ഏയ്ഞ്ചൽ ഡെയ്സിയുടെ കണ്ണാണ്
Friday, September 30, 2016 5:18 AM IST
കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ എന്നു പറയാറുണ്ട്. ലോകത്തിലെ വർണ ക്കാഴ്ചകൾ അന്ധരുടെ നഷ്‌ടങ്ങളാണ്. അന്ധരായവർക്ക് മറ്റു മനുഷ്യർ തുണയാവുന്നത് സാധാരണം. ചില അവസരങ്ങളിൽ പരിശീലിപ്പിച്ചെടുക്കുന്ന നായകളും അന്ധരായ മനുഷ്യർക്കു വഴിക്കാട്ടിയാണ്.

എന്നാൽ, ഈയവസ്‌ഥ മൃഗങ്ങൾക്കാണെങ്കിലോ? അതിനുത്തരമാണ് അമേരിക്കയിലെ അയോവയിലുള്ള ഡെയ്സി, ഏയ്ഞ്ചൽ എന്നീ കുതിരകളുടെ ജീവിതം. 10 വയസുകാരി ഡെയ്സി അന്ധയാണ് ഡെയ്സിയെ മുന്നോട്ടു നയിക്കുന്നതാവട്ടെ 17 വയസുകാരിയായ ഏയ്ഞ്ചലും. ഇരുവരും ആനിമൽ റെസ്ക്യൂ ലീഗ് അയോവ(എആർഎൽ) എന്ന സംഘടനയുടെ പരിചരണത്തിലാണു കഴിയുന്നത്.

ശാന്ത സ്വഭാവമുള്ള കുതിരയാണ് ഏയ്ഞ്ചൽ കണ്ണു കാണാത്ത ഡെയ്സി തട്ടിതടഞ്ഞ് തന്റെ ശരീരത്തിലേക്കു വീഴുന്നത് പതിവാണെങ്കിലും ഏയ്ഞ്ചൽ ഒരിക്കലും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടില്ലെന്ന് റെസ്ക്യൂ ലീഗ് അധികൃതർ പറയുന്നു. ആരെങ്കിലും ഇവരെ ദത്തെടുക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ഇവരെ ഇവിടെ പാർപ്പിച്ചിരിക്കുന്നത്. ഇരുവരും വേർപിരിയുകയാണെങ്കിൽ തന്നെ ഏയ്ഞ്ചൽ ഡെയ്സിയെ തേടിപ്പോകുമെന്നാണ് റെസ്ക്യൂ ലീഗ് അധികൃതരുടെ അഭിപ്രായം.

ഫേസ്ബുക്കിലൂടെ ഇവരുടെ കഥ നൂറുകണക്കിനാളുകളാണ് പങ്കുവച്ചിട്ടുള്ളത്.
ഈ കുതിരകളെ കാണാനായി മാത്രം നിരവധിയാളുകളാണ് ഫാം ഹൗസിലെത്തുന്നതെന്ന് റെസ്ക്യൂലീഗിലെ മൃഗ പരിപാലകൻ കാരി സ്പെയിൻ പറയുന്നു. ഇവർ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നുവെന്നതാണ് ഇവിടെയെത്തുവർക്ക് കൗതുകം പകരുന്ന ദൃശ്യം.

കഴിഞ്ഞ വർഷമാണ് വാറൻ കൗണ്ടിയിലൂടെ അലഞ്ഞുതിരിഞ്ഞ ഡെയ്സി ഇവിടെയെത്തുന്നത്. തുടർന്ന് ഡെയ്സിക്കു കണ്ണുകാണില്ലെന്നു ഡോക്ടർമാരുടെ സ്‌ഥിരീകരിക്കുകയും, കാഴ്ച തിരിച്ചുകിട്ടില്ലെന്നും വിധിയെഴുതുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഏയ്ഞ്ചലിനെയും ഫാം ഹൗസിൽ എത്തിച്ചത്. പിന്നീട് വളരെപ്പെട്ടെന്നു ഇരുവരും സുഹൃത്തുക്കളാവുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.