Jeevithavijayam
7/25/2017
    
പാദങ്ങൾ പതറുമ്പോൾ
പേർഷ്യയിലെ ഒരു രാജകുമാരനായിരുന്നു ഹെയ്സൽ. ചെറുപ്പം മുതൽ തന്നെ ഒരു രാജകുമാരനു യോജിച്ച ശിക്ഷണവും പരിശീലനവും മകനു ലഭിക്കുന്നതിൽ ഹെയ്സലിന്റെ പിതാവ് ഏറെ ശ്രദ്ധിച്ചു. സെറൂജ എന്നൊരു പണ്ഡിതനായിരുന്നു ഹെയ്സലിന്റെ വിദ്യാഭ്യാസത്തിനു തുടക്കം മുതലേ നേതൃത്വം നൽകിയിരുന്നത്.

ഹെയ്സൽ കൗമാരപ്രായം പിന്നിട്ടപ്പോൾ അകലെയൊരിടത്തേക്കു പിതാവ് അവനെ പറഞ്ഞയച്ചു. വിദ്യാഭ്യാസം തുടരാനും രാജ്യഭരണത്തിനുവേണ്ട ജീവിതാനുഭവം നേടുവാനുമായിരുന്നു ഇത്.

രാജകൊട്ടാരത്തിൽനിന്ന് അകന്നു താമസിക്കാൻ കിട്ടിയഅവസരം ഹെയ്സൽ ശരിക്കും മുതലെടുക്കാൻ തീരുമാനിച്ചു. ആരുമാരും അന്വേഷിക്കാനും നിയന്ത്രിക്കാനുമില്ലാതിരുന്നതുകൊണ്ട് ഹെയ്സൽ കുത്തഴിഞ്ഞ ജീവിതമാണു നയിച്ചത്.

ഹെയ്സൽ ഇപ്രകാരം നിയന്ത്രണംവിട്ട ജീവിതം നയിക്കുമ്പോൾ അതു രഹസ്യമായി ശ്രദ്ധിക്കുന്ന ഒരാളുണ്ടായിരുന്നു; സെറൂജ. ഹെയ്സലിന്റെ പോക്ക് അപകടത്തിലേക്കാണെന്നു ബോധ്യംവന്നപ്പോൾ സെറൂജ ഒരു തന്ത്രം പ്രയോഗിക്കാൻ തീരുമാനിച്ചു.

ഒരുദിവസം സെറൂജ ഒരു തീർഥാടകന്റെ വേഷം സ്വീകരിച്ച് ഊന്നുവടിയും പിടിച്ച് അവശനായി ഹെയ്സലിനെ സമീപിച്ചു. തീർഥാടകന്റെ വേഷമാണ് സെറൂജ അണിഞ്ഞിരുന്നതെങ്കിലും ഹെയ്സലിനു സെറൂജയെ പെട്ടെന്നു തിരിച്ചറിയാൻ സാധിച്ചു.

അങ്ങ് എവിടെനിന്നാണ് വരുന്നത്? ഇപ്പോൾ എങ്ങോട്ടാണു പോകുന്നത്? സെറൂജയെ തിരിച്ചറിഞ്ഞ ഹെയ്സൽ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: എനിക്കറിഞ്ഞുകൂടാ.

വിസ്മയഭരിതനായി ഹെയ്സൽ പറഞ്ഞു: വീട്ടിൽ നിന്നു യാത്ര പുറപ്പെട്ടിട്ടുള്ളപ്പോൾ എങ്ങോട്ടാണു പോകുന്നതെന്ന് അറിഞ്ഞുകൂടെന്നോ? ഇതു നല്ല തമാശ.

അപ്പോൾ സെറൂജ പറഞ്ഞു: വീട്ടിൽനിന്നു യാത്ര പുറപ്പെട്ടപ്പോൾ ലക്ഷ്യം എനിക്കറിയാമായിരുന്നു.എന്നാൽ, ഇപ്പോഴാകട്ടെ ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അതിനിടയിൽ വിശാലമായതും സൗകര്യപ്രദവുമായ വഴികണ്ടാൽ ഞാൻ അതിലേ പോകും.

അങ്ങനെയുള്ള ഒരു യാത്ര അങ്ങയെ എവിടെക്കൊണ്ടെത്തിക്കുമെന്നറിയാമോ? ഹെയ്സൽ ചോദിച്ചു: ഉടനേ സെറൂജ പറഞ്ഞു:

എനിക്കറിയില്ല. എന്നുമാത്രമല്ല, എവിടെ എത്തിയാലും എനിക്കൊരു ചുക്കുമില്ല.

സെറൂജയുടെ ഈ മറുപടി ഹെയ്സലിനെ വിസ്മയിപ്പിച്ചു. ചുറ്റും നിന്നവരോടായി ഹെയ്സൽ പറഞ്ഞു: എന്റെ ബാല്യത്തിലെ അധ്യാപകനായിരുന്നു ഇദ്ദേഹം. നല്ലൊരു പണ്ഡിതൻ. അതുപോലെ സകലരാലും ബഹുമാനിക്കപ്പെട്ടവനും. എന്നാൽ, എത്രപെട്ടെന്നാണ് ഇദ്ദേഹത്തിൽ മാറ്റംവന്നിരിക്കുന്നത്! ഇദ്ദേഹത്തിന്റെ സുബോധംപോലും നഷ്ടപ്പെട്ടുപോയെന്നു തോന്നുന്നു.


അപ്പോൾ സെറൂജ പറഞ്ഞു: നീ പറഞ്ഞതു ശരിയാണ് ഞാൻ നിന്റെ അധ്യാപകനായിരുന്നു. നീ എന്റെ ശിഷ്യനും. എന്നാൽ, ഇപ്പോഴാകട്ടെ ഞാൻ നിന്റെ ശിഷ്യനായിരിക്കുന്നു! ലക്ഷ്യംതെറ്റിയാണ് നിന്റെ യാത്ര. ഞാൻ ഇപ്പോൾ നടക്കുന്നതാകട്ടെ നിന്നെപ്പോലെ ലക്ഷ്യംതെറ്റിയ വഴിയിലൂടെയും!

സെറൂജയുടെ വാക്കുകൾ ഹെയ്സലിന്റെ ചെവികളിൽ മുഴങ്ങുമ്പോൾ അവന്റെ അകക്കണ്ണുകൾ താനേ തുറന്നു. തന്റെ യാത്ര തെറ്റായ വഴിയിലൂടെയാണെന്ന് ഹെയ്സൽ ഓർമിച്ചു. രാജകുമാരൻ, സെറൂജയുടെ പാദങ്ങളിൽ വീണ് മാപ്പപേക്ഷിച്ചു.

ഹെയ്സൽ തെറ്റായ വഴിയിലൂടെ നീങ്ങിയപ്പോൾ അതു ശ്രദ്ധിക്കാനും ഒരു രാജകുമാരനു യോജിച്ച വഴിയിലേക്ക് ആ യുവാവിനെ തിരിച്ചുകൊണ്ടുവരുവാനും സെറൂജ എന്ന നല്ല മനുഷ്യനുണ്ടായിരുന്നു.

എന്നാൽ, ലക്ഷ്യംതെറ്റിയ വഴിയിലൂടെ നാം യാത്രചെയ്താൽ ആരുണ്ടാകും നമ്മെ നേർവഴിയിലേക്കു കൊണ്ടുവരാൻ? നാം ദൈവത്തിന്റെ മക്കളായതുകൊണ്ട് തീർച്ചയായും അവിടുന്നുതന്നെ നമ്മെ സഹായിക്കാനെത്തുമെന്നതിൽ സംശയംവേണ്ട.

നാം എപ്പോഴും നേർവഴിയിലൂടെ നടക്കണമെന്നാണ് അവിടുത്തെ ആഗ്രഹം. എന്നാൽ, ഏതെങ്കിലും കാരണത്താൽ നമുക്കു ലക്ഷ്യം തെറ്റാനിടയായാൽ ദൈവം സഹായത്തിനെത്തുമെന്നതിൽ രണ്ടുപക്ഷമില്ല.

എന്നാൽ, സഹായിക്കാനെത്തുന്ന ദൈവത്തിന്റെ സഹായം നാം കൈനീട്ടി സ്വീകരിക്കുമോ എന്നുള്ളതാണ് ഏറെ പ്രസക്‌തമായ ചോദ്യം. ദൈവം പലപ്പോഴും സഹായവുമായി എത്തുന്നത് അവിടുത്തെ സാന്നിധ്യസംവാഹകരായ മറ്റു മനുഷ്യരിലൂടെയാണ്. അങ്ങനെ മറ്റുള്ളവരിലൂടെ എത്തുന്ന ദൈവത്തെ തിരിച്ചറിയാൻ നാം തയാറാണോ? എങ്കിൽ നമ്മുടെ ജീവിതയാത്ര അതിന്റെ യഥാർഥ ലക്ഷ്യത്തിലെത്തുന്നതിൽ വിജയിക്കുകതന്നെ ചെയ്യും.

ജീവിതയാത്രയിൽ നാം അറിഞ്ഞുകൊണ്ടുതന്നെ തെറ്റായ വഴിയിലൂടെ പോകുവാനിടയായിട്ടുണ്ടെങ്കിൽ അതേക്കുറിച്ച് നമുക്കു ദൈവത്തോടു മാപ്പപേക്ഷിക്കാം. കാരുണ്യവാനായ ദൈവം തെറ്റുകൾ പൊറുക്കുകയും നമ്മെ വീണ്ടും നല്ല വഴിയിലൂടെ നയിക്കുകയും ചെയ്യും.

ഹെയ്സലിന്റെ നന്മയിൽ തൽപരനായിരുന്നതുകൊണ്ടാണ് സെറൂജ ത്യാഗം സഹിച്ചും ആ രാജകുമാരനെ പിന്തുടർന്നത്. ഹെയ്സലിന്റെ നന്മയിൽ സെറൂജ തൽപരനായിരുന്നതിലും എത്രയോ അധികം തൽപരനാണ് നമ്മുടെ കാര്യത്തിൽ ദൈവം. അപ്പോൾപിന്നെ നമ്മുടെ പാദങ്ങൾ പതറാതിരിക്കാൻ അവിടുന്നു ശ്രദ്ധിക്കുന്നതിൽ നാം എന്തിന് അദ്ഭുതപ്പെടണം?
    
To send your comments, please clickhere