മാറ്റുന്ന ചട്ടങ്ങളും കുറ്റമറ്റതാകട്ടെ
ഇന്ത്യൻ ശിക്ഷാനിയമത്തിനു പകരം കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ഭാരതീയ ന്യായസംഹിതയുടെ ഗുണദോഷങ്ങൾ ചർച്ച ചെയ്തു തുടങ്ങിയിട്ടേയുള്ളു. ഇന്ത്യ ബ്രിട്ടീഷ് അടിമത്തത്തിൽ കഴിഞ്ഞ കാലത്ത് രൂപീകരിക്കപ്പെട്ട ശിക്ഷാ നിയമങ്ങൾ പ്രധാനമായും അവർക്കുവേണ്ടിയുള്ളതായിരുന്നു. കാലാനുസൃതമായി നാമതു പരിഷ്കരിക്കേണ്ടതാണ്. അതു മാത്രമല്ല, ജനാധിപത്യവും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ലോകത്തുണ്ടായ മാറ്റങ്ങളുമൊക്കെ കൂടുതൽ പുരോഗമനപരമായ നിയമ-ശിക്ഷാ സംഹിതകളുടെ ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ട്. നാം ഉറപ്പാക്കേണ്ടത്, പരിഷ്കാരങ്ങൾ കാലത്തെ പിന്നോട്ടടിക്കാത്തതായിരിക്കണം എന്നതാണ്. കുറ്റവും ശിക്ഷയും എല്ലാ പൗരന്മാരെയും ഭാവിതലമുറയെയും ബാധിക്കുന്നതായതിനാൽ വിമർശനങ്ങളെയും തിരുത്തലുകളെയും ഉൾപ്പെടുത്തി കുറ്റമറ്റതാകണം.
കഴിഞ്ഞ 11നാണ് ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി), ഇന്ത്യൻ തെളിവു നിയമം (ഐഇഎ) എന്നിവയ്ക്കു പകരമായി മൂന്നു ബില്ലുകൾ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്. 1860ൽ നടപ്പിലാക്കിയ ഐപിസിക്കു പകരം ഭാരതീയ ന്യായ സംഹിത 2023, 1898ൽ നടപ്പിലാക്കിയ സിആർപിസിക്കു പകരം നാഗരിക സുരക്ഷാ സംഹിത 2023, 1872ൽ നടപ്പിലാക്കിയ ഐഇഎയ്ക്കു പകരം സാക്ഷ്യ ബിൽ 2023 എന്നിവയാണ് വരുന്നത്. 2020ലാണ് പരിഷ്കരണ സമിതി രൂപീകരിച്ചത്. ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ അന്നത്തെ വൈസ് ചാൻസലറായിരുന്ന പ്രഫ. ഡോ. രൺബീർ സിംഗ് ആയിരുന്നു സമിതിയുടെ അധ്യക്ഷൻ.
സമിതി 2022 ഫെബ്രുവരിയിൽ സമർപ്പിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ആഭ്യന്തര മന്ത്രാലയം ബില്ലുകൾ തയാറാക്കിയത്. ശിക്ഷിക്കുന്നതിനായി ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമസംഹിതകൾക്കു പകരം നീതി ഉറപ്പാക്കുന്നതിനും പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിഷ്കരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വാക്കുകൾതന്നെയാണ് ആഭ്യന്തര മന്ത്രിയുടേത്.
ഭരണകൂടവും ഭരണം കൈയാളുന്ന പാർട്ടിയും മുന്നണിയുമൊക്കെ നടത്തുന്ന ചർച്ചകളിൽ തെളിയാത്ത അഭിപ്രായങ്ങളും വിയോജിപ്പുകളും ന്യൂനതകളുമൊക്കെ പ്രതിപക്ഷവും പൊതുജനവും മറ്റു നിയമവിദഗ്ധരുമൊക്കെ പരിശോധിക്കുന്പോൾ കണ്ടെന്നുവരാം. അതിനുള്ള അവസരം ഉറപ്പാക്കണം. ലോക്സഭയിലെ ഭൂരിപക്ഷത്തിന്റെയും രാജ്യസഭയിൽ പിന്തുണയ്ക്കുന്നവരുടെയും പിൻബലത്തിൽ പ്രതിപക്ഷത്തിന്റെ എതിർപ്പുകളെ അവഗണിച്ചും സർക്കാരിന് ബില്ലുകൾ പാസാക്കിയെടുക്കാവുന്നതേയുള്ളു. പക്ഷേ, എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതും എല്ലാവർക്കും നീതി ഉറപ്പാക്കുന്നതുമാണെന്ന് ആഭ്യന്ത്രമന്ത്രി വിശേഷിപ്പിച്ച ബില്ലിനെക്കുറിച്ച് അഭിപ്രായം പറയുന്നതിലും വിമർശിക്കുന്നതിലും ആ നീതിയും അവകാശവും കാണാനില്ലെങ്കിൽ അത് എങ്ങനെയാണ് എല്ലാ പൗരന്മാരുടേതുമാകുന്നത്?
സുപ്രീംകോടതിയുടേതുൾപ്പെടെ ഏറെ വിമർശനത്തിനു കാരണമായ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടുന്ന ഐപിസിയിലെ 124-എ എടുത്തുകളഞ്ഞെന്നു പറയുന്നുണ്ടെങ്കിലും സർക്കാരിനു കൂടുതൽ അധികാരവും പൗരസ്വാതന്ത്ര്യത്തിനു കൂടുതൽ നിയന്ത്രണങ്ങളുമേർപ്പെടുത്തി ഭാരതീയ ന്യായ സംഹിതയുടെ 150-ാം വകുപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുകയാണെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. അതുപോലെ, സോഷ്യൽമീഡിയ സംഭാഷണങ്ങളും ഇലക്ട്രോണിക് രേഖകളുമൊക്കെ തെളിവായി സ്വീകരിക്കുന്നതിൽ കൂടുതൽ സാങ്കേതിക കൃത്യത ഉണ്ടായില്ലെങ്കിൽ നിർമിത ബുദ്ധിയുടെ കാലത്ത് വാദി പ്രതിയാകാനിടയുണ്ട്. കൃത്രിമത്വം കണ്ടിപിടിക്കാൻ എളുപ്പമല്ലാത്തവിധം വ്യാജ വീഡിയോകൾ ഉൾപ്പെടെ എന്തും നിർമിച്ചെടുക്കാൻ നിർമിതബുദ്ധിക്കു നിമിഷങ്ങൾകൊണ്ടു സാധിക്കുന്ന കാലത്ത് ശിക്ഷിക്കപ്പെട്ടില്ലെങ്കിൽപോലും വ്യാജ തെളിവുകളാൽ നിരപരാധികളെ കേസിൽ കുടുക്കിയിടാൻ അവസരമുണ്ടായേക്കും.
ചെറിയ കുറ്റങ്ങൾക്ക് സാമൂഹികസേവനം പരിഹാരമായി വിധിക്കുന്നതും ഏഴു വർഷത്തിലധികം ശിക്ഷ ലഭിക്കുന്ന കേസുകൾ ഇരയുടെ സമ്മതമില്ലാതെ പിൻവലിക്കാനാവാത്തതുമൊക്കെ സ്വാഗതാർഹമാണെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. പക്ഷേ, 99 നല്ല കാര്യങ്ങളുടെ മഹത്വങ്ങൾ ഉണ്ടായാൽ പോലും ഒരു വകുപ്പിന്റെ ന്യൂനതയാൽ ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതല്ലോ.
ഏതൊരു നിയമസംഹിതയുടെയും ധർമസംസ്ഥാപനം അതു കൈകാര്യം ചെയ്യുന്നവരെയും ആശ്രയിച്ചിരിക്കുന്നു. ഒരേ നിയമം പല സർക്കാരുകളും എന്നല്ല, പല കോടതികളും പലവിധത്തിൽ ഉപയോഗിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാറുണ്ട്. ജനാധിപത്യത്തിൽനിന്നുള്ള സർക്കാരുകളുടെ അകൽച്ചയാണ് നിയമസംഹിതകളുടെ പഴുതുകളാൽ ശത്രുനിഗ്രഹത്തിനുള്ള അവസരം തേടാൻ പ്രേരിപ്പിക്കുന്നത്.
നാം ഇന്ത്യക്കാരുടെ ജീവിതത്തെ കൂടുതൽ സംതൃപ്തവും ഭയരഹിതവുമാക്കുന്നതിനാവണം പുതിയ നിയമസംഹിത. അത്, കുറ്റത്തെയും ശിക്ഷയെയുമല്ലാതെ, വ്യക്തികളെയോ സമൂഹത്തെയോ ലക്ഷ്യമിടുന്നതാണെന്ന വിമർശനുമുണ്ടാകരുത്. അത്, എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്നതും ഭരണഘടന ഉറപ്പുനൽകുന്നതൊന്നും നിഷേധിക്കാത്തതും ജനാധിപത്യത്തെയും മതേതരത്വത്തെയും സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും മാനിക്കുന്നതുമാകണം.