പാവപ്പെട്ട കർഷകരാണ് മിക്ക സഹകരണ ബാങ്കുകളുടെയും അടിത്തറ. ഓരോ നേതാവിന്റെയും തട്ടിപ്പ് ഒരായിരം പാവപ്പെട്ട മനുഷ്യരെയാണ് പാപ്പരാക്കുന്നതും ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നതും. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാത്ത ഈ രാഷ്ട്രീയ കൊള്ളക്കാരെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും തളച്ചില്ലെങ്കിൽ ഗ്രാമീണ സന്പദ് വ്യവസ്ഥയുടെ അടിത്തറയിളകും.
എടുക്കാത്ത വായ്പയ്ക്ക് 45 ലക്ഷം രൂപയുടെ കുടിശികക്കാരനായി മാറിയ കർഷകൻ ജീവനൊടുക്കിയതു ഞെട്ടിക്കുന്ന വാർത്തയാകേണ്ടതാണ്. പക്ഷേ, കേരളത്തിലെ സഹകരണ ബാങ്കുകളിലെ ആവർത്തിക്കുന്ന അഴിമതി കണ്ടു മടുത്തവർക്ക് അത് അപ്രതീക്ഷിതമല്ല. ബാങ്കുകളുടെ വിശ്വാസ്യത നശിപ്പിച്ചത് ഇടത്-വലതു വ്യത്യാസമില്ലാതെ രാഷ്ട്രീയ പാർട്ടികളാണ്. സഹകരണ ബാങ്ക് ഭരണസമിതികളിലേക്ക് പാർലമെന്റ് തെരഞ്ഞെടുപ്പുകളെ വെല്ലുന്ന പ്രചാരണങ്ങളാണ് അരങ്ങേറുന്നത്. പിൻവാതിൽ നിയമനങ്ങളും വായ്പാ തട്ടിപ്പും പണം അപഹരിക്കലുമൊക്കെയാണോ പ്രലോഭനമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പാവപ്പെട്ട കർഷകരാണ് മിക്ക സഹകരണ ബാങ്കുകളുടെയും അടിത്തറ. ഓരോ നേതാവിന്റെയും തട്ടിപ്പ് ഒരായിരം പാവപ്പെട്ട മനുഷ്യരെയാണ് പാപ്പരാക്കുന്നതും ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നതും. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാത്ത ഈ രാഷ്ട്രീയ കൊള്ളക്കാരെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും തളച്ചില്ലെങ്കിൽ ഗ്രാമീണ സന്പദ് വ്യവസ്ഥയുടെ അടിത്തറയിളകും.
ഇത്തവണ വയനാട്ടിലെ പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പാണ് കർഷകനെ കൊന്നത്. അറസ്റ്റിലായത്, കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. ഏബ്രഹാമും മുൻ സെക്രട്ടറി കെ.ടി. രമാദേവിയും. ഏബ്രഹാം പ്രസിഡന്റായിരുന്ന കാലത്തായിരുന്നു തട്ടിപ്പു നടന്നത്. ഇതോടെ, ബാങ്ക് തട്ടിപ്പുകേസുകളിൽ സിപിഎമ്മിന്റെ അപ്രമാദിത്വത്തിനു കോൺഗ്രസ് വെല്ലുവിളിയായി മാറുകയാണ്. വീട്ടുകാർ പറഞ്ഞതനുസരിച്ച്, 2017ൽ ബാങ്കിൽനിന്ന് 73,000 രൂപ വായ്പയെടുത്ത രാജേന്ദ്രൻ നായർ എന്ന കർഷകനാണ് ചതിയിൽ പെട്ടത്. അദ്ദേഹത്തിന്റെ പേരിൽ 25 ലക്ഷം രൂപ മറ്റാരോ വായ്പയെടുത്തെന്നാണ് ആരോപണം.
പലിശയും ചേർന്ന് ഒടുവിൽ കുടിശിക 35 ലക്ഷമായി. ഈ ബാങ്കിലെ തട്ടിപ്പുകേസിൽ 2019ൽ തുടങ്ങിയതാണ് വിജിലൻസ് അന്വേഷണം. നാലു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നവർ രാജേന്ദ്രന്റെ മരണത്തോടെ സടകുടഞ്ഞെണീറ്റിട്ടുണ്ട്. ഒന്നാം പ്രതിയായി കെ.കെ. ഏബ്രഹാമിനെയും ഡയറക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരുമടക്കം മറ്റ് ഒന്പതു പേരെയും ഉൾപ്പെടുത്തിയാണ് നാലു വർഷത്തിനുശേഷം കുറ്റപത്രം തയാറാക്കിയിട്ടുള്ളത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്നു കരുതുന്നയാൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇയാൾ സംസ്ഥാനം വിട്ടെന്നാണ് കരുതുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പായിരുന്നു വർഷങ്ങളായി സിപിഎം ഭരിക്കുന്ന തൃശൂർ കരുവന്നൂരിലേത്. 2018ൽ സൂചനകൾ പുറത്തുവന്നിരുന്നു. എടുക്കാത്ത വായ്പയ്ക്കു ജപ്തി നോട്ടീസ് വന്നതോടെ 2021 ജൂലൈ 22ന് മുകുന്ദൻ എന്നയാൾ ജീവനൊടുക്കി. അവിടെ തുടങ്ങിയ അന്വേഷണം 300 കോടിയുടെ അഴിമതിയുടെ വിവരങ്ങൾ പുറത്തെത്തിച്ചു. സ്ഥിരനിക്ഷേപം നടത്തിയിരുന്ന 30 ലക്ഷം രൂപയിൽനിന്നു ചികിത്സയ്ക്കുപോലും പണം ലഭിക്കാതെ റിട്ടയേഡ് നഴ്സ് ഫിലോമിന ആശുപത്രിയിൽ മരിച്ചതു കഴിഞ്ഞ വർഷം വിവാദമായിരുന്നു.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തട്ടിപ്പു തുക 226.78 കോടിയായി കുറഞ്ഞു. ഇപ്പോൾ മന്ത്രി പറയുന്നത് 104 കോടിയുടെ തട്ടിപ്പേ നടന്നിട്ടുള്ളു എന്നാണ്. സഹകരണ ബാങ്ക് തട്ടിപ്പിന്റെ വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചാലുടനെ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഇരവാദം മുഴക്കുന്നവർ സ്വന്തം പാർട്ടിക്കാർ പ്രതികളാകുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ന്യായീകരിക്കാനാണ് ഊർജമത്രയും ചെലവഴിക്കുന്നത്. സഹകരണസംഘങ്ങളിലെ അഴിമതികളും തട്ടിപ്പും പരിശോധിച്ചാൽ ഇവിടത്തെ സഹകരണ പ്രസ്ഥാനങ്ങളെ ഈ വിധം നശിപ്പിച്ചതിൽ സിപിഎം ഭരണസമിതികളുടെ പങ്ക് മറച്ചുവയ്ക്കാനാവില്ല. ഒപ്പമെത്തില്ലെങ്കിലും കോൺഗ്രസുൾപ്പെടെയുള്ള യുഡിഎഫിനും പങ്കുണ്ട്.
സഹകരണ മന്ത്രി കഴിഞ്ഞ വർഷം നിയമസഭയിൽ വച്ച കണക്കനുസരിച്ച്, കാലാവധി പൂർത്തിയായിട്ടും നിക്ഷേപങ്ങൾ തിരികെ നൽകാൻ സാധിക്കാത്ത 164 സഹകരണസംഘങ്ങളിൽ 14 ജില്ലകളുമുണ്ട്. അതിൽ 37ഉം തലസ്ഥാനത്തായിരുന്നു. ഈ കണക്കുകൾ ഇക്കൊല്ലം പുതുക്കിയാൽ എണ്ണം കൂടും. നിലവിലെ ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീം പ്രകാരം നിക്ഷേപം എത്രയായാലും രണ്ടു ലക്ഷം രൂപ തിരികെ കൊടുക്കാനേ വ്യവസ്ഥയുള്ളു. നിക്ഷേപിക്കുന്ന മുഴുവൻ തുകയ്ക്കും സർക്കാർ ഗാരണ്ടി നൽകുകയും കുറ്റവാളികൾക്കെതിരേ പാർട്ടി ഭേദമെന്യേ നടപടിയെടുക്കുകയും ചെയ്യുവോളം ഈ പ്രശ്നം പരിഹരിക്കപ്പെടില്ല. തട്ടിപ്പു നടന്ന ബാങ്കുകളിലും ഓഡിറ്റൊക്കെ നടന്നിരുന്നു. ബാങ്ക് ഭരണസമിതിയായാലും സഹകരണവകുപ്പായാലും സർക്കാരായാലും ഓഡിറ്റ് നടത്തുന്നവരായാലും സഹകരണം തട്ടിപ്പുകാരോടല്ല ഇടപാടുകാരോടാണ് വേണ്ടതെന്നു മറക്കരുത്.