ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാണ്ടി
ഔദ്യോഗിക ബഹുമതിയെക്കാൾ എത്രയോ ഉയരത്തിലായിരുന്നു ജനങ്ങളുടെ അനൗദ്യോഗിക ബഹുമതി. അന്ത്യയാത്രയിൽ തിരുവനന്തപുരത്തുനിന്നു തുടങ്ങിയ തേങ്ങൽ പുതുപ്പള്ളിയിലെത്തിയപ്പോൾ തൊണ്ടപൊട്ടുമാറുച്ചത്തിലുള്ള നിലവിളിയായപ്പോൾ കേരളം അതു കണ്ടു.
ഉമ്മൻ ചാണ്ടി കടലാസിലെഴുതിയത് ജനം കണ്ണീരിലെഴുതി. അതേ, ഭരണാധികാരിയായിരിക്കെ ജനങ്ങളോടുള്ള സ്നേഹവും ഉത്തരവാദിത്വവും പ്രകടിപ്പിക്കാൻ അധികാര കേന്ദ്രങ്ങളിലേക്ക് അദ്ദേഹം കടലാസിലെഴുതി കൊടുത്തതെല്ലാം കണ്ണീർമഴയായി കേരളത്തിൽ ആർത്തലച്ചു പെയ്തു; മൂന്നു രാപകലുകൾ. മൂന്നാം നാൾ പുതുപ്പള്ളി സങ്കടപ്രളയത്തിൽ മുങ്ങി.
ജീവിതകാലത്ത് ജനങ്ങൾക്കു താൻ ആരായിരുന്നെന്നു വെളിപ്പെടുത്തിക്കൊണ്ട് മരണത്തോടെ ഉമ്മൻ ചാണ്ടി വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. ഇതുപൊലൊരു അന്ത്യയാത്ര കേരളം കണ്ടിട്ടില്ല. ജനങ്ങളുടെ സ്നേഹമോർത്താൽ ഇത്ര ഭാഗ്യപ്പെട്ടൊരു നേതാവിനെ നാടു കണ്ടിട്ടേയില്ല.
ഇന്നലെ രാവിലെ 7.05ന് തിരുവനന്തപുരത്തെ ജഗതിയിലുള്ള പുതുപ്പള്ളി വീട്ടിൽനിന്നു വിലാപയാത്ര തുടങ്ങിയപ്പോൾതന്നെ ജനം തെരുവിലേക്ക് ഒഴുകുകയായിരുന്നു. പ്രിയനേതാവിനെ ഒരുനോക്കു കാണാൻ തിരുവനന്തപുരം മുതൽ കോട്ടയം വരെ ഭാരപ്പെട്ട മനസുമായി കാത്തുനിന്നതു ജനലക്ഷങ്ങളാണ്. ഉറക്കമിളച്ചിരുന്നു ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ആ അന്ത്യയാത്ര കണ്ടതു കോടികളാണ്.
പത്രങ്ങളിലെ കുഞ്ഞൂഞ്ഞുകഥകൾ വീണ്ടും വീണ്ടും വായിച്ചും നെഞ്ചോടു ചേർത്ത് ആകുലപ്പെട്ടും എത്രയോ മനുഷ്യർ! ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ലാതെ ഒരു മൃതദേഹ ദർശനത്തിനായി മൂന്നു രാപകലുകൾ ജനം തിക്കിത്തിരക്കിയ കാഴ്ച രാജ്യത്ത് മറ്റെവിടെയാണു നാം കണ്ടിട്ടുള്ളത്. തലസ്ഥാനത്തുനിന്നു മൂന്നു മണിക്കൂറുകൊണ്ട് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെത്തുമായിരുന്നു. അന്ത്യയാത്രയ്ക്കു പക്ഷേ, 30 മണിക്കൂറും തികയാതെപോയി. സംസ്കാര ശുശ്രൂഷയുടെ സമയത്തിലുൾപ്പെടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിപ്പോയി. ആൾക്കൂട്ടത്തെ ആവേശമാക്കുകയും ഏകാന്തതയെ വെറുക്കുകയും ചെയ്ത ഉമ്മൻ ചാണ്ടിയെ ആൾക്കൂട്ടം വിടാതെ പിന്തുടർന്നു; പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയുടെ സെമിത്തേരിയോളം.
ഉമ്മൻ ചാണ്ടിയുടെ മരണം ഒരു ജനനായകനു ജനങ്ങളിൽനിന്നു ലഭിച്ച സ്നേഹാദരവുകളെ മാത്രമല്ല ഓർമിപ്പിക്കുന്നത്. കേരള രാഷ്ട്രീയത്തോട് അതു ചില തിരുത്തലുകൾ ആവശ്യപ്പെടുന്നുണ്ട്. അധമ രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു ഉമ്മൻ ചാണ്ടി. അതിൽ ഏറ്റവും ക്രൂരമായിപ്പോയത് സോളാർ കേസായിരുന്നു.
നുണയുടെ ചെളി വാരിയെറിഞ്ഞവർ കണ്ണൂരിൽവച്ചു കല്ലെറിയുകയും ചെയ്തു. വർഷങ്ങളുടെ വേട്ടയാടലുകൾക്കൊടുവിൽ സോളാർ കേസിൽ സിബിഐ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് ആറു മാസം മുന്പായിരുന്നു. അപ്പോഴും ആർക്കുമെതിരേ അദ്ദേഹം മോശമായി പ്രതികരിച്ചില്ല. പക്ഷേ, അദ്ദേഹത്തിന്റെ മരണശേഷം പലരും നടത്തിയ കുന്പസാരങ്ങൾ രാഷ്ട്രീയത്തിലെ അപചയങ്ങളെ വീണ്ടും തുറന്നുകാട്ടിയിരിക്കുകയാണ്. അതിലൊന്ന് പ്രശസ്തനായ മാധ്യമപ്രവർത്തകന്റേതായിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരേ നടത്തിയ അടിസ്ഥാനരഹിതമായ ലൈംഗിക ആരോപണത്തിനു മൗനത്തിലൂടെ താൻ നൽകിയ അധാർമിക പിന്തുണയിൽ ഇപ്പോൾ ലജ്ജിക്കുകയാണെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഇതു പറയാൻ ഉമ്മൻ ചാണ്ടിയുടെ മരണം വരെ എന്തിനു കാത്തിരുന്നുവെന്ന ചോദ്യത്തിന്, മനഃസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ലെന്നും തന്നോടു ക്ഷമിക്കണമെന്നുമായിരുന്നു മറുപടി. ഇങ്ങനെ ഒഴുക്കിനൊത്തു നീന്തുന്ന മാധ്യമപ്രവർത്തകർക്കും എതിരാളിയെ വീഴ്ത്താൻ ഏതറ്റം വരെയും പോകുന്ന രാഷ്ട്രീയക്കാർക്കുമുള്ള മുന്നറിയിപ്പായി സോളാർ കേസ്, കേരളത്തിന്റെ മനഃസാക്ഷിയിൽ വിഷലിപ്തമായൊരു അന്പുപോലെ തറച്ചിരിക്കുകയാണ്.
ഉമ്മൻ ചാണ്ടിയുടെ മരണത്തിനു മുന്പും ശേഷവും രാഷ്ട്രീയ നേതാക്കളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയുമൊക്കെ വെളിപ്പെടുത്തലുകൾ പലർക്കുമുള്ള കുറ്റപത്രമായി മാറുന്നുണ്ട്. അന്ത്യയാത്രയിൽ ലഭിച്ച സ്നേഹാഞ്ജലിയും അനുഭവസാക്ഷ്യങ്ങളും മറ്റു നേതാക്കളുമായുള്ള താരതമ്യങ്ങൾക്കും ഇടയാക്കും.
സോളാർ കേസിന്റെ ശരശയ്യയിൽ കിടക്കേണ്ടിവന്ന ഉമ്മൻ ചാണ്ടിക്ക് കേരളജനത കൊടുത്തത് സ്നേഹത്തിന്റെ പുഷ്പശയ്യയാണ്. പ്രതിസ്ഥാനത്തുള്ളവർ വിളിച്ചുപറഞ്ഞ അശ്ലീലക്കഥകൾ വർഷങ്ങളോളം ആഘോഷിക്കുകയും രാഷ്ട്രീയ മുതലെടുപ്പു നടത്തുകയും ചെയ്തവരോടു കേരളത്തിന്റെ പകരംവീട്ടൽകൂടിയായി മാറി തെരുവീഥികളെ ജനസാഗരമാക്കിയ അന്ത്യയാത്ര.
കേരളത്തിന്റെ മന്ത്രിയും മുഖ്യമന്ത്രിയും 53 വർഷം പുതുപ്പള്ളിയുടെ എംഎൽഎയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സംസ്കാരം സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളൊന്നുമില്ലാതെയാണു നടത്തിയത്. അതൊക്കെ ഒഴിവാക്കണമെന്നത് അദ്ദേഹത്തിന്റെ താത്പര്യമായിരുന്നു. ഔദ്യോഗിക ബഹുമതിയേക്കാൾ എത്രയോ ഉയരത്തിലായിരുന്നു ജനങ്ങളുടെ അനൗദ്യോഗിക ബഹുമതി.
അന്ത്യയാത്രയിൽ തിരുവനന്തപുരത്തുനിന്നു തുടങ്ങിയ തേങ്ങൽ പുതുപ്പള്ളിയിലെത്തിയപ്പോൾ തൊണ്ടപൊട്ടുമാറുച്ചത്തിലുള്ള നിലവിളിയായപ്പോൾ കേരളം അതു കണ്ടു. ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അസാധാരണമാംവിധം രണ്ടാമതും ദീപികയെഴുതുന്ന ഈ മുഖപ്രസംഗവും അത്തരമൊരു ആദരാഞ്ജലിയുടെ ബഹിർസ്ഫുരണമാണ്. കേരളം കണ്ട ഏറ്റവും വലിയ ജനപ്രിയ നേതാവേ വിട. കേരളത്തിന്റെ സ്നേഹത്തിൽ മയങ്ങി പുതുപ്പള്ളിയിലുറങ്ങുക.