പന്പയാറും ശബരിമല വനവും അതിരിടുന്ന ഏഞ്ചൽവാലി ഗ്രാമം പ്രളയത്തിൽ ആഴ്ചകളോളം ഒറ്റപ്പെട്ടു കിടന്നു. ഹെലികോപ്റ്ററിലൂടെയായിരുന്നു ഭക്ഷണപ്പൊതികൾ എത്തിച്ചിരുന്നത്.
പന്പ, കക്കി അണക്കെട്ടുകൾ തുറന്നതിനൊപ്പം വനത്തിലുണ്ടായ ഉരുൾപ്പൊട്ടലുകളാണ് ഇത്രയേറെ നാശമുണ്ടാക്കിയത്. കൃഷി വ്യാപകമായി നശിച്ചു. പാലങ്ങളുടെ കൈവരികളും റോഡുകളും ഒലിച്ചുപോയി. പാലം മൂടിപ്പോയതിനാൽ ഒറ്റപ്പെട്ടുപോയ ഞങ്ങളെല്ലാം ആ ദിവസങ്ങളിൽ ഞങ്ങളുടെ സ്കൂളിലാണു കഴിഞ്ഞത്. ഞങ്ങളുടെ സെന്റ് മേരീസ് സ്കൂളായിരുന്നു നാട്ടിലെ ഏക ക്യാന്പ്. വൈദ്യുതിയും വെളിച്ചവും ഫോണുമൊക്കെ നിശ്ചലമായ ദിവസങ്ങൾ. നാട്ടിലെ ഏക പലചരക്കു കടയിൽ വെള്ളം കയറിയതോടെ ഒന്നും കിട്ടാനില്ലാതായി. അങ്ങനെയാണ് വനത്തിനു മുകളിലൂടെ ഹെലികോപ്റ്റർ ഭക്ഷണവുമായി വന്നത്.
കാഞ്ഞിരപ്പള്ളി മലനാട് ഡെവല്പമെന്റ് സൊസൈറ്റിയിൽ നിന്നുള്ള ഭക്ഷണസാധനങ്ങൾ. ദിവസങ്ങൾ കഴിഞ്ഞതോടെ പലരും ക്യാന്പിൽനിന്നു ബന്ധുവീടുകളിലേക്കു പോയി. മഴ കുറഞ്ഞപ്പോഴാണ് ഞങ്ങളുടെ ഗ്രാമത്തിലുണ്ടായ ദുരിതങ്ങൾ വ്യക്തമായത്. പുഴയുടെ തീരങ്ങൾ ഇടിഞ്ഞു താഴ്ന്നിരുന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ശ്രമം നടത്തിയ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. ഇവിടെ പ്രളയദുരിതം ഇനിയും മാറിയിട്ടില്ല. റോഡുകൾ ഇപ്പോഴും തകർന്ന അവസ്ഥയിൽത്തന്നെയാണ്.