Jeevithavijayam
12/11/2017
    
പൊട്ടിച്ചിരിച്ചൊഴുകുന്ന കുളിരരുവിപോലെ
യാത്രയ്ക്കിടയിൽ ഫ്രാൻസിസും ലിയോയും ഒരു കൊച്ചരുവിയിലെത്തി. പൊട്ടിച്ചിരിച്ചു പതഞ്ഞൊഴുകുന്ന ആ അരുവിയിൽ അവർ കാൽ കുത്തിയപ്പോൾ കാലിനു നല്ല കുളിർമ. അവർ ഇരുവരും കൈകളിൽ ജലം കോരിയെടുത്തു. സ്ഫടികസമാനം നിർമലമായ ജലം!’’ അവർ ഇരുവരും അറിയാതെ സ്വയം മന്ത്രിച്ചു.

നിർമലമായ ഈ ജലത്തിൽ മുഖം കഴുകി അവർ മുന്നോട്ടു പോകുമ്പോൾ, എപ്പോഴും വാചാലനായിരുന്ന ലിയോ മൗനിയായി. ലിയോയുടെ ഭാവമാറ്റം ശ്രദ്ധിച്ച ഫ്രാൻസിസ് ചോദിച്ചു: ‘‘എന്താണു കാര്യം? എന്തോ ആലോചിക്കുകയാണെന്നു തോന്നുന്നല്ലോ.’’

ലിയോ പറഞ്ഞു: ‘‘നമ്മുടെ ഹൃദയവും ഈ അരുവിയിലെ ജലംപോലെ നിർമലമായിരുന്നെങ്കിൽ നാം ഈ അരുവിയെപ്പോലെ പൊട്ടിച്ചിരിച്ച് ആഹ്ലാദചിത്തരായി മുന്നോട്ടു പോകുമായിരുന്നു.’’

ലിയോ പറഞ്ഞത് ഫ്രാൻസിസിനു മനസിലായി. ഫ്രാൻസിസും ലിയോയെപ്പോലെ അപ്പോൾ മൗനിയായി. അല്പം കഴിഞ്ഞപ്പോൾ ഫ്രാൻസിസ് ചോദിച്ചു: ‘‘നിർമലമായൊരു ഹൃദയം എന്നു പറഞ്ഞാൽ എന്താണെന്ന് അറിയാമോ?’’

ആലോചിക്കുകപോലും ചെയ്യാതെ ലിയോ പറഞ്ഞു: ‘‘നമുക്കു നമ്മെത്തന്നെ ഒരിക്കലും കുറ്റപ്പെടുത്തേണ്ട അവസ്‌ഥ ഇല്ലാതെ വരുമ്പോഴാണു നമ്മുടെ ഹൃദയം നിർമലമായിരിക്കുന്നത്.’’

‘‘ലിയോ പറഞ്ഞത് ഞാൻ മനസിലാക്കുന്നു,’’ ഫ്രാൻസിസ് സ്വരം താഴ്ത്തിപ്പറഞ്ഞു: ‘‘കാരണം, നമുക്കെല്ലാവർക്കും നമ്മെക്കുറിച്ച് എപ്പോഴും എന്തെങ്കിലും കുറ്റപ്പെടുത്താനുണ്ടാകും.’’

ഉടനേ ലിയോ പറഞ്ഞു: ‘‘അതുതന്നെ കാര്യം. അതുകൊണ്ടാണ് നിർമലമായ ഒരു ഹൃദയത്തെക്കുറിച്ചുള്ള പ്രതീക്ഷപോലും എനിക്ക് ഇല്ലാതിരുന്നത്.’’

ലിയോയുടെ ഈ വാക്കുകൾ കേട്ടപ്പോൾ ഫ്രാൻസിസിന്റെ ഹൃദയം വേദനിച്ചു. ഭൗതിക സമ്പത്തെല്ലാം ഉപേക്ഷിച്ച് ദൈവരാജ്യത്തെ പ്രതി ലളിതജീവിതം നയിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട വിശുദ്ധ ഫ്രാൻസിസിന്റെ (1181–1226) ഏറ്റവും അടുത്ത അനുയായികളിലൊരാളായിരുന്നു ബ്രദർ ലിയോ. ലിയോയുടെ മനസിന്റെ വിഷമം കണ്ടപ്പോൾ ഫ്രാൻസിസ് പറഞ്ഞു: ‘‘ഹൃദയനൈർമല്യത്തെക്കുറിച്ച് വെറുതെ ചിന്തിച്ചു വിഷമിക്കേണ്ട. ദൈവത്തെ നോക്കൂ. അവിടുത്തെ പരിശുദ്ധിയെക്കുറിച്ച് അവിടുത്തേക്കു നന്ദിപറയൂ. അപ്പോൾ നമ്മുടെ ഹൃദയം അവിടുത്തെ ശക്‌തിയാൽ നിർമലമായി മാറിക്കൊള്ളും.’’

ഫ്രാൻസിസ് പറയുന്നത് എന്താണെന്നു മനസിലാകുന്നില്ല എന്ന അർഥത്തിൽ ലിയോ ഫ്രാൻസിസിനെ നോക്കി. അപ്പോൾ അദ്ദേഹം തുടർന്നു: ‘‘ദൈവത്തെ അനുനിമിഷം ആരാധിക്കുന്ന മനസ് സ്വാഭാവികമായും നിർമലമായി മാറിക്കൊള്ളും. എപ്പോഴും അവിടുന്നിലാണ് നമ്മുടെ മനസെങ്കിൽ അവിടുത്തെ സാന്നിധ്യം നമ്മിൽ ശക്‌തമാകും. അപ്പോൾ നമ്മുടെ മനസിനു നിർമലമാകാതിരിക്കാനാവില്ല.’’

ഫ്രാൻസിസ് ലിയോയെ ഉപദേശിച്ചത് സ്വന്തം അനുഭവത്തിൽ നിന്നായിരുന്നു. ദൈവ സാന്നിധ്യം കൊണ്ട് സ്വന്തം മനസിനെ നിർമലമാക്കുവാൻ ഫ്രാൻസിസിനു സാധിച്ചിരുന്നു.


ഹൃദയ നൈർമല്യത്തിന്റെ കാര്യം വരുമ്പോൾ നാം എവിടെയാണ്? നമ്മുടെ മനസ് എപ്പോഴെങ്കിലും എന്തെങ്കിലും കാര്യത്തിൽ നമ്മെ കുറ്റം വിധിക്കുന്നുണ്ടോ? എങ്കിൽ ലിയോ സൂചിപ്പിച്ചതു പോലെ നമ്മുടെ ഹൃദയം നിർമലമല്ല എന്നു വ്യക്‌തം.

നമ്മുടെ ഹൃദയം നിർമലമല്ലാത്തതുകൊണ്ടാണ് നമ്മുടെ മനസ് പല കാര്യങ്ങളെക്കുറിച്ചും നമ്മെ കുറ്റപ്പെടുത്തുന്നത്. എന്നാൽ, ആരുടെയെങ്കിലും മനഃസാക്ഷി അവരെ എന്തെങ്കിലും കാര്യത്തെക്കുറിച്ച് കുറ്റം വിധിക്കുന്നില്ലെങ്കിൽ അവർ ഹൃദയനൈർമല്യമുള്ളവരാണെന്നു പറയാനാവുമോ? അവരുടെ ജീവിതത്തിൽ ഒരു കുറ്റവും കുറവുമില്ല എന്ന് അവർ വിചാരിക്കുകയാണെങ്കിൽ അവർക്കു സ്വയം കുറ്റപ്പെടുത്തേണ്ട ആവശ്യം തോന്നുകയില്ല. പക്ഷേ, അതുകൊണ്ട് അവരുടെ ഹൃദയം നിർമലമാണെന്ന് ആർക്കും പറയാനാകില്ല. കാരണം, അവർക്ക് ഒരുപക്ഷേ അവരുടെ മനഃസാക്ഷിതന്നെ നഷ്ടപ്പെട്ടിട്ടുണ്ടാകും.

നമുക്കു നമ്മെത്തന്നെ കുറ്റപ്പെടുത്തുവാൻ തോന്നുന്നുണ്ടോ? എങ്കിൽ അതിന്റെ അർഥം നമുക്കു മനഃസാക്ഷിയുണ്ട് എന്നതാണ്. എന്നാൽ, നമ്മുടെ മനഃസാക്ഷി എത്രമാത്രം നിർമലമാണെന്നു നാം അന്വേഷിച്ചേ തീരൂ. കാരണം, ഓരോര രീതിയിൽ നമ്മുടെ മനഃസാക്ഷി മരവിച്ചു പോകാനിടയുണ്ട്. അങ്ങനെ മരവിച്ചു പോകുമ്പോഴാണു നാം പല വലിയ കുറ്റങ്ങളും യാതൊരു കുറ്റബോധവും കൂടാതെ ചെയ്തുപോകാനിടയാകുന്നത്.

നമ്മുടെ സമൂഹത്തിൽ വ്യാപകമായി കാണുന്ന വെട്ടിപ്പും തട്ടിപ്പും അക്രമവും അനീതിയുമൊക്കെ വിരൽചൂണ്ടുന്നത് നമ്മിൽ പലരുടെയും മനഃസാക്ഷി മരവിച്ചുപോയി എന്ന യാഥാർഥ്യത്തിലേക്കല്ലേ? നിർമലമായ ഹൃദയമുള്ളവരുടെ സമൂഹത്തിൽ അനീതിക്കും അക്രമത്തിനുമൊന്നും ഒരിക്കലും സ്‌ഥാനമുണ്ടാകില്ലല്ലോ.

ജീവിതത്തിൽ നിസാരമായ തെറ്റുകൾ മാത്രം ചെയ്തിട്ടുള്ള ലിയോയ്ക്കു തനിക്കു ഹൃദയനൈർമല്യമില്ലല്ലോ എന്നോർത്തപ്പോൾ ഏറെ ദുഃഖം തോന്നി. അങ്ങനെയെങ്കിൽ പലപ്പോഴും വലിയ തെറ്റുകുറ്റങ്ങൾ ചെയ്യുന്ന നമ്മൾ നമ്മുടെ ഹൃദയത്തിന്റെ അവസ്‌ഥയെക്കുറിച്ച് നാം ഏറെ ദുഃഖിക്കേണ്ടതല്ലേ?

വിശുദ്ധ ഫ്രാൻസിസ് ലിയോയോടു സൂചിപ്പിച്ചതുപോലെ, നമുക്കു സ്വന്തംശക്‌തിയാൽ നേടാവുന്നതല്ല ഹൃദയനൈർമല്യവും നേർമയുള്ള മനഃസാക്ഷിയും. അതിനു ദൈവത്തിന്റെ നിരന്തര സാന്നിധ്യംതന്നെ നമുക്കു വേണം. ജീവിതത്തിന്റെ ഓരോ നിമിഷവും നമ്മുടെ ഹൃദയം ദൈവത്തിനു നാം തുറന്നുകൊടുത്താൽ അവിടുത്തെ ദിവ്യസാന്നിധ്യം നമ്മിലുണ്ടാകും. അപ്പോൾ അവിടുത്തെ ശക്‌തികൊണ്ട് നമ്മുടെ ഹൃദയവും മനഃസാക്ഷിയും നിർമലമാവുകതന്നെ ചെയ്യും. അപ്പോൾ പൊട്ടിച്ചിരിച്ചു പതഞ്ഞൊഴുകുന്ന കൊച്ചരുവി പോലെ നമ്മുടെ ജീവിതവും ആഹ്ലാദപൂർവം മുന്നോട്ടുപോകും.
    
To send your comments, please clickhere