എഴുത്തിന്റെ വഴിയിൽ ഒരു ചായക്കടക്കാരൻ
Sunday, August 28, 2016 12:49 AM IST
ഇന്ത്യയിൽനിന്നുതന്നെ പ്രചോദനാത്മകമായ നിരവധി സംഭവകഥകളുണ്ട്. തെരുവുവിളക്കിന്റെ ചുവട്ടിലിരുന്നും ഒട്ടനവധി ജോലികൾ ചെയ്തുമൊക്കെ പഠിച്ച നിരവധി വ്യക്‌തിത്വങ്ങളുടെ കഥകൾ. ഡൽഹിക്കും പറയാനുണ്ട് ലക്ഷ്മൺ റാവു എന്ന ചായക്കാരന്റെ കഥ. ചായവില്പന തൊഴിലായി സ്വീകരിച്ചെങ്കിലും 24 പുസ്തകങ്ങളുടെ രചിതാവാണ് അദ്ദേഹം. ജീവിതഗന്ധിയായ സംഭവങ്ങളാണ് അദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞുള്ളത്.

സാധാരണക്കാരുടെ ഇടയിൽ സാധാരണക്കാരനായി ജീവിക്കുന്ന ആളാണെങ്കിലും രാജ്യത്തെ പ്രമുഖരുടെ ശ്രദ്ധ നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ലക്ഷ്മൺ റാവുവിനെ പ്രത്യേക വിരുന്നിനു ക്ഷണിച്ചിട്ടുണ്ട്. മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സന്ദർശിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലക്ഷ്മൺ റാവു പുസ്തകങ്ങളുമായി ചങ്ങാത്തത്തിലാവുന്നത്. പ്രമുഖ ഇന്ത്യൻ നോവലിസ്റ്റായ ഗുൽഷൻ നന്ദയുടെ ഉപന്യാസങ്ങളാണ് ഇഷ്‌ട രചനകൾ. നിരവധി തൊഴിൽ മേഖലകളിലൂടെ കടന്ന് 1975ലാണ് ലക്ഷ്മൺ റാവു ഡൽഹിയിലെത്തുന്നത്. 1980 മുതൽ ചായവില്പന തൊഴിലായി സ്വീകരിച്ചു. തനിക്കും കുടുംബത്തിനും ജീവിക്കാനുള്ളത് ലഭിക്കുന്നത് ചായവില്പനയിലൂടെയാണെന്ന് അദ്ദേഹം പറയുന്നു. ഡൽഹിയിലെത്തിയശേഷമാണ് എഴുത്തുകാരൻ എന്ന നിലയിലേക്ക് താൻ മാറിയതെന്നാണ് ലക്ഷ്മൺ പറയുന്നത്.

തുടക്കത്തിൽ പ്രമുഖ പ്രസാധകരൊക്കെ തന്റെ രചനകൾ സ്വീകരിച്ചില്ല. എങ്കിലും പിന്മാറിയില്ല. സാധാരണക്കാരനായ ഒരു വ്യക്‌തിക്ക് വലിയ പബ്ലിഷിംഗ് കമ്പനികളെ സമീപിക്കുന്നതിൽ വലിയ തടസങ്ങളുണ്ടായിരുന്നു. പിന്നീട് സ്വന്തമായി പുസ്തകം പ്രസിദ്ധീകരിക്കുകയായിരുന്നു. 1979ൽ രാംദാസ് എന്ന നോവൽ പുറത്തിറക്കി. 4000 കോപ്പികളാണ് അന്ന് വിറ്റുപോയത്. 1992ൽ ഭാരതീയ സാഹിത്യകല പ്രകാശൻ രാംദാസ് എന്ന നോവൽ ഏറ്റെടുത്തു. പിന്നീട് നാലു തവണ ആ നോവൽ പുനഃപ്രസിദ്ധീകരിച്ചു. 2003ൽ ഇന്ദ്രപ്രസ്‌ഥ ഭാരതി അവാർഡ് രാംദാസിനു ലഭിച്ചു.

ഇതുവരെ 24 പുസ്തകങ്ങൾ എഴുതി. ആറെണ്ണം പുനഃപ്രസിദ്ധീകരിച്ചു. രാജ്യത്തെ പ്രമുഖ ഓൺലൈൻ മാർക്കറ്റുകളായ ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയവയിലും പുസ്തകങ്ങളുടെ ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകൾ ലഭ്യമാണ്.

അക്രമം, ഫിക്ഷൻ, സാഹിത്യം, പ്രണയം, തത്വശാസ്ത്രം, മിത്ത് തുടങ്ങിയവയൊക്കെ ലക്ഷ്മണിന്റെ കൃതികളിൽ കടന്നുവരാറുണ്ട്. നർമദ, അഭിവ്യക്‌തി, രേണു, അഹങ്കാർ, ദൃഷ്‌ടികോൺ എന്നിവയാണ് പ്രധാന കൃതികൾ.

1984ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ദിരാഗാന്ധിക്കായി പ്രത്യേക നാടകം രചിച്ചെങ്കിലും അതു നല്കാൻ ലക്ഷ്മണിനു കഴിഞ്ഞില്ല. അപ്പോഴേക്കും അംഗരക്ഷകന്റെ വെടിയേറ്റ് ഇന്ദിരാഗാന്ധി മരിച്ചിരുന്നു.

2009 ജനുവരി 23നാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ കൈയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.