മൃഗസ്നേഹികളുടെ മനുഷ്യവിരുദ്ധവാദങ്ങളും അവർക്കു വിധേയപ്പെടുന്ന സർക്കാരും
കോടതികളുമൊക്കെ ഒരുവശത്തു നിൽക്കുകയാണ്. മറുവശത്ത് അത്യന്തം ദുർബലരായ
മനുഷ്യർ വന്യജീവികളെയും അവയുടെ പക്ഷത്തെ മനുഷ്യരെയും ഭയന്നു നിൽക്കുന്നു.
നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്ന വന്യമൃഗങ്ങളെ മാത്രമല്ല, അവയുടെ പക്ഷത്തു നിൽക്കുന്ന മനുഷ്യരെയും ഭയമായിരിക്കുന്നു ഇരകൾക്ക്. മനുഷ്യരെ കൊന്നൊടുക്കുകയും അവരുടെ വീടും കൃഷിയും നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുമൃഗങ്ങളുടെ അവകാശത്തിനുവേണ്ടി നിലകൊള്ളുന്നവർ വനാതിർത്തികളിൽ ജീവിക്കാതെ നാട്ടിലെ സുരക്ഷിതമായ മേഖലകളിൽ ജീവിക്കുകയും ചെയ്യുന്നു.
ലോകത്ത് മറ്റെവിടെയാണ് ഇത്തരം കാപട്യങ്ങളെ വച്ചുപൊറുപ്പിക്കുന്നത്? ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയുന്നതിനായി വന്യജീവി സംരക്ഷണനിയമത്തിൽ ഭേദഗതി വരുത്താനുള്ള ശ്രമത്തിലാണെന്നു സർക്കാർ വ്യക്തമാക്കി. അതിനു തടസമുണ്ടായാൽ, ഭേദഗതി നിർദേശങ്ങൾ നിയമസഭയിൽ പ്രമേയമായി അവതരിപ്പിച്ച് കേന്ദ്രത്തിനു കൈമാറാനാണ് തീരുമാനം. ഇതൊക്കെ എത്രയും പെട്ടെന്നു ചെയ്താൽ അത്രയും മനുഷ്യക്കുരുതികൾ ഒഴിവാക്കാമെന്നുകൂടി സർക്കാരിനെ ഓർമിപ്പിക്കട്ടെ.
ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയുന്നതിനായി വന്യജീവി സംരക്ഷണനിയമത്തിൽ ഭേദഗതി വേണമെന്ന നിലപാടിലാണത്രേ സർക്കാർ. ഇതിനായി നിലവിലുള്ള കേന്ദ്രനിയമ ഭേദഗതിക്കുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനാണ് വനംവകുപ്പ് ആലോചിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശം തയാറാക്കാൻ ചീഫ് സെക്രട്ടറി കണ്വീനറായി ഉദ്യോഗസ്ഥ സമിതിക്കും രൂപം നൽകി.
വനം-പരിസ്ഥിതി അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വനം മേധാവി, നിയമ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. അടുത്ത മാസം ആദ്യം നിയമസഭാ സമ്മേളനം ചേരുന്നതിനാൽ സമിതി ഈ മാസംതന്നെ യോഗം ചേരും. നിയമഭേദഗതിക്ക് തടസമുണ്ടായാൽ ഭേദഗതി നിർദേശങ്ങൾ നിയമസഭയിൽ പ്രമേയമായി അവതരിപ്പിച്ച് കേന്ദ്രത്തിനു കൈമാറാനാണ് തീരുമാനം. ആക്രമണം നടത്തുന്ന വന്യജീവികളെ മയക്കുവെടി വച്ചു പിടികൂടി പ്രത്യേകം കൂട്ടിൽ പാർപ്പിക്കാൻ അധികാരം നൽകുന്നതിനായി കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയമാണ് നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്നത്.
കൊല്ലപ്പെടുന്ന മനുഷ്യരുടെ കുടുംബാംഗങ്ങളെ നിന്ദിക്കുംവിധം കൊല്ലുന്ന വന്യമൃഗങ്ങൾക്കുവേണ്ടി വലിയവായിൽ നിലവിളിച്ചു കോടതിയിലെത്തുന്ന മൃഗസ്നേഹികൾക്കും ഫാൻസ് അസോസിയേഷനുമൊക്കെ വിജയിക്കാനാവുന്നത് പലപ്പോഴും കാലഹരണപ്പെട്ട വനം-വന്യജീവി സംരക്ഷണ നിയമങ്ങൾ മൂലമാണ്. ഈയവസ്ഥയ്ക്കു കുറേയെങ്കിലും പരിഹാരമുണ്ടാക്കാൻ നിയമഭേദഗതിക്കുള്ള ബില്ലും അല്ലാത്തപക്ഷം, പ്രമേയവും കാരണമാകുമെന്നു പ്രതീക്ഷിക്കാം. പ്രമേയത്തിനൊപ്പം ഭേദഗതി നിർദേശങ്ങളും കേന്ദ്രമന്ത്രാലയങ്ങൾക്ക് അയയ്ക്കാനാണ് ആലോചന. അത്തരം പ്രമേയങ്ങളിൽ ‘മനുഷ്യ-വന്യജീവി സംഘർഷം’ എന്ന വികല പ്രയോഗം ഒഴിവാക്കാനും സർക്കാർ ശ്രദ്ധിക്കണം. ഏകപക്ഷീയമായി മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ വകവരുത്തുന്നത് എങ്ങനെയാണ് മൃഗ-മനുഷ്യ സംഘർഷമാകുന്നത്?
സംസ്ഥാനത്ത് കഴിഞ്ഞ ആറുവർഷത്തിനിടെ വന്യജീവി ആക്രമണത്തില് 735 പേർ കൊല്ലപ്പെട്ടെന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ വനം-വന്യജീവി വകുപ്പ് പുറത്തുവിട്ട കണക്ക്. അതിനുശേഷവും നിരവധിപ്പേർ കൊല്ലപ്പെട്ടു. 2021 ജൂൺ മുതൽ 2022 ഡിസംബർ വരെ 18 മാസത്തിനിടെ മാത്രം വന്യജീവി ആക്രമണത്തിൽ 123 പേർ കൊല്ലപ്പെട്ടു. 88,287 ആക്രമണങ്ങളും ഉണ്ടായി. പരിക്കേറ്റ് അർധപ്രാണരായി കഴിയുന്നത് ആയിരങ്ങളാണ്. എത്രയോ പാവങ്ങളുടെ വീടുകളാണ് നശിപ്പിച്ചത്. വീട്-കൃഷി നാശങ്ങൾ 8,707. വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന മനുഷ്യരുടെ വാർത്തയില്ലാത്ത ഒരു ദിവസവുമില്ല. ഇന്നലെയാണ് പാലക്കാട്ട് കാട്ടുപന്നി ഇടിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് വിജിഷ എന്ന യുവതി മരിച്ചത്. യാത്ര ചെയ്തിരുന്ന നാലു വിദ്യാർഥികൾക്കു പരിക്കേൽക്കുകയും ചെയ്തു. മേയിലാണ് കാട്ടുപോത്തിന്റെ കുത്തേറ്റ് എരുമേലിയിലും കൊല്ലത്തുമായി മൂന്നു മനുഷ്യർ ഒരു ദിവസംതന്നെ കൊല്ലപ്പെട്ടത്. ഈ കണക്കുകളൊന്നും നമ്മുടെ ഭരണാധികാരികളുടെയോ നിയമ സംവിധാനങ്ങളുടെയോ കണ്ണു തുറപ്പിക്കുന്നില്ലെന്നുള്ളതാണ് യാഥാർഥ്യം.
നിരവധി മനുഷ്യരെ കൊന്നൊടുക്കിയ അരിക്കൊന്പൻ എന്ന കാട്ടാനയ്ക്ക് ഫാൻസ് അസോസിയേഷൻ രൂപീകരിച്ചവരുടെ നാടാണു കേരളം. വന്യജീവികളും മരണവും സ്വന്തം വീട്ടിലെത്തുവോളം മറ്റുള്ളവരുടെ വേദന മനസിലാകാത്തവരുടെ മനോനില പരിശോധിക്കേണ്ടതാണ്. മൃഗങ്ങളുടെ ആവാസവ്യവസ്ഥ മനുഷ്യർ കൈയേറിയതാണ് അരിക്കൊന്പനെപ്പോലെയുള്ള കാട്ടാനകളുടെ ആക്രമണത്തിനു കാരണമെന്നു പറയുന്നവർ, ഒരിക്കൽ മൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്ന തങ്ങളുടെ വീടിരിക്കുന്ന മണ്ണും വനമാക്കാൻ വിട്ടുകൊടുക്കുമോയെന്നും പറയേണ്ടതുണ്ട്.
മൃഗസ്നേഹികളുടെ മനുഷ്യവിരുദ്ധവാദങ്ങളും അവർക്കു വിധേയപ്പെടുന്ന സർക്കാരും കോടതികളുമൊക്കെ ഒരുവശത്തു നിൽക്കുകയാണ്. മറുവശത്ത് അത്യന്തം ദുർബലരായ മനുഷ്യർ വന്യജീവികളെയും അവയുടെ പക്ഷത്തെ മനുഷ്യരെയും ഭയന്നു നിൽക്കുന്നു. ഏതു പ്രമേയങ്ങൾക്കാണ് ഈ കാട്ടുനീതി അവസാനിപ്പിക്കാനാകുന്നത്? എന്നാകും ഇതൊക്കെ തിരിച്ചറിയാനാകുന്ന ഭരണാധികാരി നാടു വാഴാനെത്തുന്നത്?