ഹരിയാനയിൽ ആദ്യം സമാധാനമുണ്ടാക്കുകയാണു വേണ്ടത്. സർക്കാർ നിഷ്പക്ഷമായിരിക്കണമെന്ന് ഓർമിപ്പിക്കേണ്ടിവരുന്നത് ഖേദകരമാണെങ്കിലും പറയാതെ വയ്യ. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം.
മതം, ജാതി, വംശം, ഗോത്രം... എല്ലാം തെരുവിലേക്ക് ഇറങ്ങുന്ന കാഴ്ചയാണ് രാജ്യത്ത് പലയിടത്തും. സഹജീവിയുടെ ജീവനെടുക്കുന്ന കലാപങ്ങളുമായി മനുഷ്യർ കൂടുതലിടങ്ങളിലേക്കു പായുകയാണ്. മണിപ്പുരിലെ കെടാത്ത തീയിൽ ശ്വാസം മുട്ടുന്നതിനിടെയാണ് ഹരിയാനയിൽ തീപ്പൊരിയിട്ടിരിക്കുന്നത്. സംഘർഷം അതിർത്തി കടന്നെത്തിയേക്കാമെന്ന ഭയത്താൽ മുൻകരുതലുകളെടുക്കുകയാണ് ഡൽഹിയും ഉത്തർപ്രദേശും രാജസ്ഥാനുമൊക്കെ. തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്നത് ഭീതി വർധിപ്പിക്കുന്നു. ധ്രുവീകരണങ്ങളിലൂടെ നേട്ടം കൊയ്യാനാഗ്രഹിക്കുന്നവരുടെ ആസൂത്രണങ്ങൾ പ്രവചിക്കാനാവില്ല. വെറുപ്പിന്റെ തീപ്പൊരികൾക്കു ദഹിപ്പിക്കാനാവാത്തവിധം നാം പരസ്പരം കാവൽക്കാരാകുകയാണു വേണ്ടത്.
ഹരിയാനയിലെ നൂഹിൽ അഞ്ചു ദിവസം മുന്പാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കുനേരേ ഒരു കൂട്ടമാളുകൾ നടത്തിയ കല്ലേറ് കലാപത്തിലേക്കു വഴിമാറുകയായിരുന്നു. രണ്ടു പോലീസുകാർ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. നിരവധിപേർക്കു പരിക്കേറ്റിട്ടുണ്ട്. അക്രമികൾ കടകളും വാഹനങ്ങളുമൊക്കെ കത്തിച്ചു. 116 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ അറിയിച്ചു. 30 കമ്പനി പൊലീസിനെയും 20 കമ്പനി കേന്ദ്രസേനയെയും സംഘർഷമേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ കേന്ദ്രസേനയെ അയയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കലാപക്കേസുകൾ അന്വേഷിക്കാൻ എസ്ഐടി രൂപീകരിക്കുമെന്ന് ഹരിയാന ഡിജിപി പി.കെ. അഗർവാൾ അറിയിച്ചു. ബജ്രംഗ് ദൾ പ്രവർത്തകനായ മോനു മനേസറിന്റെ പങ്ക് പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു.
മനേസർ കന്നുകാലി കച്ചവടക്കാരായ രണ്ടു മുസ്ലിംകളെ കൊന്ന കേസിൽ ആരോപണവിധേയനാണ്. താൻ ഘോഷയാത്രയിൽ പങ്കെടുക്കുമെന്ന് അയാൾതന്നെ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത് വിവാദമായിരുന്നു. ഘോഷയാത്രയ്ക്കു നേരേയുണ്ടായ കല്ലേറു മുതൽ ആയുധമേന്തിയവരുടെ പങ്കാളിത്തമുൾപ്പെടെ അന്വേഷണ വിധേയമാക്കണം. ഘോഷയാത്രയിൽ പങ്കെടുത്തവർ വാളുമായി എത്തിയത് എന്തിനാണെന്നു ചോദിച്ചത് കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിംഗാണ്. വാളും വടിയും ദണ്ഡുകളുമായിട്ടാണോ ഘോഷയാത്രയിൽ പങ്കെടുക്കേണ്ടതെന്നും ആരാണ് വാളുകൾ നൽകിയതെന്നും അദ്ദേഹം ചോദിച്ചു. ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിതൊക്കെ. കലാപത്തിനു പിന്നിലുള്ളവരെയും നിയമത്തിനു മുന്നിലെത്തിച്ചില്ലെങ്കിൽ ഇതിനു പരിഹാരമുണ്ടാകില്ല.
ജനങ്ങൾ സമാധാനവും ഐക്യവും നിലനിർത്തണമെന്നും പോലീസിനോ സൈന്യത്തിനോ പോലും ഇക്കാര്യത്തിൽ ഒരുറപ്പും നൽകാനാവില്ലെന്നും എല്ലാവരെയും സംരക്ഷിക്കാനാവില്ലെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞതു വിവാദത്തിനപ്പുറം ജനങ്ങളെ ഭയപ്പെടുത്തുന്നതാണ്. ഇത്തരം നിരുത്തരവാദിത്വത്തിന്റെ ഭയാനക മുഖമാണ് ലോകം മണിപ്പുരിൽ കണ്ടത്. അക്രമികളെ തടയാനോ ഇരകളെ രക്ഷിക്കാനോ സർക്കാരിനു കഴിഞ്ഞില്ല. ആരു വിചാരിച്ചാലും ഒരു കലാപം തുടങ്ങിവയ്ക്കാൻ കഴിയും വിധം ജനങ്ങളുടെ മനസ് വിഭജിക്കപ്പെട്ടിട്ടുണ്ടോയെന്ന ആശങ്കപോലും നമ്മെ വീണ്ടുവിചാരത്തിലേക്കു നയിക്കേണ്ടതാണ്. തലേന്നുവരെ സഹവർത്തിത്വത്തോടെ കഴിഞ്ഞിരുന്നവർക്ക് പരസ്പരം ഏറ്റുമുട്ടാനും അയൽക്കാരായ സ്ത്രീകളെ അപമാനിക്കാനുമൊക്കെ ഒരു മടിയുമില്ലാതാകുന്പോൾ അത് ആപത് സൂചനയാണ്; പരിഹാരമുണ്ടാകണം.
ഹരിയാനയിൽ ആദ്യം സമാധാനമുണ്ടാക്കുകയാണു വേണ്ടത്. സർക്കാർ നിഷ്പക്ഷരായിരിക്കണമെന്ന് ഓർമിപ്പിക്കേണ്ടിവരുന്നത് ഖേദകരമാണെങ്കിലും പറയാതെ വയ്യ. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം. കൊല്ലുന്നതും കൊല്ലപ്പെടുന്നതും മനുഷ്യരായതിനാൽ മനുഷ്യത്വമുള്ളവർക്കാർക്കും നിശബ്ദരായിരിക്കാനാവില്ല.
കഴിഞ്ഞ മാർച്ചിൽ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുള്ള കേസിനിടെ ജസ്റ്റീസ് കെ.എം. ജോസഫ് പറഞ്ഞത്, രാഷ്ട്രീയത്തെയും മതത്തെയും വേർപെടുത്തിയാൽ ആ നിമിഷം ഇത്തരം പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ്. വിദ്വേഷ പ്രസംഗത്തിന്റെ സാധ്യതകൾ മാത്രമല്ല, കലാപത്തിന്റെ സാധ്യതകളും അവസാനിപ്പിക്കാൻ ആദ്യം ചെയ്യേണ്ടത് അതാണ്. കലാപത്തിന്റെയും സംഘർഷത്തിന്റെയും കൊലപാതകങ്ങളുടെയുമൊക്കെ കാരണങ്ങളിൽ മതഭ്രാന്തിന്റെ പങ്കു വലുതാകുന്തോറും ഭാവിയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകൾ അസ്തമിക്കുകയാണ്. അത്തരമൊരവസ്ഥയിൽ ആരും സുരക്ഷിതരായിരിക്കില്ല.
മനസ് നിർമലവും ശിരസ് ഉന്നതവുമായിരിക്കുകയും ഇടുങ്ങിയ ഭിത്തികളിൽ ലോകം കൊച്ചുകഷണങ്ങളായി വിഭജിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക് എന്റെ രാജ്യത്തെ ഉണർത്തണമേയെന്നു ടാഗോർ എഴുതിയത് എത്ര ദീർഘവീക്ഷണത്തോടെയാണ്! ഹരിയാനയിലെ തീ പടരാതിരുന്നാൽ പോരാ, അണയ്ക്കുകയും വേണം. അവിടെ കത്തുന്പോഴും ഇവിടെ പൊള്ളുന്നത് എല്ലാ ഇന്ത്യക്കാരും സഹോദരങ്ങളായതിനാലാണ്.