ചങ്ങനാശേരി: അതിരൂപത കേരള ലേബര്‍ മൂവ്മെന്റിന്റെ (കെഎല്‍എം) ആഭിമുഖ്യത്തില്‍ ഇന്ന് മേയ്ദിനറാലിയും മഹാസംഗമവും ചങ്ങനാശേരിയില്‍ നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് ചങ്ങനാശേരി അരമനപ്പടിക്കല്നിന്നാരംഭിക്കുന്ന റാലി വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ ഫ്ളാഗ് ഓഫ് ചെയ്യും.
വിവിധ ഫൊറോനകളില്‍നിന്നുള്ള കെഎല്‍ എം അംഗങ്ങള്‍ റാലിയില്‍ അണിനിരക്കും. ചെണ്ടമേളത്തിന്റെയും ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയോടെ സെന്‍ട്രല്‍ ജംഗ്ഷനിലൂടെ എസ്ബി കോളജിലെ ആര്‍ച്ച്ബിഷപ് കാവുകാട്ട് ഹാളില്‍ റാലി എത്തിച്ചേരും.
തുടര്‍ന്നു നടക്കുന്ന തൊഴിലാളി മഹാസംഗമം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. കെഎല്‍എം യുടിഎ ചെയര്മാന് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തും.
മികച്ച വനിതാ സംരംഭക ജിലുമോള്‍ മരിയറ്റ് തോമസിനെ സമ്മേളനത്തില്‍ ആദരിക്കും. ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേകളം, സണ്ണി അഞ്ചില്‍, ജോളി നാല്പതാംകളം, സാബു കോയിപ്പള്ളി, മിനി റോയ് എന്നിവര്‍ പ്രസംഗിക്കും.
കഴിഞ്ഞവര്‍ഷങ്ങളില്‍ ഏറ്റവും മികവ് പുലര്‍ത്തിയ യൂണിറ്റ്, സ്വയം സഹായ സംഘം, മികച്ച റാലി എന്നിവയ്ക്കുള്ള സമ്മാനം സമ്മേളനത്തില്‍ നല്‍കും. കെഎല്‍എം എക്സലന്‍സ് അവാര്‍ഡ്, കെഎല്‍എം ലേബര്‍ അവാര്‍ഡ് എന്നിവ നല്കി മികച്ച പ്രവര്‍ത്തകരെ ആദരിക്കും.
ഇന്നലെ മാര്‍ യൗസേപ്പിതാവിന്റെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള വിളംബര ജാഥ മണിമല ഫൊറോനയിലെ കരിമ്പനക്കുളം യൂണിറ്റില്‍നിന്നും ആരംഭിച്ച് അതിരൂപതയുടെ വിവിധ പള്ളികളില്‍ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം അതിരൂപതാകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം, ജനറല്‍ കണ്‍വീനര്‍ സണ്ണി അഞ്ചില്‍, വിളംബരജാഥ കോ-ഓർഡിനേറ്റര്‍ ജോമോന് ജോണ്‍, ജോളി നാല്പതാംകളം, വിജി സെബാസ്റ്റ്യന്‍, സജിമോന്‍ ജോര്‍ജ്, ജോസഫ് ജോണ്‍, അന്നമ്മ ഷാജി, സാജന് ജോയി, സാബു കോയിപ്പള്ളി, ഷാജി ആന്റണി, പ്രജോഷ് ചാക്കോ, നിജോ മാത്യു, ഷൈനി ബിനു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പാര്‍ക്കിംഗ് ക്രമീകരണം
മേയ്ദിന റാലിക്കായി ചങ്ങനശേരി അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നു വാഹനങ്ങളില്‍ എത്തിച്ചേരുന്നവര്‍ അരമനപ്പടിയിലോ റെയില്‍വേ ജംഗ്ഷനിലോ പ്രവര്‍ത്തകരെ ഇറക്കിയതിനുശേഷം എസ്ബി കോളജ് ഗ്രൗണ്ട്, എകെഎം സ്കൂള്‍ ഗ്രൗണ്ട്, ബൈപാസ് റോഡ് സൈഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. വലിയ ബസുകള്‍ ബൈപാസ് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യണം.