ഈ അരുംകൊല ഉയർത്തുന്ന ചില ചോദ്യങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ല. ഉച്ചകഴിഞ്ഞ് മൂന്നോടെ ആലുവ നഗരത്തിലെ താമസസ്ഥലത്തുനിന്ന് ഒരു ബാലികയെ കാണാതായിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും കണ്ടെത്താനായില്ലെന്നതും പിറ്റേന്നു ക്രൂരമായി ആക്രമിക്കപ്പെട്ട ചേതനയറ്റ ശരീരം മാത്രമാണു കണ്ടെത്താനായതെന്നതും എത്രയോ ആശങ്കാജനകമാണ്. നമ്മുടെ കുട്ടികൾ സ്വന്തം വീട്ടുപരിസരത്തു പോലും സുരക്ഷിതരല്ല എന്ന ഞെട്ടിക്കുന്ന യാഥാർഥ്യത്തിലേക്കാണോ ഇതു വിരൽ ചൂണ്ടുന്നത്?
കേരളത്തിന്റെ ഹൃദയം മുറിഞ്ഞിരിക്കുന്നു... അക്ഷരങ്ങൾ കണ്ണീരിൽ മങ്ങുന്നു, വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നു. ഒരു അഞ്ചു വയസുകാരിയുടെ നിസഹായതയോടെയുള്ള നിലവിളി കാതുകളിൽ നിലയ്ക്കാതെ മുഴങ്ങുന്നു. എങ്ങനെ നമുക്ക് ഈ രാത്രി സമാധാനത്തോടെ ഉറങ്ങാൻ കഴിയും? റോസാപ്പൂ വിരിയുന്നതുപോലെയുള്ള പുഞ്ചിരിയുമായിട്ടായിരുന്നു അവളെ എപ്പോഴും പ്രിയപ്പെട്ടവരും അയൽവാസികളും കണ്ടിട്ടുള്ളത്. എന്നാൽ, ഇന്നലെ മാലിന്യങ്ങൾ തള്ളുന്ന ചവറുകൂനയിൽ ചെളിപിടിച്ച ചാക്കിൽ മൂടിക്കെട്ടിയ നിലയിൽ പിച്ചിക്കീറിയ പൂവിതൾ പോലെ അവളെ കണ്ടെത്തിയെന്ന വാർത്ത ഇനിയും അവർക്കു വിശ്വസിക്കാനായിട്ടില്ല. പിഞ്ചുമകളെ നഷ്ടമായ മാതാപിതാക്കളുടെ നെഞ്ചുതകർന്ന വിലാപം കേരള മനഃസാക്ഷിയെ കുത്തിനോവിക്കുക മാത്രമല്ല നമുക്കു മുന്നിൽ നിരവധി ചോദ്യങ്ങളും ഉയർത്തുന്നുണ്ട്.
ആലുവ തായക്കാട്ടുകരയിലെ വീട്ടിൽനിന്നാണ് ബിഹാർ സ്വദേശികളായ ദന്പതികളുടെ മകളായ ഈ അഞ്ചു വയസുകാരിയെ ബിഹാർ സ്വദേശി തന്നെയായ പ്രതി അസഫാഖ് ആലം സ്നേഹം നടിച്ചു കടത്തിക്കൊണ്ടുപോയത്. മിഠായിയും ജ്യൂസും നൽകിയാണ് പ്രതി ആ കുരുന്നിനെ വശത്താക്കിയത്. തന്റെ പുഞ്ചിരി പോലെതന്നെ നിഷ്കളങ്കമായിരിക്കും തനിക്കു ചുറ്റും ഉയരുന്ന എല്ലാ പുഞ്ചിരികളുമെന്നു അവൾ തെറ്റിദ്ധരിച്ചുപോയിട്ടുണ്ടാകും. തന്റെ അച്ഛനെപ്പോലെ സ്നേഹം കാണിച്ചപ്പോൾ അതിൽ ചതിയുടെ വിഷമുണ്ടെന്നു തിരിച്ചറിയാനുള്ള പ്രായം അവൾക്ക് ഇല്ലായിരുന്നല്ലോ.
ഈ അരുംകൊല ഉയർത്തുന്ന ചില ചോദ്യങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ല. ഉച്ചകഴിഞ്ഞ് മൂന്നോടെ ആലുവ നഗരത്തിലെ താമസസ്ഥലത്തുനിന്ന് ഒരു ബാലികയെ കാണാതായിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും കണ്ടെത്താനായില്ലെന്നതും പിറ്റേന്നു ക്രൂരമായി ആക്രമിക്കപ്പെട്ട ചേതനയറ്റ ശരീരം മാത്രമാണു കണ്ടെത്താനായതെന്നതും എത്രയോ ആശങ്കാജനകമാണ്. നമ്മുടെ കുട്ടികൾ സ്വന്തം വീട്ടുപരിസരത്തു പോലും സുരക്ഷിതരല്ല എന്ന ഞെട്ടിക്കുന്ന യാഥാർഥ്യത്തിലേക്കാണോ ഇതു വിരൽ ചൂണ്ടുന്നത്?
കുട്ടിയെ കാണാതായി എന്ന പരാതി ഉയർന്ന ശേഷവും പോലീസ് വേണ്ടത്ര ഗൗരവത്തോടെ വിഷയത്തെ സമീപിച്ചില്ല എന്ന ആരോപണമുണ്ട്. കുട്ടിയുമായി പ്രതി തിരക്കേറിയ റോഡിലൂടെയും മറ്റും നടന്നുപോകുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. കുട്ടിയെ കാണാതായി എന്ന പരാതി ഉയർന്ന സമയംതന്നെ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ഗൗരവത്തോടെ പരിശോധിക്കുകയും അതിനെ പിന്തുടരുകയും ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ, ഈ ദുരന്തവാർത്തയ്ക്കു കേരളം കാതോർക്കേണ്ടി വരില്ലായിരുന്നു.
ആലുവ നഗരത്തിലെ തിരക്കേറിയ മാർക്കറ്റിന്റെ പിൻഭാഗത്താണ് ഈ അഞ്ചു വയസുകാരി ഒരു നരാധമന്റെ കൊടുംക്രൂരതകൾക്ക് ഇരയായി മാറിയത്. വിഐപി സുരക്ഷയ്ക്കുവേണ്ടി മിനിറ്റുകൾക്കുള്ളിൽ ആയിരവും രണ്ടായിരവും പോലീസുകാരെയൊക്കെ വിന്യസിക്കാൻ ശേഷിയുള്ള നമ്മുടെ പോലീസ് സേനയ്ക്ക് ആലുവ പോലെ അത്ര ബൃഹത്തൊന്നുമല്ലാത്ത ഒരു നഗരത്തിൽ അരിച്ചുപെറുക്കിയുള്ള ഒരു പരിശോധന നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ അവളെ രക്ഷിച്ചെടുക്കാൻ കഴിയുമായിരുന്നു എന്നു വിശ്വസിക്കുന്നവർ നിരവധി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ പോലീസിന്റെ ഇക്കാര്യത്തിലുള്ള അനാസ്ഥയെ രൂക്ഷമായ ഭാഷയിലാണു വിമർശിച്ചത്. അതിഥിത്തൊഴിലാളികളുടെ മകളെയാണു കാണാതായത് എന്നതുകൊണ്ട് പോലീസ് ഈ കേസിനെ അലസമായി സമീപിച്ചോ എന്നതും ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.
അതുപോലെ സംസ്ഥാന സർക്കാരും കേരള പോലീസും പലവട്ടം പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം. അതിഥിത്തൊഴിലാളികളുടെ മറവിൽ നിരവധി പിടികിട്ടാപ്പുള്ളികളും കൊടുംക്രിമിനലുകളും കേരളത്തിൽ കടന്നുകയറുന്നുണ്ടെന്ന കാര്യം പലവട്ടം തെളിഞ്ഞിട്ടുള്ളതാണ്. കൊലപാതകം, മോഷണം മുതൽ മയക്കുമരുന്ന് ഇടപാടുകളിൽ വരെ ഇത്തരക്കാർ സജീവമാണ്.
ഓരോ സംഭവം ഉണ്ടാകുന്പോഴും പരിശോധനയും ബഹളവുമൊക്കെ നടക്കും. ഒരാഴ്ച കഴിയുന്പോൾ എല്ലാം അവസാനിക്കും. അതിഥിത്തൊഴിലാളികളുടെ ബാഹുല്യം കണക്കിലെടുത്ത് ഈ രംഗത്ത് നിരീക്ഷണവും പരിശോധനയും നടത്താൻ സ്ഥിരം സംവിധാനം അടിയന്തരമായി നടപ്പാക്കണം. കാരണം, എല്ലാവരും അതിഥികളല്ല എന്ന യാഥാർഥ്യം നാം തിരിച്ചറിയണം. മറ്റു നാടുകളിൽ പഠനത്തിനോ തൊഴിലിനോവേണ്ടി പോകുന്ന നമ്മുടെ യുവജനങ്ങൾ ഏതൊക്കെ രേഖകൾ ഹാജരാക്കണം, താമസത്തിന് അനുമതി കിട്ടണമെങ്കിൽ! ഇവിടെ അങ്ങനെ യാതൊരു അന്വേഷണവുമില്ല. ആർക്കും എപ്പോഴും വരാം, താമസിക്കാം!
സംഭവം നടന്ന ആലുവ മാർക്കറ്റിന്റെ പിൻഭാഗം ലഹരിസംഘങ്ങളുടെ സ്ഥിരം താവളമാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം. പട്ടാപ്പകൽ പോലും യാതൊരു മറയുമില്ലാതെ മദ്യപസംഘങ്ങൾ ഇവിടെ തന്പടിച്ചു പരസ്യ മദ്യപാനവും മറ്റു അനാശാസ്യ പ്രവർത്തനങ്ങളും നടത്തുന്നുവെന്നതു ലജ്ജാകരമാണ്. ഇതൊന്നും ആലുവ പോലീസ് അറിയുന്നില്ലേ? മകളേ മാപ്പ് എന്നു സോഷ്യൽ മീഡിയയിൽ കുറിച്ചാൽ തീരുന്നതല്ല നിങ്ങളുടെ ഉത്തരവാദിത്വം.
ലഹരിക്കെതിരേയാണെന്ന് കൂടെക്കൂടെ പറയുകയും മറുവശത്തു ഭക്ഷണശാലകൾകൂടി ലഹരികേന്ദ്രങ്ങളാക്കാൻ തുനിയുകയും ചെയ്യുന്ന ഒരു സർക്കാർ നയം നിലനിൽക്കുന്നിടത്തോളം കാലം ഇനിയും ഇത്തരം ദുരന്തകഥകൾ കേൾക്കേണ്ടിവരുമോയെന്ന ആശങ്കയും അവഗണിക്കാവുന്നതല്ല. നമ്മുടെ അനാസ്ഥകൊണ്ട് ഇനിയൊരു കുരുന്നിന്റെയും ജീവൻ നഷ്ടമാകരുത്.