കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനോ ഭാവം?
മദ്യലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരുമെന്ന് മദ്യനയത്തിലുണ്ടെങ്കിലും കേരളത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം മദ്യവില്പന കുത്തനേ ഉയർന്നതായാണു കണക്കുകൾ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ കേരളം കുടിച്ചു തീര്‍ത്തത് 41.68 കോടി ലിറ്റര്‍ മദ്യമാണ്.
കേരളജനതയെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതു വ്യക്തമാക്കുന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മദ്യനയം. സാന്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെലവ് വർധിക്കുകയും ചെയ്തപ്പോൾ മദ്യപ്പുഴയൊഴുക്കി പാവങ്ങളെ പിഴിയാൻ തുനിഞ്ഞിരിക്കുകയാണ് സർക്കാർ. നാട്ടിലാകെ മദ്യമൊഴുക്കി വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ ഈ ലക്ഷ്യമല്ലാതെ മറ്റെന്താണ്?
ബോധവത്കരണത്തിലൂടെ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുമെന്ന് അവകാശപ്പെടുന്പോഴും സർക്കാർ വീണ്ടും സ്വീകരിക്കുന്നത് മദ്യമൊഴുക്കുന്ന നയമാണ്. പുതിയ ബാറുകളും മദ്യവില്പനശാലകളും തുറക്കാൻ സഹായിക്കുന്ന മദ്യനയമാണ് ഇക്കുറിയും സർക്കാർ സ്വീകരിച്ചത്. ഇതോടെ പുതിയ ഡിസ്റ്റിലറികൾക്കും ബിയർ, വൈൻ നിർമാണ യൂണിറ്റുകൾക്കും വഴിതെളിയും.
ഐടി കേന്ദ്രങ്ങളിൽ അനുവദിച്ച മദ്യവില്പനശാലകൾ ഇനി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യവസായ പാർക്കുകളിലേക്കും നീളും. വിനോദസഞ്ചാര മേഖലയിലെ റസ്റ്റോറന്റുകൾക്ക് നിശ്ചിത കാലയളവിൽ ബിയറും വൈനും വിളന്പാൻ അനുമതി വേണമെന്ന് ഏറെക്കാലമായി മദ്യവ്യവസായ മേഖലയിൽനിന്ന് ഉയരുന്ന ആവശ്യമാണ്. കയറ്റുമതി പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ മദ്യബ്രാൻഡ് രജിസ്ട്രേഷൻ നിരക്കുകൾ കുറച്ചുകൊടുക്കാനുള്ള നീക്കവും പുതിയ മദ്യനയത്തിലുണ്ട്. ഇതു ഡിസ്റ്റിലറികൾക്കു നേട്ടമാകും. ക്ലാസിഫിക്കേഷൻ പദവി പുതുക്കൽ വൈകുന്നത് ബാർ ലൈസൻസിന് തടസവുമല്ല. ഇതിന്റെ നേട്ടം ബാറുടമകൾക്കാണ്. പൂട്ടിയ ബിവറേജസ്, കൺസ്യൂമർ ഫെഡ് മദ്യശാലകൾ തുറക്കാനുള്ള അനുമതി സർക്കാർ നേരത്തേ നൽകിയിരുന്നു. ചുരുക്കത്തിൽ, മദ്യവ്യവസായികൾ ഉയർത്തിയ ആവശ്യങ്ങളെല്ലാം ഏറെക്കുറെ അനുവദിച്ചുകൊണ്ടുള്ളതാണ് പുതിയ മദ്യനയം.
‘കേരള ടോഡി’ എന്ന പേരിൽ കള്ള് ബ്രാൻഡ് ചെയ്യുന്നതിനൊപ്പം ഹോട്ടലുകളിലും റിസോർട്ടുകളിലും ഇതു വിൽക്കാനും പുതിയ മദ്യനയം അനുമതി നൽകുന്നു. ഇവർക്കു സ്വന്തം വളപ്പിലെ തെങ്ങും പനയും ചെത്താം. കള്ളുചെത്തു വ്യവസായ മേഖല ബാറുടമകൾക്കുകൂടി തുറന്നുകൊടുക്കുകയാണ് പുതിയ മദ്യനയത്തിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ലൈസൻസ് ഫീസ് വർധിപ്പിച്ചതിനു പകരം ബാറുടമകൾക്കു നൽകിയ ആശ്വാസപ്രഖ്യാപനമാണിതെന്നു വ്യക്തം.
മദ്യലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുമെന്ന് മദ്യനയത്തിലുണ്ടെങ്കിലും കേരളത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം മദ്യവില്പന കുത്തനേ ഉയർന്നതായാണു കണക്കുകൾ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ കേരളം കുടിച്ചു തീര്‍ത്തത് 41.68 കോടി ലിറ്റര്‍ മദ്യമാണ്. പ്രതിദിനം വിറ്റഴിച്ച മദ്യത്തിന്റെ അളവ് ശരാശരി 5.95 ലക്ഷം ലിറ്റര്‍. ഇക്കാലയളവിലെ ബിയര്‍, വൈന്‍ വില്പനയുടെ കണക്കിനു പുറമെയാണിത്.
24 മാസംകൊണ്ടു മദ്യവില്പനയിലൂടെ സംസ്ഥാന സര്‍ക്കാരിന് 24,540 കോടി രൂപ നികുതിയായി ലഭിച്ചെന്നാണു കണക്ക്. മദ്യത്തില്‍നിന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രതിമാസ നികുതി വരുമാനം 1023 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
നികുതിയിനത്തിൽ സർക്കാരിനു കിട്ടുന്ന വരുമാനമൊഴിച്ചാൽ, മദ്യം നാശമല്ലാതെ മറ്റൊന്നും നാടിനു സമ്മാനിക്കുന്നില്ല. ഈ ബോധ്യത്തിൽനിന്നാണു തമിഴ്നാട് സർക്കാർ 500 ചില്ലറ മദ്യവില്പനശാലകൾ ഒറ്റയടിക്കു നിർത്തലാക്കിയത്. പണമുണ്ടാക്കാൻ എന്തു ജനദ്രോഹത്തിനും തയാറാകുന്നതല്ല തങ്ങളുടെ നയമെന്ന തമിഴ്നാടിന്റെ പ്രഖ്യാപനംകൂടിയായി ഈ നടപടി. മറിച്ച് വിദേശനിക്ഷേപത്തിലൂടെ വരുമാനമുണ്ടാക്കാനായിരുന്നു അവരുടെ ശ്രമം. അതു വിജയിക്കുകയും ചെയ്തു. രാജ്യത്തു വിദേശനിക്ഷേപമെത്തുന്ന മുൻനിരയിലുള്ള സംസ്ഥാനമായി തമിഴ്നാട് ഇന്നു മാറിക്കഴിഞ്ഞു. മദ്യത്തിലും മയക്കുമരുന്നിലും മുങ്ങിക്കിടക്കുന്ന കേരളത്തിന് ഇതു മാതൃകയാകുമോയെന്ന് ഒരുറപ്പുമില്ല. കാരണം, നമ്മുടെ പോക്ക് ആ വഴിക്കല്ല. പാവങ്ങളെ കുടിപ്പിച്ചു കിട്ടുന്ന വരുമാനമാണല്ലോ എളുപ്പത്തിൽ കിട്ടുന്നത്.
കേരളത്തിൽ മദ്യപാനം മൂലമുള്ള കുടുംബകലഹങ്ങൾ, കുറ്റകൃത്യങ്ങൾ, കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ, സാന്പത്തികത്തകർച്ച, മാരക രോഗങ്ങൾ എന്നിവയെല്ലാം വർധിക്കുകയാണ്. ഇതിനു പുറമെയാണ് വിവിധ ലഹരിവസ്തുക്കളുടെ വ്യാപനവും. ലഹരിക്കടിപ്പെട്ട് യുവതലമുറ നശിക്കുന്ന ദയനീയ കാഴ്ച നിത്യവും നാം കാണുന്നു.
എല്ലായിടത്തും മദ്യമെത്തിക്കുകയും അതേസമയം, മദ്യപിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്യുന്ന ഔദ്യോഗിക കാപട്യത്തിന്റെ ഫലമാണ് മദ്യത്തിലും മയക്കുമരുന്നിലും മുങ്ങിയ കേരളം. മദ്യപ്പുഴയൊഴുക്കുന്ന സർക്കാർ ഇതുമൂലം സംഭവിക്കുന്ന ഭവിഷ്യത്തുക്കൾകൂടി കാണാൻ തയാറാകണം. നാട് ഈവിധം നശിക്കരുതെന്ന് ആഗ്രഹിക്കുന്നവരെല്ലാം സർക്കാരിൽനിന്നു പ്രതീക്ഷിക്കുന്നത് കുറച്ചുകൂടി സത്യസന്ധതയാണ്.