കലാപം തുടങ്ങി 36 മണിക്കൂറിനകം മെയ്തെയ് വിഭാഗത്തിന്റേതുൾപ്പെടെ 249 ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെട്ടിട്ടും അത് മെയ്തെയ്-കുക്കി പോരാട്ടമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യം ഏതാണ്ട് എല്ലാവർക്കും മനസിലായിട്ടുണ്ട്.
മണിപ്പുരിൽ രണ്ടു യുവതികളെ തുണിയുരിഞ്ഞ് ആൾക്കൂട്ടം നടത്തിക്കൊണ്ടുപോകുന്ന വീഡിയോ ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ തൊലിയുരിഞ്ഞിരിക്കുന്നു. മനുഷ്യത്വമുള്ളവരൊന്നും അതിന്റെ ഞെട്ടലിൽനിന്നു മുക്തരായിട്ടില്ല. ആരെയും ഭയപ്പെടാതെ, ബോളിവുഡ് നടിയും ശിവസേനാ അംഗവുമായ ഊർമിള മണ്ഡോദ്കർ നടത്തിയ പ്രതികരണത്തിൽ സംഭവത്തിന്റെ ക്രൂരത മാത്രമല്ല, ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയുമുണ്ട്. “ഞാൻ നടുങ്ങിപ്പോയി, തകർന്നു, പരിഭ്രാന്തയായി. മേയിൽ നടന്ന ഈ സംഭവത്തിൽ ഇതുവരെ നടപടിയുണ്ടായിരുന്നില്ല. അധികാരത്താൽ മദോന്മത്തരായി കുതിരപ്പുറത്തേറിയിരിക്കുന്നവരെയും അവരുടെ ചെരിപ്പു നക്കികളായ മാധ്യമ കോമാളികളെയും വായും പൂട്ടിയിരിക്കുന്ന സെലിബ്രിറ്റികളെയും ഓർത്ത് ലജ്ജിക്കുന്നു.’’
ഊർമിള, ചങ്ങലയ്ക്കു തീപിടിച്ചൊരു കാലത്ത്, മണിപ്പുരിലെ അപമാനിക്കപ്പെട്ട സ്ത്രീകൾക്ക് ആത്മവിശ്വാസം പകരുന്നതാണു നിങ്ങളുടെ വാക്കുകൾ. നഗ്നരായ രാജാക്കന്മാരെയാണ് നിങ്ങൾ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വൃത്തികേടു ചൂണ്ടിക്കാണിക്കാൻ നിങ്ങളുപയോഗിച്ച വാക്കുകൾ വിനീതവിധേയ മാധ്യമപ്രവർത്തകരുടെ മുഖത്തൊരു പ്രഹരമാകട്ടെ.
ചോദിക്കാനും പറയാനും അധികാരിയില്ലാത്തൊരു നാടിന്റെ പരിഛേദമായി മാറുകയാണ് മണിപ്പുർ. മേയ് നാലിനു നടന്ന സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. നരാധമന്മാർതന്നെ പകർത്തിയ വീഡിയോ പുറത്തുവന്നതോടെ ലോകമനഃസാക്ഷിയുണർന്നു. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ തങ്ങൾക്ക് ഇടപെടേണ്ടിവരുമെന്നു സുപ്രീംകോടതി മുന്നറിയിപ്പു നൽകി.
താമസിയാതെ പ്രതികളിൽ ചിലർ അറസ്റ്റിലായി. മണിപ്പുർ കലാപത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ലെങ്കിലും സ്ത്രീകൾ അപമാനിക്കപ്പെട്ട സംഭവം രാജ്യത്തിനു നാണക്കേടായി എന്നെങ്കിലും പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായി. ശരിയാണ് മോദിജീ, മണിപ്പുർ കത്തിയെരിഞ്ഞിട്ടും 80 ദിവസത്തോളം അങ്ങു പുലർത്തിയ മൗനത്തോളം ദുഃഖകരവുമാണത്.
കംഗ്പോക്പി ജില്ലയിലെ നോങ്പോക് സെക്മായി ഗ്രാമത്തിൽ പോലീസ് സംരക്ഷണയിൽ കഴിഞ്ഞ കുടുംബത്തെ ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു. തങ്ങളെ പോലീസ് അക്രമികൾക്കു വിട്ടുകൊടുക്കുകയായിരുന്നു എന്നാണ് ഇരകൾ പറഞ്ഞത്.
യുവതികളിൽ ഒരാളുടെ പത്തൊന്പതുകാരനായ സഹോദരനെ ജനക്കൂട്ടം കൊലപ്പെടുത്തിയ ശേഷമാണ് കൊടുംക്രൂരത അരങ്ങേറിയത്. ഒപ്പമുള്ള പുരുഷനെയും സംഘം കൊന്നെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് യുവതികളെ കൂട്ടമാനഭംഗം ചെയ്യുകയും ഒരു കിലോമീറ്ററോളം പൂർണനഗ്നരാക്കി പരസ്യമായി പീഡിപ്പിച്ചുകൊണ്ടു നടക്കുകയും ചെയ്തു. മനുഷ്യത്വം മരവിച്ചുപോകുന്ന കാഴ്ച. ഈ രാജ്യം എവിടേക്കാണ് നീങ്ങുന്നത്?
പൊറുക്കാനാവാത്തതാണു സംഭവിച്ചതെന്നും കുറ്റക്കാർക്കു മാപ്പില്ലെന്നും പ്രധാനമന്ത്രി പറഞ്ഞെങ്കിലും മണിപ്പുർ കലാപത്തെക്കുറിച്ച് ഒന്നും മിണ്ടിയില്ല. ഛത്തിസ്ഗഡ്, രാജസ്ഥാൻ, മണിപ്പുർ സംസ്ഥാനങ്ങളിൽ നടക്കുന്ന സംഘർഷങ്ങളിൽ നടപടി സ്വീകരിക്കുമെന്നു മാത്രമാണ് അദ്ദേഹം പരാമർശിച്ചത്. ഇതു തന്ത്രപരമായൊരു പ്രതികരണമായി മാത്രമേ കാണാനാകൂ. കാരണം, മണിപ്പുർ കത്തുന്പോൾ മണിപ്പുരിനെക്കുറിച്ചു പറയണം.
ഛത്തിസ്ഗഡിനെക്കുറിച്ചും രാജസ്ഥാനെക്കുറിച്ചും മാത്രമല്ല, ഗുജറാത്തിനെക്കുറിച്ചും ഒഡീഷയെക്കുറിച്ചും ഡൽഹിയെക്കുറിച്ചുമൊക്കെ പറയേണ്ട സമയത്ത് അതേക്കുറിച്ചു പറയണം. മണിപ്പുരിനെ നിസാരവത്കരിക്കാൻ ഉപയോഗിക്കേണ്ട കേവലമൊരു പേരല്ല ആ സംസ്ഥാനങ്ങളുടേത്. മാത്രമല്ല, ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊക്കെ പ്രതികൾ ആരാണെന്നും അവരുടെ മുദ്രാവാക്യങ്ങളും കൊടിനിറവും എന്തിലേക്കാണു വിരൽ ചൂണ്ടുന്നതെന്നും തിരിച്ചറിയാൻ അത്ര വിഷമമില്ല.
മെയ്തെയ് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രിയായി തുടരുന്ന കാലത്തോളം മണിപ്പുരിൽ സമാധാനമുണ്ടാകില്ലെന്ന സ്വന്തം പാർട്ടിക്കാരുടെ പോലും മുന്നറിയിപ്പുകൾ പ്രധാനമന്ത്രിയോ ബിജെപിയോ ഗൗനിക്കുന്നില്ല. കലാപം തുടങ്ങി 36 മണിക്കൂറിനകം മെയ്തെയ് വിഭാഗത്തിന്റേതുൾപ്പെടെ 249 ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെട്ടിട്ടും അത് മെയ്തെയ്-കുക്കി പോരാട്ടമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യം ഏതാണ്ട് എല്ലാവർക്കും മനസിലായിട്ടുണ്ട്.
സർക്കാരിന്റെതന്നെ കണക്കനുസരിച്ച്, 142 പേർ മരിച്ചു. 54,488 പേർ വീടു നഷ്ടപ്പെട്ട് അഭയാർഥികളായി. ലോകത്ത് ഏതെങ്കിലുമൊരു രാജ്യത്ത് ഇത്ര വലിയൊരു ദുരന്തമുണ്ടായിട്ടും നിശബ്ദനായിരിക്കുന്ന ഭരണാധികാരിയുണ്ടോ? രാഹുൽ ഗാന്ധി പറഞ്ഞത്, പ്രശ്നം രാജ്യത്തിന്റെ നാണക്കേടല്ല, സ്ത്രീകൾക്കുണ്ടായ മാനസികാഘാതമാണ് എന്നാണ്. അതേ, വിഭാഗീയതയുടെയും ന്യൂനപക്ഷ-ദളിത് പീഡനങ്ങളുടെയുമൊക്കെ പേരിൽ രാജ്യം നാണംകെടാൻ തുടങ്ങിയിട്ടു കുറെ ആയല്ലോ.
മണിപ്പുരിൽ വംശീയവിദ്വേഷം ഉറങ്ങിക്കിടപ്പുണ്ടായിരുന്നിരിക്കാം. പക്ഷേ, ഇത്തവണ അവരുടെ ആയുധങ്ങളിൽ വർഗീയതയുടെ വിഷംകൂടി പുരട്ടി കൂടുതൽ വിനാശകരമാക്കാൻ ശ്രമം നടന്നിട്ടുണ്ട്. ഒരു ജനതയെ ഈവിധം മനോരോഗികളാക്കിയതിൽ വർഗീയ, വംശീയ, വിദ്വേഷ കൃഷിക്കാർക്കുള്ള പങ്ക് മറച്ചുവച്ചാലും കാലം കുഴിതോണ്ടി പുറത്തിടുകതന്നെ ചെയ്യും. അന്ന് കുറ്റവാളികൾ കുറ്റവാളികളായിത്തന്നെ തിരിച്ചറിയപ്പെടും.
മാനഭംഗത്തിനിരയായവർ കുക്കികളാണോ മെയ്തെയ്കളാണോ എന്നതൊന്നും മനുഷ്യത്വമുള്ളവർക്കു പ്രശ്നമല്ല. കുറ്റവാളികൾ ആരായാലും നിയമത്തിനു മുന്നിലെത്തിക്കണം. മണിപ്പുരിലെ വീഡിയോ കണ്ടിട്ടും അത്തരം ചെയ്തികളെയും നോക്കുകുത്തിയായ ഭരണകൂടത്തെയും ന്യായീകരിക്കുന്നവർ ദൈവത്തിന്റെ സ്വന്തം നാട്ടി ലുമുണ്ട്. കാരണം, സ്വന്തം ടുംബാംഗങ്ങളോ വേണ്ടപ്പെട്ടവരോ അ ല്ലല്ലോ കിഴക്കൊരു നാട്ടിൽ നഗ്നരായി വലിച്ചിഴയ്ക്കപ്പെടുകയും മാന ഭംഗത്തിനിരയാകുകയും ചെയ്യുന്നത്.
നഗ്നരാക്കി തെരുവിലൂടെ നടത്തിയ പെൺകുട്ടികളോടു ചെയ്ത ക്രൂരത ലോകസമക്ഷം തുണിയുരിക്കപ്പെട്ട ഇന്ത്യയെന്ന ജനാധിപത്യ-മതേതര രാജ്യത്തിന്റെ മരണാസന്ന ശരീരത്തിലാണ് ആണ്ടിറങ്ങിയിരിക്കുന്നതെന്ന് ഭരണാധികാരികളോട് ഉണർത്തിക്കട്ടെ.