മടുത്തു..!
വിലകൂടിയ തക്കാളി ഒഴിവാക്കിയാൽ തീരുന്ന പ്രശ്നമല്ല സാധാരണക്കാരുടെ അടുക്കളയിൽ ഇപ്പോഴുള്ളത്. എല്ലാ ഭക്ഷ്യസാധനങ്ങൾക്കും ഒരുപോലെ വില കൂടുകയും അതു പരിഹാരമില്ലാതെ ദിവസങ്ങളിൽനിന്ന് ആഴ്ചകളിലേക്കും മാസങ്ങളിലേക്കും നീണ്ടുപോകുകയും ചെയ്യുന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്.
ആദ്യം അരിവില കൂടി. പിന്നെ കോഴിയിറച്ചി, മീൻ, പച്ചക്കറി, പലചരക്ക്... രണ്ടു മാസത്തിലേറെയായി വിലക്കയറ്റം തീരാവ്യാധിപോലെ പടരുകയാണ്. സർക്കാർ എന്തെങ്കിലുമൊക്കെ ചെയ്യുമെന്നു കാത്തിരുന്നതു വെറുതെയായി. ഒടുവിലിതാ, ഓണമുണ്ണാൻ കാണം വിൽക്കേണ്ടി വരുന്ന സ്ഥിതിയിലാണ് സംസ്ഥാനം. സകല മേഖലകളിലും വർധിച്ച ജീവിതച്ചെലവെന്ന മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണ് വിലക്കയറ്റം. നിഷ്ക്രിയത്വം ഈ രീതിയിലാണ് പോകുന്നതെങ്കിൽ ഈ ഓണത്തിനു സാധാരണക്കാർക്ക് ആഹ്ലാദിക്കാൻ ഒരു വകയുമുണ്ടാകില്ല. ജനങ്ങളോടു പ്രതിബദ്ധതയുള്ള ഏതൊരു സർക്കാരിനും തലകുനിക്കേണ്ട അവസ്ഥ.
വിലകൂടിയ തക്കാളി ഒഴിവാക്കിയാൽ തീരുന്ന പ്രശ്നമല്ല സാധാരണക്കാരുടെ അടുക്കളയിൽ ഇപ്പോഴുള്ളത്. എല്ലാ ഭക്ഷ്യസാധനങ്ങൾക്കും ഒരുപോലെ വില കൂടുകയും അതു പരിഹാരമില്ലാതെ ദിവസങ്ങളിൽനിന്ന് ആഴ്ചകളിലേക്കും മാസങ്ങളിലേക്കും നീണ്ടുപോകുകയും ചെയ്യുന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ ഏതാണ്ട് എല്ലാത്തരം അരിക്കും അഞ്ചു രൂപ വരെ വർധിച്ചിട്ടുണ്ട്. പച്ചക്കറി വില കുറയുമെന്ന പ്രതീക്ഷ ഏതാണ്ട് ഇല്ലാതായി. കറികളിൽനിന്നു തക്കാളി ഒഴിവാക്കിയവർ ഇപ്പോൾ ഇഞ്ചിയും മുളകും ഉള്ളിയും വെളുത്തുള്ളിയുമൊന്നും ഇല്ലാതെ കറിവയ്ക്കാൻ പഠിക്കുകയാണ്.
കോഴിയിറച്ചിക്കുള്ള കൊള്ളവിലയിൽ നേരിയ കുറവുണ്ട്. 175 രൂപവരെ ഉയർന്ന കോഴിക്ക് ഇപ്പോൾ 130-140 വരെ ആയിട്ടുണ്ട്. പോത്തിറച്ചിയുടെ വില തോന്നിയപടി കച്ചവടക്കാർ തീരുമാനിക്കുകയാണ്; കോട്ടയത്ത് പലയിടത്തും 400 രൂപയാണ്. പോത്തിറച്ചിയുടെ കൊള്ളവിലയ്ക്കെതിരേ ഇടപെടുമെന്നും വില ഏകീകരിക്കുമെന്നുമുള്ള പ്രാദേശിക ഭരണകൂടങ്ങളുടെ വീരവാദത്തിന് സർക്കാർ പ്രസ്താവനയുടെ വിലയേ ഉള്ളെന്നു ബോധ്യമായി.
ഭക്ഷ്യവസ്തുക്കൾക്കു പൊതുവിപണിയിൽ വിലക്കൂടുതലായതിനാൽ സപ്ലൈകോ സ്റ്റോറിൽനിന്നു വാങ്ങാമെന്നു വച്ചാൽ അതിനും കഴിയില്ല. സബ്സിഡി നിരക്കിൽ വിതരണം ചെയ്തിരുന്നതൊന്നും ഇപ്പോൾ ലഭ്യമല്ല. 13 ഇനം സാധനങ്ങളാണ് 50 ശതമാനം വരെ വിലക്കുറവിൽ സപ്ലൈകോ വിതരണം ചെയ്തിരുന്നത്. പൊതുവിപണിയിൽ 250 രൂപവരെ വിലയുള്ള മുളകിന് 77 രൂപയായിരുന്നു. പക്ഷേ, കിട്ടാനില്ല. സപ്ലൈകോയ്ക്കു സാധനങ്ങൾ കൊടുത്തവർക്കു വൻതുക കുടിശികയായി. ഓണത്തിനു മുന്പ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പൊതുവിപണിയിൽ വില വീണ്ടും വർധിക്കും. സർക്കാരിന്റെ ഇടപെടലില്ലാതെ ഇതിനു പരിഹാരമുണ്ടാകില്ല. പക്ഷേ, അപ്രായോഗികവും ആത്മാർഥതയില്ലാത്തതുമായ കുറെ പ്രസ്താവനകൾ നടത്തി സമയം തള്ളിനീക്കുകയാണ് സർക്കാർ.
സംസ്ഥാനത്ത് പച്ചക്കറികളുടെയും അവശ്യസാധനങ്ങളുടെയും വിലവർധന നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാരോട് ഭക്ഷ്യ പൊതുവിതരണവകുപ്പു മന്ത്രി ജി.ആർ. അനിൽ നിർദേശിച്ചിട്ട് ഒന്നര മാസം കഴിഞ്ഞു. മൊത്തക്കച്ചവടക്കാരുമായി കളക്ടർമാർ ചർച്ച നടത്താനും അയൽസംസ്ഥാനങ്ങളിൽനിന്ന് അതിർത്തി കടന്നുവരുന്ന വാഹനങ്ങൾ പരിശോധിക്കാനും, വിലനിയന്ത്രണ സമിതിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുമൊക്കയുള്ള നിർദേശങ്ങൾക്കു പഞ്ഞമില്ലായിരുന്നു. പക്ഷേ, വില കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല.
യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയുണ്ടാകേണ്ട സമയത്ത്, പരസ്പരം പഴിചാരുന്ന സർക്കാർ വകുപ്പുകളും, അതുമിതും പറഞ്ഞു സമയം തള്ളിനീക്കുന്ന മന്ത്രിമാരുമൊക്കെ ജനങ്ങൾക്കു ഭാരമാകുകയാണ്. കയറ്റുമതി വർധിച്ചതിനാൽ അരിയുൾപ്പെടെ ആന്ധയിൽനിന്നുള്ള സാധനങ്ങൾക്കു വില കൂടി. അവിടെനിന്നു കൂടുതൽ അരിയും സാധനങ്ങളും എത്തിയാൽ വില സ്വാഭാവികമായും കുറയും.
ട്രോളിംഗ് നിരോധനം അവസാനിച്ചതിനാൽ മത്സ്യത്തിനും വില കുറഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. കാലാവസ്ഥാ വ്യതിയാനത്താൽ കൂടിയ പച്ചക്കറി, പഴം, ധാന്യങ്ങളുടെയൊക്കെ വിലയും സമീപമാസങ്ങളിൽ കുറഞ്ഞേക്കാം. സർക്കാരിലുള്ള പ്രതീക്ഷ അവസാനിപ്പിച്ച് വിലക്കുറവിനു കാരണമായേക്കാവുന്ന ഇത്തരം സ്വാഭാവിക വ്യതിയാനങ്ങൾക്കു കാത്തിരിക്കേണ്ട ഗതികേടിലെത്തിക്കഴിഞ്ഞു ജനം. എന്തിനാണ് പിന്നെയൊരു സർക്കാർ?
മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരുമൊക്കെയാണ് വിലക്കയറ്റത്തിനു പരിഹാരമുണ്ടാക്കേണ്ടത്. സാന്പത്തികഭദ്രതയും ഉയർന്ന വരുമാനവുമുള്ള അവരെയൊന്നും വിലക്കയറ്റം ബാധിക്കുന്നുമില്ല. അഴിമതിയും കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലായ്മയും മാത്രമല്ല, സമീപകാലത്ത് ഒന്നിനു പുറകെ ഒന്നായി സർക്കാർ ചുമത്തിയ നികുതിഭാരങ്ങളും നിരക്കുവർധനകളുമൊക്കെ ജനങ്ങളെ കൂടുതൽ ദരിദ്രരാക്കി. ആകുലതകളൊന്നുമില്ലാതെ സമൃദ്ധിയുടെ തീൻമേശയ്ക്കു മുന്നിലിരിക്കുന്പോൾ ഓർമകളുണ്ടാകണം, കാലിയായ കീശയുമായി സപ്ലൈകോയിൽനിന്നിറങ്ങി കരിഞ്ചന്ത നിരങ്ങുന്ന നിങ്ങളുടെ വോട്ടർമാരെക്കുറിച്ച്. മടുത്തു; ഇങ്ങനെ എത്രനാൾ മുന്നോട്ടു പോകാമെന്നാണ്...?