോടതിവിധികൾ വായിക്കാൻ രസമാണെന്നു സുപ്രീംകോടതിക്കുപോലും പറയേണ്ടിവരുന്നു. കൊന്നും കൊലവിളിച്ചും സ്ത്രീകളെ നഗ്നരാക്കിയും മാനഭംഗപ്പെടുത്തിയും ആളുകൾ പരസ്പരം തോൽപ്പിക്കുന്നു. സർക്കാരുകളും അതിസന്പന്നരുമായുള്ള അവിശുദ്ധ ബന്ധങ്ങൾ ദേശീയതലത്തിലും സംസ്ഥാനങ്ങളിലുമൊക്കെ പുറത്തുവരുന്നു. അഴിമതി മുക്കിനും മൂലയിലും വ്യാപിച്ചു.
കുറ്റവാളികളുമായുള്ള ബന്ധത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട പോലീസുകാരുടെ നൂറിരട്ടി ഇപ്പോഴും അകത്തിരുന്നു ക്രമസമാധാനം പാലിക്കുകയാണ്! കോടാനുകോടി രൂപയുടെ മയക്കുമരുന്നുകൾ പിടിച്ചിട്ടും നാട്ടിലെങ്ങും സുലഭം. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവർ കൊലപാതകികളാകുന്പോൾ മാതാപിതാക്കളുൾ ഉൾപ്പെടെ പിടഞ്ഞുവീഴുന്നു. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയവർ ജനങ്ങളെ ഭയപ്പെടുത്തുന്നു.
രാജ്യത്ത് നല്ലതൊന്നും നടക്കുന്നില്ലെന്നല്ല, അതിനെയൊക്കെ അപ്രസക്തമാക്കുന്നതും ഭരണകൂട പിന്തുണയുള്ളതെന്നു കരുതേണ്ടിവരുന്നതുമായ അക്രമങ്ങളും അഴിമതിയും വർഗവിഭജനവുമൊക്കെ നാടിനെ നശിപ്പിക്കുന്നതു കണ്ടില്ലെന്നു നടിക്കാനാവില്ല. 76 വർഷം ഭരിച്ചവർക്കൊക്കെ ഉത്തരവാദിത്വമുണ്ടെങ്കിലും വിഭാഗീയ ചിന്തകൾ പൂർവാധികം ശക്തി പ്രാപിച്ചിരിക്കുകയാണ്.
വർഗീയതയും തീവ്രവാദവും നിലനിർത്തിക്കൊണ്ട് ആർജിക്കുന്ന വികസനങ്ങളൊന്നും പുരോഗതിയുടെ ഫലം കാണില്ല. അമേരിക്കൻ എഴുത്തുകാരനായ വില്യം ഫോക്നർ പറയുന്നത്, “സ്വാതന്ത്ര്യമുണ്ടെന്ന് അവകാശപ്പെടുന്പോഴല്ല, അത് അനുഷ്ഠിക്കാനാകുന്പോഴാണ് നാം സ്വതന്ത്രരാകുന്നത്”എന്നാണ്. അതേ, ഇന്നത്തെ പരേഡുകളിലും ആഘോഷങ്ങളിലുമല്ല, 140 കോടി ജനങ്ങൾക്കും അത് അനുഭവിക്കാനാകുന്പോഴാണ് നാം സ്വതന്ത്രരാണെന്നു പറയാനാകുന്നത്. ആ സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ്.
സ്വാതന്ത്ര്യദിനാശംസകൾ!