കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത വലിയതോതിൽ ഇടിഞ്ഞിരിക്കുന്നു. ഭരണത്തെ ഗ്രസിച്ചിരിക്കുന്ന രാഷ്ട്രീയ അതിപ്രസരം തടയണം.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത് എന്താണ്? പരീക്ഷ എഴുതാത്തയാൾ ജയിക്കുന്നു, ബി.കോം തോറ്റ വിദ്യാർഥി അതേ കോളജിൽ എം.കോം പഠിക്കുന്നു, വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗസ്റ്റ് ലക്ചററായി ജോലി നേടുന്നു, വിജയിച്ചയാൾക്കു പകരം മറ്റൊരാൾ യൂണിവേഴ്സിറ്റി കൗൺസിലറാകുന്നു- എല്ലാം ഭരണകക്ഷിയുടെ ആൾക്കാർ.
ഇത്രമാത്രം കുത്തഴിഞ്ഞും സ്വജനപക്ഷപാതം പ്രകടമായും ഉന്നതവിദ്യാഭ്യാസമേഖല ലജ്ജാകരമായ അവസ്ഥയിലായിട്ടും ഭരണത്തിനു നേതൃത്വം നൽകുന്നവർക്ക് യാതൊരു കുലുക്കവുമില്ല. ക്രിമിനൽ കുറ്റം ചെയ്തവരെപ്പോലും പിടികൂടുന്നില്ല. പോലീസ് അടക്കമുള്ള എല്ലാ ഭരണസംവിധാനങ്ങളും നോക്കുകുത്തിയാകുന്ന അവസ്ഥ. സംസ്ഥാനത്തെ സത്യസന്ധരായ ഉദ്യോഗസ്ഥരെല്ലാം നിഷ്ക്രിയരായോ എന്നു സംശയിക്കാവുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. മന്ത്രിമാരും രാഷ്ട്രീയ പോരാട്ടം നടത്തണമെന്ന പ്രമുഖ മന്ത്രിയുടെ ആഹ്വാനവും ഇത്തരുണത്തിൽ കൂട്ടിവായിക്കേണ്ടതാണ്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റം കൊണ്ടുവരുമെന്ന് രണ്ടാം പിണറായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് വലിയ പ്രാധാന്യവും നൽകി. ഉന്നതനേതാവിന്റെ ഭാര്യയായ കോളജ് അധ്യാപികയെയാണ് വകുപ്പ് ഏല്പിച്ചത്. എന്നാൽ, അനുദിനം വരുന്ന റിപ്പോർട്ടുകൾ ആരെയും അതിശയിപ്പിക്കുന്നതാണ്. സർവകലാശാലകളിലും കോളജുകളിലും ഭരണപക്ഷ രാഷ്ട്രീയക്കാരുടെ ക്രമരഹിതമായ ഇടപെടലുകൾ സർവസീമയും ലംഘിച്ചു നടക്കുന്നുവെന്നതിന് നിരവധി തെളിവുകൾ പുറത്തുവന്നുകഴിഞ്ഞു. മൂന്നു വർഷം ഒരു കോളജിൽ ബി.കോമിനു പഠിക്കുകയും അവിടെ വിദ്യാർഥി യൂണിയൻ നേതാവായി പ്രവർത്തിക്കുകയും ചെയ്ത വിദ്യാർഥിക്ക് പരീക്ഷയിൽ തോറ്റിട്ടും അതേ കോളജിൽ എം.കോമിനു ചേരാൻ കഴിഞ്ഞത് ഇത്തരമൊരവസ്ഥയുടെ അനന്തരഫലംതന്നെയാണ്. പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വിദ്യാർഥിക്കുവേണ്ടി ആരൊക്കെയോ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കോളജ് മാനേജ്മെന്റും പ്രിൻസിപ്പൽ അടക്കമുള്ള അധ്യാപകരും ഇതിനു കൂട്ടുനിന്നത് ഗുരുതരമായ കുറ്റകൃത്യംതന്നെയാണ്.
പിഎസ്സി പരീക്ഷയിലെ ആൾമാറാട്ടമടക്കം ഭരണത്തിന്റെ തണലിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട ഗുരുതരമായ പല ആരോപണങ്ങളും ഉണ്ടായെങ്കിലും അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി ലഘൂകരിച്ച് കേസുകൾ തേയ്ച്ചുമായ്ച്ചു കളയുന്ന ദുരവസ്ഥയാണ് കാണാൻ കഴിയുന്നത്. എസ്എഫ്ഐയുടെ വിദ്യ എന്ന മുൻ നേതാവ് വ്യാജരേഖ ചമച്ച് ഗസ്റ്റ് ലക്ചറർ ജോലി നേടിയതു സംബന്ധിച്ച് വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ട് രണ്ടാഴ്ചയാകുന്നു. ഇതുവരെ അവരെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. തെളിവെടുപ്പു നാടകവുമായി പോലീസ് റോന്തുചുറ്റുന്നു. ആരാണ് പോലീസിന്റെ കൈകൾ കെട്ടിയിരിക്കുന്നത്? വ്യാജരേഖ ചമയ്ക്കാൻ ഇവർക്ക് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ? സമാനമായ രീതിയിൽ മറ്റാരെങ്കിലും ജോലിയിൽ തുടരുന്നുണ്ടോ? ഇത്തരം നിരവധി ചോദ്യങ്ങളാണ് പൊതുജനത്തിന്റെ മനസിലുള്ളത്. മുൻകൂർ ജാമ്യാപേക്ഷയിൽ അവർക്കനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണോ പോലീസ് എന്നും സംശയം ഉയരുന്നുണ്ട്. ഇതെല്ലാം പൊതുസമൂഹത്തിനും വിദ്യാർഥികൾക്കും നൽകുന്ന സന്ദേശമെന്താണ്?
ഇത്തരം സാഹചര്യത്തിൽ വിദ്യാർഥികൾ കിടപ്പാടം പോലും പണയപ്പെടുത്തി വിദ്യാഭ്യാസത്തിനായി കേരളം വിട്ട് വിദേശത്തേക്ക് ഓടുന്നതിനു പിന്നിലെ കാരണം തേടി വലിയ ഗവേഷണമൊന്നും നടത്തേണ്ടതില്ല. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത വലിയ തോതിൽ ഇടിഞ്ഞിരിക്കുന്നു. പ്രശസ്ത മാധ്യമപ്രവർത്തകൻ കെ. ഗോപാലകൃഷ്ണൻ ദീപികയിലെ തന്റെ പ്രതിവാര പംക്തിയിൽ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയതുപോലെ, എന്തൊരു വീഴ്ചയാണിത്. അടിയന്തര ഇടപെടൽ ആവശ്യമാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണവും പ്രസക്തമാണ്. തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനത്തു നടക്കുന്ന പിൻവാതിൽ നിയമനങ്ങളും യുവജനതയുടെ ആത്മവീര്യം ചോർത്തിക്കളയുന്നു. പാർട്ടി പ്രവർത്തകർക്കും നേതാക്കളുടെ ബന്ധുക്കൾക്കും അനർഹമായി ഉന്നതസ്ഥാനങ്ങളിൽ വരെ ജോലി ലഭിക്കുന്നതിന്റെ എത്രയെത്ര കഥകൾ പുറത്തുവന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയിലടക്കം സംസ്ഥാന ഭരണത്തിലുണ്ടായിരിക്കുന്ന രാഷ്ട്രീയ അതിപ്രസരവും തന്മൂലം സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വവും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഭരണകക്ഷിയുടെ പ്രത്യേകിച്ച് സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടൽ വ്യക്തമാണ്. നേതാക്കളുടെ അപ്രീതിക്ക് ഇടയാക്കുന്നതൊന്നും ചെയ്യാതിരിക്കാൻ ഉദ്യോഗസ്ഥർ ജാഗ്രതകാണിക്കുന്നു എന്ന തോന്നൽ പൊതുസമൂഹത്തിനുണ്ട്. രാഷ്ട്രീയ പകപോക്കലിനായി കിട്ടുന്ന കച്ചിത്തുരുമ്പുകളെല്ലാം ഉപയോഗിക്കുന്ന പ്രവണതയും ഏറിവരുന്നു. പ്രതിപക്ഷത്തെയടക്കം വിമർശകരെയെല്ലാം അവഗണിക്കുക മാത്രമല്ല, നേരിടുകയും ചെയ്യുന്ന അവസ്ഥ ജീർണതയുടെ ലക്ഷണമാണ്. ഏഴുവർഷം പൂർത്തിയാക്കിയ പിണറായി വിജയൻ സർക്കാർ വിചിന്തനത്തിന് തയാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മിനിമം കുറ്റവാളികളെയെങ്കിലും പിടികൂടി ശിക്ഷിക്കണം. ഇത്തരത്തിൽ കൂടുതൽ പേർ അനർഹമായി നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കണം. സ്വജനപക്ഷപാതവും പിൻവാതിൽ നിയമനങ്ങളും പരിപൂർണമായി അവസാനിപ്പിക്കണം. ഭരണത്തെ ഗ്രസിച്ചിരിക്കുന്ന രാഷ്ട്രീയ അതിപ്രസരം തടയണം. പോലീസിലടക്കം സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് ഭയംകൂടാതെ നിയമാനുസൃതം പ്രവർത്തിക്കാനുള്ള അവസരമൊരുക്കണം.