പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
രാജ്യത്തിന്റെ അഭിമാനമായ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതാപത്തോടെ നടത്താനാവശ്യമായ വിട്ടുവീഴ്ചകൾക്ക് പ്രതിപക്ഷവും തയാറാകണം. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ തുടക്കംതന്നെ പരസ്പര ബഹുമാനത്തോടെയാകാം.
പുതിയ പാർലമെന്റ് മന്ദിരം സവർക്കറുടെ ജന്മദിനത്തിൽ ഉദ്ഘാടനം ചെയ്യുന്നതും ചടങ്ങിലേക്കു രാഷ്ട്രപതിയെ ക്ഷണിക്കാത്തതും വിവാദമായിരിക്കുകയാണ്. രാജ്യം അഭിമാനത്തോടെ കാണുകയും പങ്കെടുക്കുകയും ചെയ്യേണ്ട മഹാസംഭവം ഈവിധം തർക്കവേദിയായി മാറുന്നത് രാജ്യത്തിനകത്തു മാത്രമല്ല, പുറത്തും അപമാനകരമാണ്. ഈ മാസം 28നാണ് ഉദ്ഘാടനം. അതിനുമുന്പ്, പ്രതിപക്ഷവും വിമർശകരും ഉന്നയിച്ചിരിക്കുന്ന തടസങ്ങളെ ചർച്ചകളിലൂടെയും വിട്ടുവീഴ്ചകളിലൂടെയും പരിഹരിക്കാൻ സർക്കാർ തയാറാകണം. ജനാധിപത്യത്തിന്റെ സമന്വയപാതയിലൂടെ പാർലമെന്റിലേക്കു വലതുകാൽ വച്ചു കയറുന്നതല്ലേ ഉചിതം?
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിക്കാതിരുന്ന ബിജെപി സർക്കാർ ഉദ്ഘാടനത്തിന് ഇപ്പോഴത്തെ രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും ക്ഷണിച്ചിട്ടില്ലെന്നതാണ് വിവാദത്തിനു പ്രധാന കാരണം.
2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട ചടങ്ങിൽ വിവാദമുയർന്നപ്പോഴും സർക്കാർ അതു ഗൗനിച്ചിരുന്നില്ല. ഉദ്ഘാടനചടങ്ങിലും അതേ ശൈലി പിന്തുടരുന്നത് യാദൃച്ഛികമാകാനിടയില്ല. പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്നു ശനിയാഴ്ചയാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇപ്പോൾ പ്രതിപക്ഷ പാർട്ടികളെല്ലാം വിഷയം ഏറ്റെടുത്തിട്ടിട്ടുണ്ട്. ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് ഉദ്ഘാടനം നിർവഹിക്കുന്നതിനു പ്രധാനമന്ത്രിക്കു ക്ഷണക്കത്തയച്ചത്. ഉപരാഷ്ട്രപതിയും ഉപരിസഭയായ രാജ്യസഭയുടെ അധ്യക്ഷനുമായ ജയ്ദീപ് ധൻകറിനെ നോക്കുകുത്തിയാക്കിയെന്നും കോണ്ഗ്രസ് നേതാക്കൾ വിമർശിച്ചു.
മോദി സർക്കാർ ദളിത് വിഭാഗത്തിൽനിന്നു രാഷ്ട്രപതിയെ തെരഞ്ഞെടുത്തത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണെന്നും രാഷ്ട്രപതിയെ ഉദ്ഘാടനത്തിനു ക്ഷണിക്കാത്തതിലൂടെ രാഷ്ട്രപതിപദത്തിന്റെ മഹിമ ഇല്ലാതാക്കുകയാണു ചെയ്തതെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഷ്ട്രപതി മാത്രമാണ് സർക്കാരിനെയും പ്രതിപക്ഷത്തെയും എല്ലാ പൗരന്മാരെയും ഒന്നുപോലെ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ മറുപടി പരിഹാസമായിരുന്നു. രാജ്യം പുരോഗമിക്കുന്നതിനിടെ ശുഭമുഹൂർത്തങ്ങളിലെല്ലാം രാഹുൽ അപശകുനമായി മാറുകയാണെന്നായിരുന്നു ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ പ്രതികരണം.
രാഷ്ട്രത്തിന്റെ തലവനാണ് രാഷ്ട്രപതിയെന്നും സർക്കാരിന്റെ തലവനും പാർലമെന്റിനെ നയിക്കുന്നതും പ്രധാനമന്ത്രിയാണെന്നുമാണ് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞത്. എന്നാൽ കോൺഗ്രസ് പറയുന്നത്, മന്ത്രി ഭരണഘടനയുടെ 79-ാം വകുപ്പ് വായിക്കണമെന്നാണ്. ഭരണഘടനയിലെ 79-ാം വകുപ്പു പറയുന്നത് രാഷ്ട്രപതിയും രാജ്യസഭയും ലോക്സഭയും ഉൾപ്പെടുന്നതാണ് പാർലമെന്റ് എന്നാണ്. ഭരണഘടനയിൽ മാറ്റം വരുത്തുന്പോൾ പാർലമെന്റിന്റെ ഇരുസഭകളും പിന്നീട് രാഷ്ട്രപതിയും പാസാക്കിയാൽ മാത്രമേ അതു നിയമമാക്കുകയുള്ളൂ.
പ്രോട്ടോകോൾ അനുസരിച്ച്, രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും താഴെയാണ് പ്രധാനമന്ത്രി. രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് രാഷ്ട്രപതിയാണ്. സെൻട്രൽ ഹാളിലെ ചടങ്ങുകളിൽ രാഷ്ട്രപതിയും സഭാധ്യക്ഷനും വേദിയിലിരിക്കുന്പോൾ പ്രധാനമന്ത്രിക്ക് സദസിലാണ് സ്ഥാനം. ഇത്തരം കാരണങ്ങളാൽ രാഷ്ട്രപതിയുടെ പാർലമെന്റിലെ സ്ഥാനം അവഗണിക്കാൻ സർക്കാരിനു കഴിയില്ല. രോഷാകുലമായ മറുപടികളും പരിഹാസങ്ങളുമല്ല വിമർശനങ്ങൾക്കു കൃത്യമായ മറുപടിയാണ് സർക്കാർ നൽകേണ്ടത്.
സവർക്കറുടെ 140-ാം ജന്മദിനത്തിൽ പാർലമെന്റ് ഉദ്ഘാടനം നടത്തുന്നതാണ് രണ്ടാമത്തെ വിമർശനം. ഗാന്ധിവധ ഗൂഢാലോചനക്കേസിൽ പ്രതി ചേർക്കപ്പെടുകയും മതിയായ തെളിവില്ലാതിരുന്നതിനാൽ വിട്ടയയ്ക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് സവർക്കർ. ബ്രീട്ടീഷ് സർക്കാരിനു തുടർച്ചയായി മാപ്പപേക്ഷ എഴുതിക്കൊടുത്ത് ജയിൽമോചിതനാകാൻ ശ്രമിച്ചതിന്റെ പേരിലും ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. സവർക്കറുടെ ജന്മദിനമായ മേയ് 28 പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു തെരഞ്ഞെടുത്തത്, സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിന്റെ സ്ഥാപകപിതാക്കന്മാരെയും അപമാനിക്കുന്നതിനു തുല്യമാണെന്നാണ് കോൺഗ്രസ് പക്ഷം. പാർലമെന്റ് മന്ദിരത്തിന് സവർക്കർ സദനമെന്നു പേരിടണമെന്നാണ് ഗാന്ധിജിയുടെ പ്രപൗത്രനായ തുഷാർ ഗാന്ധി പറഞ്ഞത്. സെൻട്രൽ ഹാളിനു ‘മാപ്പുമുറി’എന്നു പേരിടണമെന്നും അദ്ദേഹം പരിഹസിച്ചു.
തർക്കങ്ങൾ അവസാനിപ്പിക്കാൻ സമയം തീരെ കുറവാണ്. ക്രിയാത്മക ചർച്ചകൾക്കു സർക്കാർ മുൻകൈയെടുക്കണം. രാജ്യത്തിന്റെ അഭിമാനമായ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതാപത്തോടെ നടത്താനാവശ്യമായ വിട്ടുവീഴ്ചകൾക്ക് പ്രതിപക്ഷവും തയാറാകണം. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ തുടക്കംതന്നെ പരസ്പര ബഹുമാനത്തോടെയാകാം.