Jeevithavijayam
5/24/2017
    
മറ്റുള്ളവരിലെ മനുഷ്യത്വം
‘ടു സർ, വിത്ത് ലൗവ്’ (സാറിന് സ്നേഹപൂർവം). ഇ.ആർ. ബ്രെയ്ത്വെയ്റ്റിന്റെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി ജയിംസ് ക്ലാവൽ നിർമിച്ച ഈ ചലച്ചിത്രം പല രീതിയിലും മറ്റു ഹോളിവുഡ് ചിത്രങ്ങളിൽനിന്ന് ഏറെ വിഭിന്നമാണ്. കഥയിൽ സ്റ്റണ്ടും സെക്സും അടിപിടിയുമൊക്കെ മുറയ്ക്ക് അവതരിപ്പിക്കുവാൻ അവസരമുണ്ടായിരുന്നിട്ടും അതൊന്നും കൂടാതെയണ് 1966–ൽ ഈ ചിത്രം പുറത്തിറങ്ങിയത്.

ജയിംസ് ക്ലാവൽതന്നെ തിരക്കഥയെഴുതി സംവിധാനംചെയ്ത ഈ ചിത്രത്തിൽ കറുത്തമുത്തായ സിഡ്നി പോയിറ്റിയറാണു നിറഞ്ഞുനിൽക്കുന്നത്. താക്കറെ എന്ന പേരിലുള്ള ഒരു സ്കൂൾ അധ്യാപകന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

ബ്രിട്ടീഷ് ഗയാനയിൽ ജനിച്ച താക്കറെ അമേരിക്കയിൽ നിന്ന് എൻജിനിയറിംഗിൽ ബിരുദമെടുത്തതിനുശേഷമാണു ലണ്ടനിൽ ജോലിതേടി എത്തിയത്. പക്ഷേ, ലണ്ടനിൽ നല്ലൊരു ജോലി കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. മനസില്ലാമനസോടെയാണു ലണ്ടനിലെ ഈസ്റ്റ് എൻഡ് ഭാഗത്തുള്ള ഒരു സ്കൂളിൽ ജോലി ലഭിച്ചപ്പോൾ താക്കറെ അതു സ്വീകരിച്ചത്.

അധ്യാപകർക്കു സ്വൈരതയോടെ പഠിപ്പിക്കുവാൻ പറ്റിയ സാഹചര്യമായിരുന്നില്ല ആ സ്കൂളിലേത്. താക്കറെ ജോലി ആരംഭിച്ച ദിവസംതന്നെ ക്ലാസ് അലങ്കോലമാക്കുവാൻ വിദ്യാർഥികൾ ശ്രമിച്ചു. എന്നാൽ, താക്കറെയാകട്ടെ ക്ഷമ നശിക്കാതെ അവരോടു താത്പര്യപൂർവം പെരുമാറി.

ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ പോകുന്ന വിദ്യാർഥികളെയായിരുന്നു താക്കറെ പഠിപ്പിക്കേണ്ടിയിരുന്നത്. ആ വിദ്യാർഥികൾക്കാകട്ടെ അക്ഷരം കൂട്ടിവായിക്കാൻപോലും അറിയാമായിരുന്നില്ല. എങ്കിലും താക്കറെയെ വേദനിപ്പിച്ച കാര്യം മറ്റൊന്നായിരുന്നു. മനുഷ്യരായി ജീവിക്കേണ്ടത് എങ്ങനെയെന്ന് അവർക്കറിയില്ലായിരുന്നു. അതു പഠിപ്പിക്കുവാനാണ് അയാൾ ഏറെ ശ്രമിച്ചത്.

ഒരു ദിവസം വിദ്യാർഥികളുടെ ക്ലാസിലെ കളി കുറെ കടന്നുപോയപ്പോൾ താക്കറെയുടെ ക്ഷമ നശിച്ചു. പക്ഷേ, ആ സംഭവത്തിനുശേഷം താക്കറെ ഒരു തീരുമാനത്തിലെത്തി. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉത്തരവാദിത്വമുള്ള ജീവിതമേഖലകളിലേക്കു കടക്കേണ്ടവരാണവർ. അവരെ പഠിപ്പിക്കേണ്ടതു കണക്കും സയൻസും ഭൂമിശാസ്ത്രവുമൊന്നുമല്ല. പ്രത്യുത, അവർക്കുവേണ്ടതു ജീവിതത്തെക്കുറിച്ചുള്ള അറിവാണ്. അതോടൊപ്പം, മാന്യമായി ജീവിക്കേണ്ടതെങ്ങനെയെന്നുമാണ് അവർ പഠിക്കേണ്ടത്.

അങ്ങനെയാണു പ്രായോഗിക ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചു താക്കറെ അവരെ പഠിപ്പിക്കാൻ തുടങ്ങിയത്. ചെളിക്കുണ്ടിൽ ജനിച്ചുപോയെങ്കിലും എന്നും ചെളിക്കുണ്ടിൽ കിടക്കാൻ വിധിക്കപ്പെട്ടവരല്ല അവർ എന്ന യാഥാർഥ്യം അയാൾ അവരെ അനുസ്മരിപ്പിച്ചു. വൃത്തിയായി വസ്ത്രം ധരിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ അവരെ പഠിപ്പിച്ചപ്പോൾ അവരിൽ ഓരോരുത്തരുടെയും വ്യക്‌തിത്വത്തെ മാനിക്കാൻ താക്കറെ ശ്രദ്ധിച്ചു. അതോടൊപ്പം പരസ്പരം വ്യക്‌തിബഹുമാനം പ്രകടിപ്പിക്കണമെന്നും അവരെ പഠിപ്പിച്ചു.


പരസ്പരവിശ്വാസവും ബഹുമാനവും അടിസ്‌ഥാനതത്ത്വങ്ങളായി സ്വീകരിച്ചുകൊണ്ടു താക്കറെ നല്കിയ ശിക്ഷണത്തിന്റെ ഫലം വളരെ പെട്ടെന്നുതന്നെ കാണാനിടയായി. ഇടയ്ക്കു പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായെങ്കിലും കറുത്ത വംശജനായ താക്കറെ വെള്ളക്കാരായ വിദ്യാർഥികളുടെ ഹീറോ ആയി മാറുന്നതോടെയാണു ചിത്രം അവസാനിക്കുന്നത്.

വിവിധ രീതിയിൽ പ്രചോദനാത്മകമായ ഈ ചലച്ചിത്രത്തിന്റെ ഒരു പ്രത്യേകത നാം മനുഷ്യരായി അന്തസോടെ ജീവിക്കണമെന്നു നമ്മെ ഓർമിപ്പിക്കുന്നു എന്നുള്ളതാണ്. ജീവിതസാഹചര്യങ്ങൾമൂലം, ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന രീതിയിൽ മുന്നേറുവാൻ നമുക്കു സാധിച്ചില്ലെന്നു വരാം. പക്ഷേ, അതുകൊണ്ടു നാം പ്രതീക്ഷ നശിച്ചു നമ്മുടെ ജീവിതത്തെ താറുമാറാക്കുകയല്ല വേണ്ടത്. ഏതു പ്രതികൂല സാഹചര്യത്തിലും നാം മനസുവച്ചാൽ നമ്മുടെ മാന്യതയും അന്തസും നഷ്ടപ്പെടുത്താതെ നമുക്കു ജീവിക്കുവാൻ സാധിക്കുമെന്നുള്ളതാണ് വസ്തുത.

മറ്റു മനുഷ്യർ ഏതു സ്‌ഥിതിയിലായിരുന്നാലും അവരിലെ മനുഷ്യത്വം കാണാനും അവരെ ബഹുമാനിക്കാനും നാം പഠിക്കണം. അങ്ങനെ ചെയ്താൽ നാം അറിയാതെതന്നെ നമ്മിലെ മനുഷ്യത്വം അതിന്റെ പൂർണതയിലേക്കു വളർന്നുകൊള്ളും. നമ്മിലെ മനുഷ്യത്വത്തിന്റെ വളർച്ച മറ്റു മനുഷ്യരെ അത്ഭുതപ്പെടുത്തുന്നതോടൊപ്പം അവരെ നല്ലവഴിയിലേക്കു നയിക്കാനും സഹായിക്കും.

വിദ്യാർത്ഥികളോടു താക്കറെ പ്രകടിപ്പിച്ച ക്ഷമയും അവരുടെ വളർച്ചയിൽ താക്കറെ കാണിച്ച താത്പര്യവുമൊക്കെ അവരുടെ മനംകവർന്നെങ്കിൽ അതിനു കാരണം താക്കറെ എന്ന മനുഷ്യനിലെ മഹത്ത്വമായിരുന്നു. അവർ മോശമായി പെരുമാറിയപ്പോൾപ്പോലും അവരിലെ മനുഷ്യത്വം കാണാതിരിക്കുവാൻ താക്കറെയ്ക്കു സാധിച്ചില്ല. അതിനു കാരണം, അവരുടെ മനുഷ്യത്വത്തിലും അടിസ്‌ഥാനപരമായ നന്മയിലും താക്കറെ വിശ്വസിച്ചിരുന്നു എന്നതാണ്.

നമ്മിലെയും മറ്റു മനുഷ്യരിലെയും നന്മയും മനുഷ്യത്വവും നമുക്ക് അംഗീകരിക്കാം; ആദരിക്കാം. അതനുസരിച്ച് നമുക്കു പ്രവർത്തിക്കാം; മറ്റുള്ളവരോടു പെരുമാറാം.

ആരുമാരും അത്രയേറെ മോശക്കാരല്ല എന്നതു നമുക്കോർമിക്കാം. നാം മറ്റുള്ളവരെ മോശക്കാരായി കാണുന്നുണ്ടെങ്കിൽ അതിന്റെ കാരണം അവരുടെ കുറ്റം മാത്രമല്ല എന്നതു നാം മറക്കേണ്ട. നമ്മുടെ കുറവാണു മറ്റുള്ളവരെ കുറവുള്ളവരായി കാണാനിടയാക്കുന്നതെന്നതു നമ്മുടെ ഓർമയിലിരിക്കട്ടെ.
    
To send your comments, please clickhere