Jeevithavijayam
8/14/2018
    
അയല്‍പക്കത്തു സ്വര്‍ണം തിളങ്ങുമ്പോള്‍
അതീവ സുന്ദരിയായിരുന്നു മറ്റില്‍ഡ. പക്ഷേ, അവളുടെ മുഖം ഒരിക്കലും പ്രസാദിച്ചിരുന്നില്ല. ഗവണ്‍മെന്റ് ക്ലാര്‍ക്കായിരുന്ന ഭര്‍ത്താവിനു ശമ്പളം കുറവായിരുന്നു എന്നായിരുന്നു അവളുടെ പരാതി.

മറ്റില്‍ഡയ്ക്കു വേണ്ടിയിരുന്നതു വിലപിടിപ്പുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമായിരുന്നു. ഒരു വജ്രമാല അണിയുവാന്‍ അവളുടെ ഹൃദയം കൊതിച്ചു. ധനിക കുടുംബങ്ങളിലെ കൊച്ചമ്മമാരെപ്പോലെ വമ്പന്‍മാര്‍ പങ്കെടുക്കുന്ന വിരുന്നു സല്‍ക്കാരങ്ങളില്‍ പങ്കുകൊള്ളുവാന്‍ അവള്‍ മോഹിച്ചു. ഇടയ്ക്കിടെ അവള്‍ ഇക്കാര്യങ്ങള്‍ ഭര്‍ത്താവായ ലൂയീസെലിനോടു പറയുകയും ചെയ്തിരുന്നു.

ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ലൂയീസെല്‍ ഭാര്യയോടു പറഞ്ഞു: ''ഇതാ നിനക്കൊരു ക്ഷണക്കത്ത്! ഗവണ്‍മെന്റ് നല്‍കുന്ന ഒരു വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കാനുള്ള ക്ഷണമാണ്.''

വിരുന്നിനുള്ള ക്ഷണക്കത്തു ലഭിച്ചപ്പോള്‍ അവള്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടുമെന്നാണു ലൂയിസെല്‍ കരുതിയത്. പക്ഷേ സംഭവിച്ചത് അങ്ങനെയായിരുന്നില്ല. അവളുടെ മുഖം അല്പം പോലും പ്രസാദിച്ചില്ല.

''എന്താണിത്? വാര്‍ത്ത കേള്‍ക്കുമ്പോള്‍ നീ തുള്ളിച്ചാടുമെന്നാണ് ഞാന്‍ കരുതിയത്,'' ലൂയീസെല്‍ പറഞ്ഞു.

''എന്തിനു തുള്ളിച്ചാടാന്‍? വിരുന്നിനു പോകാന്‍ എനിക്ക് ഉടുക്കാന്‍ എന്തെങ്കിലുമുണേ്ടാ?'' അവള്‍ ഭര്‍ത്താവിനെ തുറിച്ചു നോക്കിക്കൊണ്ടു ചോദിച്ചു.

അപ്പോള്‍ വിഷയം അതാണ്. അവള്‍ക്കു നല്ല വസ്ത്രവും വേണം. ''പുതിയ വസ്ത്രം വാങ്ങാന്‍ എന്തു തുക വേണം?'' അയാള്‍ ചോദിച്ചു.

''നാനൂറു ഫ്രാങ്ക്,'' മടിച്ചുമടിച്ചെന്നപോലെ അവള്‍ പറഞ്ഞു.

ലൂയീസെലിന്റെ അക്കൗണ്ടില്‍ കഷ്ടിച്ച് അത്രയും തുക നീക്കിയിരിപ്പുണ്ടായിരുന്നു. വേട്ടയ്ക്കു പോകുവാന്‍ വേണ്ടി ഒരു തോക്കുവാങ്ങുവാന്‍ അയാള്‍ മനസില്‍ കുറിച്ചിട്ടിരുന്ന തുകയായിരുന്നു അത്.

''ശരി. ഞാന്‍ നാനൂറു ഫ്രാങ്ക് തരാം. നീ നല്ല വസ്ത്രം വാങ്ങിക്കൊള്ളൂ.'' അയാള്‍ പറഞ്ഞു.

വിരുന്നിന്റെ ദിവസം അടുത്തുവരുന്തോറും മറ്റില്‍ഡയുടെ മുഖം കൂടുതല്‍ മ്ലാനമാകാന്‍ തുടങ്ങി. ''എന്താണു കാര്യം?'' ലൂയീസെല്‍ ചോദിച്ചു.

''പാര്‍ട്ടിക്കു പോകാന്‍ എന്തെങ്കിലും രത്‌നാഭരണം ഞാന്‍ അണിയേണേ്ട?'' അവള്‍ ചോദിച്ചു. ''വെറും കഴുത്തുമായി ഞാന്‍ എങ്ങനെ പോകും?''

''ആഭരണങ്ങളണിയുന്നതിനു പകരം നിനക്കു പൂവു ചൂടിക്കൂടേ?'' നിഷ്‌കളങ്കമായി അയാള്‍ ചോദിച്ചു.

''പൂവു ചൂടി പാര്‍ട്ടിക്കു പോവുകയോ?'' അവളുടെ വാക്കുകളില്‍ അവജ്ഞ നിഴലിച്ചിരുന്നു. ''വജ്രമാല അണിഞ്ഞുവരുന്നവരുടെയിടയിലേക്കു പൂചൂടി പോകാന്‍ എന്നെ കിട്ടില്ല!''

അങ്ങനെയെങ്കില്‍ നിന്റെ പഴയകൂട്ടുകാരി ഫ്രോസ്റ്റിയറില്‍ നിന്നു നിനക്കൊരു രത്‌നമാല കടം വാങ്ങിക്കൂടേ?'' ലൂയിസെല്‍ ചോദിച്ചു.

അങ്ങനെ കടംവാങ്ങിയ രത്‌നാഭരണവുമായി മറ്റില്‍ഡ വിരുന്നിനു പോയി.

വിരുന്നു പൊടിപൊടിച്ചു. രത്‌നമാലയണിഞ്ഞ മറ്റില്‍ഡയായിരുന്നു ആ വിരുന്നിലെ ശ്രദ്ധാകേന്ദ്രം.

പക്ഷേ, വിരുന്നു കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രത്‌നമാല കാണുന്നില്ല. മറ്റില്‍ഡ വാവിട്ടു നിലവിളിച്ചു.

വലിയ വില വരുന്ന മാലയാണ്. അതെങ്ങനെ തിരികെക്കൊടുക്കും? മാലയ്ക്കുവേണ്ടി വിരുന്നു ശാലയിലും വഴിയിലുമൊക്കെ തെരഞ്ഞു. പക്ഷേ, മാല കണെ്ടത്തുവാന്‍ സാധിച്ചില്ല.


രത്‌നമാല വച്ചിരുന്ന ബോക്‌സുമായി ലൂയീസെലും മറ്റില്‍ഡയും സ്വര്‍ണാഭരണശാലയിലെത്തി. അവര്‍ക്കു നഷ്ടപ്പെട്ട മാലയുടെ അതേ മോഡലിലുള്ള ഒരു രത്‌നമാല അവിടെ ഉണ്ടായിരുന്നു. പക്ഷേ, അതിന്റെ വില കേട്ടപ്പോള്‍ അവര്‍ തകര്‍ന്നു പോയി.

നാല്പതിനായിരം ഫ്രാങ്ക് വിലയുള്ള മാല മുപ്പത്തിയാറായിരം ഫ്രാങ്കിന് അവര്‍ വാങ്ങി. പക്ഷേ, ആ പണമുണ്ടാക്കുവാന്‍ വന്‍ പലിശയ്ക്കു പലരില്‍ നിന്നുമായി കടം വാങ്ങേണ്ടി വന്നു. മാല നഷ്ടപ്പെട്ട കാര്യം അറിയിക്കാതെ പുതിയ മാല ഫ്രോസ്റ്റിയറിനു കൊടുക്കുകയും ചെയ്തു.

പിന്നീടു പത്തുവര്‍ഷം വേണ്ടി വന്നു കടം വീട്ടുവാന്‍. ലൂയീസെല്‍ ദിവസവും രണ്ടു ജോലിവീതം ചെയ്തു. മറ്റില്‍ഡയും താഴ്ന്ന ജോലികള്‍ ചെയ്യുവാന്‍ നിര്‍ബന്ധിതയായി.

ഫ്രഞ്ച് സാഹിത്യകാരനായ മോപ്പസാങ്ങ് (18501893) എഴുതിയ 'നെക് ലെസ്' എന്ന പേരിലുള്ള ഈ കഥയിവിടെ നില്‍ക്കട്ടെ. ജീവിതമെന്നാല്‍ അത് ആഡംബരപൂര്‍വമായ ജീവിതമായിരിക്കണം എന്നു വാശിപിടിച്ച മറ്റില്‍ഡയെക്കുറിച്ച് എന്തു തോന്നുന്നു?

സ്‌നേഹധനനായ ഒരു ഭര്‍ത്താവുണ്ടായിരുന്നിട്ടും ജീവിക്കുവാന്‍ അത്യാവശ്യ സൗകര്യങ്ങളുണ്ടായിരുന്നിട്ടും അവള്‍ തൃപ്തയായിരുന്നില്ല. അവളുടെ അതിരുകടന്ന ആഡംബരഭ്രമവും സമ്പത്തിലുള്ള അതിമോഹവുമല്ലേ അവളുടെ ജീവിതത്തില്‍ ഒരു മഹാദുരന്തത്തിന് വഴി തെളിച്ചത്?

എന്തിനു നാം മറ്റില്‍ഡയെ കുറ്റം പറയുന്നു? നമ്മുടെയിടയിലുമില്ലേ മറ്റില്‍ഡയെ വെല്ലുന്നവര്‍? എത്ര യോ പേരാണ് ഓരോരോ കാരണം പറഞ്ഞ് ആഡംബരങ്ങളുടെയും ആഘോഷങ്ങളുടെയും പിന്നാലെ പോകുന്നത്? കത്തി കുടിക്കാന്‍ വകയില്ലാത്തപ്പോഴും കടംവാങ്ങിയാണു ചിലര്‍ അഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്!

ജീവിതം മെച്ചപ്പെടുത്തുവാന്‍ നമുക്കു നാളെയെക്കുറിച്ചു നല്ല സ്വപ്നങ്ങള്‍ വേണം. എന്നാല്‍, അതോടൊപ്പം നമുക്കുള്ളവയില്‍ സംതൃപ്തി കണെ്ടത്തുവാനും നാം പഠിക്കേണേ്ട? അയല്‍ക്കാര്‍ സമ്പന്നരായതുകൊണ്ടു നാം അവര്‍ ചെയ്യുന്നതുപോലെയെല്ലാം ചെയ്യണമെന്നു വാശിപിടിക്കണോ?

മറ്റില്‍ഡയുടെ കഥയിലേക്ക് ഇനി മടങ്ങി വരട്ടെ. മാല തിരികെക്കൊടുത്തു പത്തുവര്‍ഷം കഴിഞ്ഞതിനുശേഷമാണ് മറ്റില്‍ഡ തന്റെ പഴയ സുഹൃത്തായ ഫ്രോസ്റ്റിയറെ കാണുവാനിടയായത്. പക്ഷേ, അപ്പോള്‍ ഫ്രോസ്റ്റിയര്‍ മറ്റില്‍ഡയെ തിരിച്ചറിഞ്ഞില്ല. കാരണം, അവള്‍ അത്രമാത്രം മാറിപ്പോയിരുന്നു.

സൗഹൃദം പുതുക്കി സംഭാഷണം തുടരുമ്പോള്‍ മറ്റില്‍ഡ പണ്ട് മാല നഷ്ടപ്പെട്ട കഥ പറഞ്ഞു. പുതിയൊരു മാല വാങ്ങുവാന്‍ വേണ്ടി താന്‍ സഹിച്ച കഷ്ടപ്പാടും അവള്‍ വിവരിച്ചു. അപ്പോള്‍ ഫ്രോസ്റ്റിയര്‍ ചോദിച്ചു:'' നീ എന്തേ അന്ന് അക്കാര്യം പറഞ്ഞില്ല? ഞാന്‍ നിനക്കു തന്ന രത്‌നമാല അഞ്ഞൂറു ഫ്രാങ്കുപോലും വിലയില്ലാത്ത ഇമിറ്റേഷനായിരുന്നു.''

കാര്യമില്ലാത്ത കാര്യത്തിനു വേണ്ടിയായിരുന്നു മറ്റില്‍ഡ ഇത്രയും സഹിച്ചത്. അതുപോലെ അവള്‍ ആദ്യം പിറകെ പോയതും കാര്യമില്ലാത്ത കാര്യത്തിനു വേണ്ടിയായിരുന്നില്ലേ? മറ്റില്‍ഡയുടെ ഈ കഥ എപ്പോഴും നമ്മുടെ ഓര്‍മയിലിരിക്കുന്നതു നല്ലതാണ്.
    
To send your comments, please clickhere