മണ്ടനും കള്ളനും പോലീസിൽ വേണ്ട
പോലീസുകാർ പ്രതിയായാൽ ഒരു സസ്പെൻഷൻ നടത്തി രംഗം തണുപ്പിക്കും. എഫ്ഐആറിലും അന്വേഷണത്തിലും കുറ്റപത്രത്തിലുമൊക്കെ എന്തു ചെയ്യണമെന്ന് പോലീസിനറിയാം. തെളിവു നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനുമൊന്നും അവരെ ആരും പഠിപ്പിക്കേണ്ടതില്ല.
ലീസിനു നാണമുണ്ടെങ്കിൽ ഇനിയെങ്കിലും ഇത്തരം കോമാളിത്തരങ്ങൾ ആവർത്തിക്കരുത്. പ്രതിയെ പിടിക്കാൻ കഴിവില്ലെങ്കിൽ കിട്ടിയവരെ പ്രതിയാക്കുന്ന ക്രൂരതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഭാരതിയമ്മ എന്ന 84 വയസുള്ള മുതിർന്ന വനിതയെ ആളുമാറി കേസിൽ കുടുക്കി നാലു വർഷം കഷ്ടപ്പെടുത്തിയത്. കാണാതായ നൗഷാദിന്റെ മൃതദേഹം കണ്ടെത്താൻ ബിജുകുമാർ എന്നയാളുടെ വീട് പോലീസ് കുത്തിപ്പൊളിച്ചു നാശമാക്കിയത് മറ്റൊരു കറുത്ത തമാശ. ചാലക്കുടിയിൽ ഷീല സണ്ണി എന്ന വനിതയുടെ പേരിൽ വ്യാജ മയക്കുമരുന്നു കേസ് ചുമത്തി 72 ദിവസം ജയിലിsvലിട്ടത് എക്സൈസിലെ കാക്കിധാരികളാണ്.
കുറ്റാന്വേഷണത്തിന്റെ നൂതന സാങ്കേതികവിദ്യകളുടെയല്ല, സാമാന്യബോധത്തിന്റെ അഭാവമല്ലേ ഇത്തരം ഉദ്യോഗസ്ഥരുടെ മണ്ടത്തരങ്ങൾക്കു കാരണം. അല്ലെങ്കിൽ ആർക്കെങ്കിലുംവേണ്ടി നിരപരാധികളെ കുടുക്കുകയാവാം. രണ്ടായാലും ഇത്തരം ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകേണ്ടതല്ലേ?
ജാമ്യത്തിലിറങ്ങി മുങ്ങിയ അമ്പതുകാരിയെ കിട്ടാതായപ്പോഴാണ് ആലത്തൂർ സ്വദേശിനി ഭാരതിയമ്മ എന്ന എൺപത്തിനാലുകാരിയെ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ആളുമാറിയെന്നു തെളിയിക്കാൻ അവർക്കു കോടതി കയറിയിറങ്ങേണ്ടിവന്നത് നാലു വർഷം. 1998ലാണ് രാജഗോപാല്‍ എന്നയാളുടെ വീട്ടില്‍ 50 വയസുള്ള ഭാരതി എന്ന സ്ത്രീ ജോലിക്കു നിന്നത്. വീട്ടുകാരുമായി വഴക്കിട്ടതിനു വീട്ടുടമ അവരെ പിരിച്ചുവിട്ടു.
പ്രകോപിതയായ ഭാരതി വീടിനു നാശമുണ്ടാക്കുകയും കുടുംബത്തെ അസഭ്യം പറയുകയും ചെയ്തു. പോലീസ് ഭാരതിയെ അറസ്റ്റ് ചെയ്തെങ്കിലും ദിവസങ്ങൾക്കകം ജാമ്യത്തിലിറങ്ങി മുങ്ങി. പഴയ കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി 2019ൽ ഭാരതിക്കു പകരം പോലീസ് അറസ്റ്റ് ചെയ്തതാകട്ടെ ഭാരതിയമ്മയെ.
പ്രതി നൽകിയ വ്യാജ മേൽവിലാസമാണ് കാരണം. ഭാരതിയമ്മ നിരപരാധിത്വം തെളിയിക്കാനായി കേസിലെ പരാതിക്കാരെ കോടതിയിലേക്കു കൂട്ടിക്കൊണ്ടു വന്നു. കൂടാതെ, തമിഴ്നാട് പിഡബ്ല്യുഡിയിൽ ചീഫ് എൻജിനിയറായിരുന്നു തന്റെ ഭര്‍ത്താവെന്നും വീട്ടു ജോലിക്കു പോകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും പറയുകയും ഭര്‍ത്താവിന്റെ പെന്ഷന് ബുക്ക് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തുടർന്നു കോടതി ഭാരതിയമ്മയെ കുറ്റവിമുക്തയാക്കുകയായിരുന്നു. കോടതിയിൽ പറഞ്ഞതൊക്കെ ഭാരതിയമ്മ പോലീസിനോടും പറഞ്ഞിരുന്നെങ്കിലും അവർക്കു യാതൊരു സംശയവും തോന്നിയില്ലെന്നതാണ് വിചിത്രം. അകന്ന ബന്ധുവായ ഭാരതിയമ്മയോട് പ്രതിയായ ഭാരതി പക തീർത്തതാണെന്നും ആരോപണമുണ്ട്. പോലീസിന് ഇത് ആയിരം കേസുകളിലൊന്നാണ്. പക്ഷേ, നാലു വർഷം ഒരു നിരപരാധി അനുഭവിച്ച മാനസികപീഡനവും സാന്പത്തിക, സമയ നഷ്ടങ്ങളുമൊക്കെ ആരു പരിഹരിക്കും?
അടൂരിൽ ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്നു ഭാര്യയുടെ മൊഴിയുണ്ടെന്നു പറഞ്ഞാണ് അവർ ഒന്നര വർഷം മുന്‍പ് താമസിച്ചിരുന്ന വാടകവീടിന്റെ തറമുഴുവൻ കുത്തിപ്പൊളിച്ചു നാശമാക്കിയത്. മൂന്നു മാസം അവിടെ താമസിച്ചിരുന്ന നൗഷാദിനെ കൊന്നു മറവു ചെയ്തെന്നു ഭാര്യ അഫ്സാന പറഞ്ഞെന്നാണ് പോലീസ് പറയുന്നത്. മർദിച്ചും ഭീഷണിപ്പെടുത്തിയും തന്നെക്കൊണ്ടു പറയിച്ചതാണെന്നാണ് അഫ്സാനയുടെ ആരോപണം. നൗഷാദ് തിരിച്ചുവരികയും ചെയ്തു. ശാസ്ത്രീയ മാർഗങ്ങളൊന്നും അവലംബിക്കാതെ കേട്ടപാതി കേൾക്കാത്ത പാതി വീടു കിളച്ചുമറിച്ച പോലീസ് പൊതുസമൂഹത്തിൽ വീണ്ടും അവഹേളിതരായിരിക്കുകയാണ്. ചാലക്കുടിയിൽ ഷീല സണ്ണി എന്ന ബ്യൂട്ടി പാർലർ ഉടമയുടെ ജീവിതത്തെ ഇരുട്ടിലാക്കിയത് എക്സൈസ് ഉദ്യോഗസ്ഥരാണ്. ആരോ പറഞ്ഞതു കേട്ട് റെയ്ഡ് നടത്തി എൽഎസ്ഡി സ്റ്റാന്പെന്നു പറഞ്ഞ് പിടിച്ചെടുത്തത് വെറും കടലാസാണെന്നു പിന്നീടു തെളിഞ്ഞു.
പക്ഷേ, 72 ദിവസം അവർ ജയിലിൽ കിടക്കേണ്ടിവന്നതു നിസാര കാര്യമാണോ? ചാലക്കുടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനെ വ്യാജകേസ് ചമച്ചതിന്റെ പേരിൽ സസ്പെൻഡ് ചെയ്യേണ്ടിവന്നു. പോലീസിന്റെ പീഡനങ്ങൾക്കിരയായി നിരപരാധികൾ കൊല്ലപ്പെടുന്നതും പരിക്കേൽക്കുന്നതുമൊന്നും പുതിയ വാർത്തയല്ല. തൃപ്പൂണിത്തുറയിൽ പോലീസ് കൈ കാണിച്ചപ്പോൾ ബൈക്ക് അല്പം മാറ്റിനിർത്തിയതിനു ക്രൂരമർദനമേൽക്കേണ്ടിവന്ന മനോഹരൻ എന്നയാൾ ഹൃദയാഘാതത്തെ തുടർന്നു മരിച്ചത് കഴിഞ്ഞ മാർച്ചിലാണ്.
പോലീസുകാർ പ്രതിയായാൽ ഒരു സസ്പെൻഷൻ നടത്തി രംഗം തണുപ്പിക്കും. എഫ്ഐആറിലും അന്വേഷണത്തിലും കുറ്റപത്രത്തിലുമൊക്കെ എന്തു ചെയ്യണമെന്ന് പോലീസിനറിയാം. തെളിവു നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനുമൊന്നും അവരെ ആരും പഠിപ്പിക്കേണ്ടതില്ല. പോലീസ് സേനയ്ക്കു നാണക്കേടും ജനങ്ങൾക്കു ഭീഷണിയുമായ ഉദ്യോഗസ്ഥരെ അകത്തിട്ടാൽ തീരുന്ന പ്രശ്നമാണ് പതിറ്റാണ്ടുകളായി പരിഹരിക്കാതെ കിടക്കുന്നത്. കുറ്റവാളികൾക്കും മണ്ടന്മാർക്കും പോലീസിൽ സ്ഥാനമില്ലെന്ന് ഉറപ്പാക്കാനാകണം. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാമെങ്കിലും ഇച്ഛാശക്തിയുള്ള സർക്കാരിനു നിയന്ത്രിക്കാനാകാത്ത ഒരു പോലീസുമില്ല ലോകത്തൊരിടത്തും.