ദുരന്തത്തിൽ തകർന്നവരെ സർക്കാർ മറക്കരുത്
ഉരുൾപൊട്ടലിൽ കെട്ടിടങ്ങളും റോഡുകളും പാലങ്ങളും തകർന്ന കൂട്ടിക്കൽ, കൊക്കയാർ മേഖലയിലെ പുനർനിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളണം.
രണ്ടരമാസം മുന്പ്, 2021 ഒക്ടോബർ 16നു കോട്ടയം, ഇടുക്കി ജില്ലകളിലെ കൂട്ടിക്കൽ, കൊക്കയാർ പ്രദേശങ്ങളെ തകർത്തെറിഞ്ഞ അതിതീവ്രമഴയും ഉരുൾപൊട്ടലും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കേരളീയരെ ബോധ്യപ്പെടുത്തിയ വൻ പ്രകൃതിദുരന്തമായിരുന്നു. കൂട്ടിക്കൽ പഞ്ചായത്തിൽ ഒരു കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ 13 പേരും കൊക്കയാറിൽ ആറുപേരുമാണ് അന്നു മരിച്ചത്. കൂട്ടിക്കൽ പഞ്ചായത്തിൽ മാത്രം 42 റോഡുകളും 17 പാലങ്ങളും തകർന്നു. കൃഷി നശിച്ചും വീടു തകർന്നും നൂറുകണക്കിനുപേരുടെ ജീവിതമാണു തീരാദുരിതത്തിലായത്. കൊക്കയാർ പഞ്ചായത്തിലും സമാനമായ നാശനഷ്ടങ്ങളുണ്ടായി. മണിമലയാർ കരകവിഞ്ഞൊഴുകി കാഞ്ഞിരപ്പള്ളി, മല്ലപ്പള്ളി താലൂക്കുകളിൽ വലിയ നാശം വിതച്ചു. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ജനപ്രതിനിധികളും സർക്കാരും ഉണർന്നുപ്രവർത്തിച്ചു രക്ഷാപ്രവർത്തനങ്ങൾ നടത്തിയതാണു ജീവിതത്തിലേക്കു തിരിച്ചുവരാൻ പലരെയും സഹായിച്ചത്. പുനരധിവാസ- പുനർനിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നു സർക്കാർ അധികൃതർ അന്നു പറഞ്ഞിരുന്നു. എന്നാൽ, ആ വാഗ്ദാനങ്ങൾ പലതും ഇന്നും പാലിക്കപ്പെടാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകയാണു ദുരന്തബാധിത മേഖലയിലെ ജനങ്ങൾ. അവിടത്തെ പുനർനിർമാണ പ്രവർത്തനങ്ങൾ എത്രയുംവേഗം പൂർത്തിയാക്കാൻ സർക്കാർ നടപടിയെടുക്കണം.
കൊക്കയാർ നിവാസികളോടു കാണിക്കുന്ന അവഗണനയ്ക്കെതിരേ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നിരാഹാരസമരം നടന്നു. പ്രളയബാധിതരെ അടിയന്തരമായി സഹായിക്കുക, ഭവനരഹിതരായവരെ പുനരധിവസിപ്പിക്കുക, സ്ഥലം നഷ്ടപ്പെട്ടവർക്കു പകരം ഭൂമി നൽകുക, ദുരന്തമേഖലയിലെ ഭൂമി സംബന്ധിച്ചു വ്യക്തത വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണു സമരക്കാർ ഉന്നയിക്കുന്നത്. കൂട്ടിക്കൽ പ്രദേശത്തെ ആവശ്യങ്ങളും സമാനമാണ്.
അന്നു ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു നാലുലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഈ നഷ്ടപരിഹാരത്തുകയല്ലാതെ മറ്റൊരു സഹായവും സർക്കാർ വിതരണം ചെയ്തിട്ടില്ലെന്നു പരാതിയുണ്ട്. വീടും ജീവനോപാധിയും നഷ്ടമായവർക്കു ധനസഹായം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ നീളുന്നു. വളരെ സാവധാനമാണു സർക്കാർയന്ത്രം ചലിക്കുന്നത്. വലിയ ദുരന്തങ്ങൾക്ക് ഇരയാകുന്നവരോട് അല്പംകൂടി കനിവ് കാട്ടാൻ സർക്കാർ സംവിധാനങ്ങൾ തയാറാകേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളാണു ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ വലിയൊരളവോളം സഹായിച്ചത്.
കൂട്ടിക്കൽ, കൊക്കയാർ പ്രദേശത്തെ ജനജീവിതം പഴയനിലയിലേക്കു മടങ്ങണമെങ്കിൽ അതിനുള്ള കൈത്താങ്ങ് ലഭിക്കണം. തകർന്ന റോഡുകളും പാലങ്ങളും ദുരന്തത്തിന്റെ ബാക്കിപത്രംപോലെ നിലകൊള്ളുന്നു. ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമിയാണ് ഒലിച്ചുപോയത്. അപകടഭീഷണിയെത്തുടർന്നു പലരും ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും താമസം മാറിയിരുന്നു. ഭാഗികമായി തകർന്ന വീടുകൾ അറ്റകുറ്റപ്പണി നടത്തി ആളുകൾ താമസം തുടങ്ങിയിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിൽ 88 വീടുകൾ പൂർണമായും 260 വീടുകൾ ഭാഗികമായും തകർന്നു. കൊക്കയാറിൽ 241 വീടുകളാണു തകർന്നത്. വീട് നഷ്ടപ്പെട്ടതിനാൽ ഇപ്പോഴും ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവരുണ്ട്.
കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം ഉൾപ്പെടെ 17 പാലങ്ങൾ ഇവിടെ തകർന്നതിനാൽ പലർക്കും 30 കിലോമീറ്റർവരെ അധികദൂരം സഞ്ചരിക്കണം. മണിമലയാർ കരകവിഞ്ഞ് മല്ലപ്പള്ളി താലൂക്കിൽ അഞ്ചു പഞ്ചായത്തുകളിലായി 1,632 വീടുകളിൽ വെള്ളം കയറുകയും 462 വീടുകൾക്കു കേടു സംഭവിക്കുകയും ചെയ്തു. വെള്ളം കയറിയ വീടുകളിലുള്ളവർക്ക് 10,000 രൂപ നഷ്ടപരിഹാരം ലഭിക്കേണ്ടതാണ്. എന്നാൽ, ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ വൈകുന്നു.
ദുരന്തങ്ങൾ വരുന്പോൾ മാത്രം ഉണരുകയും അതിനുശേഷം സുഖസുഷുപ്തിയിലേക്കു മടങ്ങുകയും ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾ കേരളത്തിന്റെ ശാപമാണ്. പ്രകൃതിദുരന്തങ്ങളിൽ ഇക്കൊല്ലം ഏകദേശം 9,000 കോടി രൂപയുടെ കൃഷിനാശം കേരളത്തിലുണ്ടായെന്നാണു കണക്ക്.
എന്തു പ്രകൃതിക്ഷോഭം വന്നാലും കർഷകർക്കു നഷ്ടമുണ്ടാകുന്ന സ്ഥിതിയാണ്. നിരവധി കർഷകരുടെ റബർ, നെല്ല്, വാഴ, കപ്പ, പച്ചക്കറി തുടങ്ങിയ കൃഷികൾ നശിച്ചു. പ്രകൃതിക്ഷോഭങ്ങൾമൂലം കൃഷി നശിക്കുന്ന കർഷകരെ സഹായിക്കാൻ പ്രത്യേക പദ്ധതികളും സാന്പത്തികസഹായവും വേണമെന്ന നിർദേശങ്ങളോടു സർക്കാർ ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ല. ഉരുൾപൊട്ടലിൽ കെട്ടിടങ്ങളും റോഡുകളും പാലങ്ങളും തകർന്ന കൂട്ടിക്കൽ, കൊക്കയാർ മേഖലയിലെ പുനർനിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളണം. ദുരന്തബാധിതരായ പാവപ്പെട്ടരുടെ കണ്ണീരൊപ്പുന്നതിലും ദുരന്തത്തിൽ തകർന്ന പ്രദേശങ്ങളെ കൈപിടിച്ചു കയറ്റുന്നതിലും ഒരു അനാസ്ഥയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല.